കാല്‍പന്തുകളിയുടെ ക്യാപ്റ്റന് നിറഞ്ഞ കൈയ്യടി

ആരായിരുന്നു സത്യന്‍? എന്തിനായിരുന്നു ആ മനുഷ്യന്‍ തന്റെ ജീവിതം ഒരു റെയില്‍വേ ട്രാക്കില്‍ ഒതുക്കിയത്? സത്യനെ അറിയാത്തവരിലും കാല്‍പന്തിനെ സ്‌നേഹിക്കുന്നവരുടെയും മനസില്‍ അവശേഷിച്ചിരുന്ന ചോദ്യമായിരുന്നു ഇതെല്ലാം. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ജി പ്രജേഷ് സെന്നിന്റെ സ്‌പോര്‍ട്‌സ് ബയോപിക് ക്യാപ്റ്റന്‍.
മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു സ്‌പോര്‍ട്‌സ് ബയോപിക് വരുന്നത്. അതും ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച നായകനെക്കുറിച്ച്... സത്യന്‍ എന്ന ഫുട്‌ബോളറെക്കുറിച്ച് മാത്രമല്ല, സത്യന്‍ എന്ന വ്യക്തിയെയും സിനിമ പ്രേക്ഷകന് പരിചയപ്പെടുത്തുന്നു. വട്ട പറമ്പത്ത് സത്യന്‍ എന്ന വി പി സത്യന്റെ മാനറിസങ്ങളിലേക്ക് എന്തൊരു തന്മയത്വത്തോടെയാണ് ജയസൂര്യ പരകായം നടത്തിയത്.
സി വി പാപ്പച്ചന്‍, യു ഷറഫലി അങ്ങനെ പ്രതിഭാധനരായ നിരവധി കളിക്കാരുടെ കൂടെ സത്യന്‍ പന്തു തട്ടി. സന്തോഷ് ട്രോഫി ആദ്യമായി കേരളത്തില്‍ എത്തിച്ചു. സാഫ്, ഫെഡറേഷന്‍ അങ്ങനെ നിരവധി കപ്പുകള്‍. ഏകദേശം പത്തുവര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ കളിച്ചു.
സിനിമ തുടങ്ങുന്നത് ചെന്നൈയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ്. ഗ്യാലറികളിലെ ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കുന്ന സത്യന്‍... പിന്നെ സിനിമ ഓര്‍മകളിലൂടെയുള്ള സഞ്ചാരമാണ്. കാല്‍പന്തിനെ പ്രണയിച്ച ഒരു കണ്ണൂരുക്കാരന്‍. തെങ്ങിന്‍ തോപ്പുകളിലും പാടത്തും പന്തുതട്ടിയ ബാല്യത്തില്‍ നിന്നും മൈതാനങ്ങളിലേക്ക് ചേക്കേറിയ യൗവ്വനം.
കേരള പൊലീസിന്റെ കളിക്കാരനായിട്ടും ഫുട്‌ബോള്‍ എവിടെയുണ്ടെങ്കിലും സത്യന്‍ പോകും. പൊലീസിനെ ഇഷ്ടമല്ലാത്ത ഫുട്‌ബോളിനെ പ്രണയിക്കാത്ത അനിതയെ സത്യന്‍ കാണുന്നതും. അനിത പിന്നീട് സത്യ െന്റ ജീവിതത്തിലേക്ക് വരുന്നതും ചിത്രം മനോഹരമായി കാണിക്കുന്നുണ്ട്. അനുസിത്താര അനിത സത്യനെ മനോഹരമായിട്ട് അവതരിപ്പിച്ചു. ചെറിയവേഷമാണെങ്കിലും സിദ്ദീഖിന്റെ വേഷവും ശ്രദ്ധേയമായി. ഫുട്‌ബോളിനെ സ്‌നേഹിച്ച് ഗ്യാലറികളില്‍ നിന്നും ഗ്യാലറികളിലേക്ക് സഞ്ചരിക്കുന്ന മൈതാനം.
പൊലീസ് ജോലിയിലെ പ്രശ്‌നങ്ങള്‍, മേലുദ്യേഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങളാണ് സത്യനെന്ന വ്യക്തിയെ മാറ്റിയത്. പിന്നീട് നിരന്തരമായി പരിക്കിന്റെ പിടിയിലാകുന്ന സത്യന്‍. അവഗണനകളില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒറ്റപ്പെടലിലേക്കും വിഷാദത്തിലേക്കും സത്യന്‍ നടന്നടുക്കുകയായിരുന്നു. കേരള പൊലീസില്‍ നിന്നും ഇന്ത്യന്‍ ബാങ്കിലേക്ക് മാറുന്ന സത്യന്‍. അദ്ദേഹം സ്വയം ഒളിച്ചോടുക അല്ലായിരുന്നു, മറ്റുള്ളവരാല്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ക്രിക്കറ്റ് കീഴടക്കിയ മനസ്സുകളില്‍ ഫുട്‌ബോള്‍ എങ്ങനെ അപ്രസക്തമാക്കുന്നുവെന്ന് ചില രംഗങ്ങളിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്. കാലിനേറ്റ് പരിക്കാണ് അദ്ദേഹത്തെ നിരന്തരം തളര്‍ത്തി കൊ ണ്ടിരുന്നു. 2006 ലെ ലോകകപ്പാണ് സത്യന്റെയും അനിതയുടെയും ജീവിതത്തെ മാറ്റിമറിക്കുന്നത്. രാത്രിയിലെ ഫ്രാന്‍സിന്റെ കളി കാണാന്‍ വിളിക്കാതിരുന്ന അനിതയെ സത്യന്‍ വഴക്കുപറയുന്നു ണ്ട്. ഇറ്റലിക്കെതിരെയുള്ള പെനാള്‍ട്ടി കിക്ക് സിദാന് പിഴക്കുന്നതും... മാര്‍ക്കോമെറ്റരസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയതിന് സിദാന്‍ ചുവപ്പ് കാര്‍ഡുകണ്ട് പുറത്താകുന്നു... ഫ്രാന്‍സ് പരാജയപ്പെടുന്നു... ഇതെല്ലാം സത്യനെ നിരന്തരം പിന്തുടരുന്നുണ്ടായിരുന്നു. സിനിമയുടെ അവസാന രംഗങ്ങളില്‍ തന്റെ ശ്വാസം നിറച്ച പന്ത് മകള്‍ക്ക് നല്‍കുന്ന സത്യനുണ്ട്. ഫുട്‌ബോളിനെയും മൈതാനങ്ങളെയും പ്രണയിക്കുന്ന സത്യനുള്ള സല്യൂട്ടാണ് ഈ സിനിമ.
കാലഘട്ടങ്ങളെ ചിത്രീകരിക്കുമ്പോഴും ഫുട്‌ബോള്‍ ആവേശം കൊണ്ടുവരുന്നതിലും സംവിധായകന് ചെറിയ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവും അലോസരപ്പെടുത്തുന്നു. പക്ഷേ ഒരു നവസംവിധായകന്‍ എന്ന നിലയില്‍ പ്രജേഷ് സെന്‍ ധീരമായ ചുവടുവെപ്പാണ് നടത്തിയത്. ഫുട്‌ബോളിനെയും കുടുംബത്തെയും പ്രണയിക്കുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
0 comments