24 March Sunday

‘ലൈ’ ലാമമാരുടെ നുണപ്രസവങ്ങൾ

ശതമന്യു Monday May 14, 2018


മലപ്പുറത്തുകാർ  പന്നി  പ്രസവിക്കുന്നതുപോലെ പെറ്റു കൂട്ടുകയാണെന്നുപറഞ്ഞത് കേരളത്തിലെ ചെറുകിട ബി ജെപി നേതാവ് ഗോപാലകൃഷ്ണനാണ്. ഇവിടെ ബീഫ്  കഴിക്കണമെന്നു വാദിക്കുന്നവർ അറബികളോട് ഒട്ടകമാംസം കഴിക്കാൻ പറയുമോ എന്ന് ചോദിച്ച വിദ്വാനാണ്. അത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇന്ത്യയിൽ നാനൂറിലേറെ ജില്ലകളിൽ മലപ്പുറത്തേക്കാൾ കൂടുതലാണ് പ്രത്യുല്പാദന നിരക്ക് എന്നും പ്രസവത്തിൽ മലപ്പുറത്തേക്കാൾ മുന്നിലാണ് മോഡിയുടെ ഗുജറാത്തെന്നും കണക്കുവച്ച് മറുപടി പറഞ്ഞപ്പോഴേക്കും ഗോപാലകൃഷ്ണൻ അടുത്ത നുണമരത്തിലേക്ക് തളപ്പിട്ടു കയറിത്തുടങ്ങിയിരുന്നു.  മലപ്പുറത്ത് ഹിന്ദുക്കൾക്ക്‌ ഭൂമിയില്ലെന്ന‌്  സംഘപരിവാർ സംഘടിതമായി പ്രചരിപ്പിച്ചപ്പോൾ,   മുൻ വിദേശകാര്യ സെക്രട്ടറി  നിരുപമ റാവു  പ്രതികരിച്ചത് ‘ഞാൻ മലപ്പുറംകാരിയാണ്. ഇത് തീർത്തും നുണയാണ്. എന്റെ കുടുംബത്തിന‌് നൂറിലേറെ വർഷമായി അവിടെ ഭൂമിയുണ്ട് ' എന്നാണ‌്. നുണ നിർമിക്കുക, പ്രചരിപ്പിക്കുക, പൊളിഞ്ഞാലും സമ്മതിക്കാതിരിക്കുക എന്നത് സംഘി ശൈലിയാണ്. സംഘപ്രചാരകനിൽനിന്ന് പ്രധാനമന്ത്രിയുടെ കസേരയിലെത്തിയാലും അടിസ്ഥാനശീലം മാറ്റാൻ കഴിയില്ല.

'ലൈ' ലാമ എന്നാണ‌് നരേന്ദ്ര മോഡിക്ക് വീണ പുതിയ പേര്.   ‘നുണയനായ ലാമ’ എന്നെഴുതി, കൈകൂപ്പി നിൽക്കുന്ന മോഡിയുടെ ചിത്രവുമായി   ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ തപ്പിപ്പിടിച്ചു കീറിക്കളയലാണ് ആർഎസ്എസിന്റെ തലസ്ഥാനത്തെ പുതിയ ജോലി. പരാതി കൊടുത്ത്, പൊലീസിനെ വിട്ടു കീറിക്കുകയും കേസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.  ഒരിടത്തുകീറുമ്പോൾ അടുത്ത സ്ഥലത്ത‌് പോസ്റ്റർ   വരും.  അപ്പോഴേക്ക് മോഡിയുടെ അടുത്ത നുണ ചർച്ചയായിട്ടുമുണ്ടാകും.

സംഘപരിവാറിന് സ്വന്തമായി നുണ ഫാക്ടറി ഉണ്ട്. അവിടെ രാപകൽ ഉൽപ്പാദനം നടക്കുന്നുമുണ്ട്.  ചിലതുകേട്ടാൽ തോന്നും തമാശയാണെന്ന‌്. പുഷ്പകവിമാനത്തിന്റെ സാങ്കേതികത്തികവും നൂറ്റൊന്ന് കുടങ്ങളിൽ കൗരവരെ  ജനിപ്പിച്ചു  വിജയിപ്പിച്ച പൗരാണിക  ടെസ്റ്റ് ട്യൂബ്  പരീക്ഷണവും  വെണ്ണ ഉൽപ്പാദനത്തിൽ  വിപ്ലവം സൃഷ്ടിച്ചതും ഇതുവരെ ശാസ്ത്രത്തിന‌് ആവർത്തിക്കാനാകാത്തതുമായ  പാലാഴിമഥനവും ആർഷഭാരതത്തിന്റെ അഭിമാനമാണ് എന്ന് ഒരു സംഘി വന്നുപറയുമ്പോൾ നമുക്ക് ചിരിക്കാൻ അവകാശമില്ല. കാരണം അത്തരം മഹത്തായ വചനങ്ങൾ കേവലം ഒരു സംഘിയുടേതാകില്ല, നാട്ടിലെ സിന്ദൂരപ്പൊട്ടുകാരൻമുതൽ ഡൽഹി നോർത്ത് ബ്ലോക്കിലെ  മോഡിജിവരെ അത് പറയുന്നവരാണ്.  ഇന്ത്യ ഭരിക്കുന്ന സംഘടനയുടെ ഔദ്യോഗിക നുണപുസ്തകത്തിൽനിന്നാണ് ഓരോന്നും അടർന്നു വീഴുന്നതെന്നർഥം . 

സമീപനാളുകളിൽ   കേരളത്തിൽ വിരിഞ്ഞ സംഘ നുണപുഷ‌്പങ്ങൾ ഇപ്പോഴും സൗരഭം പടർത്തിനിൽപ്പുണ്ട്.  പാപ്പിനിശ്ശേരിയിൽ ഫുട്ബോൾ മത്സരത്തിൽ ജയിച്ച  യുവാക്കൾ നടത്തിയ ആഹ്ലാദപ്രകടനത്തെ  ആർഎസ്എസുകാരനെ കൊന്നതിൽ ആഹ്ലാദിച്ച‌്  സിപിഐ എം പ്രവർത്തകർ നടത്തിയ പ്രകടനം എന്ന് വിശേഷിപ്പിച്ച‌് വ്യാജ വീഡിയോ പോസ്റ്റ് ചെയ‌്തത‌് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ  കുമ്മനം രാജശേഖരൻതന്നെയാണ്. മെക്സിക്കോയിൽ നടന്ന  കൊലപാതകത്തിന്റെ വീഡിയോ എടുത്ത് കേരളത്തിൽ  ആർഎസ്എസുകാരനെ കൊല്ലുന്ന ദൃശ്യം  എന്ന് പ്രചരിപ്പിച്ചത‌് സംഘികൾ സംഘടിതമായാണ്. 

മലപ്പുറം ജില്ലയിൽ   ക്ഷേത്രം  മുസ്ലിങ്ങൾ തകർത്തു എന്ന് വ്യാപക പ്രചാരണമാണ് ആർഎസ്എസ്  ഒരുവർഷംമുമ്പ് നടത്തിയത്. എന്നാൽ, പൊലീസ് അന്വേഷിച്ച്‌  പിടികൂടിയ പ്രതിക്ക് പക്ഷേ മുസ്ലിംബന്ധം തീരെ ഉണ്ടായിരുന്നില്ല. പേര് രാജാറാം മോഹൻദാസ് പോറ്റി.  പൂക്കോട്ടുംപാടം മഹാദേവ ക്ഷേത്രത്തിലെ അക്രമത്തെ മുസ്ലിങ്ങളുടെ തലയിൽവച്ച്  നാടിനെ  കത്തിക്കാൻപോന്ന കലാപശ്രമമാണ്‌ മലപ്പുറത്ത് ജനങ്ങളും പൊലീസും അന്ന് ഇല്ലാതാക്കിയത്. ഇങ്ങനെ എണ്ണിയാൽ തീരാത്ത നുണകളുടെ വഴിയിലാണ് 'ലൈ ലാമമാർ' സഞ്ചരിച്ചിട്ടുള്ളത്. അവരിൽ മൂത്ത ലാമയാണ് മോഡി.

ചരിത്രവും പുരാണവും ഇതിഹാസവുമൊന്നും മോഡിക്ക് വിഷയമല്ല. നുണ ചരിത്രമാണെന്ന മട്ടിൽ പറയും.  ഒരു ഗോപാലകൃഷ്ണനോ ടി ജി മോഹൻദാസോ അങ്ങനെ പറഞ്ഞാൽ പോട്ടെന്നുവയ‌്ക്കാം. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിതന്നെ നുണ പറയുമ്പോഴാണ് പ്രശ്നം. കർണാടകത്തിൽ ചെന്ന് മോഡി പറഞ്ഞതെല്ലാം നുണയാണ്. കർക്കടകത്തിലെ മഴ പോലെയാണ് മേടമാസത്തിലെ കർണാടകം ചുറ്റിയ മോഡിയുടെ നാവിൽനിന്ന് നുണ പെയ്തത്. ‘ സ്വാതന്ത്ര്യത്തിനായി പോരാടി  രക്തസാക്ഷികളായ ഭഗത് സിങ്ങും ബട്‌കേശ്വർ ദത്തും വീർ സവർക്കറും  ജയിലിൽ കിടക്കുമ്പോൾ ഏതെങ്കിലും കോൺഗ്രസ്‌ നേതാവ്‌ തിരിഞ്ഞുനോക്കിയിട്ടുണ്ടോ’  എന്ന ചോദ്യമായിരുന്നു നുണയുടെ ഒരു സാമ്പിൾ. സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞ‌് ബ്രിട്ടീഷുകാരോടു മാപ്പിരന്ന‌്  മാപ്പെഴുതി ജയിലിൽനിന്നിറങ്ങിയ സ്വന്തം നേതാവിനെ സ്വാതന്ത്ര്യസമരനായകനായ വീര സവർക്കറാക്കിയും  ജയിലിൽചെന്ന് ഭഗത് സിങ്ങിനെ സാക്ഷാൽ ജവാഹർലാൽ നെഹ്‌റു സന്ദർശിച്ച ചരിത്രസത്യം മറച്ചുവച്ചുമാണ് അവിടെ മോഡി ലൈ ലാമയായത്. 

കർണാടകമായതുകൊണ്ട‌് പ്രാദേശികവികാരം കുത്തിയിളക്കാമോ എന്നും നോക്കി ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യൻ പട്ടാള മേധാവിയായിരുന്ന ജനറൽ തിമ്മയ്യയെയും ഫീൽഡ് മാർഷൽ കരിയപ്പയെയും  നെഹ്‌റുവും  വി കെ കൃഷ്ണമേനോനും അപമാനിച്ചെന്നാണ്  മോഡി പറഞ്ഞുകളഞ്ഞത്. അപമാനമേറ്റ് തിമ്മയ്യയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നുവെന്നും മോഡി എഴുതിവായിച്ച പ്രസംഗത്തിൽ ആരോപണമുന്നയിച്ചു.  സകലം  നുണയായിരുന്നു. 1948ൽ പാകിസ്ഥാനെ യുദ്ധത്തിൽ തോൽപ്പിച്ചശേഷം  അപമാനിക്കപ്പെട്ടു എന്ന് പറയുന്ന തിമ്മയ്യ ആ സമയത്ത‌് പട്ടാളമേധാവിയേ ആയിരുന്നില്ല. കൃഷ്ണമേനോൻ ആ സമയത്ത‌് പ്രതിരോധമന്ത്രിയുമായിരുന്നില്ല.   1962ലെ ഇന്ത്യ ‐ ചൈന യുദ്ധസമയത്ത് ജനറൽ കരിയപ്പ  സൈനികമേധാവി ആയിരുന്നില്ല എന്നതും മോഡിക്ക് നാട്ടുകാർ പറഞ്ഞു കൊടുക്കേണ്ടിവന്നു. .

ചെറുപ്പകാലത്ത് മുതലയെ പിടിച്ച കഥയും  പുലർച്ചെ ഉണർന്ന് റേഡിയോയിൽ 5.30നുള്ള രബീന്ദ്രസംഗീതം സ്ഥിരമായി കേൾക്കുമായിരുന്നു എന്ന അവകാശവാദവും മോഡിയെ 'തള്ളൽ' താരമാക്കിയിരുന്നു. രാവിലെ ഏഴേമുക്കാലിനാണ് കൊൽക്കത്ത ആകാശവാണിനിലയം രബീന്ദ്രസംഗീതം സംപ്രേഷണം ചെയ്തിരുന്നത്. അത് അഞ്ചരയ്ക്ക് കേട്ട് 'ഉറക്കമുണർന്ന' മോഡിക്ക് അന്നേ സ്ഥലകാല ബോധമുണ്ടായിരുന്നില്ലേ എന്നാണു ചോദ്യമുയർന്നത്. 
സോഷ്യൽ മീഡിയ സംഘിനുണകൾ തഴച്ചുവളരുന്ന പാടംതന്നെയാണ്. നുണയ‌്ക്ക‌് ഒഴിവുകൊടുക്കുമ്പോൾ വർഗീയതയും വിദ്വേഷവും ഇടവിളയായി വളർത്തും. കശ്മീരിലെ 'തന്തയില്ലാത്തവരെ സാമ്പത്തികമായി കൊല്ലുക, അവരുടെ പെൺമക്കളും ഭാര്യമാരും ഡൽഹിയിലും മുംബൈയിലും  സ്വയം വിറ്റു ജീവിക്കട്ടെ’ എന്ന് സോഷ്യൽ മീഡിയയിൽ ആഹ്വാനംചെയ്ത സംഘപരിവാറുകാരനെ കഴിഞ്ഞദിവസം ഡി ഡി വേൾഡ് എന്ന ബഹുരാഷ്ട്ര കമ്പനിക്കു പുറത്താക്കേണ്ടിവന്നു.   കേരളത്തിൽ മനോരമ ചാനലിൽ ചർച്ചയ്ക്കു പോയ ശോഭ സുരേന്ദ്രൻ, ഉത്തരം മുട്ടിയപ്പോൾ അവതാരകയെ ഹിന്ദി പഠിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് മുതിർന്നത്.

ഇവർ ശരിക്കും വിഡ്ഢികളാണോ അതോ അങ്ങനെ അഭിനയിക്കുന്നോ എന്ന സംശയം സ്വാഭാവികമാണ്. അസ്വാഭാവികമായ കാര്യങ്ങൾ അസ്വാഭാവികമായിത്തന്നെ പറഞ്ഞ‌്  തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ഈ നുണയന്മാരുടെ രീതിയാണ്.  ആരും മടിക്കുന്നത് പറയും. മലപ്പുറത്ത‌് സിനിമാ തിയറ്ററിൽ നടന്ന ശിശുപീഡനം പുറത്തുവന്നപ്പോൾ സർക്കാർ ഇടപെടുകയും  കുറ്റക്കാരൻ അറസ്റ്റുചെയ്യുകയും കേസ് എടുക്കാൻ മടിച്ച പൊലീസുദ്യോഗസ്ഥനെ പ്രതി ചേർക്കുകയും ചെയ്തു.  സംഘി അംബാസഡർമാർക്ക‌് ആ സംഭവം, മുസ്ലിമായ മൊയ്തീൻ ചെയ്ത ഒന്നാണ്. അവർ അതിനു തുല്യപ്പെടുത്തുന്നത് കശ്മീരിലെ എട്ടു വയസ്സുകാരിയെ പിച്ചിച്ചീന്തി കൊന്നതിനോടാണ്.  മലപ്പുറത്ത‌് പീഡനത്തിന്  പിടിയിലായത്  മൊയ്തീൻ ആയതുകൊണ്ട്, കശ്മീരിൽ പെൺകുട്ടിയെ ക്ഷേത്രത്തിലിട്ട‌് ബലാൽസംഗംചെയ്തു കൊന്നതും കുറ്റക്കാരെ രക്ഷിക്കാൻ ബിജെപിയുടെ പ്രമുഖ നേതാക്കൾ ശ്രമിച്ചതും  ശരിയല്ലേ എന്നാണു ചോദ്യം.  യഥാ രാജാ, തഥാ പ്രജാ എന്നാണ‌്. പ്രധാനമന്ത്രി തന്നെ ലൈ ലാമയാകുമ്പോൾ ഏതു സംഘിക്കും എടുത്താൽ പൊങ്ങാത്ത  നുണ പറയാം. വടക്കെങ്ങോ കശാപ്പുചെയ്ത പശുവിന്റെ പടം വച്ച് കേരളത്തിലേതെന്നു പ്രചരിപ്പിച്ച കെ സുരേന്ദ്രനുംമറ്റും അശുക്കൾ മാത്രം.

 Top