27 May Wednesday

ഇരുമെയ്യാണെങ്കിലും നമ്മളൊന്ന‌്

ശതമന്യു Sunday Feb 24, 2019

ഹർത്താൽ എന്നത് അവസാനത്തെ സമരായുധമാണ്. എല്ലാ സമരമുറകളും പരാജയപ്പെടുമ്പോൾ അധികാരികളുടെ ശ്രദ്ധ ആകർഷിക്കാനും സുപ്രധാന വിഷയം ബഹുജന ശ്രദ്ധയിൽ കൊണ്ടുവരാനും ഹർത്താൽ നടത്താറുണ്ട്. സമാരാധ്യരായ വ്യക്തികൾ മരണമടയുമ്പോഴും ദുഃഖാചരണത്തിന്റെ ഭാഗമായി ഹർത്താൽ പ്രഖ്യാപിക്കുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, ഒരാൾ വണ്ടി ഓടിക്കുമ്പോൾ നിലതെറ്റി കൊക്കയിൽവീണ് മരിച്ചതിന് ഹർത്താൽ നടത്തുന്നതും ജീവിത നൈരാശ്യംകൊണ്ട് സ്വയം തീകൊളുത്തി മരിച്ചതിനെ ബലിദാനമാക്കി ചിത്രീകരിച്ച‌ും ഹർത്താൽ പ്രഖ്യാപിക്കുന്നത് നാട്ടിൽ നടപ്പുള്ള കാര്യമല്ല.

അത്തരം ചില നടപ്പുകൾ കൊണ്ടുവരാൻ നോക്കിയത് സംഘപരിവാറാണ്. അവർക്ക് എന്തുമാകാം. പ്രത്യേകിച്ച് ഒരു നിയന്ത്രണവുമില്ല. ആളെ കൊല്ലുന്നതിനും ശരണംവിളി കൊലവിളി ആക്കുന്നതിനും തന്ത്രിയെ കോമാളി ആക്കുന്നതിനും അവർക്ക് സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ, ഖദറിട്ട കോൺഗ്രസുകാരുടെ കാര്യമങ്ങനെയല്ല.  ഫലത്തിൽ ബിജെപിയുടെ ബി ടീമാണ് എങ്കിലും കോൺഗ്രസ്  എപ്പോഴെങ്കിലുമൊക്കെ മാന്യതയും മര്യാദയും പുലർത്തുമെന്ന് ആഗ്രഹിക്കുന്ന ചില ആളുകളെങ്കിലും നാട്ടിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർക്ക് പക്ഷേ ഒരു ഗതിയും ഉണ്ടാകാൻ പോകുന്നില്ല എന്നതാണ് കേരളത്തിലെ കോൺഗ്രസുകാരുടെ സ്വഭാവം കണ്ടാൽ ഉറപ്പിക്കാൻ ആകുക.

കാസർകോട് ജില്ലയിൽ രണ്ടു യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട ഉടനെ സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് ഇനി കേരളത്തിലങ്ങോളമിങ്ങോളമുള്ള കോടതികളിൽ കയറിയിറങ്ങണം എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമലയുടെ പേരിൽ തുടർന്ന് ഹർത്താലുകൾ പ്രഖ്യാപിച്ച ശോഭ സുരേന്ദ്രനും ശ്രീധരൻപിള്ളയും കെ സുരേന്ദ്രനും ഒക്കെ അഖില കേരള കോടതി പര്യടനം നടത്തണമെന്ന  തീർപ്പിന് തൊട്ടടുത്താണ് യൂത്ത് കോൺഗ്രസുകാർക്കെതിരെയുള്ള തീരുമാനവും. അക്കാര്യത്തിൽ ഇരുകൂട്ടർക്കും കുണ്ഠിതം ഉണ്ടാകേണ്ട കാര്യമില്ല. ഇരുമെയ്യാണെങ്കിലും ഒരു മനം ആണ്. 

ഹർത്താൽ മഹാപാതകമെന്ന് കൊട്ടിഘോഷിച്ച‌് നിരാഹാരം കിടന്ന എം എം ഹസ്സന്റെ പാർടിയുടെ പുതിയ നേതാവായ ഡീൻ കുര്യാക്കോസും അനുയായികളും ജയിലറ കണ്ടു ഭയക്കാത്തവരും  കോടതിയോട‌്  ബഹുമാനമുള്ളവരും ത്യാഗസന്നദ്ധരും ആയതുകൊണ്ട് പൊളിച്ച പൊതുമുതലിന്റെ പണം കെട്ടിവയ്ക്കുന്നതിനും നാടായ നാട്ടിലൊക്കെ കോടതിയിൽ ചെന്ന് കൂട്ടിൽ കയറിനിൽക്കുന്നതിനും സന്തോഷമേ ഉണ്ടാകൂ.   ബിജെപിയുടെയും അതിനെ നയിക്കുന്ന സംഘത്തിന്റെയും അവസ്ഥ പോലെയല്ല കോൺഗ്രസിന് അത്. ബിജെപിക്ക് ശബരിമല വിധിയെ ആദ്യം അനുകൂലിക്കാം, അടുത്തനിമിഷം എതിർക്കാം. കോൺഗ്രസിന് പക്ഷേ അങ്ങനെ സ്വന്തമായി കഴിയില്ല. ബിജെപിയുടെ പിന്നാലെ തന്നെ പോകണം.

ഇവിടെയും കഥ അങ്ങനെയാണ്. ആർഎസ്എസും ബിജെപിയും പലതവണ ഹർത്താൽ പ്രഖ്യാപിച്ചു. സ്വൈര്യംകെട്ട‌് നാട്ടുകാർ തന്നെ ഹർത്താലിന് എതിരെ തിരിഞ്ഞു. എല്ലാം കഴിഞ്ഞപ്പോഴാണ് യൂത്ത് കോൺഗ്രസിനും യുഡിഎഫിനും ഹർത്താൽ നടത്തണമെന്ന് തോന്നുന്നത്. ഹർത്താൽ ദിവസം യൂത്ത് കോൺഗ്രസിന് ഉത്സവമാണ് എന്നത് വേറെ കാര്യം. ആ ഉത്സവത്തിന് വിലയായി ഡീൻ കുര്യാക്കോസിന്റെ പേരിൽ അഞ്ചു കോടിയോളം രൂപയുടെ കേസ് വരുമെന്നാണ് പറയുന്നത്. വരുന്ന തെരഞ്ഞെടുപ്പിനു കിട്ടുന്ന പണം മുഴുവൻ കോടതിയിൽ അടയ്ക്കാൻ കൊടുക്കേണ്ടിവരുമോ എന്ന ചിന്ത ന്യായമായും മുല്ലപ്പള്ളി രാമചന്ദ്രന് ഉണ്ടാകേണ്ടതാണ്. അട്ടം പരതിയെങ്കിലും കാശുണ്ടാക്കാൻ അദ്ദേഹത്തിന് മിടുക്ക് ഉണ്ടാകുമെന്ന് കരുതുന്ന യൂത്ത് കോൺഗ്രസുകാർ നാട്ടിലുള്ളതുകൊണ്ട് അക്കാര്യത്തിൽ വലിയ ആശങ്കയ്‌ക്ക് വകയില്ല.                                                                                       

യൂത്ത് കോൺഗ്രസ് എന്നുപറഞ്ഞാൽ ഒട്ടും വകതിരിവില്ലാത്ത കോൺഗ്രസ് എന്ന അർഥവുമുണ്ട്. അല്ലെങ്കിലും കോൺഗ്രസും വകതിരിവും ആയി ഒത്തുപോകില്ല. കോൺഗ്രസിന്റെ  പ്രധാനപ്പെട്ട പ്രവർത്തകനും നിയമസഭാ അംഗവുമാണ് ബൽറാം. അദ്ദേഹത്തിന് ഒരു ലോട്ടറി പോലെയാണ് നിയമസഭാ അംഗത്വം കിട്ടിയത്. അതിൽപിന്നെ വകതിരിവ് ഉണ്ടായിട്ടില്ല. നാടാകെ ആദരിക്കുന്ന നേതാക്കളെ മ്ലേച്ഛമായ ഭാഷയിൽ തെറിവിളിച്ച് കിട്ടുന്ന പ്രശസ‌്തിയാണ് ഇഷ്ടഭോജ്യം. എ കെ ജിയെ ആയിരുന്നു ഒരു ഘട്ടത്തിൽ പിടിച്ചത്. അത് ചരിത്രബോധം ഇല്ലായ്മയുടെയും പക്വതക്കുറവിന്റെയും സർവോപരി വിവരക്കേടിന്റെയും പ്രശ്നമാണ് എന്ന് കരുതി സമാധാനിക്കാം.

എ കെ ജിയെ മോശമായി ചിത്രീകരിച്ചതിന‌് തല്ല് കിട്ടാതിരുന്നത് കേരളത്തിന്റെ മഹാമനസ‌്കതയായി ആശ്വസിക്കുകയും ആവാം. എന്നാൽ, അത് ഒരു സൗകര്യമായി കൊണ്ടുനടക്കുകയാണ് യുവ എംഎൽഎ. ഒടുവിലത്തെ ആക്രമണം മലയാളത്തിലെ പ്രിയ കഥാകാരി കെ ആർ മീരയ‌്ക്ക‌് നേരെയാണ്. മീര പറഞ്ഞ ഒരു രാഷ്ട്രീയ അഭിപ്രായം ബൽറാമിന് സുഖിച്ചില്ല.നേരെ മറുപടി പറയുന്നതിനു പകരം മീര എന്ന പേരിനെ മറ്റൊരുതരത്തിൽ വിളിക്കാൻ അണികളോട‌് ആഹ്വാനം ചെയ‌്തു. കഞ്ഞി മുക്കിയ കുപ്പായവും വെട്ടിയൊതുക്കിയ താടിയും ഫിക്സ് ചെയ്തു വെച്ച ചിരിയും ഉണ്ടായാൽ മാന്യതയും മര്യാദയും മാത്രമല്ല പിതൃത്വം പോലും ഉറപ്പിക്കാനാവില്ല എന്നതിന് ബൽറാമിനേക്കാൾ വലിയ തെളിവ് വേണ്ടതില്ല. 

ഒന്നും കൈയിൽ ഇല്ലാതിരുന്ന കോൺഗ്രസിന് ഓർക്കാപ്പുറത്ത് കളഞ്ഞുകിട്ടിയ നിധിയാണ് കാസർകോട്ടെ രണ്ട് ചെറുപ്പക്കാരുടെ മരണമെന്നാണ് ആ പാർടി അതിലെ ഓരോ ഇടപെടലിലൂടെയും തെളിയിക്കുന്നത്. രാഷ്ട്രീയമായി പാപ്പരത്തം ബാധിച്ച ഒരു പാർടിയുടെ ഗതികേട് എന്ന് അതിനെ വേണമെങ്കിൽ പറയാം. പ്രാദേശികമായ ഒരു തർക്കം അടിപിടിയിലും ഒടുവിൽ കൊലപാതകത്തിലും എത്തിയത് എങ്ങനെയെന്ന്  സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. കോൺഗ്രസിന് പക്ഷേ അതുപോരാ. തൃശൂർ ജില്ലയിൽ സ്വന്തം പാർടിക്കാർ തന്നെ കൊന്നുതള്ളിയ മൂന്നുപേരുടെ മരണത്തേക്കാൾ വലിയ മരണമായി പെരിയ കൊലപാതകത്തെ മാറ്റണം.  രാഷ്ട്രീയം പറയാൻ കഴിവില്ലാത്തതും ത്രാണി ഇല്ലാത്തതുമായ ആരുടെയും ഗതികേടാണ‌് അതെന്ന‌് മനസ്സിലാക്കാം.

ആവശ്യക്കാരന് ഔചിത്യം വേണമെന്ന്  ശഠിക്കാൻ ആവില്ല, എന്നാൽ, മനോരമയുടെ അവസ്ഥ അങ്ങനെയല്ലല്ലോ. സംഭവം നടന്നു, പൊലീസ് അന്വേഷിച്ചു, പ്രതികളെ പിടിച്ചു, ആയുധങ്ങൾ കണ്ടെത്തി, അന്വേഷണം തുടരുന്നു. മനോരമയുടെ ഒടുവിലത്തെ ആവലാതി പിടിച്ചെടുത്ത വാഹനത്തിൽ വേണ്ടത്ര ചോരക്കറ ഇല്ല എന്നാണ്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളുടെ മൂർച്ചയിലാണ് ആ പത്രത്തിന് സംശയം. യഥാർഥത്തിൽ ബൽറാം എന്ന യുവ എംഎൽഎ പോയി ഇരിക്കേണ്ടത് മലയാളമനോരമയുടെ എഡിറ്റോറിയൽ ഡെസ്കിൽ ആയിരുന്നു.  ബൽറാമിന്റെ വിവരക്കേടും മനോരമയുടെ ഉളുപ്പില്ലായ്മയും ചേർന്നാലാണ‌് യഥാർഥ യൂത്ത് കോൺഗ്രസ് ആകുക.

 Top