10 August Monday

അരവിന്ദന്റെ ആകുലതകൾ

സൂക്ഷ്‌മൻ Tuesday Dec 4, 2018

മോഡി മാജിക്കിൽ കണ്ണ് മഞ്ഞളിച്ചു വഴിതെറ്റിയെത്തിയവർ ഓരോന്നായി സംഘപരിവാറിന്റെ കെണിയിൽനിന്ന് പുറത്തുചാടുന്നു. ഒടുവിലത്തെ ഊഴം കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റേത‌്. വ്യക്തിപരമായ ഉത്തരവാദിത്തങ്ങളുടെ സമ്മർദംമൂലം രാജിവച്ച‌്  അരവിന്ദ്  അമേരിക്കയിലേക്ക് തിരികെ പോകുന്നു എന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ‌്‌ലിയാണ് ലോകത്തെ അറിയിച്ചത‌്. "ദിവസത്തിൽ പലതവണ നല്ലവാർത്ത  പറയാനോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ എന്റെ മുറിയിലേക്ക‌് കടന്നുവരാറുണ്ട്. അദ്ദേഹത്തിന്റെ അസാന്നിധ്യം എനിക്ക് നഷ്ടമാകുമെന്നു പറയേണ്ടതില്ലല്ലോ’ എന്നാണ‌് ജെയ്റ്റ്‌ലി വിശദീകരിച്ചത്.

മൂന്നുവർഷം മുമ്പാണ്  അരവിന്ദ്  സുബ്രഹ്മണ്യൻ കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്. ഡൽഹി സെന്റ് സ്റ്റീഫൻസ‌് കോളേജിൽനിന്ന‌്‌ ബിരുദം നേടിയ അരവിന്ദ‌് സുബ്രഹ്മണ്യൻ ഐഐഎമ്മിൽനിന്ന‌് എംബിഎയും ഓക‌്സ‌്ഫഡ‌് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിലും  ഡിഫിലും നേടി.  അന്താരാഷ്ട്ര നാണ്യനിധി, പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്ലോബൽ ഡെവലപ‌്മെന്റ‌് സെന്റർ എന്നിങ്ങനെ നീളുന്നു പൂർവാശ്രമത്തിലെ ലാവണങ്ങൾ. 

ഇന്ത്യയിലെയും ചൈനയിലെയും   സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ച് അവഗാഹപാണ്ഡിത്യം. മുതലാളിത്ത പ്രതിസന്ധികളിൽ അതിജീവനവഴി കാട്ടാൻ എന്നും മുന്നിൽനിന്നു. പക്ഷേ, അദ്ദേഹത്തിനും മടുത്തിരിക്കുന്നു നരേന്ദ്ര മോഡിയുടെ സാമ്പത്തികനയങ്ങൾ. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയുടെ ചാരക്കൂനയ‌്ക്ക‌ു മുകളിൽ ഒരുപദേഷ്ടാവായി തുടരാൻ താനില്ല എന്ന തീരുമാനമാണ് എടുത്തത്. അതാണ് സമ്മർദം. ആ സമ്മർദം വ്യക്തിപരമല്ല. 

ഉപദേഷ്ടാവിന്റെ ഓഫീസിൽനിന്ന് പുറത്തിറങ്ങിയ ഉടൻ അരവിന്ദ്  പറഞ്ഞു. നോട്ട‌് നിരോധനം കിരാതനടപടി ആണെന്ന്. രാജ്യത്തിന്റെ സമ്പദ്​വ്യവസ്ഥയിൽ കടുത്ത ആഘാതം അതുണ്ടാക്കി. സാമ്പത്തികവളർച്ചാ നിരക്ക്​ 6.8 ശതമാനത്തിലേക്ക്​ ഇടിയാൻ നോട്ട്​ നിരോധനം കാരണ​മായി. എട്ട്​ ശതമാനത്തിൽ വളർന്നിരുന്ന സമ്പദ്​വ്യവസ്ഥയാണ്​ 6.8ലേക്ക്​ കൂപ്പുകുത്തിയത്​.
 
രണ്ടുവർഷത്തെ മൗനമാണ് അരവിന്ദ് വെടിഞ്ഞത്. നോട്ട് നിരോധനം വന്നപ്പോൾ പറഞ്ഞ കാരണങ്ങൾ ഒന്നും ഇന്ന് മിണ്ടുന്നില്ല. ആ തീരുമാനം  സമ്പദ്​വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രശ്​നങ്ങളെക്കുറിച്ച്​ പ്രായോഗികമായ ചർച്ചകളൊന്നും നടന്നില്ല. തീരുമാനം നടപ്പാക്കുന്നതിനുമുമ്പ്​ മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായി കൂടി​യാലോചനകൾ നടന്നിട്ടില്ല. ഫലത്തിൽ ഒരു നോക്കുകുത്തിയുടെ സ്ഥാനമായിരുന്നു തനിക്കെന്നുള്ള തുറന്നുപറച്ചിൽ. അതിന‌് മറ്റൊരർഥംകൂടിയുണ്ട്. നരേന്ദ്ര മോഡിയുടെ തീരുമാനങ്ങൾ ഉണ്ടാകുന്നത് സർക്കാർ തലത്തിലില്ല, പുറമെ ഏതോ കേന്ദ്രത്തിലാണ്. നോട്ട‌്‌ നിരോധിക്കുന്നത് സംബന്ധിച്ച‌്‌ ആർഎസ‌്എസ‌് കേന്ദ്രങ്ങളിൽ മുൻകൂട്ടി വിവരമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. നിരോധനത്തിനുശേഷം ഏറ്റവുമധികം നോട്ടിടപാട‌്‌ നടത്തിയവരിൽ ബിജെപി നേതാക്കൾ മുന്നിലുണ്ട്. 
 
വളർച്ചനിരക്ക്​ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്​ നോട്ട്​ നിരോധനമായിരുന്നു. അസംഘടിതമേഖലയിൽ അത്‌ സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ച്​ കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും അരവിന്ദ് ഇന്ന് പറയുന്നുണ്ട്. സാധാരണഗതിയിൽ ഒരു രാജ്യവും സ്വീകരിക്കാത്ത ഒരു നടപടിയായിരുന്നു നോട്ട് നിരോധനം. പരിധിവിട്ട നാണയപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയകലാപം തുടങ്ങി അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് പെട്ടെന്ന‌് നോട്ട് നിരോധിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു. 
 
കള്ളനോട്ട്, കള്ളപ്പണം, തീവ്രവാദം എന്നതായിരുന്നു നോട്ട‌്നിരോധനകാലത്തെ മോഡിയുടെ പല്ലവി. വിദേശത്ത് നിക്ഷേപിച്ച എത്ര കള്ളപ്പണം നരേന്ദ്ര മോഡി സർക്കാർ  കണ്ടെത്തി ഇന്ത്യയിൽ തിരികെയെത്തിച്ചു എന്നു ചോദിക്കുക. മിണ്ടാട്ടമുണ്ടാകില്ല. പലരും പലതും പറയും. കണക്കെവിടെയെന്നു ചോദിച്ചാൽ കൈമലർത്തും.  ഔദ്യോഗിക കണക്കുകൾ ഏതോ മാളത്തിലാണ്. 530 കോടി രൂപ പരസ്യത്തിനുമാത്രം ചെലവിട്ട മോഡിയുടെ ‘സ്വച്ഛ് ഭാരത് അഭിയാൻ " എന്തായി എന്ന് ചോദിച്ചുനോക്കുക. നിങ്ങളെ ഒരുപക്ഷേ തീവ്രവാദിയാക്കി ജയിലിൽ അടയ‌്ക്കും.  നോട്ട‌്നിരോധനം മൂലമുള്ള ധനമാനേജ്മെന്റ് താറുമാറായതുമൂലം രാജ്യത്തെ 1.13 ലക്ഷം എടിഎമ്മുകൾ 2019ൽ അടച്ചുപൂട്ടുമെന്നാണ് പുതിയ വാർത്ത. ഇതിനൊക്കെ മോഡി മാത്രമാവില്ല മറുപടി പറയേണ്ടിവരിക. അത്തരം ഘട്ടത്തിൽ ഏറ്റവും മികച്ച മാർഗം, ഈ രക്തത്തിൽ പങ്കില്ല എന്ന് സാഷ്ടാംഗം വീണുപറഞ്ഞ‌് സ്വന്തം ശരീരം രക്ഷപ്പെടുത്തലാണെന്ന‌് അരവിന്ദ് സുബ്രഹ്മണ്യന് തോന്നിയിരിക്കുന്നു. അരവിന്ദ് ഇനി മോഡിയോടൊപ്പമില്ല. -ജെയ‌്റ്റ‌്‌ലിയുടെ ഓഫീസിൽ കയറിച്ചെല്ലുകയുമില്ല. സുരക്ഷിതമായ രക്ഷപ്പെടൽ അമേരിക്കയിലേക്കാണ്. അദ്ദേഹം ആ പോക്കിൽ, കൂടെ പോകാനുള്ളവർക്ക‌് സൂചനകൾ നൽകുന്നുണ്ട്. കിരാത നടപടിക്കാർക്കുള്ളത് ജനങ്ങൾ വച്ചിട്ടുണ്ട് എന്ന സൂചന.

 

 Top