ലളിതം അനശ്വരം; കെപിഎസി ലളിത ഓർമയായിട്ട് മൂന്നുവർഷം

ശബ്ദ വിന്യാസം കൊണ്ട് മലയാള സിനിമയിൽ മായാജാലം തീർത്ത കെപിഎസി ലളിത ഓർമയായിട്ട് ഇന്നേക്ക് മൂന്നുവർഷം.
'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ..' എന്ന പാട്ടിന് നൃത്തമാടിയ രാമപുരം സ്കൂളിലെ മൂന്നാം ക്ലാസുകാരിയുടെ സ്വപ്‌നമായിരുന്നു നാടകം. മലയാള നാടകത്തിന്റെ സുവർണ കാലത്താണ് ലളിത അരങ്ങിലെത്തിയത്. സ്ത്രീകൾ രംഗത്തു വന്നതോടെ സ്ത്രീവേഷം കെട്ടിയ പുരുഷന്മാർ നിഷ്ക്രമിച്ചു. 1969 ൽ തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം സിനിമയിലൂടെ ചലച്ചിത്ര രംഗത്തും ലളിത അരങ്ങേറ്റം കുറിച്ചു. തുടർന്ന് 69 മുതൽ 72 വരെ സിനിമയിലും നാടകത്തിലും നിറസാന്നിധ്യമായി ലളിത. 1972ഓടെ നാടകവുമായി വിടപറഞ്ഞു.
തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി, ശരശയ്യ, പി ഭാസ്കരന്റെ വിലയ്ക്കു വാങ്ങിയ വീണ തുടങ്ങി ആദ്യകാലത്ത് അഭിനയിച്ച ചിത്രങ്ങൾ പുരോഗമന വീക്ഷണം പുലർത്തിയവയായിരുന്നു. അടിയുറച്ച കമ്യൂണിസ്റ്റ് അനുഭാവിയായ അച്ഛന്റെ സ്വാധീനം ലളിതയെയും ചുവപ്പിന്റെ ആരാധികയാക്കി. തോപ്പിൽഭാസി, കെ എസ് സേതുമാധവൻ് ഭരതൻ, സത്യൻ അന്തിക്കാട് തുടങ്ങി പ്രഗത്ഭരുടെ സിനിമകൾ ലളിതയെ തേടിവന്നു. അനുഭവങ്ങൾ പാളിച്ചകളിൽ 'കല്ല്യാണി കള വാണി ചൊല്ലമ്പിളി ചൊല്ല് എന്ന പാട്ടുപാടി ആടിയ പാർവതി എന്ന കഥപാത്രം പ്രേക്ഷകരെ വശീകരിച്ചു.
'ചക്രവാളത്തിൽ നസീറിന്റെയും കൊടിയേറ്റത്തിൽ ഭരത് ഗോപിയുടെയും നായികയായി. മർമരം, ആരവം, രതിനിർവേദം, പാർവതി, നിദ്ര, ചാട്ട, ഓർമയ്ക്കായി തുടങ്ങിയവയിലൂടെ മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു ലളിത.
കടലോര ഗ്രാമ ത്തിലെ അരയ സ്ത്രീയുടെ വേഷം അവതരിപ്പിച്ചതിലൂടെ അഭ്രപാളിയിൽ ലളിതയുടെ അഭിനയമികവിന് 'അമര'ക്കാരില്ലാതായി. കഥാപാത്രത്തെ അവതരിപ്പിക്കുകയല്ല പൂർണമായും കഥാപാത്രമായി രൂപാന്തരപ്പെടുകയായിരുന്നു. കാറ്റത്തെ കിളിക്കൂടിലെ ഇന്ദിരാതമ്പി, ടി പി ബാലഗോപാലൻ എംഎ യിൽ മോഹൻലാലിന്റെ ചേച്ചി, സന്മനസുള്ളവർക്ക് സമാധാനത്തിലെ കാർത്യായനി അമ്മ, വിയറ്റ്നാം കോളനിയിലെ ജാനകി- എല്ലാം ആ നടിയെ വരവുവെച്ചു. ഇന്നസെന്റിന്റെ ജോഡിയായി എത്തിയ ഗജകേസരി യോഗം, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, പൊൻമുട്ടയിടുന്ന താറാവ്, തുടങ്ങിവയ നാഴികക്കല്ലായി. അരങ്ങൊഴിഞ്ഞ് മൂന്നുവർഷം പിന്നിടുമ്പോഴും മലയാളിയുടെ മനസ്സിൽ നാരായണിയായും ഭാസുര കുഞ്ഞമ്മയായും ഇന്നും ജീവിക്കുകയാണ് കെപിഎസി ലളിത.
0 comments