23 May Thursday

പണിഷ്‌മെന്റ‌് ട്രാൻസ്‌ഫർ

ശതമന്യു Tuesday May 29, 2018


കുമ്മനം ഗവർണർ എന്ന വാർത്ത കൊടുത്ത്, ബ്രാക്കറ്റിൽ ട്രോളല്ല എന്ന് എഴുതേണ്ട കാര്യമേ ഇല്ലായിരുന്നു.  മലയാള മനോരമ എന്നെഴുതി നുണയല്ല എന്നും പ്രത്യേകിച്ച് എഴുതേണ്ട കാര്യമില്ല. കുമ്മനം രാജശേഖരൻ രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ നേതാവാണ്. ചെങ്ങന്നൂർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചു കൊണ്ടിരിക്കെ, ആ നേതാവിനെ ഇന്ത്യാരാജ്യത്തെ ഇരുപത്തഞ്ചാം സ്ഥാനത്ത് നിൽക്കുന്ന,  പത്തുലക്ഷം ജനങ്ങൾ വസിക്കുന്ന സംസ്ഥാനത്തിന്റെ ഗവർണറായി നിയമിക്കാൻ ആ കക്ഷിക്ക്‌ തോന്നിയിട്ടുണ്ടെങ്കിൽ അതിനെ ട്രോളല്ല എന്ന് പ്രത്യേകിച്ച് വിശേഷിപ്പിക്കേണ്ടതില്ല.  ആ  സാമാന്യബുദ്ധിയാണ് മനോരമയ്ക്ക് ഇല്ലാതെപോയത്. യുദ്ധം നടക്കുമ്പോൾ പടത്തലവനെ ഐസ‌്‌വാളിലേക്കു പറഞ്ഞയക്കുന്നതിന് പ്രത്യേകിച്ച് വിശേഷണങ്ങൾ ഒന്നും വേണ്ട.  പട നയിക്കാനുള്ള യോഗ്യത ഇല്ല, ഈ യുദ്ധം ജയിക്കാൻ കഴിയില്ല എന്ന പ്രഖ്യാപനമാണ് അത് എന്ന് ഏതു കുട്ടിക്കും മനസ്സിലാകും. എന്നിട്ടും വെറുതെ, സംഘപരിവാറുകാരന്റെ തെറിയഭിഷേകം വാരിക്കൂട്ടിയ മനോരമയെ അതിന്റെപേരിൽ ആരും ട്രോളാതിരുന്നാൽ മതി.

കുമ്മനത്തിനു കാര്യം പിടികിട്ടിയിട്ടുണ്ട്. ചെങ്ങന്നൂരിൽനിന്ന് അപ്പോൾ ത്തന്നെ സ്ഥലംവിട്ട അദ്ദേഹം നേരെ ചെന്നത് ഡൽഹിയിലേക്കാണ്. ഗവർണർ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് അറിയിച്ചത്.  അതാണ് ശരിയായ ട്രോൾ. വേണ്ട എന്ന് പറയുന്നതിന് മുമ്പുതന്നെ  ഐസ‌്‌വാളിലേക്കുള്ള വിമാന ടിക്കറ്റ് ശരിപ്പെടുത്തിയിരുന്നു. വലിയ നഷ്ടമാണ് കേരളരാഷ്ട്രീയത്തിന് സംഭവിച്ചത്. സ്വന്തം കൈ വരിഞ്ഞു കെട്ടി ഫോട്ടോ സെഷൻ നടത്താനും തേളുകുത്തിയ സന്യാസിയുടെ കഥ ഗദ്ഗദകണ്ഠനായി വിവരിക്കാനും  ഗൗരവം വിടാതെ രാഷ്ട്രീയ ഹാസ്യ പരിപാടികൾ അവതരിപ്പിച്ചു ചിരിപ്പിക്കാനും സർവോപരി ഇടയ്ക്കിടെ ഗവർണറെ ചെന്ന് കാണാനും ഇനിയൊരാളെ തപ്പിയെടുക്കുക ബുദ്ധിമുട്ടായിരിക്കും.

സുരേന്ദ്രൻ, ശോഭ, മോഹൻദാസ്, ഗോപാലകൃഷ്ണൻ തുടങ്ങിയ താരങ്ങൾ ഈ കലകളിൽ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും കുമ്മനത്തോളം വരില്ല. ഇടിവെട്ട് പോലെ വന്ന്, അതേ വേഗത്തിൽ ഏതാണ്ട് നാലായിരം കിലോമീറ്റർ അകലേക്കാണ് പോകുന്നത്. കേരളത്തിലെ സംഘം നന്നാകില്ല എന്നോ കേരളം നന്നാകില്ല എന്നോ ധരിച്ചിട്ടാകണം ഇത്രയും മികവുറ്റ നേതാവിനെ വിശ്രമസങ്കേതമായ രാജ്ഭവനിലേക്കയക്കുന്നത്. ഗവർണറുടെ പണി നാഗ‌്പുരിൽനിന്നുള്ള ആജ്ഞ അനുസരിക്കലാണെന്നും തെറ്റുകൾചെയ‌്ത‌് നാണം കെടലാണെന്നും കർണാടകത്തിലെ വാജുഭായ് തെളിയിച്ചു. മിസോറമിൽ അത്തരം പൊല്ലാപ്പൊന്നും വന്നേക്കില്ല. കോൺഗ്രസിന് ഭരണമുള്ള അവസാനത്തെ സംസ്ഥാനങ്ങളിലൊന്നാണ്. കുമ്മനം കണ്ണുരുട്ടിയാൽത്തന്നെ കാര്യം നടന്നേക്കും. ഗവർണർ നിയമന വാർത്ത കേട്ട്,  ഇനിയെനിക്കാരുണ്ട് എന്ന് വിലപിക്കുന്ന ട്രോളന്മാരും അന്തിനേരത്തെ തമാശപരിപാടി അവതാരകരും ഐസ‌്‌വാളിലേക്ക‌്  വണ്ടികയറേണ്ടിവരും എന്നൊരു ദോഷമേ ഉള്ളൂ. 

ദുരന്തങ്ങൾ മാറുന്നില്ല എന്നാണ‌് അടുത്തദിവസം വന്ന വാർത്ത തെളിയിച്ചത്.  ഒറ്റയടിക്ക് രണ്ടു നഷ്ടമാണ് സംഭവിച്ചത്.  കാലം നോക്കി കൃഷി, മേളം നോക്കി തുള്ളൽ എന്നതാണ് പൊതുവെ കോൺഗ്രസിന്റെ രീതി. കുമ്മനം പോയപ്പോൾ കോൺഗ്രസുകാരെല്ലാം ചെറുതായി പരിഹസിച്ചതാണ്. പക്ഷേ, പൊടുന്നനെ അതാ വരുന്നു മറ്റൊരു പണിഷ്‌മെന്റ‌് ട്രാൻസ്ഫർ. ചെങ്ങന്നൂരിന്റെ മൂർധന്യനിമിഷത്തിൽത്തന്നെ കോൺഗ്രസിന്റെ നെടുനായകനും കിട്ടി ഹൈക്കമാൻഡിന്റെ ട്രാൻസ്ഫർ ഓർഡർ. അത് ആന്ധ്രയിലേക്കാണ്. എനിക്ക് ഞാൻ നന്നാകണമെന്നില്ല; എനിക്ക് നന്നാകണമെന്നേയുള്ളൂ എന്ന് കരുതി, ഒച്ചയും ബഹളവുമില്ലാതെ പണിയെടുക്കുകയായിരുന്നു ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തല എത്രത്തോളം പോകുമെന്ന് കാണട്ടെ എന്ന് കരുതിയ സൈലന്റ് വർക്ക്. അതിനിടയിലാണ്, ഡൽഹിയിൽനിന്ന് ഉത്തരവ് വന്നു വീണത്.  

ആന്ധ്രയിലേക്കുപോകുക എന്നാൽ നിസ്സാരകാര്യമല്ല. രണ്ടു പതിറ്റാണ്ടു മുമ്പ‌് രമേശ് ചെന്നിത്തല ചെയ്തതും ഇപ്പോൾ കെ സി വേണുഗോപാൽ ചെയ്യുന്നതും അതുതന്നെയാണ്. ടോം വടക്കന്റെ പദവിയിലേക്കാണ് ഉമ്മൻചാണ്ടി ഉയരുന്നത്. ആന്ധ്രയിൽ ഇപ്പോൾ കോൺഗ്രസ‌് വട്ടപ്പൂജ്യമാണ്. 2014ൽ ആന്ധ്രയെ വിഭജിച്ചതുമുതൽ അവിടെ  കോൺഗ്രസിനെ ജനങ്ങൾ കൈയൊഴിഞ്ഞു. കഴിഞ്ഞവർഷം നടന്ന നിർണായക നന്ദ്യാൽ  ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്  1382 വോട്ടാണ് കിട്ടിയത്. നോട്ടയെക്കാൾ 151 വോട്ട‌്കൂടുതലുണ്ട്. പി വി നരസിംഹറാവുവിന്റെ  ലോക‌്സഭാമണ്ഡലത്തിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസും നോട്ടയും മത്സരിച്ചതെന്നോർക്കണം.   ഇവിടെയാണ് കോൺഗ്രസിനെ രക്ഷപ്പെടുത്താൻ രാഹുൽ ഉമ്മൻചാണ്ടിയെ നിയോഗിച്ചിരിക്കുന്നത്.

102 സീറ്റുകളുടെ മൃഗീയഭൂരിപക്ഷമുള്ള തെലുങ്കുദേശം പാർടിയാണ് (ടിഡിപി)   ആന്ധ്ര ഭരിക്കുന്നത്. തൊട്ടുപുറകിൽ വൈഎസ്ആർ കോൺഗ്രസ്.   അസംബ്ലിയിലോ ലോക‌്സഭയിലോ ഒറ്റ സീറ്റുപോലുമില്ലാത്ത പാർടിയാണ് കോൺഗ്രസ്. ഒന്നുകിൽ ജഗന്റെ പാർടിയെ പാട്ടിലാക്കണം. അല്ലെങ്കിൽ ചന്ദ്രബാബു നായിഡുവിന്റെ അരികുപറ്റണം. അതല്ലാതെ ഗതിയില്ലാത്ത കോൺഗ്രസിന് ഉമ്മൻചാണ്ടിയെ പോലെ ശൂന്യതയിൽനിന്ന് ഭൂരിപക്ഷമുണ്ടാക്കുന്ന നേതാവ് വേണം എന്ന് കരുതിയാകും രാഹുൽ തീരുമാനമെടുത്തത്.

എന്താണ് സംഭവിച്ചത് എന്ന് ചെന്നിത്തല പറഞ്ഞിട്ടുണ്ട്: 'ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരമാണ് . കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ഉന്നതപദവികൾ അലങ്കരിച്ച ഉമ്മൻചാണ്ടിയെ ജനറൽ സെക്രട്ടറി ആക്കിയതിലൂടെ എഐസിസി കൂടുതൽ കർമനിരതമാക്കാനും ശക്തിപ്പെടുത്താനുമാണ് രാഹുൽഗാന്ധി ആഗ്രഹിക്കുന്നത്. ഈ തീരുമാനം കോൺഗ്രസ് പാർടിക്കുതന്നെ കരുത്ത് പകരുന്നതും അഭിമാനം ഉണ്ടാക്കുന്നതുമാണ്.’ ഇത് വായിച്ചാൽ ട്രോളല്ല എന്ന് ബ്രാക്കറ്റിൽ പറയേണ്ട കാര്യമേ ഇല്ല.

ആന്ധ്ര അനുഭവിക്കാനിരിക്കുന്നതേയുള്ളൂ.  കീറിയ ഖാദിക്കുപ്പായവും  പറപറക്കുന്ന  മുടിയും തീവണ്ടി,  ബസ്, ഓട്ടോറിക്ഷാ ഇത്യാദി വാഹനങ്ങളിൽ ക്യാമറാസമേതനായുള്ള യാത്രയുംകൊണ്ട് കേരളത്തിൽ വിളയിച്ച എല്ലാ വിളയും ആന്ധ്രയിലാണ് ഇനി മുളയ‌്ക്കുക.

മാധ്യമങ്ങൾ സ്വന്തം മനസ്സാക്ഷിക്ക്  6 കോടി മുതൽ 500 കോടി വരെ വിലയിട്ട‌് എന്തിനും  തയ്യാറായി  നിൽക്കുന്ന കാലമാണ്.  മനോരമയ്ക്ക് ഉമ്മൻചാണ്ടി ഒരു കാലത്തും ട്രോൾ ആയിട്ടില്ല. പണം തന്നില്ലെങ്കിലും സംഘപരിവാറിന് വേണ്ടി വാർത്ത നിർമിച്ച് കൊടുക്കാം എന്ന് സമ്മതിക്കുന്ന ഹിന്ദി പത്രങ്ങളേക്കാൾ, ഒരു പ്രത്യുപകാരവുമില്ലാതെ ഉമ്മൻചാണ്ടിയെ സേവിക്കുന്ന മനോരമ ഉള്ളിടത്തോളം ചെന്നിത്തലയുടെ ഇന്നത്തെ സന്തോഷം എത്രകാലത്തേക്ക് എന്ന് സംശയിക്കണം.

 Top