02 June Tuesday

ജീർണാബ്‌

സൂക്ഷമന്‍ Sunday Sep 2, 2018

 ഞാൻ, എന്റെ മുഖം, എന്റെ ശബ്ദം, എന്റെ ഫുൾഫിഗർ എന്നുമാത്രം നിനച്ചു ജീവിക്കുന്ന മാധ്യമ പ്രവർത്തകനാണ് അർണാബ് ഗോസ്വാമി എന്ന് കരുതുന്നവരെ വിഡ്ഢികൾ എന്നുതന്നെ വിളിക്കണം. അസമിലെ ഗുവാഹത്തിയിൽനിന്ന് ഡൽഹി, ഓക‌്‌സ‌്ഫഡുവഴി നരേന്ദ്ര മോഡിയുടെ മടയിലും രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയിലുമെത്തിയ അർണാബിന്റെ  നോക്കിലും വാക്കിലും രാഷ്ട്രീയം മാത്രം. കലർപ്പില്ലാത്ത സംഘി രാഷ്ട്രീയം. ആങ്കർ കസേര അമറാനും അലറാനും ആർത്തുവിളിക്കാനും ഉള്ളതാണെന്ന് തെളിയിച്ച ആദ്യ ഇന്ത്യൻ അവതാരകൻ. പിതാമഹൻവഴി കോൺഗ്രസ‌് ബന്ധം. അമ്മയുടെ കുടുംബംവഴി കമ്യൂണിസ്റ്റുബന്ധവും. അച്ഛൻ മനോരഞ്ജൻ ഗോസ്വാമി പട്ടാളത്തിൽനിന്ന് അടുത്തൂൺ പറ്റി ബിജെപിയിലെത്തി ഗുവാഹത്തിയിൽ ലോക്‌സഭാ സ്ഥാനാർഥിയായി തോറ്റതിൽപിന്നെയാണ്, അർണാബിന‌് ബിജെപിയോട‌് കമ്പം കയറിയത്. 

 മോഡിയാണ് അർണാബിന്റെ ദൈവം. ആ ദൈവത്തെ സൃഷ്ടിച്ചത് താൻതന്നെയെന്ന് കരുതുന്നുമുണ്ട്  ചാനൽതാരം. 

മൻമോഹന്റെ  ഭരണകാലത്ത് അഴിമതിവിരുദ്ധ വേഷമായിരുന്നു അർണാബിന‌്. 'രാജ്യത്തിന‌് ഉത്തരം കിട്ടണം’ എന്നാണ‌് വാശി. ഇന്ത്യ അഴിമതിക്കെതിരെന്ന‌് ഘോഷിച്ചു. അക്കാലത്തു നടത്തിയ ചാനൽ പ്രകടനങ്ങൾ മോഡിയുടെ പബ്ലിക‌് റിലേഷൻസ് പണിയായിരുന്നു. നരമേധത്തിന്റെ പ്രതീകം എന്ന അവസ്ഥയിൽനിന്ന് നരേന്ദ്ര മോഡിയെ വിടുതൽ ചെയ്യിച്ചു മോഡി  എന്ന ബ്രാൻഡ്  സൃഷ്ടിച്ചതിനു പിന്നിലെ തലകളിലൊന്ന് അർണാബിന്റേതാണ‌്. കേരളം പ്രളയത്തിൽ മുങ്ങി ശ്വാസംമുട്ടുമ്പോൾ സഹായം കൊടുക്കരുതെന്ന് ആഹ്വാനംചെയ്‌ത കൊച്ചാട്ടിൽ സുരേഷിന്റെ അസമീസ് പതിപ്പ‌്. സംഘികളുടെ  ചെവികൾക്ക‌് സംഗീതമാണ‌് അർണാബിന്റെ അലർച്ച. ബാബ‌്റി മസ്ജിദുമുതൽ ഗോമാതാവുവരെ സംഘപരിവാറിന് അതിജീവന തന്ത്രങ്ങളായപ്പോൾ അർണാബും പുറകെയുണ്ട്.  മുസ്ലിങ്ങൾ, കശ‌്മീർ, പാകിസ്ഥാൻ, ഭീകരവാദം ഇത്യാദി വിഷയങ്ങളിൽ അർണാബിന്റെ വാചകമടി വട്ടംകറങ്ങി. മതന്യൂനപക്ഷങ്ങൾ അംഗീകരിക്കപ്പെടരുത്,  മോഡി വിമർശിക്കപ്പെടരുത‌്. ആ  വഴി നടക്കുന്നവർ മഹാപാപികൾ എന്നാണ‌് പ്രഖ്യാപനം.  കശ‌്മീരും പാകിസ്ഥാനും മുസ്ലിമും ക്രിസ‌്ത്യാനിയും കമ്യൂണിസ്റ്റും തുടർചർച്ചയുടെ വിഷയങ്ങളായി. മോഡിയെ തുറിച്ചുനോക്കിയാൽ രാജ്യദ്രോഹം എന്നയാൾ വിധി കൽപ്പിച്ചു. 
 
വിവാദങ്ങളാണ് ഇഷ്ടവിഭവം. ആരും മടിക്കുന്നിടത്തു ചെല്ലാനും ആരും പറയാൻ അറയ‌്ക്കുന്നത് പറയാനും അർണാബിനറിയാം. എല്ലാം സംഘത്തിനുവേണ്ടിയാകണം എന്നേയുള്ളൂ.  ആ ദൗത്യം പൂർണതയിലെത്തിക്കാനാണ‌് ടൈംസ‌് നൗ  ഉപേക്ഷിച്ച‌് സ്വന്തം ചാനൽ തുടങ്ങിയത്. അതിന‌് കൂട്ട് കിട്ടിയതാകട്ടെ രാജീവ് ചന്ദ്രശേഖരനെയും. നുണ പറയുന്നതിൽ ഒട്ടും പിശുക്കില്ല. അത് മാധ്യമപ്രവർത്തകരോടും പറയും. 2002ലെ ഗുജറാത്ത് കലാപത്തിൽ എൻഡിടിവിക്കുവേണ്ടി റിപ്പോർട്ട് ചെയ്യാൻപോയ തന്നെയും സംഘത്തെയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ വീടിനടുത്ത‌് ആക്രമിച്ചെന്നും കഷ്ടപ്പെട്ടാണ് ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ‌്തതെന്നുമായിരുന്നു ഒരു തള്ള്. 'സംഭവങ്ങളെല്ലാം സത്യം. പക്ഷേ അത് സംഭവിച്ചത് അർണാബിനല്ല, തനിക്കാണ്’ എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി വെളിപ്പെടുത്തിയപ്പോൾ ചാനൽമുറിയിലെ ഗർജിക്കുന്ന സിംഹം പൂച്ചപ്പരുവത്തിലായി. ശശി തരൂരിനെ കൊലയാളിയെന്നു വിളിച്ചു. ത്യാഗമനോഭാവത്തോടെ കോടതിയിൽനിന്ന്  ആക്ഷേപവും വിമർശവും സ്വീകരിച്ചത്, അർണാബിന്റെ മറ്റൊരു സവിശേഷ മാഹാത്മ്യം. 
 
ആക്രോശമാണ് കൊടിയടയാളം. ചർച്ചകളിലൂടെ വാർത്തയല്ല ബഹളമാണ് അർണാബ് സംപ്രേഷണം ചെയ്യുന്നത്. ജെഎൻയു വിഷയത്തിൽ  ചർച്ചയിൽ പങ്കെടുത്ത വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ   രാജ്യദ്രോഹിയെന്നു  വിളിച്ചു. ആരെയും മിണ്ടാൻവിടാതെ അർണാബ് ചർച്ച 'നയിച്ച’പ്പോൾ  ടിഎംസി വനിതാ എംപി മഹുവ മൊയിത്ര നടുവിരൽ ഉയർത്തി നമസ‌്കാരം പറഞ്ഞു. 
 
കേരളത്തിൽ ടി ജി മോഹൻദാസ് എന്ന ബിജെപി നേതാവാകണം അർണാബിന്റെ മാതൃകാപുരുഷൻ. പ്രളയത്തിൽനിന്നു കരകയറാൻ കേരളം ഒറ്റക്കെട്ടായി പ്രയത്നിക്കുമ്പോൾ സംഘ പരിവാറിന്റെ സ്വപ്രഖ്യാപിത  ബുദ്ധിജീവി  മോഹൻദാസ് സഹായം മുടക്കാനാണ് ഇറങ്ങിയത്. കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം കിട്ടാതെ വന്നാലാണ് തനിക്ക്‌ സന്തോഷമെന്ന് മോഹൻദാസ്‌ പരസ്യമായി പ്രഖ്യാപിച്ചു. ആ സഹായം  കേന്ദ്രത്തെ അവഹേളിക്കാൻ കേരളം മെനഞ്ഞെടുത്ത കെട്ടുകഥയാണെന്നും ആ കഥ പറഞ്ഞ  ജനങ്ങളെല്ലാം നാണംകെട്ടവരാണെന്നുമാണ് അർണാബ് സംഘി ന്യായം പങ്കുവച്ചത്. കേരളത്തിന് എത്ര ധനസഹായം നൽകണമെന്നുള്ളതിനുള്ള അവസാനഘട്ട തീരുമാനമായിട്ടില്ലെന്നും ഫണ്ട് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി  പറഞ്ഞത്  കേട്ടപാതി, 'വ്യാജ വാർത്താ’ ആരോപണവുമായി ഇറങ്ങിപ്പുറപ്പെട്ട അർണാബിന് പിന്നെ കിട്ടിയത്, മലയാളിയിൽനിന്ന് ഒറ്റയടിക്ക് ഏറ്റവുമധികം തെറികേട്ട ഇതര സംസ്ഥാനക്കാരൻ എന്ന റെക്കോഡ്. ചാനൽ സ്റ്റുഡിയോ കോടതിയും മോഡിയെ എതിർക്കുന്നവരാകെ രാജ്യദ്രോഹിക‌ളും ആകുന്ന സംഘിയുഗത്തിൽ അർണാബിന്റെ അലർച്ചയ‌്ക്ക‌് ഒച്ചകൂടും.  ഈ അസുഖത്തെ സാധാരണ മനുഷ്യർ മറ്റു ചിലതായാണ് കണക്കാക്കുന്നത്.

 

 Top