25 March Monday

പരസ്പരസഹകരണം

ശതമന്യു Monday Sep 10, 2018


എണ്ണവില വർധനയ്ക്കെതിരെ കോൺഗ്രസ് ഭാരത് ബന്ദ്  നടത്തുന്നുവെന്നത് വാർത്തതന്നെയാണ്.  ആ ബന്ദ് കേരളത്തിൽ വിജയിപ്പിക്കാനുള്ള മുഖ്യചുമതല എം എം ഹസ്സനാണ് എന്നത് അതിലും വലിയ വാർത്ത. കോൺഗ്രസ് സമരം ചെയ്യുന്നത് ബിജെപിക്കെതിരെയാണ്. അധികാരത്തിൽവന്നാൽ 50 രൂപയ്ക്ക് പെട്രോൾ നൽകും എന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാൽ, ശരിക്കും അങ്ങനെയല്ല പറഞ്ഞത‌്. അമ്പതുരൂപയ്ക്ക് അരലിറ്റർ  പെട്രോൾ ലഭ്യമാകുന്ന മോഹനസുന്ദരകാലം മോഡിയോടൊപ്പം വിരുന്നുവരും എന്നാണ് ബിജെപി പറഞ്ഞത്. അവരുടെ  ആത്മാർഥതയെ ചോദ്യം ചെയ്യാനാകില്ല. പറഞ്ഞതുപോലെതന്നെയാണ് ചെയ്യുന്നത്. നല്ല നാൾ എന്നാൽ  പെട്രോളിനും ഡീസലിനും നല്ലനാൾ എന്നർഥം. അംബാനിയുടെയും അദാനിയുടെയും നല്ലനാളെന്നും പറയാം.

മൻമോഹൻസിങ്‌ മാറി മോഡി  വന്നപ്പോൾ ഉണ്ടായ ഒരു ഗുണം പെട്രോളും ഡീസലും തമ്മിലുള്ള മത്സരം കനത്തു എന്നതാണ്. പൊതുവേ പെട്രോൾ ആയിരുന്നു എല്ലാകാലത്തും മുന്നിൽ. ഇപ്പോൾ പെട്രോളിനോട് മുട്ടാൻ  ശക്തിയുണ്ട് എന്ന് ഡീസൽ തെളിയിക്കുകയാണ്. ഒപ്പത്തിനൊപ്പം ഏതാണ്ട് എത്തി.  ഒരുപക്ഷേ അടുത്ത ഘട്ടത്തിൽ പെട്രോളിനെ  പിന്നിലാക്കി ഡീസൽവില മുന്നിലെത്താനും സാധ്യതയുണ്ട്.  അതിലും അതിശയപ്പെടാനില്ല.   ഗൾഫ് രാജ്യങ്ങളിൽ പെട്രോളിനെക്കാൾ വില ഡീസലിനാണ് എന്ന ന്യായം പറയാം.   

എന്ത് ചെയ്താലും ആരോടും മറുപടി പറയേണ്ടതില്ല എന്നതാണ് മോഡിയുടെ പ്രധാന സൗകര്യം. പത്രക്കാരെ കാണാത്തതും വാർത്താ സമ്മേളനങ്ങൾ നടത്താത്തതും എന്തുമാത്രം ഗുണമുള്ള പരിപാടിയാണ് എന്ന് അതിവിദഗ്ധമായി തെളിയിച്ച ലോക  ഭരണാധികാരികളിൽ മുമ്പിലാണ് മോഡിയുടെ സ്ഥാനം. അതിന്റെ ഗുണമാണ് ഇപ്പോൾ അനുഭവിക്കുന്നത്.  പാർലമെന്റിൽ ഒന്നിനും ഉത്തരം പറയേണ്ടതില്ല; ഇരിക്കേണ്ടതുമില്ല.  മാധ്യമങ്ങളോട് സംസാരിക്കേണ്ടതില്ല. ഉയർന്നുവരുന്ന ഒരു വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തേണ്ടതില്ല. എവിടെ 15ലക്ഷം എന്നോ  50 രൂപയ്ക്ക് കിട്ടുന്ന പെട്രോൾ  ഒരു ലിറ്ററോ അരലിറ്ററോ എന്നോ മോഡിയോട് ആരും ചോദിക്കില്ല.

പെട്രോളിനെ  കെട്ടഴിച്ചുവിട്ടത്  മൻമോഹൻസിങ്‌ ആണെങ്കിൽ ഡീസലിന് കുടം തുറന്നു  പുറത്തുവിട്ടത് സാക്ഷാൽ നരേന്ദ്ര മോഡിയാണ്.  ഒന്നിനും നിയന്ത്രണമില്ലാത്ത കമ്പോളഭരണത്തിന്റെ  കൊടി ഉയർത്തിയത് നരസിംഹറാവു ആയിരുന്നുവെങ്കിൽ എണ്ണവിലയുടെ കടിഞ്ഞാൺ പൊട്ടിക്കുന്ന നടപടികൾക്ക് തുടർച്ചയും വേഗവും ഉണ്ടായത് വാജ്പേയിയുടെ കാലത്താണ്‌.  മൻമോഹൻ വിലകൂട്ടിയപ്പോൾ മോഡി വീമ്പുപറഞ്ഞു:  ഞാൻ വന്നാൽ നല്ല നാളും വരുമെന്ന്. അന്ന് തള്ളലായിരുന്നു ബിജെപിയുടെ മുഖ്യ രാഷ്ട്രീയ പ്രവർത്തനം.  മോഡി  നാവുകൊണ്ട് തള്ളിയപ്പോൾ അരുൺ ജെയ്റ്റ്‌ലിയും സുഷ‌്മ സ്വരാജും പലവ്യഞ്ജനത്തിന്റെ  ചാക്കും വിറകിന്റെ  കെട്ടും കൊണ്ട് സ്റ്റേജിൽ കയറി  ഭക്ഷണം പാകം ചെയ്ത് മൻമോഹൻസിങ്ങിന്റെ ജനദ്രോഹത്തിനെതിരെ പ്രതിഷേധിച്ചു. ഗ്യാസ് കുറ്റിക്ക‌് റീത്ത് വച്ചു.   ഇങ്ങ‌്  കേരളത്തിൽ വി മുരളീധരനും ശോഭ സുരേന്ദ്രനും   തള്ളൽസമരങ്ങൾ നടത്തി.   2010 ജൂൺ, ജൂലൈ മാസങ്ങളിൽ ഒരുഭാഗത്ത് മുരളീധരനും മറുഭാഗത്ത് ശോഭ സുരേന്ദ്രനും സ്കൂട്ടർ തള്ളിയും കാളവണ്ടിയിൽകയറിയും കേരളത്തിലുടനീളം തള്ളു യാത്രയാണ് നടത്തിയത്.  പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നാണ് ശോഭ സുരേന്ദ്രൻ സിദ്ധാന്തിച്ചത്.  അന്ന് ഹർത്താൽ നടത്തിയത് ബിജെപി ആണ്. ഇന്ന് സംഗതി ചെറുതായി മാറി. ഹർത്താൽ നടത്തുന്നത് കോൺഗ്രസ്. വിലകൂട്ടുന്നത് ബിജെപി. 

പെട്രോളിന് വില കൂടുന്നുണ്ടെങ്കിലും രൂപയുടെ വില കുറയുന്നുണ്ട്.  വില കുറഞ്ഞ രൂപ കൊടുത്ത് വില കൂടിയ പെട്രോൾ വാങ്ങാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. സ്ത്രീധനം നിരോധിച്ചിട്ടും കല്യാണം നടക്കുന്ന ഹാളിനു മുന്നിൽ പുത്തൻ കാർ വാങ്ങി പ്രദർശിപ്പിക്കുന്ന അൽപ്പജന്മങ്ങൾ ഇന്നും നാട്ടിലുണ്ട്. അത്തരക്കാർക്ക് ഇനി ആ പരിഹാസത്തിൽനിന്ന് രക്ഷപ്പെടാം. കാറിനുപകരം കന്നാസിൽ പെട്രോൾ കൊടുത്താൽ മതിയാകും. സ്വർണക്കടക്കാർ പരസ്യം കൊടുക്കുന്നത് നിർത്താനും  പണിക്കൂലി കുറച്ച‌് പെട്രോളും സീസലും  വിൽക്കുന്നതിന്റെ  ഓഫർ പരസ്യങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇപ്പോൾ എല്ലാ ബാങ്കിലും മോഡിയുടെ ചിത്രം വയ‌്ക്കണമെന്ന് നിർബന്ധമാണ്. അത് നല്ലതാണ്. സാധാരണ, ട്രാൻസ്ഫോർമറിന്മേൽ  അപായം സൂചിപ്പിക്കുന്ന ചിത്രമുണ്ടാകും. പെട്രോൾ ബങ്കിലെ  മോഡിയുടെ ചിത്രം അതേ ഗുണം ചെയ്യും. മറ്റാരെയും പഴിക്കേണ്ടതില്ലല്ലോ.

പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും ഒറ്റയടിക്ക് വില കൂട്ടുന്നില്ല. ചെറുതായി ഓരോ ദിവസവും കൂട്ടുന്നതേയുള്ളൂ. മെല്ലെത്തിന്നാൽ പനയും തിന്നാം എന്ന പഴഞ്ചൊല്ല് കോൺഗ്രസ‌് കണ്ടുപിടിച്ച‌് മോഡിക്ക് കൊടുത്തതാണ്. കുറേശ്ശെ കുറേശ്ശെ വില കൂട്ടുന്നതുകൊണ്ട് ജനം മരിക്കുന്നൊന്നുമില്ലല്ലോ. എന്നിട്ടും  ഹർത്താൽ സമരത്തിലേക്ക് തള്ളിവിടേണ്ട  കാര്യമുണ്ടോ എന്ന് ചോദിക്കാം. എല്ലാ ചോദ്യവും പക്ഷേ പരസ്പരം മതിയാകും.

ഇപ്പോൾ കുറ്റം ഇടതുപക്ഷത്തിന്റേതാണ്.  വില സർക്കാർ നിയന്ത്രിക്കണമെന്നും അത് പെട്രോളിയം കമ്പനികളുടെ ഇഷ്ടത്തിന് വിടരുത് എന്നുമാണ് ഇടതുപക്ഷം പറഞ്ഞത്.  അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് വിലയിൽ വ്യത്യാസം വരുത്താൻ സർക്കാരിന്  കഴിയും . എന്തിന് ആ പണി എണ്ണക്കമ്പനികളെ ഏൽപ്പിച്ചു എന്നതിന് ഉത്തരം പറയാൻ നരേന്ദ്ര മോഡിയും മൻമോഹൻസിങ്ങും ഒരുപോലെ ബാധ്യസ്ഥരാണ്.  രാഹുൽ ഗാന്ധി മുതൽ എം എം ഹസ്സൻ വരെയുള്ള കോൺഗ്രസ് നേതാക്കൾക്കും അമിത് ഷാമുതൽ ശ്രീധരൻപിള്ളവരെയുള്ള ബിജെപി നേതാക്കൾക്കും ഈ ചോദ്യത്തിന് ഉത്തരമെഴുതിയാൽ പാസ് മാർക്ക് കിട്ടും.

രണ്ടുകാര്യം ചെയ്യേണ്ടതുണ്ട്. ഒന്ന്, കോൺഗ്രസ് സമരം നടത്തേണ്ടത് സ്വന്തം പാർടി ഓഫീസുകളിലാണ്. എഐസിസി ഓഫീസിലേക്കായാലും മതി. രണ്ട‌്, ബിജെപി കോൺഗ്രസിന് മറുപടി നൽകാൻ നാല് കൊല്ലം മുമ്പത്തെ മൻമോഹൻസിങ്ങിന്റെയും ചിദംബരത്തിന്റെയും വാഗ്ധോരണി  തപ്പിയെടുത്ത‌് പുനഃപ്രസിദ്ധീകരിച്ചാൽമതി. മഹത്തായ പരസ്പരസഹകരണം  ഇരുകൂട്ടരെയും രക്ഷിക്കട്ടെ. സംസ്ഥാനത്ത് ഹർത്താൽ വിരുദ്ധ സമരം നടത്തിയ ഏറ്റവും വലിയ നേതാവ് ആര് എന്ന് ചോദിച്ചാൽ ആർക്കും വലിയ തർക്കമുണ്ടാകില്ല. അത് എം എം ഹസ്സനാണ്.  അതേ ഹസ്സൻ  തന്നെ കോൺഗ്രസിന്റെ ഭാരതബന്ദ് കേരളത്തിൽ  മുന്നിൽനിന്ന് നടത്തുമ്പോൾ ആ ധർമസമരം ഉദ്ഘാടനംചെയ്യാൻ മൻമോഹൻസിങ്ങിനും നരേന്ദ്ര മോഡിക്കും ഒരേ തരത്തിൽ അർഹതയുണ്ട്.

 Top