20 January Wednesday

വർഗീയ രോഗി

സൂക്ഷ്‌മൻ Sunday Nov 11, 2018

ശ്രീരാമനും നാഥുറാം വിനായക് ഗോഡ്സെയും സർദാർ വല്ലഭായ് പട്ടേലും തമ്മിൽ പ്രത്യേക ബന്ധമൊന്നുമില്ല. -പക്ഷേ മൂവരെയും ബന്ധിപ്പിക്കുന്ന ഒന്നുണ്ട്.  മൂന്നുപേരും ഒരേ കൂട്ടരുടെ  ആരാധനാ പാത്രങ്ങളായി പ്രതിമകളായി മാറുന്നു എന്ന ബന്ധം. ശ്രീരാമനെയും ഗാന്ധിജിയ കൊന്ന ഗോഡ്സെയെയും ആർഎസ്എസിനെ നിരോധിച്ച പട്ടേലിനെയും പ്രതിമകളാക്കി മാറ്റുന്നതിന്റെ  മുൻനിരയിൽ ആദിത്യനാഥ്  നിൽക്കുന്നു. യോഗി എന്ന വിശേഷണത്തോടൊപ്പം ഒരു വർഗീയരോഗിയുടെ സകല ലക്ഷണങ്ങളും കൊണ്ടുനടക്കാൻ കഴിയുന്നു എന്നതാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ മുഖ്യ സവിശേഷത. അജയ് സിങ് ബിഷ്ത് എന്നാണ്  ആദിത്യനാഥിന്റെ പൂർവാശ്രമത്തിലെ പേര്. സ്വന്തം പേര് മാറ്റി  കാവിക്കൊടിയും കാവിക്കുപ്പായവുമിട്ട അജയ് സിങ്ങിന് പേരുമാറ്റവും പ്രതിമ നിർമാണവുമാണ്, വർഗീയ പ്രസംഗം ഇല്ലാത്ത സമയത്തെ വിനോദങ്ങൾ. 

അലാഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നാണു മാറ്റിയത്. ഫൈസാബാദ് ജില്ലയെ അയോധ്യയാക്കി മാറ്റി. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, തങ്ങൾ ജയിച്ചാൽ ഹൈദരാബാദിന്റെ പേരും മാറ്റുമെന്ന് തെലങ്കാനയിലെ ബിജെപി പ്രഖ്യാപിക്കുന്നു. സ്ഥലപ്പേര് ആരെയും കുത്തുകയും ചവിട്ടുകയുമില്ലെങ്കിലും  മാറ്റിയേ തീരൂ എന്നാണു വാശി. വെറുതെ കിടന്ന ബാബരി മസ്ജിദ് കുത്തിപ്പൊളിച്ചു പതിനായിരങ്ങളെ കലാപത്തിലേക്ക് നയിച്ച സംഘപരിവാർ പദ്ധതിയാണ് ആദിത്യനാഥിന്റെ എക്കാലത്തെയും ആവേശം. കോളേജിൽ കണക്കു പഠിച്ച അജയ് സിങ് ബിഷ്ത് ഗോരഖ്പുർ ക്ഷേത്രത്തിൽ തന്ത്രിയായതും കർസേവയ്‌ക്ക്‌ ഇറങ്ങിയതും ആദിത്യനാഥായതും ഈ ആവേശം കൊണ്ടാണ്. സംഘപരിവാർ കേന്ദ്രങ്ങൾ പട്ടേൽ പ്രതിമ നിർമിച്ചതിന്റെയും ഗോഡ്‌സെ വിഗ്രഹത്തിൽ ആരാധന തുടങ്ങിയതിന്റെയും പിന്നാലെ അയോധ്യയിൽ രാമന് ക്ഷേത്രം മാത്രം പോര, പ്രതിമ കൂടി വേണം എന്ന്  ആദ്യം ചിന്തിച്ചതും പ്രഖ്യാപിച്ചതും ആദിത്യനാഥ് ആണ് . 

ആ പ്രതിമ ഉടനെ നിർമിക്കുമെന്നും അത്  അയോധ്യയുടെ സ്വത്വത്തിന്റെ ഭാഗമായി മാറുമെന്നുമാണ് ദീപാവലി നാളിൽ  ആദിത്യനാഥ് പ്രഖ്യാപിച്ചത്. ക്ഷേത്ര നിർമാണത്തിന്റെ പേരിൽ കലാപം ഉണ്ടായെങ്കിൽ പ്രതിമയുടെ പേരിലും കലാപമുണ്ടാക്കാം എന്ന ശുഭാപ്തി വിശ്വാസം. 

ആദിത്യ നാഥിന്റെ ഈ പ്രതിമ‐- പേരുമാറ്റ വെളിച്ചപ്പെടലുകൾ അടുത്ത വർഷത്തേക്കുള്ള നിക്ഷേപമാണ്. തെരഞ്ഞെടുപ്പിന് ഒരു വർഷം മുൻപാണ് സാധാരണ ഇത്തരം ഇളക്കം സംഘപരിവാറിൽ കണ്ടുവരുന്നത്‌. ന്യൂനപക്ഷ വിരുദ്ധതയുടെ മൊത്തവ്യാപാരിയാണ് ആദിത്യനാഥ്. ഇപ്പോൾ കച്ചവടം നഷ്ടത്തിലാണ്. നിലവിലുള്ള രാഷ്ട്രീയവും പ്രയോഗങ്ങളും കൊണ്ട് അടുത്തവർഷത്തെ തെരഞ്ഞെടുപ്പ് കടമ്പ കടക്കാനാവില്ലെന്നു ആരെക്കാളും നന്നായി സംഘനേതൃത്വത്തിനറിയാം.  1998 മുതൽ അഞ്ച് തവണ ഗോരഖ്‌പുരിൽനിന്ന്  ലോക്‌‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട   ആദിത്യനാഥിന്‌, ഇന്ന് സ്വന്തം മണ്ഡലമില്ല-. അവിടെ ബിജെപി തോൽവിയുടെ കഷായമാണ് കുടിച്ചത്.  

ഓരോ കർസേവയ്‌ക്കും  ഓരോ സംഘടനയാണ് സംഘത്തിന്. യുപിയിൽ ദശാബ്ദത്തിലേറെയായി എല്ലാ വർഗീയ കലാപങ്ങളിലെയും നിത്യസാന്നിധ്യമാണ്‌   ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു  യുവവാഹിനി.  നിർബന്ധിത മതം മാറ്റൽ മുതൽ അനേകം ചെയ്‌തികൾ ഈ സംഘടനയുടെ അക്കൗണ്ടിൽ ഉണ്ട്. സൂര്യനമസ്‌കാരത്തെ അംഗീകരിക്കാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്നു പറഞ്ഞതും ഷാറൂഖ് ഖാനെ പാക് തീവ്രവാദി ഹാഫീസ് സെയ്ദിനോടുപമിച്ചതും വേറാരുമല്ല.  മുസാഫർ നഗർ കലാപത്തിന്റെയും ഗോഹത്യാ കലാപങ്ങളുടെയും അകിടിൽനിന്ന് വോട്ടു ചോർത്തിക്കുടിച്ചതിന്റെ പാരമ്പര്യവുമുണ്ട് ഈ കാഷായ രാഷ്ട്രീയക്കാരന്. 

എന്തായാലും, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലായിരിക്കും രാമന്റെ പ്രതിമ സ്ഥാപിക്കുന്നത് എന്ന് പറയാനുള്ള സന്മനസ്സും ഔദാര്യവും ആദിത്യനാഥ് കാണിച്ചിട്ടുണ്ട്.  രാമഭക്തർക്കൊപ്പം വിനോദ സഞ്ചാരികളെയും പ്രതിമയ്‌ക്കടുത്തേക്ക്എത്തിക്കുമെന്ന്‌. ആശുപത്രികളിൽ ശ്വാസം കിട്ടാതെ കുഞ്ഞുങ്ങൾക്ക് കൂട്ട മരണം ഉണ്ടായാലും ഉത്തർപ്രദേശ് ഇന്ത്യയിലെ ഏറ്റവും കൊടിയ ദാരിദ്ര്യം വിളയുന്ന സംസ്ഥാനമായി തുടർന്നാലും യോഗിക്കു പ്രശ്നമല്ല.- രാമന്റെ പ്രതിമ സ്ഥാപിച്ചാൽ എല്ലാം ശരിയാകും! രാമനെ വിഗ്രഹത്തിൽനിന്ന് പ്രതിമയാക്കുമ്പോൾ മുഖം മോഡിയുടേതാകുമോ ആദിത്യനാഥിന്റേതു തന്നെയാകുമോ എന്ന തർക്കം തീർന്നിട്ടില്ല. ലക്ഷ്യം അടുത്ത വർഷത്തെ തെരഞ്ഞെടുപ്പാകയാൽ പ്രതിമയുടെ മുഖഭാവം സംബന്ധിച്ച തർക്കം കുറച്ചു നാൾ തുടരാനിടയുണ്ട്.

 Top