29 May Friday

പണമഹായാത്ര

ശതമന്യു Monday Feb 11, 2019

പഠനകാലത്ത് പരീക്ഷയിൽ ജയിക്കാൻ അല്പസ്വല്‌പം കോപ്പിയടിച്ചു, കുടുംബശ്രീക്ക് ബദലായി ജനശ്രീ ഉണ്ടാക്കി ചില സൗകര്യങ്ങൾ നേടി എന്നതല്ലാതെ എം എം ഹസ്സനെക്കുറിച്ച് മറ്റെന്തെങ്കിലും ആരും പറഞ്ഞുകേട്ടിട്ടില്ല. ഹർത്താലിനെതിരെ സമരംചെയ്യും; ഹർത്താലിന് ആഹ്വാനവും ചെയ്യും. പണ്ഡിതോചിത വാക്കുകളെന്ന് സ്വയം കരുതി പമ്പരവിഡ്ഢിത്തങ്ങൾ വിളിച്ചുപറയും. അതല്ലാതെ ഒരു ദ്രോഹവും ഹസ്സൻ കോൺഗ്രസിനും നാടിനും ചെയ്തിട്ടില്ല എന്നാണ് പൊതുവിലുള്ള വിശ്വാസം. മേൽപ്പറഞ്ഞ ഗുണങ്ങളൊക്കെ ഏത് കോൺഗ്രസുകാരനും ഉണ്ടാകേണ്ടതും ജനങ്ങൾ സഹിക്കേണ്ടതും ആകുന്നു. എന്നാൽ, പിടിച്ചതിനേക്കാൾ വലിയതാണ് അളയിലുള്ളത് എന്നാണ് പുതിയ വിവരം.

ഹസ്സന്റെ ആദർശം പണം കാണുന്നതുവരെമാത്രമുള്ളതാണ് എന്ന് വിളിച്ചുപറയുന്നത് ഹസ്സനേക്കാൾ കഞ്ഞി മുക്കിയ ഖദറിട്ട കോൺഗ്രസുകാർ തന്നെയാണ്. ഹസ്സൻ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്‌ ആയ കാലത്ത് ജനമോചനയാത്രയാണ് നടത്തിയത്. യാത്ര അവസാനിക്കുമ്പോൾ കേരളത്തിന്റെ വടക്കേ അറ്റത്ത് കളിയിക്കാവിളയും തെക്കേയറ്റത്ത് മഞ്ചേശ്വരവും സ്ഥാപിക്കപ്പെടും എന്നൊക്കെ പ്രഖ്യാപിച്ചു. ഒരുവിധം യാത്ര പൂർത്തിയായപ്പോൾ ജനങ്ങൾക്ക് ഒരു മഹാശല്യത്തിൽനിന്ന്‌ മോചനം കിട്ടിയ അവസ്ഥയായി. യാത്ര കഴിഞ്ഞ ഉടനെ ഹസ്സൻ അധ്യക്ഷസ്ഥാനത്തുനിന്ന്‌ മോചിപ്പിക്കപ്പെടുകയുംചെയ്തു. യാത്രയ്ക്ക് പണം കണ്ടെത്താൻ ബൂത്തിൽനിന്ന് 10,000 വച്ച് ഏതാണ്ട് 24 കോടി രൂപ പിരിച്ചെടുക്കുമെന്ന് ഹസ്സൻ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് ആയതിനാൽ ബൂത്തിൽനിന്ന് 10000 കിട്ടണമെങ്കിൽ ഇരുപതിനായിരം എങ്കിലും പിരിക്കണം. എന്തായാലും കിട്ടിയത് ഏതാണ്ട് 14 കോടി എന്നാണ് ഒടുവിലത്തെ കണക്ക്. അത് എവിടെ പോയി എന്ന‌് കണക്കിൽ വലിയ താൽപ്പര്യമുള്ള കോൺഗ്രസുകാർ ചോദിച്ചപ്പോൾ കുറെ പണം ഹൈക്കമാൻഡിൽ കൊടുത്തു, അവിടെ പെട്ടി കാലിയായി കിടക്കുകയല്ലേ എന്ന് ഹസ്സൻ മറുപടി പറഞ്ഞു. അത്യാവശ്യം ബുദ്ധിയുള്ള കോൺഗ്രസുകാർ കണക്ക് നോക്കിയപ്പോൾ ഹസ്സന്റെ കാലത്ത് ഒറ്റ പൈസ ഹൈക്കമാൻഡിന്റെ അക്കൗണ്ടിലേക്ക് പോയിട്ടില്ല. കോൺഗ്രസിനുവേണ്ടി ചെലവാക്കിയിട്ടും ഇല്ല. പിന്നെ എവിടെ പോയി എന്ന ചോദ്യം വരുമ്പോൾ ഹസ്സനെ നാട്ടിൽ കാണാനുമില്ല.

മുൻഗാമികളുടെ പാപഭാരം വന്നുപതിക്കുന്നത് പുറകെ നടക്കുന്നവരുടെ ചുമലിലാണ്. ആന്റണിയുടെ പാപം ഉമ്മൻചാണ്ടിയിൽ. ഉമ്മൻചാണ്ടിയുടെ പാപം രമേശ് ചെന്നിത്തലയിൽ. സുധീരന്റെപാപം ഹസ്സനിൽ, ഹസ്സന്റേത്‌ മുല്ലപ്പള്ളിയിൽ.- ഇതാണ് നടപടിക്രമം. ഹസ്സൻ പിരിച്ച പണം എന്തുചെയ്തു എന്ന് ഹസ്സന് പോലും തിട്ടമില്ല. കോൺഗ്രസുകാർ അതിന്റെ അന്വേഷണത്തിലാണ്. ആ സമയത്താണ് മുല്ലപ്പള്ളിക്ക് ജന മഹായാത്ര നടത്താനുള്ള ദുർബുദ്ധി തോന്നിയത്. അതിനും പണം വേണം. കൊടുത്ത പണത്തിന്റെ കണക്ക് പറയാതെ ഇനി പിരിവില്ല എന്നായി സാധാരണ കോൺഗ്രസുകാർ. നോട്ട് എണ്ണൽ യന്ത്രവുംകൊണ്ട് യാത്ര തുടങ്ങിയ മുല്ലപ്പള്ളിക്ക് ധനനഷ്ടവും അധ്വാന നഷ്ടവും മാനഹാനിയും ഫലം. പണം തന്നില്ലെങ്കിൽ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മുല്ലപ്പള്ളി ഭീഷണിപ്പെടുത്തിയപ്പോൾ അങ്ങനെതന്നെ അങ്ങനെതന്നെ എന്ന്‌ അണികളുടെ മറുപടി. പിരിച്ചുവിട്ടാലും വേണ്ടില്ല ചില്ലി ക്കാശ് തരില്ല എന്ന് പറയുന്ന കോൺഗ്രസുകാരും ഉണ്ട്. മുല്ലപ്പള്ളിയുടെ യാത്രയിൽ ജനം ഇല്ലെങ്കിലും പണം ഉണ്ടാകുമെന്ന് മുല്ലപ്പള്ളി എങ്കിലും കരുതിയിരുന്നു. രണ്ടും ഇല്ലാതായി. ഭരണം പോയി അഞ്ചുവർഷം ആയതുകൊണ്ട് ഹൈക്കമാൻഡിൽനിന്ന് പണം വരാനുള്ള സാധ്യത പണ്ടേപോലെ ഇല്ല. പണം പിരിച്ച് പുട്ടടിച്ചുശീലമുള്ള പാവപ്പെട്ട കോൺഗ്രസുകാർക്ക് മുല്ലപ്പള്ളിക്ക് പണം കൊടുക്കണം എന്ന് പറയുമ്പോൾ വിഷമം വരുന്നത് സ്വാഭാവികം. ഇനി ആ നോട്ടെണ്ണൽ യന്ത്രം ഹസ്സന്റെ വീട്ടിൽ എത്തിച്ചുകൊടുക്കുന്നതാണ് ഉചിതം .

പ്രളയം വന്നപ്പോൾ കേരളത്തിന് പണം കിട്ടുന്നതിന‌് തടസ്സം നിൽക്കുക മാത്രമല്ല ,എല്ലാ പണവും ഇങ്ങോട്ട് തരൂ എന്ന് പറയുകകൂടി ചെയ്തിരുന്നു കോൺഗ്രസ്. പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിച്ച് കൊടുക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. അതിന്റെപേരിൽ അതിർത്തിക്കപ്പുറത്ത് പോയും പണം പിരിച്ചു. പിന്നെ അതിനെക്കുറിച്ച് ഒന്നും പറയുന്നത് കേൾക്കുന്നില്ല . ആ പണം കൊണ്ടുപോയത് ഹസ്സനാണോ മുല്ലപ്പള്ളിയാണോ ചെന്നിത്തലയാണോ അതോ ആരും കാണാതെ ഉമ്മൻചാണ്ടിയാണോ എന്ന് ആർക്കറിയാം. അതിനിടയിലാണ് ജാഥയ്ക്ക് വേണ്ടി പിരിച്ച പണത്തിന് കണക്ക് പറഞ്ഞ് മുല്ലപ്പള്ളിയും ഹസ്സനും തമ്മിലടിക്കുന്നത്.
............................
വെണ്ണ കട്ടുതിന്ന കള്ളനായിരുന്നു ബാല്യകാലത്ത് ശ്രീകൃഷ്ണൻ. എല്ലാ ദൈവങ്ങൾക്കും അതുപോലെ സവിശേഷ ബാല്യകാലം ഉണ്ട്. അതിസാഹസികമായി മുതല പിടിച്ചതും റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റതും കല്യാണം കഴിച്ച പെണ്ണിനെ ഉപേക്ഷിച്ച് ഓം കാളി മന്ത്രം മുഴക്കിയതും നരേന്ദ്ര ദാമോദർ മോഡിയുടെ സംഭവബഹുലമായ ബാല്യ കൗമാര യൗവന കാലങ്ങൾ. ഓർമവച്ചതുമുതൽ ദീപാവലിക്കാലത്ത് ഹിമാലയത്തിൽ പോയി ഗുഹയ‌്ക്കകത്ത് തപസ്സിരിക്കുന്നത് അമാനുഷ പ്രഭാവം. 56 ഇഞ്ച് നെഞ്ചളവ് ഇന്ത്യയുടെ പൗരുഷം ത്രസിച്ചുനിൽക്കുന്നു എന്നാണ് സംഘപരിവാർ ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയപരീക്ഷണങ്ങളുടെ ഫലം പ്രഖ്യാപിച്ചത്. എല്ലാം കഴിഞ്ഞ് അഞ്ചുകൊല്ലം ഭരണം പൂർത്തിയാക്കി നോക്കുമ്പോൾ നെഞ്ചളവുമില്ല മുതല പിടിത്തവുമില്ല ഉലകം ചുറ്റും വാലിഭൻ പത്രാസുമില്ല. ഇങ്ങോട്ട് വരേണ്ടതില്ല എന്നാണ് മോഡിയോട് പലപല നാട്ടിലും ജനങ്ങൾ നിരന്നുനിന്ന് പറയുന്നത്.

പ്രിയ സഹപ്രവർത്തകൻ പ്രവീൺ തൊഗാഡിയ കാര്യം തിരിച്ചറിഞ്ഞ്‌ വഞ്ചകൻ എന്നും ചതിയൻ എന്നും കൊലപാതകത്തിന്‌ ശ്രമിക്കുന്നവൻ എന്നും പച്ചയ്ക്ക് വിളിച്ചുപറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും നിതിൻ ഗഡ്കരി നരേന്ദ്ര മോഡിയുടെ അമാനുഷ പ്രഭാവം ഊതിവീർപ്പിച്ച ബലൂൺ ആണ് എന്ന് പലയാവൃത്തി പറഞ്ഞു. ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളിലും അത്യാഡംബര ജീവിതത്തിലും യാത്രാപ്രണയത്തിലും വെട്ടിയൊതുക്കിയ വെള്ളത്താടിയിലുമല്ല കാര്യം നേരെ ചൊവ്വേ നാടു ഭരിക്കുന്നതിലാണ്‌ എന്ന് ജനം തിരിച്ചറിഞ്ഞു തിരുത്തിത്തുടങ്ങി.

നരേന്ദ്ര മോഡി ഇങ്ങോട്ട് വരേണ്ട എന്ന് ആദ്യം പറഞ്ഞത് തമിഴ്നാട്ടുകാരാണ്. ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോൾ തിരിഞ്ഞുനോക്കാത്ത മോഡി ഇനി ഇങ്ങോട്ട് വരേണ്ടതില്ല എന്നതാണ് തമിഴ് മക്കളുടെ പ്രഖ്യാപനം. ഗോ ബാക്ക‌്‌ മോഡി എന്ന സോഷ്യൽമീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ ഏറ്റുപിടിച്ച മുദ്രാവാക്യമാണ് അന്ന് ഉയർന്നത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിൽ 13 പേരെ പൊലീസ് വെടിവച്ചുകൊന്നപ്പോൾ എവിടെപ്പോയിരുന്നു മിസ്റ്റർ മോഡി എന്നും കാവേരി പ്രശ്നത്തിൽ നിങ്ങൾ എന്ത് ചെയ്തു മിസ്റ്റർ മോഡി എന്നും തമിഴ്നാട്ടുകാർ ആവർത്തിച്ചു ചോദിച്ചു. ആന്ധ്രയിലാണെങ്കിൽ മോഡി ഓടുകയും ജനം ഓടിക്കുകയും ചെയ്യുന്ന ചിത്രങ്ങളുള്ള പോസ്റ്ററുകളാണ് നിരന്നിട്ടുള്ളത്. മോഡി ഒരു അബദ്ധം എന്നാണ് ആന്ധ്രക്കാരുടെ കണ്ടെത്തൽ .കേരളത്തിൽ മാത്രമാണ് വലിയ പരിക്കില്ലാതെ മോഡിക്ക് വന്നുപോകാൻ കഴിയുന്നത്.

ഇവിടെ മനസ്സുകൊണ്ട് ഗോ ബാക്ക് വിളിക്കുകയും മര്യാദ കൊണ്ട് മിണ്ടാതിരിക്കുകയും ചെയ്യുന്ന ജനങ്ങളാണ് . അതിഥി ദേവോ ഭവ എന്നാണ് മലയാളിയുടെ മുദ്രാവാക്യം. അസമിൽ പക്ഷേ അത് നടപ്പില്ല. ഇന്ത്യയെ രക്ഷിക്കാൻ പിറവിയെടുത്ത അവതാരപുരുഷൻ എന്ന‌് സ്വയം കരുതുന്ന മോഡി അസമിലേക്ക് വരേണ്ടതില്ല എന്ന് അവിടത്തെ ജനങ്ങൾക്ക് നിർബന്ധം. തെക്കും വടക്കുകിഴക്കും ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യയിൽ ആളൊഴിഞ്ഞ കസേരകൾ ആണ് മോഡിക്ക് സ്വാഗതം പറയുന്നത്. അഞ്ചുകൊല്ലംകൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത മോഡി ഇനി എന്ത് ചെയ്യാൻ എന്ന ചോദ്യവും മോഡി ഇനി വേണ്ട വേണ്ട എന്ന മുദ്രാവാക്യത്തോടൊപ്പം ഉയരുന്നുണ്ട്. അത് തിരിച്ചറിഞ്ഞതുകൊണ്ടാവും നിതിൻ ഗഡ്കരി ഇടയ്ക്കിടെ വെടിപൊട്ടിക്കുന്നത്. കേരളത്തിൽ പലവട്ടം വരാൻ മോഡി തയ്യാറെടുക്കുന്നു എന്നാണ് ഒടുവിലത്തെ വാർത്ത. മറ്റൊരിടത്തും പോകാൻ കഴിയാതിരിക്കുമോ വന്നു വിശ്രമിക്കാനും നല്ല കാഴ്ചകൾ കാണാനും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് മോഡിക്കും നല്ലത്.

 Top