07 June Sunday

ദുരേന്ദ്രന്‍

സൂക്ഷ്മൻ Sunday Jun 18, 2017

സ്വന്തമായി നല്ലതുചെയ്ത് പേരെടുക്കാന്‍ കഴിയാതാകുമ്പോഴും നൈരാശ്യം ബാധിക്കുമ്പോഴും എളുപ്പവഴിയില്‍ പ്രശസ്തി നേടാന്‍ കൊതിച്ചും കാണിക്കുന്ന വിചിത്രമായ ചേഷ്ടകള്‍ മനുഷ്യസഹജമാണ്. ചിലര്‍ തിയറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ ഉച്ചത്തില്‍ കൂവി ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കുന്നു. വേറെ ചിലര്‍ അസ്വാഭാവികവേഷം ധരിച്ച് സമൂഹത്തിനുമുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഇനിയൊരുകൂട്ടര്‍ സ്വന്തം കുറ്റം വിളിച്ചുപറഞ്ഞും കൂടെ നില്‍ക്കുന്നവരെ തെറിവിളിച്ചുമാണ് ശ്രദ്ധനേടാന്‍ ശ്രമിക്കുന്നത്. ഡോണള്‍ഡ് ട്രംപ് വെറുമൊരു ബിസിനസുകാരനായിരുന്നെങ്കില്‍ ചര്‍ച്ചാപുരുഷനാകില്ലായിരുന്നു. ആത്മനിയന്ത്രണം നഷ്ടപ്പെട്ട്, വീണ്ടുവിചാരമില്ലാതെ വര്‍ഗീയതയും വിഡ്ഢിത്തവും വിദ്വേഷവും കലര്‍ന്ന വാക്കുകള്‍ പ്രയോഗിച്ചാണ് ട്രംപ് ശ്രദ്ധ നേടിയത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കുവേണ്ടി ഇറങ്ങിയ ഒരു പരസ്യം താമരപ്പൂവിന്റെ ഇതളുകള്‍ കൊണ്ടുമാത്രം മറച്ച മേഘ്ന പാട്ടീലിന്റെ ദേഹത്തിനുകുറുകെയായി 'വോട്ട് ഫോര്‍ നരേന്ദ്ര മോഡി' എന്നെഴുതിയ സ്ട്രിപ്പുമായിട്ടായിരുന്നു. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി തുണിയുരിഞ്ഞ് മറ്റൊരു മോഡല്‍ തനിഷ സിങ്ങിനെ കോണ്‍ഗ്രസ് രംഗത്തിറക്കി.  ട്രംപിനും മോഡിക്കും രാഹുലിനും ഇതൊക്കെ കാണിക്കാമെങ്കില്‍ കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി നാറാത്ത് സ്വദേശി കെ സുരേന്ദ്രനെ കുറ്റംപറയാന്‍ ആര്‍ക്കും അവകാശമില്ല. നാലാള്‍ ചര്‍ച്ചചെയ്തില്ലെങ്കില്‍ പേര് മറന്നുപോകുന്ന കാലമാണ്. സ്വന്തം പാര്‍ടിക്കകത്ത് പ്രത്യേകിച്ച് വിലയും നിലയുമൊന്നുമില്ല. എന്നാല്‍, വാര്‍ത്തകളില്‍ കയറാനെങ്കിലും അല്‍പ്പസ്വല്‍പ്പം പൊടിക്കൈ ആകാം.

പഠിച്ചത് രസതന്ത്രമാണെങ്കിലും സ്വായത്തമാക്കിയത് അത്രയൊന്നും രസമില്ലാത്ത തന്ത്രങ്ങളാണ്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എന്നതാണ് സ്ഥാനം. പക്ഷേ, ഒരു പ്രസംഗം തര്‍ജമചെയ്യാന്‍പോലും ഇപ്പോള്‍ വിളിക്കാറില്ല. മഞ്ചേശ്വരത്ത് മത്സരിച്ച് ജയിച്ച് എംഎല്‍എയാകുമെന്ന് സ്വപ്നംകണ്ടിരുന്നു. തമ്പാനൂരില്‍ പണിയുന്ന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ 'മുഖ്യമന്ത്രിയുടെ' മുറിയില്‍ ചാരിച്ചാഞ്ഞിരിക്കുന്ന സ്വപ്നവും കാണുന്നുണ്ട്. പക്ഷേ, അലഭ്യയോഗമാണ്. ഒന്നും ഗുണം പിടിക്കുന്നില്ല. ചെയ്യുന്നതെല്ലാം മണ്ടത്തരമായി കലാശിക്കുകയുംചെയ്യുന്നു. തിരുവനന്തപുരത്ത് ലോ അക്കാദമിയില്‍ വലിഞ്ഞുകയറി നിരാഹാരം തുടങ്ങി വി മുരളീധരന്‍ കത്തിക്കയറുമ്പോള്‍ സുരേന്ദ്ര സഹായം വന്നത്, രാത്രി കാറില്‍കയറി മുരളീധരന്‍ ശൌചകര്‍മത്തിന് പോയി എന്ന പ്രസ്താവനയുടെ രൂപത്തിലാണ്. അതോടെ മുരളീധരന് മുങ്ങേണ്ടിവന്നു.

ഉള്ള്യേരിക്കാരനായതുകൊണ്ട് ഉള്ളി സുരേന്ദ്രനെന്ന പേരുവീണു. താന്‍ ബീഫല്ല, ഉള്ളിക്കറിയാണ് കഴിച്ചതെന്ന് പരസ്യപ്രസ്താവന നടത്തി ഉള്ള്യേരിയെ സുരേന്ദ്രന്‍ വെറും ഉള്ളിയാക്കി. മാട്ടിറച്ചിവിലക്ക് വന്നപ്പോള്‍, അതിനെ ആരെങ്കിലും എതിര്‍ത്താല്‍ കലാപമുണ്ടാകുമെന്നായി സുരേന്ദ്രന്‍. ഒടുവില്‍, ഏതോനാട്ടില്‍ എന്നോ കൊന്ന പശുവിന്റെ ചിത്രവുമായി കേരളത്തില്‍ മാടിനെ കൊന്നു എന്ന് പ്രചരിപ്പിച്ചത് പിടിക്കപ്പെട്ടപ്പോള്‍ ദുരന്തം അഥവാ ദുരേന്ദ്രനായി മാറി. തര്‍ജമ, കന്നട പ്രസംഗം, ഭീഷണി, ഹാസ്യപരിപാടി എല്ലാ ക്വട്ടേഷനും സുരേന്ദ്രന്‍ എടുക്കും. അങ്ങനെ വളരെ കുറച്ചുപേരേ ബിജെപിയിലുള്ളൂ. കൈയില്‍ രേഖയുണ്ടെന്നവകാശപ്പെട്ടാണ് ഒട്ടുമിക്ക പ്രഖ്യാപനങ്ങളും തര്‍ക്കങ്ങളും. എവിടെ രേഖ എന്നുചോദിച്ചാല്‍ കൈരേഖ കാണിച്ചാല്‍ മതിയാകും.

ജീവിക്കുന്ന  മനുഷ്യരെവിട്ട് പരേതാത്മാക്കളുമായാണ് ഒടുവിലത്തെ സല്ലാപം. മഞ്ചേശ്വരത്ത് താന്‍ തോറ്റത് പരേതാത്മാക്കള്‍ ഇറങ്ങിവന്ന് എതിര്‍ത്ത് വോട്ടുചെയ്തതുകൊണ്ടാണെന്ന് അന്നേ പറയുന്നതാണ്. അന്നൊക്കെ തോറ്റതിന്റെ മനഃപ്രയാസംകൊണ്ടുള്ള അസ്കിത എന്നേ എല്ലാവരും കരുതിയുള്ളൂ. പക്ഷേ, അതായിരുന്നില്ല പ്രശ്നം. ശരിക്കും അങ്ങനെ വിശ്വസിച്ചുപോയി. കുറെ പേരുകള്‍ കൂട്ടിക്കെട്ടി എല്ലാം പരേതരാണെന്നും അവരും വോട്ടുചെയ്തു എന്നും കോടതിയില്‍ ബോധിപ്പിച്ചു. കോടതി അന്വേഷിച്ചപ്പോള്‍ പരേതര്‍ ഒന്നൊന്നായി 'ഞാനിവിടുണ്ടേ' എന്ന് ബോധ്യപ്പെടുത്തി ഹാജരാകുന്നു. എംഎല്‍എ ആയില്ലെങ്കിലും സാരമില്ല, ജീവിച്ചിരിക്കുന്നവരെ 'കൊന്ന'തിന്റെപേരില്‍ ബന്ധുക്കളുടെ പാരിതോഷികം കിട്ടാതിരുന്നാല്‍മതി എന്നാണ് ഒടുവിലത്തെ അവസ്ഥ. ഇതൊക്കെയാണെങ്കിലും സുരേന്ദ്രന്‍ വിടില്ല. ഓരോ ദിവസവും 'താങ്കള്‍ എന്തൊരു ദുരന്തം' എന്ന സ്നേഹവചനം കേള്‍ക്കാതെ ഉറക്കംവരില്ല. രണ്ട് ഡിവൈഎസ്പിമാരോട് 'റിട്ടയര്‍ചെയ്താല്‍ കാണിച്ചുതരാം' എന്നാണ് ഭീഷണിമുഴക്കിയത്. സുരേന്ദ്രന്റെ ഭീഷണിക്ക് സവാളയുടെ വിലമാത്രമേ തല്‍ക്കാലം ഉള്ളൂ എന്നതുകൊണ്ട് ആരും ഗൌനിച്ചില്ല എന്നുമാത്രം.

 Top