വിമർശങ്ങളെയും പ്രോത്സാഹിപ്പിക്കും


കെ എ നിധിൻ നാഥ്
Published on May 25, 2025, 12:15 AM | 2 min read
ഇഷ്കിലൂടെ മലയാള സിനിമയിലെത്തിയ അനുരാജ് മനോഹരന്റെ പുതിയ ചിത്രം നരിവേട്ട പ്രേക്ഷക സ്വീകാര്യത ഉറപ്പാക്കി മുന്നേറുകയാണ്. വലിയ പ്രതീക്ഷയുമായി തിയറ്ററിലെത്തിയ സിനിമയെക്കുറിച്ച്, തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ച് സംവിധായകൻ അനുരാജ് മനോഹർ സംസാരിക്കുന്നു.
ഭൂസമരം ഓർമപ്പെടുത്തും
ആദിവാസി ഭൂസമരങ്ങളോടുള്ള അധികാരവർഗത്തിന്റെ നിലപാടിനെക്കുറിച്ചാണ് നരിവേട്ട പറയുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന കുട്ടനാട്ടുകാരനായ പൊലീസുകാരൻ വർഗീസിനെ കേന്ദ്രീകരിച്ചാണ് സിനിമ. ഒരു പ്രത്യേക ഘട്ടത്തിൽ നടക്കുന്ന സംഭവവും അയാളുടെ ഈഗോ കാരണം ഉണ്ടാകുന്ന തുടർ സംഭവങ്ങളുമാണ് സിനിമ. സമകാലിക രാഷ്‌ട്രീയ കാര്യങ്ങൾകൂടി ഇതിൽ കാണാനാകും. ജീവിതത്തിലെ രാഷ്‌ട്രീയം അടയാളപ്പെടുത്തുന്ന ചിത്രമാണ്.
1990കളിലും 2000ന്റെ ആദ്യ കാലത്തുമെല്ലാം മലയാളത്തിൽ സംഭവിച്ച ഐ വി ശശി, ടി ദാമോദരൻ, രഞ്ജി പണിക്കർ സിനിമകളെ അത്ഭുതത്തോടെ കണ്ട ഒരാളാണ്. അത്തരം സിനിമകളുടെ ആരാധകനാണ്. പഞ്ചാഗ്നി, ഇൻസ്‌പെക്ടർ ബൽറാം പോലുള്ള സിനിമകൾ ആ കാലത്തെ രാഷ്‌ട്രീയ സംഭവ വികാസങ്ങളെ പ്രതിപാദിക്കുന്നതാണ്. ഐ വി ശശി–- ദാമോദരൻ സിനിമകൾ തൊഴിലാളികളെക്കുറിച്ചായിരുന്നു. പുതിയ കാലത്തിന് അനുസരിച്ചാണ് നരിവേട്ട ഒരുക്കിയിട്ടുള്ളത്.
വ്യവസായം ചലിക്കണം
പ്രേക്ഷകർക്ക് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന സിനിമകൾ വരണം. വ്യവസായം ചലിക്കണം. സിനിമയെ ചുറ്റിയുള്ള എല്ലാവർക്കും ഗുണമുണ്ടാകണം. വിജയ ഫോർമുല എന്ന് ഒന്നില്ല. കച്ചവട സാധ്യത നോക്കണം. പറയുന്ന വിഷയത്തെ മിഠായി പൊതിയുംപോലെ പൊതിഞ്ഞ് നന്നായി അവതരിപ്പിക്കണം.
നെഗറ്റീവ് ഓഡിയൻസ്
ഒരു വിഷയം ഇങ്ങനെയാണ് പറയേണ്ടതെന്ന ബാധ്യതയില്ല. രാഷ്‌ട്രീയ സിനിമയ്ക്ക് എന്നല്ല, ഏത് സിനിമയ്‌ക്കും നെഗറ്റീവ് ഓഡിയൻസ് ഉണ്ടാകും. നീതിക്കൊപ്പം നിന്ന് നീതിക്കായി സംസാരിക്കുന്ന സിനിമയായിരിക്കും. വിമർശങ്ങളെയും കൈയടിച്ച് പ്രോത്സാഹിക്കും. വരികൾക്കിടയിലൂടെ പ്രേക്ഷകർ വായിക്കട്ടെ. അതിനുള്ള അവസരം ഒരുക്കുകയാണ് സിനിമ.
സംവിധായകനും തിരക്കഥാകൃത്തും
അബിൻ ജോസഫ് കല്യാശേരി തീസിസ് അടക്കമുള്ള പുസ്‌തകളിലൂടെ ശ്രദ്ധേയനാണ്. തിരക്കഥ എഴുത്ത്, അതിന്റെ സങ്കേതങ്ങൾ എന്നിവയെക്കുറിച്ച് നല്ല ധാരണയും വലിയ നിരീക്ഷണവുമുള്ള ആളാണ്. ഞങ്ങൾ ഒരേ നാട്ടുകാരാണെങ്കിലും എറണാകുളത്താണ് കാണുന്നതും പരിചയപ്പെടുന്നതും. ഇഷ്‍കിന് മുമ്പേ അദ്ദേഹത്തിന്റെ കഥകൾ വായിച്ച് ഇഷ്‍ടപ്പെട്ടിട്ട് തിരക്കഥകൾ ഏതെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. 2021ൽ മറ്റൊരു കഥയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് നരിവേട്ടയുടെ കഥ ചർച്ചയിൽ വരുന്നത്.
ടൊവിനോയിലെ നടനും താരവും
ടൊവിനോയിലെ നടനെയും താരത്തിനെയും ഉപയോഗിച്ച സിനിമയാണ്. എന്നാൽ ടൊവിനോ സിനിമ ചെയ്യുന്നത് താരമായിട്ടല്ല. കഥാപാത്രത്തിന്റെ വേഷമിട്ട് കാമറയ്‌ക്ക് മുന്നിൽ വന്നാൽ പിന്നെ ടൊവിനോയില്ല. താരവുമല്ല. പിന്നെ കഥാപാത്രമായ വർഗീസാണ്.
കഥാപാത്രമായി ചേരൻ
കേശവദാസ് എന്ന കഥാപാത്രത്തിനായി ഒരുപാട് പേരെ നോക്കി. ഒരു ദിവസം പൊക്കിഷം സിനിമയിലെ പാട്ട് കേൾക്കുമ്പോഴാണ് ചേരൻ മനസ്സിലേക്ക് വരുന്നത്. ടൊവിനോയോട് സംസാരിച്ചപ്പോൾ നല്ല ചോയ്‌സാണെന്ന് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട ഫോൺ കോളിനുശേഷമാണ് ചേരൻ സമ്മതിച്ചത്.
വയലൻസ് സിനിമയിൽ
വയലൻസിനെ മാർക്കറ്റിങ് തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. മാർക്കോ ഇന്ത്യയിലെ ഏറ്റവും വയലന്റ് സിനിമ എന്നാണ് പറഞ്ഞത്. അത് ആളുകൾ കാണുമ്പോൾ ആസ്വദിക്കുന്നുണ്ട്. വലയൻസാണെങ്കിലും ആനാവശ്യരീതിയിൽ കുത്തിക്കയറ്റിയാൽ അത് പ്രേക്ഷകർ ബഹിഷ്‌കരിക്കും. വയലൻസ് സിനിമയിൽ മാത്രമല്ല, സമൂഹത്തിലുമുണ്ട്. കുട്ടികൾക്ക് കാണാൻ നൽകുന്ന യുട്യൂബ്, ഗെയിമുകളിലെല്ലാം വയലൻസില്ലേ. തലയ്‌ക്ക് വെടിവച്ച് കൊല്ലുന്നതുമൊക്കെയല്ലേ മാതാപിതാക്കൾ മുഖേന കുട്ടികളിലേക്ക് എത്തുന്നത്. കുഞ്ഞുങ്ങളെ വയലൻസ് കാണിക്കുന്നതിൽ എതിർപ്പുണ്ട്.
ബെഞ്ച് മാർക്ക് സൃഷ്ടിക്കണം
ഇഷ്‌ക് ഇറങ്ങി ആറ് വർഷത്തിനുശേഷമാണ് നരിവേട്ട പ്രേക്ഷകരിലേക്ക് എത്തിയത്. സംവിധായകൻ എന്ന നിലയിൽ എന്റെ ആത്മാർഥ പരിശ്രമമാണ്. ഇതിൽ തട്ടിപ്പുകളില്ല. നിരാശപ്പെടുത്തില്ല. ഒരു ബെഞ്ച് മാർക്ക് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റയ്‌ക്ക് മാജിക്ക് കാണിക്കാൻ പറ്റുന്ന ഇടമല്ല സിനിമ. ഏഴായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെ പല ഘട്ടത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സിനിമ
അടുത്തത് പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ്. അബിൻ ജോസഫ് തന്നെയാണ് എഴുതുന്നത്. പൃഥ്വിയുടെ തിരക്കിനനുസരിച്ച് ചിത്രീകരണമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. നിവിൻ പോളി നായകനായ ശേഖരവർമ രാജാവിന്റെ ചിത്രീകരണം തുടങ്ങിയതാണ്. ആക്ഷേപഹാസ്യമാണ് ചിത്രം. സിനിമയുടെ ചിത്രീകരണം മുടങ്ങി. അത് പൂർണമായും നിർമാതാക്കളുമായി ബന്ധപ്പെട്ട വിഷയമാണ്. പ്രശ്‌നങ്ങൾ പരിഹരിച്ച് വീണ്ടും ചിത്രീകരണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
0 comments