ഹേയ് ജൂഡ് ഫീൽ ഗുഡ്!

ബ്രെഡിന്റെ ഈ വശം മുപ്പത്തിയഞ്ചു ശതമാനംകൂടി ടോസ്റ്റാകാൻ ഉണ്ടെന്ന് ജൂഡിന് വളരെ കൃത്യമായി പറയാൻ കഴിയും. ജൂഡ് വ്യത്യസ്തനാണ്. വലിയ സംഖ്യകൾ ക്ഷണനേരം കൊണ്ട് കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഉത്തരം കൃത്യമായി പറയാനാകുന്ന ജീനിയസ്. ആദ്യ രംഗത്തിൽ തന്നെ ജൂഡിന്റെ പെരുമാറ്റ വൈകല്യം മികച്ചരീതിയിൽ പ്രതിഫലിപ്പിച്ച നിവിൻ പോളിയുടെ കരിയർ ബ്രെയിക് കഥാപാത്രമാണ് ജൂഡ്.
ആസ്പെർജർ സിൻഡ്രോം ബാധിച്ച ജൂഡിനെ ശ്യാമപ്രസാദ് അവതരിപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ട കഥാപരിസരങ്ങളിൽ ഒന്നിൽത്തന്നെയാണ്. കേരളത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹമാണ് ഹേയ് ജൂഡിന്റെ പശ്ചാത്തലം. അകലെയിലെ പോലെയെന്ന് പറയാനാകില്ലെങ്കിലും നഷ്ടപ്രതാപങ്ങളുടെ അത്ര കനത്തതല്ലാത്ത ഭാണ്ഡം മറ്റൊരു രീതിയിൽ ഹേയ് ജൂഡും തുറക്കുന്നു. കൊച്ചിയിൽ പുരാവസ്തുക്കൾ വിൽക്കുന്ന ഷോറൂമിന്റെ ഉടമസ്ഥനായ ഡൊമനിക്കിന്റെയും നീനയുടെയും മകനാണ് ജൂഡ്. എപ്പോഴും കളിയാക്കുന്ന അനുജത്തിയിലൂടെയും വിവാഹപ്രായത്തിലെത്തിയിട്ടു പോലും ജൂഡിന്റെ വ്യത്യസ്തത തിരിച്ചറിയാത്ത അച്ഛനമ്മമാരുടെ വഴക്കുകളിലൂടെയും ഒരു തരത്തിലും അയാളെ ഉൾക്കൊള്ളാത്ത ജോലിസ്ഥലത്തെ സഹപ്രവർത്തകരിലൂടെയുമാണ് ജൂഡിന്റെ കഥാപാത്രം വളരുന്നത്. ഡൊമനിക്കിന്റെ അമ്മായിയുടെ മരണം കൂടാൻ ഗോവായിലേക്ക് നടത്തുന്ന യാത്രയും അവിടെ വച്ച് ജൂഡ് കണ്ടു മുട്ടുന്ന ക്രിസ്റ്റൽ എന്ന പെൺകുട്ടിയും ജൂഡിന്റെ ജീവിതം മാറ്റി മറിക്കുന്നു. ജൂഡിനെ പോലെ മറ്റു ചില സവിശേഷതകൾ ഉള്ള ക്രിസ്റ്റലും മനോരോഗ വിദഗ്‌ദ്ധനായ അവളുടെ പപ്പയുമായി ജൂഡ് സൗഹൃദത്തിലാകുന്നത് ഇതുവരെ ആരും മനസിലാക്കാത്ത വിധം അവർ ജൂഡിനെ മനസിലാക്കുകയും ഉൾകൊള്ളുകയും ചെയ്യുമ്പോഴാണ്. വികാരങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലാത്ത ജൂഡും സന്തോഷത്തിനും വിഷാദത്തിനുമിടയിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ കുഴങ്ങുന്ന ക്രിസ്റ്റലും തമ്മിൽ വളരുന്ന സൗഹൃദത്തിലൂടെ കഥ മുന്നോട്ട് പോകുന്നു.
ജൂഡിനെയും ആസ്പെർജർ സിൻഡ്രോമിനെയും സൂക്ഷ്മമായി അവതരിപ്പിക്കുന്നതിൽ സിനിമ വിജയിച്ചെങ്കിലും ഏറെ സാധ്യതയുള്ള നായികാ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം നൽകാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. ക്രിസ്റ്റലിന്റെ ബൈപോളാർ ഡിസോർഡർ ദേഷ്യം വരുമ്പോൾ ചുറ്റുമുള്ളത് വലിച്ചെറിയുകയും സങ്കടം വരുമ്പോൾ ബാത് ടബ്ബിൽ ഇരിക്കുകയും ചെയുന്ന കേവലമായ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പലഘട്ടങ്ങളിലും നോർത്ത് 24 കാതത്തിലെ കഥാപാത്രവും കഥ തന്തുവും ഹേ ജൂഡിലും പ്രവർത്തിക്കുന്നുണ്ട്. പെരുമാറ്റ വൈകല്യമുള്ള നായകനും അയാളുടെ ജീവിതം മാറ്റിമറിക്കുന്ന യാത്രയും കടന്നു വരുന്ന പെൺസൗഹൃദവും പ്രേക്ഷകന് നോർത്ത് 24 കാതത്തെയും ഫഹദ് അവതരിപ്പിച്ച ഹരികൃഷ്ണനെയും ഓർമ്മിപ്പിക്കാതിരിക്കാനാകില്ല.
സിനിമയിൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ലളിതമായ സന്ദർഭങ്ങളും ഹാസ്യവുമാണ്. ഹേ ജൂഡിലെ കഥാപാത്രങ്ങളെ ഒരു കോമിക് പുസ്തകത്തിലേതെന്ന പോലെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പൈസ കൊതിയുള്ള കഷണ്ടി തലയനായ ഡൊമിനിക്. ബുൾഗാൻ താടി വച്ച അരകിറുക്കനായ മനോരോഗ വിദഗ്‌ദ്ധന്‍. ആടി പാടി നടക്കുന്ന പുരപ്പുറത്ത് കൂടി ജൂഡിന്റെ ജനാല തുറന്നെത്തുന്ന ക്രിസ്റ്റൽ. തലയിൽ തേങ്ങ വീണ് മരിക്കുന്ന ഡൊമനിക്കിന്റെ അമ്മായി. ജൂഡിനെ കാണുമ്പോൾ ഓടി കടലിൽ ചാടുന്ന അജുവർഗീസിന്റെ ട്രാവലർ... അങ്ങനെയങ്ങനെ രസകരമായ കഥാപാത്രങ്ങളുള്ള ഹേയ് ജൂഡ് മസിലുപിടിത്തമില്ലാതെ കണ്ടിറങ്ങുമ്പോൾ നിസംശയം പറയാം ഹേയ് ജൂഡ് ഫീൽ ഗുഡ്!
0 comments