31 May Sunday

ആര്‍ത്തിപൂണ്ട സ്വാമി

സൂക്ഷ്മന്‍ Sunday Jun 11, 2017
പെട്ടെന്ന് ശുണ്ഠിവരുമ്പോള്‍ നിങ്ങളിലെ വിഡ്ഢി പുറത്തുവരുമെന്ന് ബ്രൂസ്ലി പറയാറുണ്ട്. ബ്രൂസ്ലി നല്ല ഇടിക്കാരനായിരുന്നു. ഇടി ഇല്ലാത്തപ്പോള്‍ ശാന്തനും പക്വമതിയുമായിരുന്നു. ഏതാണ്ട് ഇടിക്കൂടോ ഗോദയോപോലെയാണ് ചാനലുകളിലെ 'ന്യൂസ് അവര്‍' ചര്‍ച്ചാമുറികള്‍. തുടങ്ങിയാല്‍ അവതാരകന്റെ വക ഇടിയോടിടിയാണ്. അടുത്ത ഇടവേളവരെ ഇടി തുടരും. ഇടിവേള, ഇടഞ്ഞവേള, ഇടവേള എന്നിങ്ങനെ അനുസ്യൂതം തുടരുന്ന തട്ടുതകര്‍പ്പന്‍ പരിപാടിയാക്കി ന്യൂസ് അവറിനെ ഇന്ത്യാ മഹാരാജ്യത്ത് അവതരിപ്പിച്ചതാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ അര്‍ണാബ് മനോരഞ്ജന്‍ ഗോസ്വാമി. എഡിസണ്‍ ബള്‍ബെന്നപോലെ അലക്സാണ്ടര്‍ ഫ്ളമിങ് പെന്‍സിലിന്‍ എന്നപോലെ ഗ്രഹാംബെല്‍ ടെലിഫോണെന്നപോലെ ചര്‍ച്ചയെ അലര്‍ച്ചയാക്കുകയും ഒരേസമയം ചര്‍ച്ചക്കാരുടെയും കാണികളുടെയും ഫ്യൂസ് ഊരുകയുംചെയ്യുന്ന ന്യൂസ് അവറിന്റെ ഉപജ്ഞാതാവാണ് അര്‍ണാബ്.
 
ഒരു തമാശപ്പരിപാടിയില്‍ അര്‍ണാബിനെ പരിചയപ്പെടുത്തുന്നത്, 'എന്റെ ശബ്ദം മാത്രം പുറത്തുവരുന്ന, എന്റെ മുഖം മാത്രം കാണുന്ന, എന്റെ തലഎന്റെ ഫുള്‍ഫ്രെയിം എന്ന് ശഠിക്കുന്ന,  എനിക്കുത്തരമറിയാത്ത ചോദ്യങ്ങള്‍ ഒരുമണിക്കൂര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന, എന്റെ ചാനലിന് അതുമതി എന്ന് ബോധ്യമുള്ള' അവതാരകനായിട്ടാണ്. രാജ്യം അറിയാനാഗ്രഹിക്കുന്നു എന്ന് ഇടയ്ക്കിടെ പറയുകയും മുന്നിലിരിക്കുന്നവരെ ഒന്നും പറയാന്‍ അനുവദിക്കാതിരിക്കുകയും തിരിച്ചുവല്ലതും പറഞ്ഞാല്‍ 'നായേ' എന്നുപോലും അതിഥിയെ വിളിക്കുകയുംചെയ്യുന്നതാണ് അര്‍ണാബ് ഷോ. കിട്ടുണ്ണി സര്‍ക്കസാണതിന്റെ മാതൃക.
പട്ടാളക്കാരന്റെ മകനായി ജനിച്ച്, രാജ്യംചുറ്റി പഠനം പൂര്‍ത്തിയാക്കി, കൊല്‍ക്കത്തയില്‍ച്ചെന്ന് മാധ്യമപ്രവര്‍ത്തനം തുടങ്ങിയ അര്‍ണാബ് ഗോസ്വാമി രണ്ടേരണ്ടു പതിറ്റാണ്ടിന്റെ അനുഭവംകൊണ്ട് സബ് എഡിറ്ററില്‍നിന്ന് ചാനലുടമയുടെ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്ന താരമാണ്. 'അര്‍ണാബിനോട് മറയില്ലാതെ പറയൂ' എന്നാണ് പുറത്തെ വാചകമെങ്കിലും അര്‍ണാബിന്  മടികൂടാതെ ചാടാനും കടിക്കാനും അലറാനുമുള്ളതാണ് ന്യൂസ് അവര്‍. ടെലിഗ്രാഫില്‍നിന്ന് എന്‍ഡിടിവിയുടെ പടികയറി ടൈംസ് നൌവിലും തുടര്‍ന്ന്  രാജീവ് ചന്ദ്രശേഖറിനൊപ്പം ചേര്‍ന്ന് സ്ഥാപിച്ച റിപ്പബ്ളിക് ടിവിയിലും എത്തിയ അര്‍ണാബിന്, മറ്റു മാധ്യമങ്ങളോടും ഇഷ്ടപ്പെടാത്ത രാഷ്ട്രീയത്തോടും ഒറ്റ ഭാവമേയുള്ളൂപുച്ഛം. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായശേഷമോ മുമ്പോ വാര്‍ത്താസമ്മേളനം നടത്താറില്ല. എഴുതിക്കിട്ടിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയല്ലാതെ അഭിമുഖവും നല്‍കാറില്ല. പ്രധാനമന്ത്രിയായശേഷം ആദ്യം നേരിട്ടുള്ള അഭിമുഖം നല്‍കിയത് അര്‍ണാബിനാണ്. അതില്‍ തെളിയുന്നുണ്ട്എല്ലാ രാഷ്ട്രീയക്കാരോടും വെറുപ്പില്ലാത്ത അര്‍ണാബിന്റെയും ഇഷ്ടചോദ്യക്കാര്‍ക്ക് സ്വാഗതമോതുന്ന മോഡിയുടെയും അടുപ്പം.
 
ടൈംസ് നൌവില്‍നിന്ന് പടിയിറങ്ങിയപ്പോള്‍ അര്‍ണാബിനുപുറകെ പോയത് മോഷണക്കുറ്റവും കേസുമാണ്. ചാനല്‍ തുടങ്ങി ക്ളച്ചുപിടിക്കുംമുമ്പേ മാധ്യമപ്രവര്‍ത്തകയുടെ രാജിയും വന്നു. അര്‍ണാബും സംഘവും അധാര്‍മിക മാധ്യമപ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ചെയ്തി നരൂല ആദ്യവെടി പൊട്ടിച്ചു. എന്‍ഡിടിവി ചര്‍ച്ചയ്ക്കിടെ ചാനലിന് രാഷ്ട്രീയ അജന്‍ഡയുണ്ടെന്നാരോപിച്ച ബിജെപി നേതാവിനെ അവതാരക ചോദ്യംചെയ്തപ്പോള്‍, പിന്നാലെ സിബിഐ ആണെത്തിയത്. അര്‍ണാബിന് അതു ബാധകമല്ല. അഥവാ ബാധകമാക്കിയാല്‍, കേസും തല്ലും വഴക്കുമൊഴിഞ്ഞ് പിന്നെ ചര്‍ച്ചയ്ക്ക് നേരമുണ്ടാകില്ല. പുഴുവെന്നും ഗാന്ധി കുടൂംബത്തിന്റെ കാവല്‍പട്ടിയെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലാപ്പയെ അര്‍ണാബ് വിളിച്ചത്. സമാജ്വാദി പാര്‍ടി നേതാവ് ഒരിക്കല്‍ ചോദിച്ചത്,  ബിജെപിയില്‍നിന്ന് എത്ര കിട്ടി എന്നാണ്. ആരും അത് ചോദിച്ചുപോകും.
 
മോഡിയെ ഇന്നുവരെ അര്‍ണാബ് വിമര്‍ശിച്ചുകേട്ടിട്ടില്ല. ആര്‍എസ്എസിന്റെ വര്‍ഗീയതയെയോ ജനാധിപത്യവിരുദ്ധ നിലപാടുകളെയോ കുറിച്ച് മിണ്ടിയിട്ടില്ല. 'ഞാന്‍, എന്റെ കൈയിലെ മൈക്ക്'' എന്ന ന്യായംവച്ച്, രാജീവ് ചന്ദ്രശേഖറിന്റെ കൂട്ടുകച്ചവടക്കാരനായി എന്‍ഡിഎ സേവ നടത്തുന്ന മാധ്യമവെളിച്ചപ്പാടിനും പേര് മാധ്യമപ്രവര്‍ത്തകനെന്നുതന്നെ. എം ബി രാജേഷാണ് കാര്യം തുറന്നുപറഞ്ഞത് ഈ പ്രായത്തില്‍ നിങ്ങള്‍ക്കിനി നല്ല പെരുമാറ്റത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള അടിസ്ഥാനപാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല എന്ന്.
 
വാര്‍ത്താചര്‍ച്ചയില്‍ അതിഥിയായി വിളിച്ചിരുത്തി, പറഞ്ഞ വിഷയം മാറ്റി, സൈന്യവിരോധിയായി മുദ്രകുത്താന്‍ ശ്രമിക്കുകയും മിണ്ടാനനുവദിക്കാതിരിക്കുകയുംചെയ്ത അര്‍ണാബിനോട് രാജേഷ് ചോദിച്ചു: 'എത്ര വൃത്തികെട്ട രീതിയിലാണ് താങ്കള്‍ സ്ക്രീനില്‍ സ്വയം അവതരിപ്പിക്കുന്നത് എന്ന് ഒരിക്കലെങ്കിലും കണ്ടുനോക്കണം. സൈന്യത്തിന്റെപേരില്‍ റേറ്റിങ് ഉയര്‍ത്താനായി കപടനാട്യങ്ങളും നാടകീയചേഷ്ടകളും കാണിക്കലല്ലാതെ താങ്കള്‍ എന്താണ് കലര്‍പ്പില്ലാതെ നമ്മുടെ സൈന്യത്തിനുവേണ്ടി ചെയ്തിട്ടുള്ളത്?''ഉത്തരമൊന്നുമുണ്ടായിട്ടില്ല. അത് പതിവുമില്ല. പിന്നെ, അര്‍ണാബിന്റെ പരിപാടി കണ്ടുനില്‍ക്കാനുള്ള ത്രാണി അര്‍ണാബിനുമില്ല.

 

 Top