29 May Friday

അടിയുംകൊണ്ട് പുളിയും കുടിച്ചു; ഒടുവിൽ കരവും അടച്ചു

ശതമന്യു Monday Jan 14, 2019

നികുതിപ്പണം അടയ‌്ക്കില്ലെന്ന‌് വാശിപിടിച്ചു പുലിവാലുപിടിച്ച വേലുപ്പിള്ളയുടെ ദുരന്തകഥ തിരുവിതാംകൂറിന്റെ പുണ്യ പുരാണങ്ങളിൽ കാണുന്നുണ്ട്.  അടിയുംകൊണ്ട് പുളിയും കുടിച്ചു; ഒടുവിൽ കരവും അടച്ചു എന്ന പ്രയോഗത്തിന്റെ പേറ്റന്റ് ആ പിള്ളയ്ക്കാണ്. അദ്ദേഹം ഒരു സുപ്രഭാതത്തിൽ  ഇനി കരം കൊടുക്കില്ല എന്ന് തീരുമാനിച്ചു . ഏതു കോടതി പറഞ്ഞാലും തന്റെ ചില്ലിക്കാശ് ഖജനാവിലേക്ക് കൊടുക്കില്ല എന്നായിരുന്നു ഉഗ്രപ്രഖ്യാപനം.  മുക്കാലിയിൽ കെട്ടി അടി വാങ്ങിയാലും കുഴപ്പമില്ല എന്നായിരുന്നു വാശി. കരം കൊടുക്കുന്നതിനുപകരം തിരണ്ടിവാൽകൊണ്ട്  അടി വാങ്ങിത്തുടങ്ങിയപ്പോൾ സർവദൈവങ്ങളെയും വിളിച്ച  പിള്ള , അടി വേണ്ട, താൻ  പുളികുടിക്കാമെന്നായി. മൂന്ന‌് അണ്ടാവിൽ മുന്നിൽവച്ച പുളിദ്രാവകം കുടിച്ചുതുടങ്ങിയപ്പോൾ.  “അയ്യോ പറ്റില്ല കരമടച്ചുകൊള്ളാം’ എന്ന‌് നിലപാടുമാറ്റം. ശ്രീധരൻപിള്ളയെപോലെ തന്നെ. എല്ലാം കഴിഞ്ഞു,   ആദ്യം നിശ്ചയിച്ചതിന്റെ  മൂന്നിരട്ടി തുക പിഴയുംചേർത്ത് അടച്ചാണ് പിള്ള വീട്ടിലേക്കുപോയത്. ഫലത്തിൽ ആദ്യം കരമടച്ചാൽ തീരുന്ന പ്രശ്നം, അടിയുംകൊണ്ട് പുളിയും കുടിച്ചു പിഴയും ഒടുക്കിയാണ് പിള്ള അവസാനിപ്പിച്ചത്.

സംഗതി ചെറിയ കളി അല്ല. പുതിയ കാലത്തെ കഥാപാത്രത്തിന് മഞ്ഞൾ കൃഷിയും കോടതിവ്യവഹാരവും തമ്മിലുള്ള വ്യത്യാസം അറിയില്ല. വകതിരിവ് ഇല്ല എന്ന് സാരം. വലിയ ശബ്ദം, വാക്കുകളുടെ അനർഗള നിർഗള  പ്രവാഹം.- എന്ത് വാക്കെന്നില്ല, ഏതുകാര്യമെന്നില്ല. സംഘ പരിവാറിന്റെ നേതാവാകാൻ അത്രയൊക്കെ മതി എന്ന് ധരിക്കരുത്.  അറബികൾ ഒട്ടകത്തിന്റെ ഇറച്ചി കഴിക്കാറുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് ഗോസംരക്ഷണം നടത്തുന്ന പാർടിയാണ്. പുഷ്പകവിമാനത്തിൽ സ്വർഗത്തിന്റെ അങ്ങേത്തലയ്ക്കൽ പറന്നുചെന്ന് പ്ലാസ്റ്റിക് സർജറി നടത്താൻപോകുന്ന സംഘമാണ്.

ആനയുടെ തല മനുഷ്യശരീരത്തിൽ വച്ചുപിടിപ്പിച്ച ആൾതന്നെ ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജൻ എന്നുപറഞ്ഞത് നരേന്ദ്ര ദാമോദർദാസ‌് മോഡി ആകുമ്പോൾ സംഘസൈന്യത്തിന്റെ ശാസ്ത്രാവബോധം അളക്കാവുന്നതേയുള്ളൂ. ഓക്‌സിജൻ ശ്വസിക്കുകയും പുറത്ത് വിടുകയുംചെയ്യുന്ന അപൂർവ ജീവിയാണ് പശു എന്ന് ലോകം മനസ്സിലാക്കിയത് സംഘശാസ്ത്രജ്ഞരിലൂടെയാണ്. അമ്മയുടെ ഗർഭപാത്രത്തിൽനിന്നല്ലാതെ പിറന്ന കർണൻ ജനിതകശാസ്ത്രത്തിന്റെ ഉദാഹരണമല്ലേ? യാഗത്തിന് ഉപയോഗിക്കുന്ന നെയ്യിൽനിന്ന‌്‌ ഓക്‌സിജനും മറ്റു വസ്തുക്കളിൽനിന്ന‌് ഹൈഡ്രജനും ഉണ്ടായി  രണ്ടും ചേർന്ന‌് മഴ പെയ്യിക്കില്ലേ?  മിസൈൽ കണ്ടുപിടിച്ചതും പ്രയോഗിച്ചതും ശ്രീരാമനല്ലാതെ മറ്റാര്? ഡാർവിന്റെ പരിണാമസിദ്ധാന്തം മഹാവിഷ്ണുവിന്റെ ദശാവതാരകഥയുടെ കോപ്പിയടിയാണെന്ന് സംഘ ശാഖയ‌്ക്കുപുറത്ത‌് എത്രപേർക്കറിയാം? പശുവിന്റെ മൂത്രത്തിലും ചാണകത്തിലും  ഓക്‌സിജൻ നിറഞ്ഞിരിക്കയാണെന്ന പരമമായ സത്യം മനസ്സിലാക്കാതെ ബീഫ‌്‌ കഴിക്കുന്നവർ മനുഷ്യരാണോ? മൊബൈൽ ഫോണിൽനിന്നുള്ള റേഡിയേഷൻ ഏൽക്കാതിരിക്കാൻ അതിന്റെ പുറത്ത് ചാണകം പൊതിഞ്ഞാൽമതി എന്ന പുത്തൻ സാങ്കേതികവിദ്യ പോലും കണ്ടെത്തി അവതരിപ്പിച്ചവരുടെ ശ്രേണിയിലെ തിളങ്ങുന്ന താരമാണ് ശോഭ സുരേന്ദ്രൻ.

ശോഭയുടെ കാര്യത്തിൽ ഹൈക്കോടതിക്കാണ് തെറ്റ് പറ്റിയത്. വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത് എന്ന് ശോഭയുടെ മുഖത്തുനോക്കി പറയരുതായിരുന്നു. വികൃതമായ ആരോപണങ്ങളാണ് ഹർജിയിലെന്നും അത് നിലനിൽക്കില്ലെന്നും തീർപ്പുകൽപ്പിച്ച്   മാപ്പുപറയിപ്പിച്ച് ഒടുവിൽ പിഴയും അടപ്പിച്ച  കോടതി  ചെയ്തത് സംഘശക്തിയോടുള്ള മഹാപരാധമാണ്.  ശോഭയുടെ നാല് പ്രസംഗവും ചാനൽ ചർച്ചയും കേട്ടിരുന്നുവെങ്കിൽ അത്തരമൊരു സംശയമേ വരില്ലായിരുന്നു. സഹാനുഭൂതിയോടെ ഔഷധവും പരിചരണവും നൽകുന്നതിന് പകരമാകില്ലല്ലോ അടിയും പുളിയും പിഴയും. അത്‌ ഒരു വിലാപമാണ്. കേൾക്കാൻ പക്ഷേ ആളില്ല. ബിജെപിയിലെ  മുൻനിര നേതാക്കൾപോലും സമരപ്പന്തലിലേക്ക‌് തിരിഞ്ഞുനോക്കുന്നില്ല. സാദാ സംഘികൾ ആക്രമണക്കേസുകളിൽപെട്ട് ഒളിവ‌്, ജയിൽജീവിതം ആസ്വദിക്കുന്നു. ബാക്കിയുള്ളവർക്ക് കേസ് പേടി. ജാമ്യംനിൽക്കാൻ പോലും ആളെക്കിട്ടുന്നില്ല. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, നിയന്ത്രണം ഒഴിവാക്കുക,  ആചാരലംഘനം തടയുക തുടങ്ങിയതാണ് ആവശ്യങ്ങൾ. സംഘികൾ മലയിറങ്ങിയപ്പോൾ അവിടെ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല. മകരവിളക്കും കഴിഞ്ഞു. ശബരിമല സീസൺ ഇതാ ഉടനെ അവസാനിക്കും. പക്ഷേ സമരംമാത്രം തീരുന്നില്ല.

 സെക്രട്ടറിയറ്റിനുമുന്നിൽ പന്തൽ കെട്ടി  തുടങ്ങിയ  സമരം ശോഭ സുരേന്ദ്രൻ ഇറങ്ങിപ്പോകുമ്പോൾ ഇരുപത്തൊമ്പത് ദിവസം പിന്നിട്ടിരുന്നു. അതുംകഴിഞ്ഞ‌് രണ്ടാഴ്ചയാകുന്നു.   ജനറൽ സെക്രട്ടറിമാരായ എ എൻ രാധാകൃഷ്ണൻ,  ശോഭ സുരേന്ദ്രൻ, ദേശീയ കൗൺസിൽ അംഗം സി കെ പത്മനാഭൻ എന്നിവരുടെ ഊഴം കഴിഞ്ഞപ്പോൾപിന്നെ ഹോർലിക്സ്പ്രണയമുള്ള വലിയ നേതാക്കളെ കിട്ടാതായി.  നടരാജൻ, ശിവരാജൻ തുടങ്ങിയ പേരുകളിലെത്തി.  സുരേന്ദ്രന‌് ഉള്ളിക്കറിയാണ് പഥ്യം. ജയിലിൽനിന്നിറങ്ങിയതുകൊണ്ട് നിരാഹാരം പറ്റില്ല. മുരളീധരൻ പണ്ട് ലോ അക്കാദമിയിൽ നിരാഹാരമിരുന്ന്, രാത്രി വണ്ടിയിൽ കയറി അത്താഴത്തിനുപോകുമ്പോൾ പിടി വീണതാണ്. ഇനി ആ പണിക്കില്ല.  പി കെ കൃഷ്ണദാസിന് ഭക്ഷണം നേരം തെറ്റിപ്പോയാൽ ബോധക്ഷയം വരുന്ന പ്രശ്നമുണ്ട്. ശ്രീധരൻ പിള്ളയാണെങ്കിൽ സമരത്തിന് ആളെ അയക്കുകയേ ഉള്ളൂ. -സുവർണാവസരം സ്വന്തം വീട്ടിലേക്കുള്ളതാണദ്ദേഹത്തിന്. അങ്ങനെയാണ് പാർടിയെ രക്ഷിക്കാൻ പാവം വി ടി രമ വന്നത്.  വി ടി രമയ്ക്ക് വി ടി ബൽറാമുമായി എന്തോ ബന്ധമുള്ളതുകൊണ്ട്  ബിജെപി–- -കോൺഗ്രസ‌് സംയുക്ത പിന്തുണ കിട്ടേണ്ടതാണ്. പക്ഷേ ആ വഴിക്ക്, ഒരു ചായ കൊടുക്കാൻപോലും ആരും പോകുന്നില്ല.

ശബരിമലയിലും   സെക്രട്ടറിയറ്റ് പരിസരത്തും സമരം പൊളിഞ്ഞു. എന്നാൽപിന്നെ സെക്രട്ടറിയറ്റ് വളയും എന്നായി. വളയാനും വളഞ്ഞു പിടിക്കാനും  ആളില്ലാത്തതുകൊണ്ട് അതും ഉപേക്ഷിച്ചു. ജീവിത നൈരാശ്യംമൂലം ആത്മഹത്യചെയ്ത ആളെയും അപകടത്തിൽ മരിച്ചയാളെയും ബലിദാനിയാക്കാൻനോക്കി. ഹർത്താൽ നടത്തിയതിന്റെ കൂലി വേറെ കിട്ടി. പോരാഞ്ഞ തിന‌് ബിജെപിയിൽനിന്ന് കൂട്ടരാജി എന്ന വാർത്ത കാസർകോടുമുതൽ കളിയിക്കാവിളവരെ വിളയുന്നു.  പാഴായിപ്പോയ സുവർണാവസരംകൊണ്ട്, പന്തളത്തിന‌് ഒരു ശശി രാജാവിനെ കൊടുത്തതും തന്ത്രിയെ നാറ്റി നാനാവിധമാക്കിയതും മാത്രമല്ല, ശ്രീധരൻപിള്ളയുടെ ജാതകം മാറ്റി എഴുതി എന്നതുകൂടിയാണ് നേട്ടം. രമേശ് ചെന്നിത്തലയുടെയും ശ്രീധരൻപിള്ളയുടെയും രാഷ്ട്രീയ കർമകുശലത നാട്ടുകാർക്ക് ഒരേപോലെ ബോധ്യമായത് ഏറ്റവും വലിയ നേട്ടം.

******************************************* 
ശബരിമലയിൽ ചെന്നിത്തലയും ശ്രീധരൻപിള്ളയും ഒന്നായതിന‌്‌ അവരെ പഴിച്ചിട്ടുകാര്യമില്ല. കേന്ദ്രത്തിലും ബിജെപിക്ക് സഹായം ചെയ്യാൻ കോൺഗ്രസിന് വലിയ  മടിയൊന്നുമില്ല. രാജ്യഭരണം ആർക്കെന്നു തീരുമാനിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. അവിടെ ബിജെപിയെ തകർക്കുന്ന ഒരു സഖ്യം വന്നിരിക്കുന്നു.- അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചിരിക്കുന്നു. എസ‌്പിയും ബിഎസ‌്പിയും ചേർന്നാൽ ബിജെപി പരാജയപ്പാർടിയാകും. മോഡി  -അമിത് ഷാ സ്വപ്നം തകരുന്നതിന്റെ തുടക്കം അവിടെ ആകുകയുംചെയ്യും. കോൺഗ്രസ‌് പക്ഷേ അതിന്റെകൂടെയില്ല. എൺപതുസീറ്റിൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം.  ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാൻ കോൺഗ്രസിന്റെ എൺപത‌് സ്ഥാനാർഥികൾ ഉണ്ടാകുമെന്നുസാരം. ആ പാർടിയാണ്, പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് വലിയവായിൽ പറയുന്നത്. കൂടെനിന്ന് ചതിക്കുകയും പാലം വലിക്കുകയുംചെയ്യുന്ന ശീലക്കാരാണ് കോൺഗ്രസ‌് എന്നറിഞ്ഞു കൊണ്ടുതന്നെ രാഹുലിന്റെയും  സോണിയയുടെയും സീറ്റിൽ മത്സരിക്കില്ല   എന്ന ഔദാര്യം കാണിച്ച അഖിലേഷിനും മായാവതിക്കും  എൺപതുപേരെ മത്സരിപ്പിച്ചാണ് കോൺഗ്രസിന്റെ മറുപടി. എന്നിട്ടും കോൺഗ്രസ‌്  പറയുന്നത്, തങ്ങൾ കേമന്മാരും മഹാന്മാരുമാണെന്ന്.

 Top