11 August Tuesday

ജീവിതം മണ്ടൻ തിരക്കഥയല്ല സർ ; നിങ്ങള്‍ക്ക് അറിയില്ലാത്ത വിഷയങ്ങള്‍ പറയാതിരിക്കുകയാണ് വേണ്ടത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന നടൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ ഡോക്ടർമാർ. ഒരു പത്രത്തിലെ എഡിറ്റോറിയൽ പേജിൽ നടൻ എഴുതിയ ലേഖനം ശുദ്ധ മണ്ടത്തരമാണെന്നാണ്‌ വിമർശനം. വൈറ്റമിൻ സി ഉത്തമമാണെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്‌ടർ പറഞ്ഞു എന്നാണ്  ‘മനുഷ്യൻ പഠിക്കാത്ത പാഠങ്ങൾ’ എന്ന ലേഖനത്തിൽ ശ്രീനിവാസൻ പറഞ്ഞുവയ്‌ക്കുന്നത്. യഥാർഥത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശമായിരുന്നു അത്‌. ഇതിനെതിരെ ഡോക്ടർ സൈബർ സെല്ലിൽ പരാതി നൽകി. എന്നാൽ, ഇതൊന്നും നടൻ അറിഞ്ഞിട്ടില്ല.

ശ്രീനിവാസന്റെ വാദങ്ങൾക്കെതിരെ ഡോ. പി എസ് ജിനേഷ്  രംഗത്തെത്തി;

മുമ്പൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് ശ്രീനിവാസൻ. അദ്ദേഹത്തിന് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടി. ഇദ്ദേഹമാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്ന്‌ ഡോക്ടർ ചൂണ്ടിക്കാട്ടി.

ലോകത്തില്‍ ആകെ മുക്കാല്‍ ലക്ഷത്തോളം പേര്‍ മരിച്ച അസുഖമാണ്. അതിനെ തടയാന്‍ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാള്‍ മണ്ടത്തരങ്ങള്‍ പറയുന്നത്… കഷ്ടമാണ്. നിങ്ങള്‍ക്ക് അറിയില്ലാത്ത വിഷയങ്ങള്‍ പറയാതിരിക്കുകയാണ് വേണ്ടത്‌. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ പണി വാങ്ങും. അപ്പോള്‍ ശ്രീനിവാസന്‍ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ. തനിക്ക് അസുഖം വരുമ്പോള്‍ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ സ്വീകരിക്കുന്ന ഒരാള്‍ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്നും ഡോ. ജിനേഷ് പറഞ്ഞു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top