23 May Thursday

വയൽനികത്തികൾ കളകളാകുന്ന കാലം

ശതമന്യ‍ു Monday Mar 26, 2018

വൈലോപ്പിള്ളി കവിതയുടെ മകരക്കൊയ്ത്തു നടത്തിയ പാടം ഇന്ന് ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയമാണ്. നെടുമ്പാശേരിയിലെ കണ്ണെത്താ ദൂരം പരന്നുകിടന്ന പാടത്തിലിന്ന് വയൽക്കിളികളല്ല, കൂറ്റൻ യന്ത്രക്കിളികളാണ് പറന്നിറങ്ങുന്നത്. കുട്ടനാടിനെ പകുത്തുകൊണ്ടാണ് ആലപ്പുഴ‐ ചങ്ങനാശേരി റോഡ് വന്നത്. കൊങ്കൺവഴി റെയിൽ സാധ്യമായപ്പോൾ  ഇടിഞ്ഞത് നൂറു കണക്കിനു മലകളും നികന്നത് ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളുമാണ്. ഇന്ന് കാണുന്ന പുരോഗതിക്ക് മനുഷ്യൻ വലിയ വില കൊടുത്തിട്ടുണ്ട്. റെയിലും റോഡും വിമാനത്താവളവും സ്റ്റേഡിയവും ഒന്നും വേണ്ട എന്ന് വയ്ക്കാമായിരുന്നു. നടന്നുപോകാമായിരുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്ത് എത്താൻ ഉറക്കവും വിശ്രമവും ഇല്ലാതെ നടന്നാൽ വെറും അഞ്ചുദിവസമേ വേണ്ടൂ.

കളിയിക്കാവിളയിൽനിന്ന് മഞ്ചേശ്വരത്തേക്ക് ദേശീയപാത വഴി 621 കിലോമീറ്ററാണ്. സാമാന്യം വേഗത്തിലോടുന്ന കാറിൽ പുറപ്പെട്ടാൽ ഒറ്റയടിക്ക് ഈ ദൂരം താണ്ടാൻ കുറഞ്ഞത് പതിനഞ്ചര മണിക്കൂർ വേണം. യാത്ര എംസി റോഡ് വഴിയെങ്കിൽ 16 മണിക്കൂർ തുടർച്ചയായി ഓടണം. അതായത്, കേരളത്തിലെ ഏറ്റവും പ്രധാന റോഡുകളിൽ ഒരു വാഹനം സഞ്ചരിക്കുന്ന ശരാശരി വേഗം മണിക്കൂറിൽ 40 കിലോമീറ്ററാണ് എന്ന്. മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇതല്ല അവസ്ഥ. ബംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള 980 കിലോമീറ്റർ 15 മണിക്കൂർകൊണ്ട് താണ്ടാം. ഹൈദരാബാദ്‐ ബംഗളൂരു ദൂരം 570 കിലോമീറ്ററും വേണ്ട സമയം എട്ടര മണിക്കൂറുമാണ്. കേരളത്തിന് സ്ഥലപരിമിതിയുണ്ട്. കുന്നും മലയും തോടും പുഴയും കൂടുതലുണ്ട്. തീരാത്ത യാത്രാദുരിതമാണ് ഇതിന്റെ ഫലം. വാഹന സാന്ദ്രതയ്ക്കും ആവശ്യത്തിനും യോജിക്കുന്ന റോഡുകളില്ല. ഭാരം താങ്ങി നീങ്ങുന്ന വാതക ടാങ്കറുകൾ മറിയുന്നതും കത്തുന്നതും വാഹനങ്ങൾ തമ്മിലിടിക്കുന്നതും പരക്കം പാഞ്ഞ് കാൽനടക്കാരെ ഇടിച്ചു വീഴ്ത്തുന്നതും കണ്ട് മനസ്സ് മടുക്കുന്ന മലയാളി പ്രകൃതിയിലേക്കാണ് മടങ്ങേണ്ടത്. ഇനി ഒരു റോഡും പാടില്ല എന്ന് തീരുമാനിക്കാം. ആംബുലൻസുകൾ രോഗികളെയുംകൊണ്ട്് ചീറിപ്പായേണ്ടതില്ലെന്ന് തീരുമാനിക്കാം. കുറ്റിപ്പുറത്ത് കട പൊളിച്ച് വീതി കൂട്ടിയാലാണ് പ്രശ്നം. കീഴാറ്റൂരിൽ വയലിനെ തൊട്ടാലാണ് പ്രശ്നം. രണ്ടും വേണ്ടെന്ന് ഉറപ്പിക്കാം. 

കീഴാറ്റൂരിലേക്ക് നന്ദിഗ്രാമിൽനിന്ന് ആളെ ഇറക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. എന്താണ് കീഴാറ്റൂരിലെ വിഷയം എന്ന് ചോദിക്കരുത്. ഓരോ ദിവസവും ഓരോ വിഷയം ഉണ്ടാക്കും. തളിപ്പറമ്പ് പട്ടണം ട്രാഫിക് ബ്ലോക്കിന്റെയും പട്ടണമാണ്. ദിവസം മൂന്നുനേരം വച്ച് സ്തംഭനം പതിവ്. രക്ഷപ്പെടാനുള്ള ഏക മാർഗം വേറെ റോഡുമാത്രം. നിലവിലുള്ളത് പരമാവധി വീതിയിലാണ്. ഇനി കൂട്ടിയാൽ പട്ടണം പാതി തകരും, നൂറുകണക്കിനു  വ്യാപാരി കുടുംബങ്ങൾക്ക് ജീവിതം നഷ്ടപ്പെടും. 298 കെട്ടിടം ഇല്ലാതാകുന്ന ഒരു ബൈപാസ് നിർദേശം ആദ്യം വന്നു. നഷ്ടം ബാധിക്കുന്ന  90 ശതമാനം ആളുകളും കോൺഗ്രസിലും ലീഗിലും ബിജെപിയിലും പെട്ടവരാണ്. എതിർപ്പുയർന്നപ്പോൾ അത് മാറ്റി. പകരമാണ് കീഴാറ്റൂർ വന്നത്. അവിടെ പരമാവധി വയൽ നഷ്ടം ഒഴിവാക്കി റോഡുണ്ടാക്കാൻ തീരുമാനിച്ചു. അത് പാടില്ലെന്നാണ് വിരലിലെണ്ണാവുന്ന ചിലരുടെ ആവശ്യം. റോഡിന് എന്നല്ല, കാലു കുത്താൻപോലും സ്ഥലം നൽകിെല്ലന്ന് വാശി. നഷ്ടം കുറയ്ക്കാൻ ആകാശപ്പാത പണിയാമെന്ന നിർദേശം വന്നപ്പോൾ അതും അനുവദിക്കില്ലെന്ന് കിളികൾ.

കിഴാറ്റൂരിലെ ഭൂമി നഷ്ടപ്പെടുന്നവരിലെ രണ്ടു ശതമാനമേ കിളിക്കൂട്ടത്തിലുള്ളൂ. ബാക്കി 98 ശതമാനം പേരും റോഡിന് ഭൂമി നൽകാനുള്ള സമ്മതം പരസ്യമായി പ്രഖ്യാപിച്ചു. ഉയർത്തിയ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. സമരം വാശിതീർക്കാൻ മാത്രമുള്ളതാണെന്ന് വ്യക്തമായി. അതോടെ പെട്ടിയും പടവും മടക്കി കിളികൾ പോകേണ്ടതായിരുന്നു. പക്ഷേ, വിടില്ലെന്ന് കേരളത്തിലെ പരോപകാരികളായ അരാജക അഴകൊഴമ്പൻ അമാനവ ആർഷഭാരത മാവോയിസ്റ്റ് സുഡാപ്പി സംഘങ്ങൾ തീരുമാനിച്ചു.

റോഡ് കേന്ദ്ര സർക്കാരിന്റേതാണ്. അതിന് സ്ഥലം ഏറ്റെടുത്തു നൽകാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനത്തിന്റേത്. ദേശീയപാത അതോറിറ്റി തീരുമാനിക്കുന്നിടത്താണ് സ്ഥലം ഏറ്റെടുക്കുക. വയലിനു മുകളിലൂടെ തൂണിൽ റോഡുണ്ടാക്കാനാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീരുമാനമെങ്കിൽ അതിനും സന്നദ്ധമെന്നാണ് സംസ്ഥാന മന്ത്രി ജി സുധാകരൻ പറഞ്ഞത്.

വയൽക്കിളികളുടെയും കഴുകന്മാരുടെയും എരണ്ടകളുടെയും ഐക്യമുന്നണി വന്നപ്പോൾ അവർക്കു പറയാൻ ഒരു പരിഹാര മാർഗവും ഇല്ലാതായി. കീഴാറ്റൂരിൽ ബൈപാസ് വേണ്ട എന്നുമാത്രം മുദ്രാവാക്യം. ആ സമരത്തെ പിന്തുണയ്ക്കാൻ എത്തിയവരെ നോക്കുക: ഒരാൾ വി എം സുധീരൻ. നൂറുകണക്കിന് ഏക്കർ വയൽ നികത്തി നിർമിച്ച ആലപ്പുഴ തീരദേശ റെയിൽവേ ലൈനിന്റെ പിതാവ് താൻതന്നെയാെണന്ന് ഇടയ്ക്കിടെ സുധീരൻ പറയാറുണ്ട് എന്നത് ഒരു അയോഗ്യത അല്ലെന്നു കരുതാം. കുറ്റിപ്പുറത്ത് കടകൾ പൊളിച്ച് റോഡ് വേണ്ട, മാറ്റിക്കൊണ്ടു പോകൂ എന്ന് മുദ്രാവാക്യം വിളിച്ച് സമരം നയിച്ച ക്ഷീണം മാറുംമുമ്പാണ് സി ആർ നീലകണ്ഠൻ കീഴാറ്റൂരിലെത്തിയത്. കുറ്റിപ്പുറത്ത് മാറിയ റോഡ് പോകേണ്ടത് വയലിന്റെ മാറ് പിളർന്നാണ്. അതേ നീലകണ്ഠനും അനുയായിയും കീഴാറ്റൂരിൽ വയൽ സ്നേഹമാണ് പാടിയത്. 

ബിജെപിക്കുവേണ്ടി ഗോപാലകൃഷ്ണനും സുരേഷ് ഗോപിയും എത്തി. ഡൽഹിയിലേക്ക് ഫോൺചെയ്ത് എങ്ങനെ റോഡ് വേണമെന്ന് തീരുമാനമെടുപ്പിക്കാൻ കഴിയുന്ന ഈ നേതാക്കൾ വെയിലുകൊള്ളാൻ വയലിൽ ഇറങ്ങിയതെന്തിനെന്നത് അജ്ഞാതം. സിപിഐ എം വിരുദ്ധരും പരിസ്ഥിതി മൗലികവാദി ആക്രി അനാക്രി അമാനവതീവ്രവാദ സംഘടനകളും  നടത്തിയ സമരാഘോഷം ഏറ്റവുമൊടുവിൽ ആർഎസ്എസിന്റെ പിടിയിലായി.

തൊട്ടതെല്ലാം നാശമാക്കുന്ന ഇനങ്ങളാണ് മഴവിൽ സഖ്യം തീർത്തത് എന്നതുകൊണ്ട് കീഴാറ്റൂരിൽനിന്ന് ഇതിലും വലുതൊന്നും വരാനില്ല. സുധീരനെ കോൺഗ്രസിനുതന്നെ വേണ്ട. ആ പാർടിയെ ഒരു വഴിക്കാക്കിയപ്പോഴാണ് കെപിസിസി അധ്യക്ഷപദത്തിൽനിന്ന് റിട്ടയർമെന്റ് പ്രഖ്യാപിക്കേണ്ടിവന്നത്. നീലകണ്ഠൻ ഇന്നുവരെ ന്യായമായ ഒരു സമരം നടത്തിയിട്ടില്ല, നടത്തിയ സമരങ്ങൾ ജയിച്ചിട്ടുമില്ല. പി സി ജോർജാകട്ടെ, ഉമ്മൻചാണ്ടിയുടെ തോളിലിരുന്ന് ചെവികടിച്ചതിന്റെയും മാണിയെ കാലുവാരിയതിന്റെയും അശ്ലീല അഹങ്കാര ഭാഷണത്തിന്റെയും കുടവയറുമായി കറങ്ങിനടന്നതേയുള്ളൂ.

ചുരുക്കത്തിൽ കിളിമൂപ്പനും കുറെ വിരുന്നുകാരും വയലിൽ വെയിൽകൊണ്ടു. വിമോചന സമരത്തെ ഓർമിപ്പിക്കാനെന്ന മട്ടിൽ കുറച്ചു വിദ്യാർഥികളെ കൊണ്ടുവന്ന് പാട്ട് പാടിച്ചു. മാർക്സിസ്റ്റുകാർക്ക് എതിരാണെന്നു കണ്ടാൽ പാഷാണവും പഞ്ചാമൃതംപോലെ വിഴുങ്ങി ശീലിച്ച മാമാധ്യമങ്ങൾ ഉള്ളതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു. കിളിമൂപ്പന്റെ സത്യപ്രതിജ്ഞ ഗണഗീതംപോലെ താളാത്മകമായി ഏറ്റുചൊല്ലുന്ന സ്വയം സേവക സംഘത്തെ വെടിപ്പിൽ പൊതുജനങ്ങൾക്ക് കാണാൻ കഴിഞ്ഞു. കണ്ണവത്തെ സ്വയം സേവകനെ കൊന്ന പ്രതികളുടെ നേതാക്കളോടൊപ്പം സംഘ കാര്യ കർത്താക്കൾ സമരവേദി പങ്കിട്ടതിന്റെ കൗതുകമാണ് മറ്റൊന്ന്.

അറസ്റ്റിനു വഴങ്ങി വയൽക്കിളികൾ പൊലീസ് ജീപ്പിലേക്ക് നീങ്ങുമ്പോൾ കൂട്ടത്തിൽ ഒരു വനിതാ അംഗം വിളിച്ചു പറഞ്ഞത് 'നാളെ പ്രകാശൻ എന്നെ വധിക്കും'“എന്നായിരുന്നു. ആരോ പറഞ്ഞു ശീലിപ്പിച്ച വാക്കുകൾ വെറുതെ വിളിച്ചുപറയുന്നതു കേട്ട് എല്ലാവരും അമ്പരന്നു. മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിയും കല്ലേറിന്റെ കള്ളക്കഥയും കഴിഞ്ഞു. ഒടുവിൽ കിളിമൂപ്പനെ കണ്ടത്, സ്ഥലത്തെ പ്രധാന സംഘികൾക്കൊപ്പം സെൽഫി എടുത്തു ചിരിക്കുന്നതാണ്. ഇതേ സംഘിക്കൂട്ടമാണ്, കിളിമൂപ്പന്റെ കൂടപ്പിറപ്പിനെ കൊല്ലാൻ ചെന്നതും കിട്ടാതെ വന്നപ്പോൾ കുറെ എസ്എഫ്ഐക്കാരെ വെട്ടി കലി തീർത്തതും. കിളിമൂപ്പന്റെ അനിയൻ കൊല്ലപ്പെട്ടാൽ 'ഒരു നന്ദിഗ്രാം' പുലരുമെന്ന് കണക്കുകൂട്ടി നോക്കിയതാണ്.

എന്തായാലും കിഴാറ്റൂര് എക്സ്പ്രസിൽ കണ്ണൂരിൽ ഇറങ്ങിയവർ ഒട്ടും മോശമാക്കിയിട്ടില്ല. മാർക്സിസ്റ്റ് വിരുദ്ധ മഹാസഖ്യമുണ്ടാക്കാൻ പറവകളും ഉരഗങ്ങളും കീരിയും പൂച്ചയുമെല്ലാം ഒരു മടിയുമില്ലാതെ ഒത്തുകൂടുമെന്ന് തെളിയിച്ചതാണ് ആ എക്സ്പ്രസിന്റെ  ആകെത്തുക. സഖ്യത്തിന് മറ്റൊന്നും വേണ്ട മറുവശത്ത് മാർക്സിസ്റ്റുകാരെ പ്രതിഷ്ഠിച്ചാൽ മതി എന്നതാണ് കണ്ടീഷൻ. ഇങ്ങനെ കുറെനാളായി ഓരോ കണ്ടത്തിലും ഇവർ ഇറങ്ങിയിട്ടുണ്ട് ഓടിയിട്ടുമുണ്ട്. ഏതു കണ്ടത്തിലൂടെ ഈ സംഘം ഓടിയിട്ടും  മാർക്സിസ്റ്റ് പാർടിക്ക് കുഴപ്പമൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന വിഷയത്തിലെങ്കിലും അന്തസ്സായി ഒരു അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചാൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾക്ക് പിടിച്ചുനിൽക്കാം. നുണയ്ക്കൊന്നും ഇപ്പോൾ വലിയ മാർക്കറ്റില്ല. നീലകണ്ഠന് വിശ്വാസ്യതയും ഇല്ല
 

 Top