09 October Wednesday

ബ്രസീലിന്റെ വീണ്ടെടുപ്പ്; ദുരന്തനായകനായി സിദാൻ

എ എൻ രവീന്ദ്രദാസ്‌ Thursday Jun 7, 2018

 2002 ലോകകപ്പ് വേദിക്കായി ഏഷ്യ വൻകരയുടെ പ്രതിനിധികളായി ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി അവകാശവാദം ഉന്നയിച്ചപ്പോൾ അതിന്റെ വിജയസാധ്യതകളെക്കുറിച്ച് ആശങ്കകളൊന്നും കൂടാതെ, 17‐ാമത് ലോകകപ്പ് മത്സരങ്ങളുടെ ആതിഥേയത്വം ഫിഫ അവർക്ക് അനുവദിച്ചു. ഒപ്പം ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ വിസ്മയകരമായ ഒരധ്യായവുമായി അത് മാറി.

ഫ്രഞ്ചുകാരന്റെ ഓർമയിൽപ്പോലും നടുക്കമുണ്ടാക്കുന്ന ദിനമാണ് 2002 മേയ് 31 വെള്ളിയാഴ്ച. നിലവിലെ ജേതാക്കളെന്ന നിലയിൽ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഫ്രാൻസ്, 42 വർഷം മുമ്പ് അവരുടെ ഭരണത്തിൽനിന്ന് മോചനം നേടി സ്വതന്ത്രരാഷ്ട്രമായിത്തീർന്ന സെനഗൽ എന്ന ചെറിയ ആഫ്രിക്കൻരാജ്യത്തെ പിച്ചിച്ചീന്തുമെന്നായിരുന്നു നിരീക്ഷകരുടെ കണക്കുകൂട്ടൽ. എന്നാൽ വിശിഷ്ടാതിഥികളുടെ വേദിയിലിരുന്ന ഫ്രഞ്ച് പ്രസിഡന്റ്് ഷാക്ക് ഷിറാക്കിനെപ്പോലും ഞെട്ടിച്ച്് 30‐ാം മിനിറ്റിൽ പപ്പാബൗബദിയോഫിലൂടെ സെനഗൽ വിഖ്യാതനായ  ബാർത്തേസിന്റെ വലയിൽ പന്തടിച്ചുകയറ്റി. ദിയോഫ് അങ്ങനെ ഏഷ്യാ വൻകരയിലെ ആദ്യ ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രഥമ സ്കോററായി. അവസാന വിസിലുയർന്നപ്പോൾ ഫ്രാൻസ്‐0 സെനഗൽ‐1.

കിരീടം നിലനിർത്താനെത്തിയ ഫ്രാൻസിന്റേത് ദാരുണമായ പതനമായിരുന്നു. ഫ്രാൻസ് മാത്രമല്ല, അർജന്റീനയും പോർച്ചുഗലും ഇറ്റലിയും ഇംഗ്ലണ്ടും സ്പെയ്നുമൊക്കെ ഈ ലോകകപ്പിന്റെ അവസാന നാലിലേക്കുള്ള ഓരോരോ നിർണായഘട്ടങ്ങളിൽ വീണുപോയി. ആദ്യറൗണ്ടിലെ മൂന്ന് കളിക്കപ്പുറം സിദാന്റെ  ഫ്രാൻസിനും ഫിഗോയുടെ പോർച്ചുഗലിനും ആയുസ്സുണ്ടായില്ല. വിലോഭനീയമായ കളി കെട്ടഴിച്ച് സെമിയിലെത്തുന്ന ആദ്യ ഏഷ്യൻ രാഷ്ട്രമെന്ന ബഹുമതി നേടിയ ദക്ഷിണകൊറിയ ഒടുവിൽ ലൂസേഴ്സ് ഫൈനലിൽ തുർക്കിയോട് തോറ്റെങ്കിലും അവരുടെ ഹ്വാങ്സുൻഹോങ്ങും യൂസങ്യുല്ലും താരാപഥത്തിലേറി. അതേപോലെ ജപ്പാന്റെ ജൂനിച്ചോ ഇനാമോട്ടോയും വരകരയുടെ താരോദയമായി.

പതിറ്റാണ്ടുകളായി ലോകം കാത്തിരുന്ന സ്വപ്നെെഫനലായിരുന്നു ജൂൺ 30ന് ബ്രസീൽ‐ജർമനി അങ്കത്തിലൂടെ യോക്കഹാമയിൽ യാഥാർഥ്യമായത്. ബ്രസീലിയൻ ഫുട്ബോളിന്റെ ഹൃദയഹാരിയായ ഓർകസ്ട്രയായിരുന്നു ലോകം ശ്രവിച്ചത്. റൊണാൾഡോ‐റിവാൾഡോ‐റൊണാൾഡിന്യോ കൂട്ടുകെട്ടിനെ തളയ്ക്കാൻ ജർമനിയുടെ ബുദ്ധിരാക്ഷസന്മാർ ഒരുക്കിയ കെണി പാഴായി. മിഷേൽ  ബലാക്ക് എന്ന തുറുപ്പുചീട്ടില്ലാതെ കളത്തിലിറങ്ങിയ ജർമനിയുടെ മുഴുവൻ കരുത്തും നായകനും ഗോളിയുമായ ഒളിവർ ഖാനിലായിരുന്നു. കലാശക്കളിയുടെ 12 മിനിറ്റിനിടയിൽ റൊണാൾഡോ ഒറ്റയ്ക്ക് ബ്രസീലിന് അഞ്ചാമത്തെ ലോകകപ്പ് കിരീടം സമ്മാനിച്ചു. ജർമനിയുടെ നെറ്റിൽ എണ്ണംപറഞ്ഞ രണ്ട് ഗോളുകൾ അടിച്ചുകയറ്റിയ റൊണാൾഡോ വീരനായകനായപ്പോൾ, രണ്ടുതവണ ഏറ്റ ആ  പ്രഹരം ഒളിവർഖാനെ ലോകകപ്പിലെ ദുരന്തനായകനാക്കി. ഫൈനലിലെ രണ്ടെണ്ണമടക്കം ഏഴ് മത്സരത്തിൽ എട്ട് ഗോളടിച്ച റോണാൾഡോ ലോകകപ്പ് ഫുട്ബോളിലെ മഹാരഥന്മാർക്കൊപ്പം അനശ്വരപ്രതിഷ്ഠ നേടി.

2006 ജർമനി. പുൽക്കളങ്ങളിൽ പ്രതിഭയുടെ ധാരാളിത്തം കാട്ടി നെഞ്ചുവിരിച്ചു നടന്ന സിനദിൻ സിദാൻ എന്ന ഇതിഹാസതാരം ചുവപ്പുകാർഡിന്റെ നാണക്കേടിൽ കളംവിട്ട രാത്രിയിൽ പെനൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപ്പാലത്തിലൂടെ ഇറ്റലി നാലാം ലോകകിരീടത്തിലേക്ക് നടന്നുകയറി. അപാരമായ പ്രതിഭാശേഷികൊണ്ട് ഫ്രാൻസിനെ ഒന്നാം കളത്തിൽവരെ എത്തിച്ച സിദാൻ തന്റെ വിടവാങ്ങൽപ്പോരാട്ടത്തിൽ എതിർകളിക്കാരനെ ആക്രമിച്ചു പുറത്തായപ്പോൾ 18‐ാം ലോകകപ്പിന്റെ മായാത്ത ദുരന്തചിത്രമായി അത്.

ബർലിൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഫ്രാൻസിന് വാട്ടർലൂ തീർത്ത് ഇറ്റലിക്കായി ഫാബിയോ കന്നവാരോ ഫിഫകപ്പ് ഉയർത്തുമ്പോൾ 1998ൽ കിരീടം ചൂടിയ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ സിനദിൻ സിദാൻ ഇവിടെ ജന്മനാടിന് ഇരട്ടിദുഃഖം നൽകിയാണ് വിടപറഞ്ഞത്. ഷൂട്ടൗട്ടിൽ 5‐3ന് ഫ്രാൻസിനെ വീഴ്ത്തിയ ഇറ്റലിക്ക് 70 വർഷം മുമ്പ് തങ്ങൾക്ക് ഒളിമ്പിക്സ്വർണം സമ്മാനിച്ച ഭാഗ്യഗ്രൗണ്ടിൽ വീണ്ടും ലോക ഫുട്ബോളിന്റെ മേധാവിത്വം ഉറപ്പിച്ച് വെന്നിക്കൊടി പാറിക്കാനായി.

12 വർഷം മുമ്പ് 1994ലെ യുഎസ്എ ലോകകപ്പിന്റെ ഫൈനലിൽ ബ്രസീലിനെതിരെ റോബർട്ടോ ബാജിയോ നഷ്ടപ്പെടുത്തിയ പെനൽറ്റിക്ക് ഇറ്റാലിയൻ പിന്മുറക്കാർ പ്രതിവിധിചെയ്യുകയായിരുന്നു. പ്ലേ ഓഫ് മത്സരത്തിൽ പോർച്ചുഗലിനെ 3‐1ന് കീഴടക്കി ആതിഥേയരായ ജർമനി മൂന്നാം സ്ഥാനക്കാരായി. അവരുടെ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെ അഞ്ച് ഗോളോടെ ടോപ് സ്കോററായി. കഴിഞ്ഞ ലോകകപ്പിന്റെ താരമായിരുന്ന ബ്രസീലിന്റെ റൊണാൾഡോ ജർമനിയിൽ തീർത്തും നിറം മങ്ങി. ഘാനയ്ക്കെതിരെ മാത്രമാണ് ഗോൾ നേടിയത്. മുന്നേറ്റനിരയിൽ തിളങ്ങാനായില്ലെങ്കിലും മൂന്നു ലോകകപ്പുകളിൽനിന്നായി 15 ഗോളടിച്ച് ജർമൻകാരൻ യേർഡ് മുള്ളറിന്റെ റെക്കോഡ് മറികടക്കാൻ റൊണാൾഡോയ്ക്കായി.

 Top