19 June Wednesday

കമീഷണറുടെ തിരക്കഥയിൽ ‘നല്ലമ്മ’

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെക്കുറിച്ച‌് കേരള പൊലീസ‌് ഹ്രസ്വചിത്രം ഒരുക്കുന്നു. തൃശൂർ പൊലീസ‌് കമീഷണർ യതീഷ് ചന്ദ്രയാണ‌് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത‌്. ‘നല്ലമ്മ’ എന്ന‌് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത‌് കൊടുങ്ങല്ലൂർ തീരദേശ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാന്റോ തട്ടിലാണ്. അമ്മമാരെ വഴിയിൽ ഉപേക്ഷിച്ച‌ുപോകുന്ന മക്കളുടെ പേരിൽ കേസെടുക്കുമെന്ന മുന്നറിയിപ്പ‌ുകൂടിയാണ‌് സാമൂഹ്യപ്രാധാന്യമുള്ള ചിത്രത്തിലൂടെ പൊലീസ‌് കൈമാറുന്നത‌്.

സംവിധായകൻ തന്നെയാണ‌് ഉപേക്ഷിക്കപ്പെടുന്ന അമ്മയുടെ മകനായി വേഷമിടുന്നത‌്. തൃശൂർ ആകാശവാണിയിൽനിന്ന് അ നൗൺസറായി വിരമിച്ച നടിയും ഡബ്ബിങ് കലാകാരിയുമായ എം തങ്കമണി ‘നല്ലമ്മ’യിലെ മുഖ്യവേഷം അവതരിപ്പിക്കും. കേരളത്തിലെ നവോത്ഥാന പോരാളികളിൽ പ്രമുഖനായ എംആർബിയുടെ മകളാണ്‌ തങ്കമണി.

ആറുമക്കളുണ്ടായിട്ടും ആരും നോക്കാനില്ലാതിരുന്ന പുത്തൂരിലെ എഴുപത്തഞ്ചുകാരിയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ കേരളം ശ്രദ്ധിച്ചിരുന്നു. ഇത്തരം വാർത്തകളാണ‌് സിനിമയ‌്ക്ക‌് പ്രചോദനമായതെന്ന് സംവിധായകൻ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രനടയിൽ ഉപേക്ഷിക്കപ്പെട്ട അമ്മയെ അവരുടെ മകന്റെ ഒപ്പം പൊലീസ‌് മടക്കിയയക്കുന്നതാണ‌് സിനിമയുടെ പ്രമേയം. സിവിൽ പൊലീസ് ഓഫീസർമാരായ അപർണ ലവകുമാർ, ജയൻ, ബോസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിഷുവിനു മുമ്പായി യൂ ട്യൂബിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ സ്വിച്ചോൺ  ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദകൃഷ്ണൻ നിർവഹിച്ചു. സുരേഷ‌്ബാബു (ക്യാമറ), ജിത്ത‌് അന്തിക്കാട‌് (കലാസംവിധാനം), ശ്രീധരൻ വടക്കേക്കാട‌് (മേക്കപ്പ‌്) എന്നിവരാണ‌് മറ്റ‌് അണിയറ ശിൽപ്പികൾ.


പ്രധാന വാർത്തകൾ
 Top