23 May Thursday

തവളക്കല്യാണത്തിന്റെ കാലം

ശതമന്യു Monday Jul 2, 2018


മാനവവിഭവശേഷി ഭരിക്കുന്ന മന്ത്രിക്ക് മനുഷ്യൻ എങ്ങനെയാണ് ഉണ്ടായത് എന്ന കാര്യത്തിൽ സംശയമാണ്.  സാധാരണ സംശയമല്ല.  ചാൾസ് ഡാർവിന്റെ  പരിണാമസിദ്ധാന്തം തെറ്റെന്ന‌് മന്ത്രി ഉറപ്പിച്ചു പറയുന്നു. സാധാരണ മനുഷ്യൻ ആൾക്കുരങ്ങുകളുമായാണ്‌ കൂടുതൽ അടുത്തുനിൽക്കുന്നത്‌. ചിമ്പാൻസിയുടെ ജീനുകളും മനുഷ്യന്റെ ജീനുകളും 98.5 ശതമാനം സമാനമാണ്‌. ഗറില്ലയുമായി 97ശതമാനമാണ് സാമ്യം. അതേസമയം സസ്‌തനിയായ നായയുമായി 84 ശതമാനം മാത്രമേ സാമ്യമുള്ളൂ. ചിമ്പാൻസിയും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഒന്നര ശതമാനത്തിന്റേതുമാത്രം. അത് പക്ഷേ സംസാരശേഷിയും സംസ്കാരവും ബുദ്ധിശക്തിയുമൊക്കെ പകർന്നുനൽകുന്ന ഒന്നൊന്നര ശതമാനമാണ്. ആ ഒന്നര ശതമാനത്തിന്റെ കുറവാണ് സംഘപരിവാറിന്റെ പ്രധാന പ്രശ്നം.

കുരങ്ങന്മാരല്ല തന്റെ പൂർവികർ എന്ന് സംഘപരിവാറിന്റെ വിദ്യാഭ്യാസ വിചക്ഷണനും ഇന്നാട്ടിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് എന്ത് എന്ന് നിശ്ചയിക്കാൻ അധികാരമുള്ള മന്ത്രിയുമായ സത്യപാൽ സിങ്ങിനു പറയാം. പക്ഷേ ആരാണ് പൂർവികർ എന്ന് ഉറപ്പിച്ചുപറയാതിരിക്കുന്നത് മന്ത്രിക്കു യോജിച്ച രീതിയല്ല.   രസതന്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത സത്യപാൽസിങ്ങിന് ഡാർവിനെ കുറിച്ച് പഠിക്കാനുള്ള ഊർജമില്ല. ഡാർവിനെന്ന  പേരുതന്നെ അലർജിയാണ്.

ദൈവം മാന്ത്രികൻ ആണെന്നും മാന്ത്രികവടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്നുമുള്ള ഉൽപ്പത്തിയുടെ പുസ്തകത്തിലെ  വ്യാഖ്യാനം  ഫ്രാൻസിസ് മാർപാപ്പ തള്ളിപ്പറഞ്ഞതാണ്.  മഹാവിസ്ഫോടന സിദ്ധാന്തം ക്രൈസ്തവ വിശ്വാസത്തിന‌്  എതിരല്ലെന്നും പരിണാമവാദം ശരിയാണെന്നും  നൂറ്റാണ്ടുകളായുള്ള സഭാവിശ്വാസത്തെ അട്ടിമറിച്ചുകൊണ്ടാണ് മാർപാപ്പ നിലപാടെടുത്തത്. 1850കളിൽ  ഡാർവിൻ പരിണാമസിദ്ധാന്തം അവതരിപ്പിച്ചതുമുതൽ അതിന്റെ കടുത്ത വിമർശകപക്ഷത്തായിരുന്നു സഭ.  അന്നുമുതലിന്നുവരെ പരിണാമസിദ്ധാന്തത്തെ എതിർക്കാനുള്ള വാദമുഖങ്ങൾ നിരത്തിയ സഭയുടെ പരമാധ്യക്ഷൻ നിലപാടുമാറ്റിയത് എന്തെങ്കിലും വെളിപാട് കൊണ്ടല്ല. ശാസ്ത്രസത്യങ്ങളെ അംഗീകരിക്കുന്നതുകൊണ്ടാണ്. പക്ഷേ ബിജെപി ഇപ്പോഴും തവളക്കല്യാണത്തിന്റെ  കാലത്താണ്.   തവളകളെ കല്യാണം കഴിപ്പിച്ച മഴപെയ്യിക്കുന്ന മന്ത്രിമാരും ഗണപതിയുടെ ശിരസ്സിൽ പ്ലാസ്റ്റിക് സർജറിയുടെ പാട്  അന്വേഷിക്കുന്ന പ്രധാനമന്ത്രിയും ഉള്ള നാട്ടിൽ പരിണാമസിദ്ധാന്തത്തെക്കുറിച്ച് മാനവ വിഭവശേഷി മന്ത്രി  മറ്റൊരു സിദ്ധാന്തം അവതരിപ്പിക്കുമ്പോൾ യഥാർഥത്തിൽ സംഘശക്തികളിൽ ആവേശം ജനിക്കണം.  കുരങ്ങുകൾ ഏതായാലും രക്ഷപ്പെട്ടു.  ഒരു സംഘിയും പിതാവേ എന്നോ  പിതാമഹനേ എന്നോ  വിളിച്ച്  അങ്ങോട്ട് ചെല്ലില്ല.
ഇനി ആർക്കാണ്  സംഘികളുടെ പൂർവികരായി വാഴ്ത്തപ്പെടാൻ അവസരം ലഭിക്കുക  എന്നതിലുള്ള ചർച്ചയും തർക്കവും ആണ് നടക്കേണ്ടത്. നറുക്ക് വീഴുന്നത്  പശുക്കൾക്ക് ആകാം. ആനയ്‌ക്കോ കുതിരയ‌്ക്കോ  കഴുതയ്ക്കോ  ആകാം. അവയുടെ മനുഷ്യനുമായുള്ള ബന്ധമല്ല, സംഘികളുമായുള്ള ജനിതകബന്ധത്തിലാണ് ഗവേഷണം നടത്തേണ്ടത്. അതിനായി വേദിക്ശാസ്ത്രത്തിനും പശുഗവേഷണത്തിനും ഉള്ളതുപോലെ പ്രത്യേക ഫണ്ട് അനുവദിച്ചാൽ മതിയാകും.

മോഡിയുടെ നാല് വർഷം കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം 2014 ൽ തുടങ്ങിയത് സ്വർഗകവാടം എന്നറിയപ്പെടുന്ന വാരാണസിയിൽ നിന്നായിരുന്നു.  ഇത്തവണ  മോഡി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് ഉത്തർപ്രദേശിലെ മഗറിൽനിന്നാണ്. കബീർദാസ് നരക കവാടം എന്നാണ‌് മഗറിനെ വിശേഷിപ്പിച്ചിരുന്നത്. ജ്യോതിഷത്തിന‌് രൂപീകരിച്ച പ്രത്യേക ഡിപ്പാർട്ട‌്മെന്റിന‌്  പരിശോധിച്ച് പ്രതിവിധി  കണ്ടെത്താനുള്ള കാര്യങ്ങളുണ്ട് വാരാണസിക്കും മഗറിനും ഇടയിൽ.  അടി പലവഴിക്ക് വരുന്നുണ്ട്.  മോഡി  മികച്ച പ്രചാരകനാണ്;  എന്നാൽ അദ്ദേഹം  പ്രസംഗിച്ചാൽ വയറുനിറയില്ല എന്ന്  പറയുന്നത് ബിജെപിയുടെ   പാർലമെന്റ‌് അംഗം ശത്രുഘ്നൻ സിൻഹയാണ്.  നടക്കുന്നത് വൺമാൻഷോയാണെന്നും സംസാരിച്ചാൽ  വെടിവച്ച് കൊല്ലുമെന്ന  ഭീതിയിലാണ് ജനങ്ങൾ എന്നും കൂടെ സഹായിക്കുന്ന 'ശത്രു’ തന്നെ ഉറപ്പിച്ചുപറയുമ്പോൾ, ശത്രുഘ്നൻ സിൻഹയും സുധീരനുമൊക്കെ ഒരു കണക്കല്ലേ എന്ന് കണക്കാക്കി തള്ളിക്കളയാനാകില്ല. കാരണം ശത്രുവിനൊപ്പമാണ് അദ്വാനിയുടെയും സുഷ‌്മയുടെയുമെല്ലാം മനസ്സ്.    പ്രസംഗത്തിൽ മയങ്ങിവീഴാതെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഇനിയെങ്കിലും ജനപ്രതിനിധികളെ കണ്ടെത്തണമെന്നാണ്  ശത്രുഘ്നൻ സിൻഹയുടെ ആഹ്വാനം. അതായത്  ഇപ്പോൾ കണ്ടെത്തിയ നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ യോഗ്യരല്ല എന്ന്.

ഓരോ ദിവസം കഴിയുമ്പോഴും മോഡിയുടെ കാര്യം കഷ്ടമാകുകയാണ്.  നാലുകൊല്ലം മുമ്പ് കൂടെയുണ്ടായിരുന്ന പലരും ഇന്ന്  ഇല്ല. തെരഞ്ഞെടുപ്പൊന്നും ജയിക്കുന്നില്ല. കർണാടകത്തിലെ ഓപ്പറേഷൻ പരാജയപ്പെട്ടു. പരിഹാസം പലവഴിക്ക് വരുന്നു.   മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ  ജയിച്ചില്ലെങ്കിൽ 2019ലെ ലോക‌്‌സഭാ തെരഞ്ഞെടുപ്പ് മോഡിയുടെ വാട്ടർലൂ ആകും എന്ന്  പ്രവചിച്ചവർക്ക‌് സമ്മാനവും മുൻ‌കൂർ കിട്ടും.  ആരെ കൂട്ടുപിടിച്ചും  മത്സരിച്ച്‌ ജയിക്കുക, ജയിച്ചില്ലെങ്കിലും ഭരണം നേടുക എന്നതാണ് ത്രിപുരയിലും മണിപ്പുരിലും ഗോവയിലും മറ്റു പല സംസ്ഥാനങ്ങളിലും പ്രയോഗിച്ച മുദ്രാവാക്യം.  ജമ്മു കശ്മീരിൽ മൂന്നുകൊല്ലം മുമ്പ‌് മോരിലിട്ടാണ് മുതിര പുഴുങ്ങിയത്. രണ്ടുവഴിക്ക‌്  സഞ്ചരിക്കുന്ന പാർടികളെ  ഒന്നിച്ച് കെട്ടി.  ഇപ്പോൾ ബിജെപി തനിനിറം കാട്ടുന്നു.  മുസ്ലിങ്ങൾ അല്ലാത്തവർ ഭൂരിപക്ഷമുള്ള ജമ്മുവിനോടും ലഡാക്കിനോടും  വിവേചനമാണ് സർക്കാർ കാണിക്കുന്നതെന്ന് അതിൽ പങ്കാളിത്തമുള്ള ബിജെപി തന്നെ ആരോപിച്ചതിനുപിന്നിൽ   ജമ്മു കശ്മീർ വിഷയത്തെ വീണ്ടും വീണ്ടും  വർഗീയവൽക്കരിച്ച്‌  2019ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ ആയുധമുണ്ടാക്കാനുള്ള ആർത്തിമാത്രം.  

കള്ളപ്പണം എന്ന് ഇനി മോഡിക്ക് മിണ്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. ബിജെപി ഭരണത്തിന്റെ അവസാനവർഷം ഇന്ത്യക്കാർ സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച പണം മുൻവർഷത്തേതിൽനിന്ന് 50 ശതമാനം വർധിച്ച് ഏഴായിരം കോടിയായി എന്നതാണ് നോട്ടുനിരോധനത്തിന്റെ ഒരു ഗുണം. മോഡി നോട്ടുനിരോധനം പ്രഖ്യാപിച്ച രാത്രി ‘ഡയമണ്ട് രാജാവ്' നീരവ് മോഡിയുടെ ഒരു വ്യാപാരശാലയിൽമാത്രം വെളുപ്പിച്ചത് 90 കോടി രൂപയുടെ കള്ളപ്പണമാണ്. ആ പണവുംകൊണ്ട് നീരവ് മോഡി നീരാവിയായി വിദേശത്തേക്ക് പറന്നപ്പോൾ ചൂട്ടുപിടിച്ചുകൊടുത്തത് നരേന്ദ്ര മോഡിയാണ്. അമിത‌്‌ ഷാ ഡയറക്ടറായ സഹകരണ ബാങ്കിൽ നോട്ടുനിരോധനത്തിന് ശേഷമുള്ള അഞ്ചുദിവസത്തിനിടെ 745.59 കോടി രൂപ നിക്ഷേപം ഒഴുകിയെത്തി.  തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ രാജാവിന്റെ ശരീരത്തിലെ അവസാനത്തെ തുണിയും അഴിഞ്ഞു വീഴുകയാണ്.

ഒരു കാര്യത്തിൽമാത്രമാണ് ഒരു പഞ്ഞവുമില്ലാത്തത്. യാത്രക്കാര്യത്തിൽ.   നാല് വർഷത്തിൽ 165 ദിവസം മോഡി  വിദേശത്തായിരുന്നു. ഫ്രാൻസ്, ജർമനി, ക്യാനഡ   ത്രിരാഷ്ട്ര യാത്രയിൽ  ഒമ്പത് ദിവസംകൊണ്ട്  31.25 കോടി രൂപ പൊടിച്ചു.   ഇന്ത്യയിൽ ഭൂരിപക്ഷത്തിനും ദാരിദ്ര്യവും പട്ടിണിയുമാണെങ്കിലും പുറത്തൊക്കെ നല്ല പേരാണ്.  മോഡി മണിക്കൂറിടവിട്ട‌് മാറ്റി അണിയുന്ന സ്യൂട്ടിന്റെയും സഞ്ചാരത്തിന്റെ ഗമയുടെയും തൂക്കംനോക്കിയാൽ ഇന്ത്യക്കാരനാണ് അതിസമ്പന്നൻ എന്ന്  ലോകം കരുതിക്കൊള്ളും.

എല്ലാമുണ്ടായിട്ടും അനുഭവിക്കാൻ യോഗമില്ലാത്തത‌് കേരളത്തിലെ സംഘപുത്രന്മാർക്കാണ്. ആകെയുള്ള ഒരു എംഎൽഎ ആ നാട്ടിൽ ഇനി താമരകൊണ്ട് ആറാട്ട് നടത്തിയാലും ജയിക്കില്ല എന്നുറപ്പാക്കിയിട്ടുണ്ട്. എവിടെയും ജയിക്കില്ല എന്നാൽ, സ്വന്തം പാർടിയിലെങ്കിലും നേതാവാകാമല്ലോ എന്ന് കരുതിയവർക്കും ദുർദശയാണ്. സംസ്ഥാന പ്രസിഡന്റില്ലാത്ത പാർടിയാണിന്ന‌് ബിജെപി. സഖ്യകക്ഷികൾ അടുപ്പിക്കുന്നില്ല. മാണി വേറെ വഴിക്കുപോയി. താങ്ങില്ലാതെ നിൽക്കാൻ പണ്ടേ കരുത്തില്ല. പ്ലാൻ എയും ബിയും സിയും ചീറ്റിയ സ്ഥിതിക്ക്, ഇനി വല്ല പരീക്ഷയും നടത്തി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തലേ  വഴിയുള്ളൂ.
അങ്ങനെ രാഹുൽ ഗാന്ധി എൻഎസ‌്‌യു പ്രസിഡന്റായി കണ്ടെത്തിയ ഒരാൾ കോൺഗ്രസിൽ പതുങ്ങിനിൽപ്പുണ്ട്.

ഛത്തിസ്ഗഡിൽനിന്നുള്ള വനിതാനേതാവിന് സ്ഥാനം കിട്ടണമെങ്കിൽ കൂടെ കിടക്കണമെന്നാവശ്യപ്പെട്ടു എന്ന പരാതിയിൽ എൻഎ‌സ‌്‌യു ഐ ദേശീയ അധ്യക്ഷൻ   ഫൈറോസ് ഖാന്റെപേരിലുള്ള  പരാതിയിൽ  ആ പാർടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.  കോൺഗ്രസിൽ നിൽക്കാനും  ബിജെപിയിലേക്ക് പോകാനും  കൃത്യമായ യോഗ്യത തെളിയിച്ച സ്ഥിതിക്ക്, ആ പേര് കേരളത്തിലേക്കും ആലോചിക്കാവുന്നതാണ്. ദൂഷ്യം പലതുമുണ്ടെങ്കിലും ഫൈറോസ് ഖാന് വിവരമുണ്ട്. അണ്വായുധം കണ്ടുപിടിച്ചത് കണാദനാണെന്നു പറയില്ല.

 Top