19 April Friday

ഇറഗുലര്‍ പ്രസിഡന്റ്

സുക്ഷമൻ Sunday Apr 2, 2017

ഹൈക്കമാന്‍ഡിന്റെ തീരുമാനം സുധീരന്‍ വായിച്ചപ്പോള്‍ അതിലെ ഒരു ഭാഗം 'റഗുലര്‍ പ്രസിഡന്റ്' വരുന്നതുവരെ സീനിയര്‍ വൈസ് പ്രസിഡന്റ് എം എം ഹസ്സന് കെപിസിസിയുടെ ചുമതല ഉണ്ടാകുമെന്നാണ്. അതിനര്‍ഥം ഹസ്സന്‍ 'ഇറഗുലര്‍ പ്രസിഡന്റ്' എന്നുതന്നെ.  ഹൈക്കമാന്‍ഡിന്റെ ആ വിലയിരുത്തല്‍ ആദ്യ അവസരത്തില്‍തന്നെ ഹസ്സന്‍ സ്ഥിരീകരിച്ചു. ചുമതല ഏറ്റെടുത്ത് രണ്ടാംദിവസം യുവ മാധ്യമ ക്യാമ്പില്‍ ചെന്ന് പറഞ്ഞത് 'അശുദ്ധിയുള്ള' ദിവസങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നാണ്. എന്ത് അശുദ്ധിയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന, ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ നേര്‍ക്കുനേര്‍ ചോദ്യത്തിനുമുന്നില്‍ ഹസ്സന്‍ പരുങ്ങി. പക്ഷേ, അശുദ്ധിയുടെ വിശദീകരണം മാത്രം വന്നില്ല. 'നാങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ' എന്ന തോറ്റം കേട്ടുവളര്‍ന്ന കുട്ടി അതേമട്ടില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ആണ്‍ചോരയ്ക്കോ പെണ്‍ചോരയ്ക്കോ അശുദ്ധിയെന്ന് ഹസ്സന് പറയാനായില്ല. അതുതന്നെയാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ. ഒരു ചോദ്യത്തിനും മറുപടിയില്ല.

കേരളത്തിലെ എന്തിനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ഹസ്സന്‍. സുധീരനോട് മല്ലടിച്ചുനിന്ന ധീരന്‍. സുധാകരന് മൂക്കുകയറിട്ട മല്ലന്‍. എ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളി, ഹര്‍ത്താല്‍വിരുദ്ധ ശിരോമണി. ഹസ്സന്റെ താല്‍ക്കാലിക ചുമതലക്കാലത്ത് കേരളത്തില്‍ ഹര്‍ത്താല്‍ കോണ്‍ഗ്രസ് വകയായി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. അഥവാ ഉണ്ടായാല്‍ ഹസ്സന് പിന്നെയും ഉത്തരം മുട്ടുമെന്ന് സമാധാനിക്കുകയുമാകാം.

ഉമ്മന്‍ചാണ്ടിക്കുപിന്നാലെ കെഎസ്യുവിലൂടെയാണ് ഹസ്സന്റെ രാഷ്ട്രീയപ്രവേശം. ഉമ്മന്‍ചാണ്ടിയെപ്പോലെ കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന ഹസ്സന്‍, അതേവഴിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെപിസിസിയുടെയും ജനറല്‍ സെക്രട്ടറിയുമായി. എതിരാളികള്‍ കോപ്പിയടിവിവാദം ചൂണ്ടി ഇടയ്ക്കിടെ കുത്തുമെങ്കിലും കേരള സര്‍വകലാശാല യൂണിയന്‍ ഭാരവാഹിത്വത്തിലെത്തി 1972ല്‍ കെഎസ്യുവിന് ആവേശം പകര്‍ന്നത് ഹസ്സനായിരുന്നു. എല്ലാമുണ്ടായിട്ടും വ്യത്യസ്തനായ ഹസ്സന് ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും അനുയായിയായി ഇരിക്കാനേ ഭാഗ്യമുണ്ടായുള്ളൂ. സുധീരന്റെ ധീരതയും അയല്‍ക്കാരനായ ആന്റണിയുടെ ആദര്‍ശവും ഹസ്സനില്‍ ആരും ആരോപിക്കാറില്ല.

2001ല്‍ കായംകുളത്തുനിന്ന് ജയിച്ച് ആന്റണിമന്ത്രിസഭയില്‍ പ്രവാസികാര്യമന്ത്രിയായതാണ് ഒരു വഴിത്തിരിവ്. കഴക്കൂട്ടത്തുനിന്നും തിരുവനന്തപുരം വെസ്റ്റില്‍നിന്നും നാലുവട്ടമാണ് ഹസ്സന്‍ നിയമസഭയിലെത്തിയത്. പക്ഷേ, ആ നാട്ടുകാര്‍ക്ക് അങ്ങനെയൊരു എംഎല്‍എയെ ഇപ്പോള്‍ ഓര്‍മയില്ല. 2001നുശേഷം ജയിച്ചിട്ടില്ല. മത്സരിച്ചതിലും തോറ്റതിലും റെക്കോഡിട്ട ആളെന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാന്‍ ഹൈക്കമാന്‍ഡ് കണ്ട അയോഗ്യത. ഒടുവില്‍ വഴക്കിട്ട് ചടയമംഗലം സീറ്റ് തരപ്പെടുത്തിയെങ്കിലും മുല്ലക്കരയോട് 23,000 വോട്ടിന്റെ പരാജയം. ഇനി ഹസ്സന് പറ്റുന്ന പണി കെപിസിസിയിലാണെന്ന് ഹൈക്കമാന്‍ഡ് നിശ്ചയിച്ചതില്‍ കുറ്റംപറയാനാകില്ല എന്നര്‍ഥം.

ജനകീയാസൂത്രണത്തെ പൊളിക്കാനും അത് അഴിമതിയാണെന്ന് പറയാനും സാധാരണ കോണ്‍ഗ്രസുകാര്‍ മടിച്ചുനിന്നപ്പോള്‍ ഹസ്സന്‍ മുന്നോട്ടുവന്നു അടിമുടി അഴിമതിയാണെന്ന് ആരോപിച്ച് വ്യത്യസ്തത കാട്ടുകയും പരിഹാസ്യനാവുകയും ചെയ്തു. കുടുംബശ്രീക്ക് സമാന്തരമായി കോണ്‍ഗ്രസിനുവേണ്ടി ജനശ്രീ സുസ്ഥിരമിഷന്‍ പടുത്തുയര്‍ത്തിയ ഹസ്സന്‍ ജനശ്രീക്കെതിരെ അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ വിലാപത്തിന്റെയും രോഷത്തിന്റെയും ഘോഷയാത്ര നയിച്ചും മാതൃകയായി. കോണ്‍ഗ്രസിന്റെ ചരിത്രവുമായും ഹസ്സന് മികച്ച ബന്ധമുണ്ട്: ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ച വര്‍ഷമാണ് ഹസ്സന്‍ ജനിച്ചത്. അപ്പോള്‍ത്തന്നെയാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതും. ഇന്ന് ഹസ്സന്‍ ഇറഗുലര്‍ പ്രസിഡന്റാകുമ്പോള്‍ സുധീരന്‍ പറയുന്നത് 'ഞാന്‍ സ്വതന്ത്രനായി' എന്നാണ്. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന്റെയും സുധീരന്റെ സ്വാതന്ത്യ്രത്തിന്റെയും ഇടയിലുള്ള ദൂരമാണ് എം എം ഹസ്സനെന്ന് സാരം.

 Top