"പൊന്മാനി'ലെ റൊബോർട്ടോ


റഷീദ് ആനപ്പുറം
Published on Mar 02, 2025, 12:00 AM | 1 min read
‘പൊന്മാൻ’ തിയറ്ററുകളിൽ ജനപ്രീതി നേടി പ്രദർശിപ്പിക്കുകയാണ്. ബേസിൽ ജോസഫിന്റെ പി പി അജീഷും ലിജോമോൾ ജോസിന്റെ സ്റ്റെഫിയും സജിൻ ഗോപുവിന്റെ മരിയാനോയും ആനന്ദ് മന്മഥന്റെ ബ്രൂണോയും തകർത്താടിയ ഈ സിനിമയിൽ മറ്റ് ചില നടൻമാരുടെ സാന്നിധ്യവും പ്രധാനമാണ്. അതിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്‌ത നടനാണ് ആനന്ദ് നെച്ചൂരാൻ. മരിയാനോയുടെ അച്ഛൻ റൊബോർട്ടോയായാണ് ആനന്ദ് നെച്ചൂരാൻ വേഷമിട്ടത്. നാടകത്തിലൂടെ സിനിമയിൽ എത്തിയതാണ് ആനന്ദ്.
നേരത്തെ ഫാമിലി, അപ്പുറം, തങ്കമണി, ഗർർർ, തയ്യൽ മെഷീൻ സിനിമകളിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവനേകി. ഏഴാമത്തെ സിനിമയാണ് ‘പൊന്മാൻ’. 4 സീനിലാണ് അഭിനയിച്ചതെങ്കിലും നാലും സിനിമയിൽ പ്രധാന ഭാഗമാണ്. സ്റ്റെഫിയെ റൊബോർട്ടോ തോണിയിൽ രക്ഷപ്പെടുത്തുന്ന ഒരു സീനുണ്ട്. നിസ്സഹായനായ ഒരു പിതാവിന്റെ അമർഷവും ദൈന്യതയും ഇടകലർന്ന മുഖഭാവം ആ സീനിൽ നമുക്ക് കാണാം.
എറണാകുളം മണീട് സ്വദേശിയാണ് ആനന്ദെങ്കിലും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. ടൈറ്റാനിയം ഫാക്‌ടറിയിൽ ലീഗൽ ഡിപാർട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറാണ്. നാടകത്തോടുള്ള പ്രണയമാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. സംഗീത നാടക അക്കാദമിക് വേണ്ടി പ്രശാന്ത് നാരായണൻ സംവിധാനം ചെയ്‌ത ‘സുഖാനി’, എലിഫെന്റ് തിയറ്റർ സൊസൈറ്റിക്കുവേണ്ടി കണ്ണനുണ്ണി സംവിധാനം ചെയ്‌ത‘ക്രൈ ഗെയിംസ്’ തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. ഏതാനും സീരിയലുകളിലും അഭിനയിച്ചു. ഒട്ടേറെ സിനിമകൾക്കും സീരിയലുകൾക്കും ശബ്‌ദവും നൽകിയിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ വിന്നർ ആയിരുന്നു.
0 comments