സാങ്കേതിക പരീക്ഷണങ്ങളുമായി 'വില്ലന്‍'

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത വില്ലന്‍ ഇന്ന് തീയറ്ററുകളില്‍ എത്തി. ഈ കോമ്പോയില്‍ വിരിയുന്ന നാലാമത്തെ ചിത്രമാണു വില്ലന്‍. തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്‌ണന്‍ തന്നെ. റോക്ക് ലൈന്‍ വെങ്കിടേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
മാത്യു മഞ്ഞൂരാന്‍ എന്ന ഐ പി എസ് ഓഫീസര്‍ ആയാണ് വില്ലനില്‍ മോഹന്‍ലാല്‍ എത്തുന്നത്. അടുത്തകാലത്ത് മലയാള സിനിമ കണ്ട കാമ്പുള്ള കഥാപാത്രമാണ് മാത്യു മഞ്ഞൂരാന്‍. കണ്ണഞ്ചിപ്പിക്കുന്ന, ഒപ്പം തന്നെ ഇമോഷണല്‍ സീനുകളില്‍ നമ്മെ കരയിപ്പിക്കുന്ന, കണ്ണുകള്‍ കൊണ്ട് കഥ പറയുന്ന ലാലേട്ടന്‍ പ്രകടനം. കഥാപാത്രം പറയുന്ന പോലെ, ആത്മഹത്യക്കും കൊലപാതകത്തിനും ഇടയില്‍ സഞ്ചരിക്കുന്ന ഒരാള്‍. അങ്ങിനെയുള്ള ഒരാളുടെ മാനറിസങ്ങള്‍ നന്നായി ഉള്‍ക്കൊണ്ട് ഫലിപ്പിക്കാന്‍ മോഹന്‍ലാലിനായി. പ്രത്യേക കാരണത്താല്‍ ഏഴു മാസത്തോളം സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന, പിന്നീട് തിരിച്ചു വന്നു VRS എടുത്തു പോകാന്‍ ഒരുങ്ങുന്ന മാത്യു മാഞ്ഞൂരാന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്
എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വില്ലന്‍. മോഹന്‍ലാലിന്റെ ഭാര്യ, നീലിമ മാത്യു എന്ന ഡോക്‌ടര്‍ ആയാണ് മഞ്ജു എത്തുന്നത്. ഒരുപാട് പ്രതീക്ഷകളും ആകാംക്ഷകളും ഉയര്‍ത്തിയ മഞ്ജു വാര്യരുടെ കഥാപാത്രം, എന്നാല്‍, ഒരു സവിശേഷതകളും ഇല്ലാത്ത ക്ലീഷേ ആയി പോയെന്നു പറയാതെ വയ്യ. എന്നിരുന്നാലും, തന്റെ ഭാഗങ്ങള്‍ അസാധ്യമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് മഞ്ജു.
തമിഴ് നടന്‍ വിശാലിന്റെ മലയാളത്തിലേക്കുള്ള രംഗപ്രവേശനത്തിനും വില്ലന്‍ സാക്ഷ്യം വഹിക്കുന്നു. ഡോക്‌ടര്‍ ശക്തിവേല്‍ പളനിസാമി എന്ന തന്റെ കഥാപാത്രത്തിലൂടെ അതിഗംഭീര അരങ്ങേറ്റം നടത്താന്‍ വിശാലിനായി. ഹര്‍ഷിത ചോപ്ര എന്ന പോലീസ് ഓഫീസറായി എത്തിയ റാഷി ഖന്നക്കും ശ്രേയ എന്ന യുവ ഡോക്‌ടര്‍ ആയെത്തിയ ഹന്‍സികക്കും അധികം ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നുവെങ്കിലും ഉള്ള രംഗങ്ങള്‍ നന്നായി ചെയ്‌തിരിക്കുന്നു.
ശ്രീനിവാസന്‍ എന്ന പോലിസ് ഓഫീസറായി എത്തിയ രഞ്ജി പണിക്കര്‍, ഡി ജി പി ആയെത്തിയ സിദ്ധിക്ക്, ഇഖ്‌ബാല്‍ എന്ന ഓഫീസര്‍ ആയെത്തിയ ചെമ്പന്‍വിനോദ്, ഡോക്‌ടര്‍ രാംകുമാര്‍ ആയെത്തിയ സായികുമാര്‍ എന്നിവര്‍ക്ക് കഥാപാത്രത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. വിഷ്‌ണുവിന്റെ പൈപ്പ് കുഞ്ഞുമോനും അജുവിന്റെ കണ്ണാപ്പിയും ഇടക്കെങ്കിലും ചിരി പടര്‍ത്തുന്നുണ്ട്.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മനോജ് പരമഹംസ ആണ്. ചടുലത ആഭരണമാക്കിയ ഫ്രെയിമുകള്‍ ചിത്രത്തിന് മുതല്‍കൂട്ട് ആവുന്നുണ്ട്. ഡാര്‍ക്ക് ഫ്രെയിമുകളുടെ പശ്ചാത്തലത്തില്‍ 'വിരിഞ്ഞ പതിയെ നീ മോഹം' എന്ന ടൈറ്റില്‍ സോങ്ങോടു കൂടിയാണ് ചിത്രത്തിന്റെ തുടക്കം. ഒട്ടേറെ സാങ്കേതിക പരീക്ഷണങ്ങളുമായാണ് ചിത്രം എത്തുന്നത്. പൂര്‍ണ്ണമായും 8k റെസൊലൂഷ്യനിലാണ് വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും 8 കെയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വില്ലന്‍. വിഎഫ്എക്‌സ് ഇല്ലാത്ത ഒരു സീന്‍ പോലും ചിത്രത്തില്‍ ഇല്ല എന്നും ടീം അവകാശപ്പെടുന്നു. ഫ്രെയിമുകളുടെ ഭംഗിക്ക് ഒന്ന് കൂടെ മിഴിവേകാന്‍ ഷമീറിന്റെ എഡിറ്റിംഗിന് ആയിട്ടുണ്ട്. ഒപ്പം സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം കൂടിയാകുമ്പോള്‍ വിരസത അകലുന്നു. പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. കൂട്ടായി സ്‌റ്റാന്‍ഡ് സില്‍വയും ഉണ്ട്. സൗണ്ട് ഡിസൈനിങ്ങില്‍ എപ്പോഴത്തെയും പോലെ രംഗനാഥ് മാജിക് കാത്തു സൂക്ഷിക്കാന്‍ രംഗനാഥ് രവിക്ക് സാധിച്ചു.
കുറ്റാന്വേഷണവും പ്രതികാരവും ഒപ്പം തന്നെ കുടുംബവൈകാരികതയും ചിത്രത്തിന് പ്രമേയമാവുന്നു. അതിനോടൊപ്പം, ഒരു കുറ്റകൃത്യം രൂപപ്പെടുന്നതും വളരുന്നതുമായ സാമൂഹ്യപശ്ചാത്തലവും അതിന് നല്‍കുന്ന ന്യായീകരണങ്ങളും സിനിമ തുറന്നു കാട്ടുന്നു. ആദ്യ പകുതി ത്രില്ലര്‍ ഫീല്‍ നിലനിര്‍ത്തുമ്പോള്‍ , രണ്ടാം പകുതി കാര്യം അറിഞ്ഞു കൊണ്ട് തന്നെ സംവിധായകന്റെ വഴിയെ പ്രേക്ഷകനെ നടത്തുകയാണ്.
പ്രമേയത്തിലോ ആഖ്യാനശൈലിയിലോ പുതുമ സൂക്ഷിക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടില്ല. തിരക്കഥയുടെ കെട്ടുറപ്പില്ലായ്‌മ പ്രേക്ഷകനിലെ ആകാംക്ഷയെ ഒരു പരിധി വരെ കെടുത്തി കളയുന്നു. നീതിന്യായ വ്യവസ്ഥയുടെ കുറവുകളെ പരിഹസിച്ചു കൊണ്ടും അഴിമതിയും നീതി നിഷേധവും ചോദ്യം ചെയ്യാന്‍ കഴിയുന്ന അതിമാനുഷിക വ്യക്തികള്‍ക്ക് കയ്യടിക്കുകയും ചെയ്യുന്ന കുറെ ചിത്രങ്ങള്‍ മലയാളത്തില്‍ തന്നെ ഇറങ്ങിയിട്ടുണ്ട്. അത് കൊണ്ട് കൂടിയാകാം, അതിശയിപ്പിക്കുന്ന ഒന്നും ചിത്രത്തില്‍ കാണാന്‍ കഴിയാതെ പോയി. കണ്ടു മടുത്ത കുറെയേറെ ക്ലീഷേ സീനുകളും ചിലയിടങ്ങളിലെ ഇഴച്ചിലും അവിടവിടെ മുഴച്ചു നില്‍ക്കുന്ന കെട്ടുറപ്പില്ലായ്മയും ചിത്രത്തിന്റെ അപാകതകളായി പറയാം.
സംഭാഷണങ്ങളില്‍ പലതും ചര്‍ച്ച ചെയ്‌തു പോകുന്നുണ്ട് ചിത്രം. തനിക്ക് പകരം മറ്റൊരാള്‍ എന്ന് പറഞ്ഞു നിഷേധ അര്‍ത്ഥത്തോടെ സിദ്ധിക്ക് തലയാട്ടുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്നത് ലാലേട്ടന്‍ ഫാന്‍സുകാരുടെ കരഘോഷമാണ്. entire പോലിസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഇല്ലാത്ത ഒന്നേ ഉള്ളൂ, മനുഷ്യത്വം എന്ന് പറയുമ്പോള്‍ നാട്ടില്‍ നിലവിലുള്ള ചില പറച്ചിലുകളെ ഓര്‍ത്ത് പോകുന്നു. "a pretty doll lost is a pretty doll lost" എന്ന് പറയുമ്പോള്‍ അത് ചെന്ന് കൊള്ളുന്നത് പ്രേക്ഷക ഹൃദയങ്ങളിലാണ്. കൈകുമ്പിളില്‍ നീലിമയുടെ മുഖമെടുത്ത്, ''നിന്നോളം ഞാന്‍ ആരെയും സ്‌നേഹിച്ചിട്ടില്ല, ഞാന്‍ നിന്നെ രക്ഷപ്പെടുത്തട്ടെ'' എന്ന് ചോദിക്കുമ്പോള്‍ മാത്യുവിന്റെ കണ്ണില്‍ നിന്ന് മാത്രമല്ല പ്രേക്ഷകന്റെ കണ്ണില്‍ നിന്നും കണ്ണീരൊഴുകുന്നു.
ക്രൈം ത്രില്ലര്‍ എന്നതിനപ്പുറം ഒരു ഇമോഷണല്‍ ത്രില്ലര്‍ ആണ് വില്ലന്‍. ഈ ലാലേട്ടന്‍ മാസ്സ് അല്ല, ക്ലാസ്സ് ആണ്!
0 comments