22 February Friday

മോഡി @ ഫേക്കൂ

ശതമന്യ‍ു Monday Mar 19, 2018

വേദിയിൽനിന്ന് നേതാക്കളെ ഇറക്കി സദസ്സിലിരുത്തിയാൽ രക്ഷപ്പെടാൻ കഴിയും എന്ന നിലവാരത്തിലേ കോൺഗ്രസ് എത്തിയിട്ടുള്ളൂ. കൂടുതൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചുകയറിയ സംസ്ഥാനങ്ങളിൽപ്പോലും നിസ്സഹായരായി ബിജെപി അധികാരത്തിൽ വരുന്നത് കണ്ടുനിൽക്കാനും തോൽവികൾ ഏറ്റുവാങ്ങാനുമാണ് യോഗം. സാമ്പത്തികപ്രമേയം അവതരിപ്പിക്കുന്ന ചിദംബരത്തിന്റെ മകൻ സാമ്പത്തികക്കുറ്റത്തിന് ജയിലിലാണ്. നോട്ടുനിരോധം വന്നപ്പോൾ അജ്ഞാതകേന്ദ്രത്തിലേക്ക് ഉല്ലാസപ്പറവയായ നേതാവാണ് രാഹുൽ. ആ ലാഘവമേ എല്ലാറ്റിനും ഉള്ളൂ. ബിജെപിയെ നേരിടുമെന്നു പറയുകയല്ലാതെ നേരിടുന്നത് ആരും കണ്ടിട്ടില്ല. ശൂന്യതയിൽനിന്ന് കോൺഗ്രസിനെ വിലയ്ക്കെടുത്ത് നാട് പിടിക്കാൻ നടക്കുന്ന അമിത് ഷായെ ചെറുക്കാനുള്ള ശേഷി ഇതുവരെ കോൺഗ്രസിൽ ആരും കാണിക്കുന്നില്ല. കോൺഗ്രസിന്റെ നഷ്ടമാണ് ബിജെപിയുടെ നേട്ടം എന്ന് മനസ്സിലാക്കാത്തതാണ് യഥാർഥ വിഷയം. സാമ്പത്തികനയങ്ങളിൽ മോഡിയുടെ താടിക്കും മൻമോഹന്റെ താടിക്കും ഒരേ നിറമാണ്. ഗുജറാത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പോയപ്പോൾ രാഹുൽ കയറിയിറങ്ങിയ ക്ഷേത്രങ്ങളുടെ എണ്ണം മോഡി കയറിയവയേക്കാൾ കൂടുതലാണ്. രാഷ്ട്രീയം പറഞ്ഞും നയങ്ങൾ മുന്നോട്ടുവച്ചും ജനങ്ങളെ സമീപിക്കാൻ ഇന്നുവരെ പഠിച്ചിട്ടില്ല. നോട്ടം വർഗീയതയിലും പ്രാദേശികവാദത്തിലും മറ്റുമാണ്. രാഷ്ട്രീയമില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ സ്വയം വിൽപ്പനയ്ക്ക് വയ്ക്കുന്നത്. അത് തിരിച്ചറിഞ്ഞ് ഇടപെട്ടില്ലെങ്കിൽ എഐസിസി പ്ലീനറി സമ്മേളനത്തിൽ നിറഞ്ഞുകവിഞ്ഞ ഡൽഹി ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയവും മിമിക്സ് പരേഡ് നടക്കുന്ന മൈതാനിയും തമ്മിൽ വ്യത്യാസമുണ്ടാകില്ല. കണ്ട് ചിരിച്ച് ആസ്വദിച്ച് ആളുകൾ പിരിയും. 

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്ന് സാം പിട്രോഡ പറയുന്നുണ്ട്. അതങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ബിജെപി അതിന്റെ വഴിക്കുപോവുകയാണ്. മോഡി മഹാനാണ് എന്ന് പറയാനും മറ്റുള്ളവർ മോശക്കാരാണെന്നു സ്ഥാപിക്കാനും 1000 രൂപ ദിവസക്കൂലിക്ക് ആളെവച്ച് പ്രചാരണം നടത്തുന്ന പ്രത്യേക ഐടി സെല്ലിന്റെ വിവരങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

ബിജെപിക്കെതിരായി ശബ്ദിക്കുന്ന രാഷ്ട്രീയപ്രവർത്തകരെയും  മാധ്യമങ്ങളെയും ആക്രമിച്ചു തകർക്കുകയാണത്രേ ഐടി സെല്ലിന്റെ പ്രധാന ലക്ഷ്യം. സൂപ്പർ 150 എന്ന പേരിൽ ട്രോൾ നിർമാണ ഫാക്ടറി ഉണ്ടെന്നും  അവിടെ ഉണ്ടാക്കുന്നത് പ്രചരിപ്പിക്കുന്നതിനാണ് തലയെണ്ണി 1000 രൂപ കൊടുത്ത് ആയിരങ്ങളെ നിയോഗിക്കുന്നതെന്നും ഐടി സെല്ലിൽനിന്ന് പുറത്തുവന്ന മഹാവീർ പ്രസാദ് വെളിപ്പെടുത്തിയത്. ഏതു വിഷയത്തെയും വർഗീയവൽക്കരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ പ്രാവീണ്യമുള്ള ഒരോ ഐടി സെൽ പ്രവർത്തകനും ഒരു ലാപ്ടോപ്പും പത്ത് മൊബൈൽ ഫോണും  കൊടുത്തിട്ടുണ്ടത്രേ. "ഒരു മണിക്കൂർകൊണ്ട് സോഷ്യൽ മീഡിയയിലൂടെ രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ബിജെപിക്ക് സാധിക്കും. ഹിന്ദു, മുസ്ലിം പേരുകളിലായി ലക്ഷക്കണക്കിനു വ്യാജ പ്രൊഫൈലുകൾ നിലവിലുണ്ട്. ലക്ഷക്കണക്കിന് ലൈക്കുള്ള പ്രമുഖരുടെയും ഇന്ത്യൻ ആർമി ആരാധകരുടെയും നിരവധി പേജുകൾ നിലവിലുണ്ട്. ഇന്ത്യൻ ആർമി ആരാധകർക്കായിത്തന്നെ വിവിധ പേരുകളിൽ അഞ്ഞൂറോളം പേജുണ്ട്. ഈ പേജുകൾക്കെല്ലാം ലക്ഷക്കണക്കിന് ലൈക്കും. ഇതുവഴിയാണ് ബിജെപി വ്യാജ വാർത്തകളും മുസ്ലിം വിദ്വേഷവുമെല്ലാം രാജ്യത്ത് പ്രചരിപ്പിക്കുന്നത്.

മുസ്ലിംപേരുള്ള വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ഖുറാൻ സൂക്തം ഷെയർ ചെയ്യുന്നു. മറ്റ് പോസ്റ്റുകളിൽ പോയി അള്ളാഹു അക്ബർ, അമീൻ എന്ന് മറ്റും കമന്റ് ചെയ്ത് ആധികാരികത സൃഷ്ടിക്കാൻ ശ്രമിക്കും. പിന്നീട് ബിജെപിയെ പിന്തുണയ്ക്കുന്ന പോസ്റ്റ് ഷെയർ ചെയ്യും.'' ഇങ്ങനെയാണ് മഹാവീർ പറയുന്നത്.

എല്ലാം സത്യമാണെന്നു തെളിയുന്ന വാർത്ത തൊട്ടു പിന്നാലെ വന്നു.  നരേന്ദ്ര മോഡിയെ ട്വിറ്ററിൽ പിന്തുടരുന്നതിൽ 60 ശതമാനവും വ്യാജന്മാരെന്നാണ് ആ വാർത്ത. ആരോപണം അല്ല ട്വിറ്റർ ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങളാണ്. ഏറ്റവും കൂടുതൽ  വ്യാജന്മാർ പിന്തുടരുന്ന വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് മോഡിയുടേതാണ്. മോഡിയെ ട്വിറ്ററിൽ നാലു കോടി പേർ പിന്തുടരുന്നു. അതിൽ 60 ശതമാനവും വ്യാജന്മാരാണെന്നാണ് പുതിയ കണക്ക്. ട്രംപിനോടാണ് മോഡിയുടെ മത്സരം. ട്രംപിനെ ട്വിറ്ററിൽ പിന്തുടരുന്ന 4.79 കോടി പേരിൽ 1.8 കോടിയും (38 ശതമാനം) വ്യാജന്മാരാണ്.

ഫേക്കു എന്ന പേര് അന്വർഥമാക്കാനുള്ള ശ്രമത്തിലാണ് മോഡി. സകലം മായമാണ്. വോട്ടെണ്ണൽ യന്ത്രംതന്നെ കുഴപ്പമാണ് എന്ന് വിവരങ്ങൾ വരുമ്പോൾ ഐടി സെല്ലിനെവച്ച് വ്യാജ ലൈക്കുകൾ ഉൽപ്പാദിപ്പിക്കുന്നത് ഒരു കുറ്റമൊന്നും അല്ല.

ഇങ്ങനെ അസാധാരണവും അമ്പരപ്പിക്കുന്നതുമായ പരിപാടികൾ മോഡിയും സംഘവും ചെയ്യുമ്പോഴാണ്, കെഎസ്യുവിന്റെ തെരഞ്ഞെടുപ്പ് പരിപാടികൾപോലെ കുറെ ഗിമ്മിക്കുമായി രാഹുൽ വരുന്നത്. 'തോന്നിയാൽ താൻ ബിജെപിയിൽ പോകും, അത് എന്റെമാത്രം തീരുമാനമാണ്' എന്നു പറയുന്ന സുധാകരനും മനസ്സു നിറയെ കാവിനിറമുള്ള രമേശ് ചെന്നിത്തലയും ഒക്കുന്ന വില കിട്ടിയാൽ ആ നിമിഷം താമരത്തോണിയിൽ ചാടിക്കയറാനൊരുങ്ങി നിൽക്കുന്ന ഖദറിട്ട ഗോസായിമാരുമുള്ള കോൺഗ്രസ് ബിജെപിക്കെതിരെ നട്ടെല്ല് നിവർത്തി പ്രതികരിക്കുന്ന മുഹൂർത്തത്തിനുമുമ്പ് കോഴിക്ക് മുല വരുന്നത് കാണാമായിരിക്കും.
............................................................................
മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് വാർത്തയിൽ വെള്ളം ചേർക്കുമ്പോഴും വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിക്കുമ്പോഴുമാണ്. മാധ്യമപ്രവർത്തകർക്ക് ഉടമയുടെ കനിവിൽ കിട്ടുന്ന സ്വാതന്ത്ര്യമേയുള്ളൂ. ആ സ്വാതന്ത്ര്യംപോലും ഉപയോഗിക്കാതെ, ഇരിക്കാൻ പറയുമ്പോൾ കമഴ്ന്നു കിടക്കുന്ന മാധ്യമപ്രവർത്തകരെ എമ്പാടും കാണാം. നട്ടെല്ല് പണയം വയ്ക്കാത്തവരും ഉണ്ട്. അവർക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു. സിദ്ധാർഥ വരദരാജനും വേണുഗോപാലും മറ്റും ആരംഭിച്ച 'ദി വയർ'  മാധ്യമ പെരുവയറൻ മുതലാളിമാർക്കുള്ള ഒന്നാംതരം മറുപടിയാണ്.

സ്വന്തം സ്ഥാപനത്തിൽ സ്വാഭിപ്രായം പ്രകടിപ്പിക്കാനാകാതെ രാജിവച്ച് ഇറങ്ങിയ ഒടുവിലത്തെ പത്രാധിപർ ദി ട്രിബ്യൂണിന്റെ എഡിറ്റർ ഇൻ ചീഫ് ഹരീഷ് ഖരെയാണ്. ആധാർ വിവരങ്ങൾ ചോർത്താം എന്ന വാർത്ത മോഡി സർക്കാരിനെ ചൊടിപ്പിച്ചതാണ് ഖരെയുടെ രാജിയിൽ കലാശിച്ചത്. ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റർ ബോബിഘോഷ്, കാച്ച് ന്യൂസിന്റെ ഭരത് ഭൂഷൺ, ഇന്ത്യ ടുഡെയിലെ കരൺ ഥാപ്പർ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ പരൻജോയ് ഗുഹ താക്കുർത്ത, ഔട്ട്ലുക്കി (ഹിന്ദി)ന്റെ നീലഭ് മിശ്ര എന്നിങ്ങനെ പ്രമുഖ എഡിറ്റർമാർ പുറത്തുപോയതിനു പിന്നാലെയാണ് ഖരെ പോകുന്നത്. ആർ ജഗന്നാഥ്, പ്രവീൺ സ്വാമി എന്നിവരുടെ വഴിയും മറ്റൊന്നല്ല.  മാധ്യമങ്ങളെ വിലയ്ക്കെടുക്കുക, മാധ്യമ ഉടമകളായ കോർപറേറ്റുകളെ വരുതിയിലാക്കുക, മാധ്യമ പ്രവർത്തകർക്ക് വിലയിടുക, വഴങ്ങാത്തവരെ പുറത്തു ചാടിക്കുക ഇതൊക്കെയാണ് മോഡി ക്യാമ്പിന്റെ രീതി. അതിനിടയിലും മാധ്യമങ്ങളിൽ സംഘപരിവാറിന്റെ തനിനിറം വെളിവാക്കുന്ന പൊട്ടും പൊടിയും വരുെന്നങ്കിൽ അതിന് നന്ദി പറയണം

 Top