22 February Friday

പെരുവഴിസഞ്ചാരം

ശതമന്യു Monday Jul 30, 2018


ഇരുവഴിയിൽ പെരുവഴിയാണ് നല്ലത്. അതുവഴി പോകാനാണ് കക്കാട് ഉപദേശിച്ചത്. മുന്നിൽ പെരുവഴി ഉണ്ടാകുമ്പോൾ പുതിയ വഴി വെട്ടുന്നത് ദുരിതമാണ്. സാമാന്യമായ  പൊതുതത്വമാണെങ്കിലും മാധ്യമലോകത്തും  ഇതൊക്കെ  ബാധകമാണ്.  ഭൂരിപക്ഷവും  പെരുവഴിയിലൂടെ സഞ്ചരിക്കാനാണ് താൽപ്പര്യപ്പെടുന്നത്.  സ്വന്തം വഴി കണ്ടെത്തി  സഞ്ചരിക്കാൻ ശ്രമിക്കുന്നവർ ഒഴുക്കിനെതിരെ നീന്തേണ്ടിവരും.

ഇന്ത്യാമഹാരാജ്യത്ത് ബദൽ മാധ്യമങ്ങൾ രക്ഷപ്പെടാതെപോകുന്നത് അതുകൊണ്ടാണ്. ഒഴുക്ക് മറികടക്കാൻ തുടങ്ങുന്നവരെ എറിഞ്ഞുമുക്കാൻ ആളുണ്ടാകും. ജയ് ഷായുടെ സ്വത്ത് കണക്കെടുത്ത ദ വയറിനെ എറിഞ്ഞുവീഴ്‌ത്തി. മാധ്യമങ്ങളെ എറിയാനുള്ള വലിയ കല്ലാണ് പുതിയ കാലത്ത് ഇൻകം ടാക്സ് ഡിപ്പാർട്ട‌്മെന്റ‌്.   സാമൂഹ്യ മാധ്യമങ്ങൾ വന്നപ്പോൾ പുതിയൊരു വഴിയാണ് വെട്ടിത്തുറന്നത് എന്ന് പലരും കരുതി. അനേക കോടികൾ മുടക്കി വാർ റൂം ഉണ്ടാക്കിയും വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് കോടിക്കണക്കിന് പിന്തുടർച്ചക്കാരെ ജനിപ്പിച്ചും ഡോണൾഡ് ട്രംപ് മുതൽ നരേന്ദ്രമോഡി വരെ തെളിയിച്ചത് സാമൂഹ്യമാധ്യമങ്ങളുടേതും പെരുവഴി തന്നെ എന്നായിരുന്നു.  ജനാധിപത്യത്തിന്റെ ഉദാത്തമായ പരിസരം, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിളനിലം, പരിധിയും പരിമിതിയും ഇല്ലാതെ സ്വാഭിപ്രായം വെട്ടിത്തുറന്നുപറയാനും സ്വന്തം രചനകളെ പ്രകാശിപ്പിക്കാനും സാധ്യമായ ഇടം എന്നൊക്കെയാണ് സാമൂഹ്യമാധ്യമങ്ങളെ വിശേഷിപ്പിച്ചത്. പക്ഷേ അവിടെയും ലക്ഷ്മണരേഖ വരയ്ക്കുന്നത് പണമാണ്. അതായത് സാമൂഹ്യമാധ്യമങ്ങളുടെ സ്വാതന്ത്ര്യം, നൈതികത തുടങ്ങിയവയൊക്കെ നിശ്ചയിക്കുന്നത് പണംതന്നെ എന്നുവന്നിരിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ ഏറ്റവുംകൂടുതൽ ലാഭംകൊയ്യുന്നത്  സാമൂഹ്യമാധ്യമ കമ്പനികളാണ്. പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും  പണംകൊടുത്ത് വാർത്ത നൽകുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ ശമ്പളംകൊടുത്ത് ആളെവച്ച് കമ്പനികളെ ചുമതലപ്പെടുത്തി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിച്ച‌് തങ്ങളുടെ രാഷ്ട്രീയം ഒളിച്ചുകടത്തുന്നു. രണ്ടായാലും അഭിപ്രായരൂപീകരണത്തിന് പണംതന്നെയാണ് അടിസ്ഥാനമാകുന്നത്.

കുറച്ചുദിവസങ്ങളായി  കേരളത്തിൽ വല്ലാതെ വേട്ടയാടപ്പെടുന്നത് മാധ്യമപ്രവർത്തകരാണ്. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ പോയി അപകടത്തിൽപ്പെട്ട‌് മരണമടഞ്ഞ മാധ്യമസംഘാംഗങ്ങളെ പരിഹസിക്കുന്ന തലംവരെ പ്രതികരണം എത്തി. മാധ്യമപ്രവർത്തകരെ മരണത്തിൽപോലും വേട്ടയാടുന്നു എന്ന് അവരുടെ സംഘടനയ്ക്ക് പറയേണ്ടിവന്നു. ദുഃഖകരമായ അവസ്ഥയാണ് ഇത്. മറ്റെല്ലാവരെയുംപോലെ തൊഴിലെടുത്ത് ജീവിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. അപകട റിപ്പോർട്ടിങ്ങിന് പോകുമ്പോൾ  സ്വന്തം ജീവൻതന്നെ അവർക്ക് പണയപ്പെടുത്തേണ്ടിവരുന്നു. അത്തരം ഘട്ടങ്ങളിൽ മരണപ്പെടുന്നവരോട്  ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട ജനങ്ങൾ എന്തുകൊണ്ടാണ് മറ്റൊരു
സമീപനത്തിലേക്ക് പോകുന്നത് എന്ന്  മാധ്യമപ്രവർത്തകർതന്നെ ചിന്തിക്കേണ്ടതുണ്ട്. അഭിഭാഷകരും മാധ്യമപ്രവർത്തകരുംതമ്മിൽ രൂക്ഷമായ തർക്കമുണ്ടായപ്പോൾ  പൊതുബോധം അഭിഭാഷകർക്കൊപ്പം ആയിരുന്നു. അതും ഒരു സൂചനയാണ്. മാധ്യമം മാധ്യമമായി നിൽക്കാത്തതിന്റെ അപകടമാണ് ഈ കാണുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വന്ന വാർത്തകൾ  പരിശോധിച്ചാൽ കാണാം എന്താണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത്  എന്ന‌്.   സെക്രട്ടറിയറ്റ് വളപ്പിൽ ഒരു ജീവനക്കാരി വാഹനാപകടത്തിൽ പെട്ടപ്പോൾ  സെക്രട്ടറിയറ്റ് വളപ്പിലെ കാർ റേസിന്റെ  ഭാഗമായാണ് അപകടമെന്നും  അപകടത്തിൽപ്പെട്ട സ്ത്രീ അരമണിക്കൂറോളം അവിടെത്തന്നെ കിടക്കേണ്ടിവന്നു എന്നുമാണ് വലിയൊരു പത്രം എഴുതിയത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന നാല് ഡോക്ടർമാർ ഇടപെട്ടതിന്റെ  ഭാഗമായാണ‌് പത്തു  മിനിറ്റോളം അവരെ അപകടസ്ഥലത്തുതന്നെ കിടത്തിയതെന്നും  അസ്ഥികൾക്ക്  കൂടുതൽ അപകടം വരാതിരിക്കാൻ സുരക്ഷിതമായ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു അത്  എന്നും അടുത്തദിവസംതന്നെ വെളിപ്പെട്ടു. കോട്ടയം ജില്ലയിൽ ഒരു വാഹനാപകടം ഉണ്ടായപ്പോൾ അതുവഴി  മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥർ ശ്രദ്ധിക്കാതെ വണ്ടിയോടിച്ചുപോയി എന്നാണ് അതേ പത്രം  മറ്റൊരു ദിവസം റിപ്പോർട്ട് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം അപകടസ്ഥലത്ത് നിർത്തുന്നതും ഉദ്യോഗസ്ഥർ ഇറങ്ങിച്ചെന്ന്  അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുന്നതും  വീഡിയോദൃശ്യങ്ങൾ സഹിതം പൊലീസ് പുറത്തുവിട്ടപ്പോൾ  ആ വാർത്ത കളവാണെന്ന് തെളിഞ്ഞു. പത്തനംതിട്ട ജില്ലയിലെ എസ്എഫ്ഐ നേതാവിനെ എസ്ഡിപിഐ ആക്രമിച്ചപ്പോൾ  ആക്രമിക്കപ്പെട്ട വിദ്യാർഥിനേതാവ് സ്ത്രീപീഡന കേസിലെ പ്രതിയാണ് എന്നാണ് ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തത്. ആ വിദ്യാർഥി സമൂഹത്തിൽ അപമാനിക്കപ്പെട്ടു. പിറ്റേന്ന് ചാനൽ വാർത്ത പിൻവലിച്ച് നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മിടുക്കനായ വിദ്യാർഥി നേതാവിനെ കുറിച്ചുള്ള അപവാദങ്ങൾ അന്തരീക്ഷത്തിൽ പറന്നുകളിക്കുന്നു. 

അഭിമന്യു വധക്കേസിലെ വാർത്തകൾ മുറുകിവന്നപ്പോൾ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തത് മുഖ്യകൊലയാളി സൈബർ സഖാവ് എന്നാണ്. വാർത്തയ്ക്ക് പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ല. പക്ഷേ കൊലപാതകത്തെക്കുറിച്ച് ദുരൂഹത സൃഷ്ടിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും കൊലയാളികൾ ശ്രമിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും പ്രചാരമുള്ള പത്രംതന്നെ അതിന് ചൂട്ടുപിടിച്ചു.  കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടായതിന് കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന വാർത്ത എഴുതാൻപോലും നമ്മുടെ നാട്ടിൽ മാധ്യമങ്ങൾ ഉണ്ടായി എന്നതിൽനിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ, കേരളത്തിലെ മാധ്യമങ്ങൾ എവിടെ നിൽക്കുന്നു എന്ന്.  തണ്ണീർമുക്കം  ബണ്ടിന്റെ   നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി മുഖ്യമന്ത്രിയുടെ ഡേറ്റ്  കിട്ടാത്തതിനാൽ ഉദ്ഘാടനം വൈകുന്നു; അതുകൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടായത് എന്നാണ് പത്രത്തിന്റെ വ്യാഖ്യാനം. അത് പച്ചക്കള്ളമാണ് എന്ന് തെളിയിക്കാൻ സംസ്ഥാന ജലവിഭവമന്ത്രി  തണ്ണീർമുക്കത്തുചെന്ന് സംഭവിക്കുന്ന കാര്യങ്ങൾ വിളിച്ചുപറയേണ്ടി വന്നു.   അക്കൗണ്ടബിലിറ്റി എന്നത് മാധ്യമങ്ങളിൽ നിന്ന് അകന്നുപോയിരിക്കുന്നു. എന്തും പറയാം; എന്തും ചെയ്യാം. തെറ്റാണെന്ന് വന്നാൽ തല മണ്ണിൽ  പൂഴ‌്ത്താം  എന്നതാണ് നയം.  അതിൽനിന്ന് ഒരാശ്വാസം നൽകും എന്ന് കരുതിയ സാമൂഹ്യമാധ്യമങ്ങളെ  ഇതേ മാധ്യമങ്ങളും അവയെ നിയന്ത്രിക്കുന്ന ധനശക്തികളും റാഞ്ചിയെടുത്തിരിക്കുന്നു. രൂക്ഷമായ  ചർച്ചയ്ക്ക്  വിഷയമായതാണ് ഹനാൻ സംഭവം. ഒരു പാവപ്പെട്ട പെൺകുട്ടി. പഠിക്കാനും ജീവിക്കാനും ആവശ്യമായ  സമ്പത്തും സൗകര്യവും  കുടുംബത്തിൽ ഇല്ല. അവൾ സ്വന്തമായ വഴി കണ്ടെത്തി.  മുത്തുമാല കോർത്തും മീൻ വിറ്റും  തന്റെ കലാപരമായ  കഴിവുകൾ ഉപയോഗപ്പെടുത്തിയും മികച്ച വിദ്യാഭ്യാസം നേടാൻ ശ്രമിച്ചു. ആർക്കും പ്രചോദനമാകുന്ന അനുഭവം. ആ മിടുക്കിയെ  തങ്ങളുടെ വാർത്താതാൽപ്പര്യങ്ങൾക്കായി ദുരുപയോഗിക്കുന്ന മാധ്യമങ്ങളെയും അവളെ  പിന്തുടർന്ന് വേട്ടയാടുന്ന സാമൂഹ്യമാധ്യമങ്ങളിലെ  അരാജക  ജന്മങ്ങളെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. അവളുടേത്  തട്ടിപ്പാണെന്ന്  ആധികാരികശബ്ദത്തിൽ പ്രഖ്യാപനം നടത്തിയ ക്രിമിനൽ ഇപ്പോൾ പൊലീസിന്റെ പിടിയിലാണ്.  അയാൾ പറയുന്നതുതന്നെ ഇതിനൊക്കെ പ്രേരിപ്പിച്ചത് ഒരു ഓൺലൈൻ മാധ്യമത്തിന്റെ  റിപ്പോർട്ടറാണ് എന്നാണ്. ഒരേസമയത്ത് നാട്ടിലെ പരമ്പരാഗതമാധ്യമങ്ങളും  സാമൂഹ്യമാധ്യമങ്ങളും പ്രതി ക്കൂട്ടിൽ  നിൽക്കുന്ന കേസാണിത്. ആ പെൺകുട്ടിയുടെ ജീവിതാവസ്ഥ  അതുപോലെ അവതരിപ്പിച്ചിരുന്നെങ്കിൽ അവളെ  കണ്ണീരിന്റെ  വഴിയിലേക്ക് തള്ളിവിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. വാർത്തയുണ്ടാക്കാൻ  എന്തും ചെയ്യുമെന്ന മാധ്യമധാർഷ്ട്യമാണ്  അസാധാരണമായ ഇച്ഛാശക്തിയോടെ അധ്വാനിക്കുന്ന  പെൺകുട്ടിയെ ഇകഴ്ത്തിക്കാണിക്കാനും ആക്ഷേപിക്കാനും സാമൂഹ്യമാധ്യമങ്ങളിലെ സാമൂഹ്യവിരുദ്ധർക്ക് പ്രേരണയായത്. ഇത് പെട്ടെന്ന് ഭേദമാകാത്ത അസുഖമാണ്.

ലാവ‌്‌ലിൻ കേസിൽ പിണറായിയെ പെടുത്തിയേ അടങ്ങൂ എന്ന വാശിയാണ് തിരുവനന്തപുരത്തെ പ്രത്യേക കോടതിമുതൽ സുപ്രീംകോടതിവരെ സിബിഐ പ്രകടിപ്പിക്കുന്നത്. അത് രാഷ്ട്രീയമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നുമുണ്ട്. എന്നിട്ടും, 'ലാവ‌്‌ലിൻ: പിണറായി വിചാരണ നേരിടണം' എന്ന തലക്കെട്ട്  വലിയ അക്ഷരത്തിൽ കൊടുത്ത്, അത് സിബിഐയുടെ അപേക്ഷയാണ് എന്നത് ചെറിയ അക്ഷരത്തിലാക്കുന്ന പീറതന്ത്രം ഈ കാലത്തും പയറ്റുമ്പോൾ, ജനം തിരിച്ചറിയുമെന്നും പ്രതികരിക്കുമെന്നും ഓർക്കാത്തതാണ് മാധ്യമദുരന്തം. അതു കൊണ്ടാണ് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നത്. ആ വിമർശനങ്ങൾക്ക് നട്ടെല്ലു നിവർത്തി മറുപടി പറയുന്നതുകൂടിയാണ് മാധ്യമപ്രവർത്തനം.

 Top