31 May Sunday

ഭഗവാൻ അകത്തുണ്ട‌്

സൂക്ഷ്‌മൻ Monday Apr 30, 2018
ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാകുമ്പോൾ  'ഇനിയെനിക്കാര്’ എന്ന് ചോദിച്ചുപോകും. നരേന്ദ്ര മോഡിക്ക് അങ്ങനെ അടുപ്പമുള്ള ഒരാളുണ്ട്. 'ജീവിതത്തില്‍ മറ്റാരുമില്ലെങ്കിലും എനിക്ക് അസാറാം ബാപ്പുവുണ്ടാകും, അദ്ദേഹത്തിന്റെ അനുഗ്രവും ഉണ്ടാകും, ബാപ്പുവിനെ അത്രയേറെ ഞാന്‍ ഇഷ്ടപ്പെടുന്നു' എന്നാണ‌് മോഡി ഒളിയും മറയുമില്ലാതെ പറഞ്ഞത്. അസാറാം ബാപ്പു ഇനി മരണംവരെ ജയിലിലാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത്തിനല്ല പതിനാറുകാരിയെ ചതിയിൽപ്പെടുത്തി ബലാത്സംഗം ചെയ്തതിന‌്. 'രാഷ്ട്ര ഗുരു' പദവി നൽകി നരേന്ദ്ര മോഡി ആദരിച്ച മനുഷ്യദൈവത്തിന‌് എന്തുകൊണ്ടും സർക്കാരിന്റെ ആതിഥ്യവും സംരക്ഷണവും വേണ്ടതുണ്ട്. കോടതിവിധിയെ കുറ്റം പറയാനാകില്ല. 
 
അസാറാം ബാപ്പു സാധാരണ ഭഗവാനല്ല. നരേന്ദ്ര മോഡി അധികാരത്തിന്റെ ഉത്തുംഗത്തിലേക്ക‌് കയറും എന്ന് പ്രവചിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്ത ദിവ്യൻ. ഡൽഹിയിൽ ബലാത്സംഗത്തിന‌് ഇരയായ പെൺകുട്ടി, 'ആങ്ങളമാരേ  രക്ഷിക്കണേ ’ എന്ന് നിലവിളിച്ചിരുന്നെങ്കിൽ ദുർഗതിയുണ്ടാകുമായിരുന്നില്ല എന്ന് സിദ്ധാന്തിച്ച  ആർഷഭാരത സൈദ്ധാന്തികൻ.  
 
പതിനായിരം കോടിയുടെ അറിയപ്പെടുന്ന ആസ്തിയുണ്ട്. പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണവരുടെ പട്ടികയിൽ മോഡിയും വാജ്‌പേയിയും അദ്വാനിയും ഉമ ഭാരതിയുംതൊട്ട‌് കോൺഗ്രസിന്റെ ദിഗ്‌വിജയ് സിങ്ങും കപിൽ സിബലും കമൽനാഥും വരെയുണ്ട്. നൂറുകണക്കിന് ഏക്കർ ഭൂമി പതിച്ചുകൊടുത്ത് കോൺഗ്രസും ബിജെപിയും ബാപ്പുവിലുള്ള ഭക്തി  തെളിയിക്കാൻ  മത്സരിച്ചിട്ടുമുണ്ട‌്. 
 
ഗാന്ധിജിയോടുള്ളതിനേക്കാൾ ബഹുമാനമാണ് അസാറാമിനോട് കോൺഗ്രസിന്.  അഹമ്മദാബാദിലെ സബർമതി നദീതീരത്തെ അസാറാമിന്റെ ആശ്രമം കോൺഗ്രസിന്റെ സംഭാവന.  ഇന്ത്യയിലും വിദേശത്തുമായി 400 ആശ്രമം.   ആശ്രമങ്ങളിലെ ദുരൂഹ മരണങ്ങളും കുറ്റകൃത്യങ്ങളും അനുയായികളുടെ അഴിഞ്ഞാട്ടവും നിയമത്തിനു മുന്നിലെത്താതെ  മറച്ചു വയ‌്ക്കാൻ ദിവ്യനെ  ഭരണ പാർടികൾ  പിന്തുണച്ചു. രണ്ട് യുവാക്കൾ ആശ്രമത്തിൽ ദുരൂഹമായി മരിച്ചതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമൊക്കെ അങ്ങനെ പൂഴ‌്ത്തി. 'അത്ഭുത സിദ്ധിയും’ അനുയായികളുടെ വോട്ടുബലവും അസാറാമിനെ സുരക്ഷിതസ്ഥാനത്തുതന്നെ ഏറെക്കാലം നിലനിർത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  പ്രതിയായപ്പോൾ അത്, കോൺഗ്രസിൽനിന്ന് അകന്നതിന്റെ   രാഷ്ട്രീയ പകപോക്കലാണെന്നും   കേസ്  ഗൂഢാലോചനയാണെന്നും പ്രഖ്യാപിച്ച‌് രംഗത്തുവന്നത്  ഇന്നത്തെ കേന്ദ്രമന്ത്രി ഉമാഭാരതി. 
 
 നാട് ചുറ്റുമ്പോൾ ദൈവതുല്യമായ പദവിയാണ് അസാറാമിന് രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ചത്തീസ്ഗഡ‌്, പഞ്ചാബ്   സർക്കാരുകൾ   നൽകിയിരുന്നത‌്. 

പ്രായം എഴുപത്തേഴായി. അതിന്റെ  അഹങ്കാരമില്ല . ഒടുവിൽ  വന്ന  കേസ്,  മകനോടൊപ്പം ബാപ്പു ആശ്രമത്തില്‍  തങ്ങളെ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കി എന്ന‌് രണ്ടു സ്ത്രീകൾ നൽകിയ പരാതിയിന്മേലാണ്.  2013 ആഗസ‌്ത‌് 15 രാത്രി ജോധ്പുര്‍ മനായിലെ  ആശ്രമത്തില്‍ തന്നെ  ബലാത്സംഗം ചെയ്തു എന്ന് പെൺകുട്ടി ഉറക്കെ പറഞ്ഞതാണ് ബാപ്പുവിനെ കുരുക്കിയത‌്.  ആ പെൺകുട്ടിക്ക് രാജ്യത്തെ രക്ഷിച്ചതിനുള്ള  ബഹുമതി നൽകേണ്ടതുണ്ട്. മോഡിയുമായുള്ള ഇരിപ്പുവശംവച്ച് രാഷ്ട്രപതിഭവനിൽവരെ കയറി ഇരിക്കാൻ 'യോഗ്യനാ’ണ‌് അസാറാം.  ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിയാകാനും ഈ സൗഹൃദം ധാരാളം. 
 
അതൊക്കെ സംഭവിക്കുമായിരുന്നു പെൺകുട്ടിയും കുടുംബവും കേസിൽ ഉറച്ചുനിന്നില്ലായിരുന്നെങ്കിൽ.  ആശ്രമത്തിലെ  രണ്ട് കുട്ടികളുടെ വികൃതമാക്കപ്പെട്ട മൃതദേഹം  സബര്‍മതീതീരത്ത് കണ്ടതും  കുട്ടികളുടെ ചില ആന്തരികാവയവങ്ങള്‍ അപ്രത്യക്ഷമായി എന്ന യാഥാർഥ്യവും പത്തു വർഷംമുമ്പുതന്നെ അസാറാമിനെ അകത്തിടാൻ പര്യാപ്തമായിരുന്നു. അതെല്ലാം മറികടന്നു. കേസുകളിലെ സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും ഒന്നൊന്നായി കൊല്ലപ്പെട്ടു.  ആത്മബന്ധമുള്ള രാഷ്ട്രഗുരുവിന്റെ പ്രചോദനം    മോഡിയുടെ  പ്രവർത്തനങ്ങൾക്ക‌് കരുത്തായിക്കൊണ്ടിരുന്നു. ഒടുവിൽ, കോടതിയാണ് ആ ഊർജപ്പകർച്ച  ഇനി അഴിക്കകത്തുമതി എന്ന് വിധിച്ചത്. മുകളിലും കോടതികളുണ്ട്. അമിത് ഷായും മായ കോഡ്‌നാനിയും രായ‌്ക്കു രാമാനം രക്ഷപ്പെട്ട ചരിത്രമുണ്ട്. അസാറാമിന്റെ സത്സംഗങ്ങൾ അനവരതം ജയിലിൽ തുടരാനുള്ള സാധ്യതപോലെതന്നെ, ഭഗവാന് അപ്പീലിൽ മോചനം കിട്ടാനുള്ള സാധ്യതയും തെളിഞ്ഞുനിൽപ്പുണ്ട്.

 

 Top