18 February Monday

ഗോമാത

സൂക്ഷ്മന്‍ Monday Jun 5, 2017

പശു പാവം സസ്യഭുക്കാണ്. ഏറിവന്നാല്‍ ഉപദ്രവിക്കുന്നവരെ കൊമ്പുകൊണ്ട് കുത്തിയെന്നിരിക്കും. അതിലപ്പുറം ഉപദ്രവമില്ല. ഉപകാരമാണെങ്കില്‍ അനവധിയും. കടുവ അങ്ങനെയല്ല. മാംസഭോജിയാണ്. വേണ്ടിവന്നാല്‍ നരഭോജിയുമാകും. എന്നിട്ടും കടുവയ്ക്കുവേണ്ടി പ്രത്യേക സങ്കേതങ്ങളുണ്ട്. കടുവയ്ക്ക് ദേശീയമൃഗത്തിന്റെ രാജപദവിയുമുണ്ട്. ഈ അന്യായം പരിഹരിച്ച് ഗോമാതാവിനെ രാഷ്ട്രമൃഗമാക്കണമെന്നു പറഞ്ഞ ജഡ്ജി, അക്കാര്യത്തില്‍ അതിക്രമമാണ് കാണിച്ചത്. അമ്മയെ ആരെങ്കിലും മൃഗമായി കാണുമോ? രാഷ്ട്രപിതാവിനെ കൊന്നവര്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്. 'രാഷ്ട്രഗോമാതാവ'് എന്ന പുതിയ തസ്തിക സൃഷ്ടിച്ചാല്‍ മതി. കാലാകാലമായി ഗോക്കളോടും മയിലിനോടുമെല്ലാം ചെയ്ത അപരാധം തിരുത്തപ്പെടുകയും അവയുടെ ദൈവികഭാവം സുസ്ഥിരവികസന പാതയിലെത്തുകയും ചെയ്യുന്നു എന്നതാണ് ആര്‍ഷഭാരത പുനഃസ്ഥാപനത്തിന്റെ മഹനീയമുന്നേറ്റം എന്നുതന്നെ കാണണം.

ആണ്‍മയില്‍ സ്വയംസേവകനെപ്പോലെ ബ്രഹ്മചാരിയായിരിക്കുമെന്ന് കണ്ടെത്തിയത് സംഘിമനസ്സുള്ള ന്യായാധിപനാണ്. തലസ്ഥാനത്ത് അവയവം നഷ്ടപ്പെട്ട സ്വാമിക്ക് പുതുപ്രതീക്ഷ നല്‍കിക്കൊണ്ടാണ്, ആണ്‍മയിലിന്റെ കണ്ണുനീരില്‍നിന്നാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്ന ശാസ്ത്രസത്യം ജഡ്ജി വിളിച്ചോതിയത്.  അതേ മഹാത്മാവുതന്നെയാണ് പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്നോര്‍ക്കുമ്പോള്‍, ഒരേ സമയം രാഷ്ട്രമാതാവിനെയും രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ യോഗ്യനായ ആളെയും കണ്ടെത്തിയതിന്റെ ആഹ്ളാദമാണ് നാഗ്പുരില്‍ ഉണ്ടാകേണ്ടത്. ഇതൊന്നും നേര്‍ക്കുനേരെ പറയാന്‍ കഴിയുന്നില്ല എന്നതാണ് സംഘപരിവാറിന്റെ സങ്കടം.

പശു പാല്‍ തരുന്നു എന്ന പഴയ പാഠം എത്ര ശുഷ്കം. സംഘിവാദങ്ങള്‍ വിശാലമാണ്. അത് രാജസ്ഥാനിലെ മയില്‍ ജഡ്ജിതന്നെ പറയുന്നുണ്ട്: 'ഗോമൂത്രം കരളിനെ ശുദ്ധീകരിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അത് പോഷക സമ്പുഷ്ടവും വാര്‍ധക്യ വിനാശിനിയുമാണ്. ഹൃദയത്തിനും മസ്തിഷ്കത്തിനും അത്യുത്തമം.  മുപ്പത്തി മുക്കോടി ദൈവങ്ങള്‍ വസിക്കുന്നത് പശുവിനുള്ളിലാണ്. ഓക്സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന ഏക ജീവിയാണ് പശു. ഗോമാതാവിന്റെ  കൊമ്പുകള്‍ക്കിടയില്‍ കോസ്മിക് എനര്‍ജിയുണ്ട്. പശു സ്വയം ഒരു ആശുപത്രിയാണ്. ഗോമൂത്രത്തില്‍ ഗംഗാനദിയുണ്ട്. ചാണകം  റേഡിയോ ആക്ടീവ് വികിരണങ്ങളില്‍നിന്നും  നമ്മെ രക്ഷിക്കും.''

ഇതൊക്കെ ആരും അറിയാതെ കിടന്ന രഹസ്യങ്ങളായിരുന്നു.  ഇത്രയേറെ മഹത്വമുള്ള പശുവിനെയും അതിന്റെ ഭര്‍ത്താവ് കാളയെയും വെട്ടി കഷണമാക്കി മസാല ചേര്‍ത്ത് വേവിച്ചും വറുത്തും ഭക്ഷിക്കുന്ന കശ്മലന്മാര്‍ക്കെതിരെ സംഘിമനസ്സ് പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സംഘപരിവാര്‍ ആകെ മൊത്തം ഗോവിനെയും അതിന്റെ വിസര്‍ജ്യങ്ങളെയും ഏറ്റെടുത്തതിന്റെ കാരണം ഇതില്‍കൂടുതല്‍ വിശദീകരിക്കേണ്ടതുമില്ല.

വേദകാലത്ത് ദേവേന്ദ്രന്‍ കാളയെ ചുട്ടുതിന്നുവെന്നും യാഗത്തില്‍ അഗ്നിദേവന് ഭക്ഷണമായി ഗോക്കളെ നല്‍കിയെന്നുമെല്ലാം ഋഗ്വേദം പറയുന്നുണ്ട്. ആര്‍ഷഭാരതത്തെക്കുറിച്ചും അതിന്റെ മഹനീയ പാരമ്പര്യത്തെക്കുറിച്ചും അറിവില്ലാത്തവരാണ് അത് വിശ്വസിക്കുന്നത് എന്ന് സംഘിവാദം ഉയരാന്‍ കാലതാമസമുണ്ടാകില്ല. പുഷ്പകവിമാനവും പ്ളാസ്റ്റിക് സര്‍ജറിയും പുണ്യപുരാതനകാലത്ത് കണ്ടുപിടിക്കപ്പെട്ടിരുന്നു എന്ന് അവര്‍ പറഞ്ഞുവച്ചിട്ടുണ്ട്. അഗ്നിമിസൈലും മിസൈല്‍വേധത്തിന് പേട്രിയട്ട് മിസൈലും അന്നേ ഉണ്ടായിരുന്നു എന്നും സംഘി ന്യായപുസ്തകങ്ങളില്‍ അടിവരയിട്ട് അവകാശപ്പെടുന്നുണ്ട്. അങ്ങനെയുള്ള പ്രതാപകാലത്ത് ഗോമാംസം കൃത്രിമമായുണ്ടാക്കാനാണോ പ്രയാസം എന്ന ചോദ്യം വരാം. ന്യൂയോര്‍ക്കില്‍ ഗോമാംസം ലാബോട്ടറിയില്‍ നിര്‍മിക്കുന്ന പരീക്ഷണം ഇപ്പോഴാണ് വിജയിച്ചത്. പരീക്ഷണശാലയില്‍ നിര്‍മിച്ച ബീഫ് ഇറച്ചി വിറ്റഴിക്കുകയും ആളുകള്‍ തിന്നുകയും ചെയ്തതായാണ് വാര്‍ത്ത. വേദകാലത്ത് യജ്ഞാവശ്യത്തിനായി കൃത്രിമമാംസം ഉണ്ടാക്കിയിരുന്നുവെന്നും അത് മൃഗബലിയാണെന്നു പറയുന്നതില്‍ കഴമ്പില്ലെന്നും വാദിക്കാന്‍ സംഘികള്‍ മടിക്കില്ല എന്നു സാരം. പുരാണത്തില്‍ ഉള്ളത്  ഇപ്പോഴാണ് പുതിയ കണ്ടുപിടിത്തമായി സായിപ്പ് കൊണ്ടുവരുന്നതെന്ന് പരിഹസിക്കുകയുമാകാം.

മാട്ടിറച്ചി ഭക്ഷിക്കുന്നതിനെതിരായ ധീരപോരാട്ടം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഏശുന്നില്ല എന്നത് സംഘിമനസ്സിനെ അലട്ടുന്ന വേദനയാണ്. തെന്നിന്ത്യയിലും വടക്കുകിഴക്കന്‍ ദേശങ്ങളിലുമുള്ളവര്‍ക്ക് മാട്ടിറച്ചി കഴിക്കണം. അത്തരം കശ്മലരെ വച്ചുപൊറുപ്പിക്കില്ല എന്നാണ് സംഘിവാശി. പശുവും കാളയും എരുമയും പോത്തും നിറഞ്ഞ, വഴിയിലും തൊടിയിലും ചാണകസമൃദ്ധിയുള്ള, ഗോമൂത്രഗംഗയൊഴുകുന്ന തോടും പുഴകളുമുള്ള മഹാ ഗോരാജ്യമായി ഭാരതത്തെ ഉയര്‍ത്താന്‍ ഏത് അഖ്ലാക്കിനെയും തല്ലിക്കൊല്ലുന്നത് പാപമല്ല എന്നതാണ് സംഘിബോധം. അതിനിടയില്‍ മേഘാലയയിലെ ബിജെപി നേതാവ് പാര്‍ടി വിട്ടാലും അവര്‍ കുലുങ്ങുന്നില്ല. വാര്‍ധക്യം ബാധിച്ച രാഷ്ട്രമാതാക്കളെ  മുത്തശ്ശിമാരായി കണ്ട് വയ്ക്കോലും വെള്ളവും നല്‍കി രക്ഷിക്കാത്ത കര്‍ഷകര്‍ക്ക് തടവുശിക്ഷ നല്‍കുന്ന നിയമം പാസാക്കാനുള്ള ഭൂരിപക്ഷം രാജ്യസഭയില്‍കൂടി കിട്ടേണ്ട താമസമേയുള്ളൂ. ബീഫ് എന്നു പറയുകയോ ഓര്‍ക്കുകയോ ചെയ്യുന്നവന് കടന്നുപോകാന്‍ പാകിസ്ഥാനിലേക്കുള്ള റോഡ് വെട്ടാന്‍ അമിത്ഷാജിക്ക് നിമിഷവേഗം മതി. പുല്ലു തിന്നുകയും പാല്‍ ചുരത്തുകയും ചാണകമിടുകയും ചെയ്യുന്ന പാവം പശുവിനെ ഒരു ഭീകരജീവിയാക്കി മാറ്റാനും കടുവയ്ക്കു മുന്നിലെത്തിക്കാനും സംഘപരിവാര്‍ എത്രമാത്രം പാടുപെടുന്നുവെന്നു നോക്കുക. ആ പെടാപ്പാടിലുണ്ട് പശുവിന്റെ പേരില്‍ നാടിനെ വിഭജിച്ച് വോട്ട് വാരാനുള്ള വിഷതന്ത്രം.

 Top