23 January Wednesday

സുധീരനിസം

സൂക്ഷ്മന്‍ Sunday Mar 19, 2017

മണ്ണുംചാരി നില്‍ക്കുമ്പോഴാണ് കെപിസിസി അധ്യക്ഷപദത്തിലെത്തിയത്. തികച്ചും ആകസ്മികമായി എന്നു പറയാം. കേരളത്തില്‍ സ്വന്തം പാര്‍ടിയില്‍ അനുയായികളൊന്നുമില്ല. 'ധീരാ വീരാ വി എം സുധീരാ ധീരതയോടെ നയിച്ചോളൂ' എന്ന് ആര്‍ത്തുവിളിച്ച് എഴുന്നള്ളിച്ച വേഷമാണ്. കെഎസ്യുവിലെ ആള്‍ദൈവമായിരുന്നു. ആന്റണിയും സുധീരനും തോളോട് തോള്‍ചേര്‍ന്ന് കോണ്‍ഗ്രസിനെയും കെഎസ്യുവിനെയും നയിച്ചിരുന്നു. അന്ന് സുധീരന്‍ നയിച്ച കെഎസ്യു വളര്‍ന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമെന്ന പേര് സ്വയം എടുത്തണിഞ്ഞു. ഇന്ന് കെഎസ്യുവിനെ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണം. ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് തല്ലിനു വിടുന്ന ഏജന്‍സിയായി വിദ്യാര്‍ഥികള്‍ക്ക് വേണ്ടാത്ത നീലപ്പട അസ്തമിച്ചു. സുധീരനും തത്തുല്യവിധി. കെപിസിസി അധ്യക്ഷപദവി സ്വയം ഒഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ എവിടെയും വീണ് കണ്ടില്ല. ഒരാളും ഉപചാരത്തിനുപോലും തിരിച്ച് വിളിച്ചില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുരളീധരനും ഒരുപോലെ യാത്രാമൊഴി നല്‍കി ആശംസ നേര്‍ന്നു. വന്നതുപോലെ മടക്കം.

ആദര്‍ശം വാക്കിലേയുള്ളൂ പ്രവൃത്തിയില്‍ ഇന്നുവരെ കണ്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ഒരുകാലത്ത് സുധീരന്‍. കൊച്ചിയില്‍ നടത്തിയ കൂട്ടത്തല്ലിലൂടെയാണ് ആ പദവി കൈവന്നത്. നല്ലതായാലും ചീത്തയായാലും സ്വയം മറന്ന് കോണ്‍ഗ്രസായി പ്രവര്‍ത്തിച്ച പല തലകളെയും തട്ടിയുരുട്ടിയാണ് മൂന്ന് വര്‍ഷംമുമ്പ് ഹൈക്കമാന്‍ഡിന്റെ തോളില്‍ ചവിട്ടി കെപിസിസി ആസ്ഥാനത്തേക്ക് സുധീരന്‍ വന്നിറങ്ങിയത്. മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ പ്രതികാരം സ്പീക്കര്‍പദവിയിലിരുന്ന് കെ കരുണാകരനോട് തീര്‍ത്ത ചരിത്രം. സ്വന്തം പാര്‍ടിയില്‍ ഇരുന്ന് എതിരാളിയായി തിമിര്‍ത്താടിയ പാരമ്പര്യം. സ്വന്തം പ്രതിച്ഛായമാത്രമാണ് സുധീരന്‍ എന്നും ചുമന്നത്. അതാകട്ടെ രാസവളമിട്ടും കീടനാശിനി പ്രയോഗിച്ചും പൊലിപ്പിച്ച് നിര്‍ത്തിയതാണ്. അതിനപ്പുറം കൈമുതലായത് കറകളഞ്ഞ മാര്‍ക്സിസ്റ്റ് വിരോധം. കെഎസ്യുകാലത്തെ നാടകവും നുണയും യഥേഷ്ടം വിളമ്പാന്‍ സുധീരന്‍ മടിക്കാറില്ല വിഷയം മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെങ്കില്‍.

എ ഗ്രൂപ്പ് എന്നാണ് ലേബലെങ്കിലും ആ ഗ്രൂപ്പില്‍ ആരുമില്ല സുധീരന് തുണ. ഹൈക്കമാന്‍ഡിന്റെ നോമിനിയാണെന്ന ഭാവമുണ്ടെങ്കിലും ആന്റണിക്കുപോലും സുധീരനെ ഇന്ന് വിശ്വാസമില്ല. അണികള്‍ക്കാണെങ്കില്‍ തീരെ താല്‍പ്പര്യമില്ല. കേരളത്തിലെ കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും ഗതികെട്ട അവസ്ഥയിലേക്ക് തള്ളിയിട്ടുകൊണ്ടാണ് സുധീരന്‍ ആരോഗ്യസംരക്ഷണാര്‍ഥം വാനപ്രസ്ഥം വരിക്കുന്നത്. തോല്‍വി ദയനീയമാണ്. ഖദര്‍കുപ്പായങ്ങള്‍ കാവിമുക്കുന്ന ഉത്സവം നടക്കുന്നു. ആര്‍എസ്എസിനെതിരെ അരയക്ഷരം മൊഴിയാതെ താമര ചെവിയില്‍ തിരുകി കോണ്‍ഗ്രസിനെ നയിച്ച സുധീരന് ആ ഒരു കാര്യത്തില്‍ രമേശ് ചെന്നിത്തലയെ പിന്നിലാക്കി എന്ന് അവകാശപ്പെടാം. ആരോഗ്യപരമായതാണ് രാജിയെങ്കില്‍ പകരം ആളെക്കണ്ടെത്തി ചുമതല ഏല്‍പ്പിച്ച് പിന്മാറുമായിരുന്നു. സുധീരന്‍ പക്ഷേ പത്രസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത്.

ഹൈക്കമാന്‍ഡിനെ ഒന്ന് ഫോണ്‍ചെയ്ത് കോണ്‍ഗ്രസിനെ നന്നാക്കാനുള്ള പുതിയ നേതൃത്വം വേണമെന്ന് പറഞ്ഞശേഷം ഒഴിഞ്ഞെങ്കില്‍ ആ രാജിക്ക് അന്തസ്സുണ്ടാകുമായിരുന്നു. അങ്ങനെ ചെയ്താല്‍ പക്ഷേ സുധീരന്‍ സുധീരനാകില്ല. താന്‍മാത്രം മികച്ചവന്‍ എന്ന പ്രതീതിയുമുണ്ടാകില്ല. അവിടെയാണ് പാര്‍ടി നശിച്ചാലും തന്റെ പ്രതിച്ഛായ മതി എന്ന സുധീരനിസം. കെപിസിസി അധ്യക്ഷനായി സുധീരനെ തെരഞ്ഞെടുത്തപ്പോള്‍ ആ സ്ഥാനം ഒഴിഞ്ഞ രമേശ് ചെന്നിത്തല പറഞ്ഞത് താന്‍ അധ്യക്ഷനായിരുന്നപ്പോള്‍ സുധീരനില്‍നിന്ന് ലഭിച്ച പിന്തുണ തിരിച്ചുമുണ്ടാകുമെന്നാണ്. അതുതന്നെയാണ് സംഭവിച്ചത്. ചെന്നിത്തല തനിക്ക് കിട്ടിയതെന്തോ അതുതന്നെ തിരിച്ചുകൊടുത്തു. സുധീരന്‍ എല്ലാം ഇട്ടെറിഞ്ഞ് പോയതാണെന്ന് പക്ഷേ ആരും കരുതുന്നില്ല. സ്വന്തമായ വഴി ഊടുവഴിയാണ്. ആ വഴിയിലൂടെ ഇനിയും വന്നേക്കാം കെപിസിസി അധ്യക്ഷനായോ മറ്റേതെങ്കിലും രൂപത്തിലോ. സഹിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാകുന്ന കാലംവരെ.

 Top