07 June Sunday

വെെറസ്: നമ്മൾ അതിജീവിച്ച കഥ ‐ റിവ്യൂ

കെ എ നിധിൻ നാഥ്Updated: Saturday Jun 8, 2019

നിപായെ മലയാളി അതിജീവിച്ചത് ഒരു കൂട്ടായ്മയിലൂടെയാണ്. മലയാള സിനിമയിലെ ആധിപത്യങ്ങളെ അതിജീവിച്ചതും കൂട്ടായ്മകളിലൂടെയാണ്. സ്റ്റാർഡം നിയന്ത്രിച്ച മലയാള സിനിമയ്ക്ക് ബദലുകളുടെ ലോകത്തെ പരിച്ചയപ്പെടുത്തിയ ആ സംഘത്തിന്റെ ഭാ​ഗമായവരാണ് വെെറസ് ഒരുക്കിയത്. ആഷിക് അബു ഒരുക്കിയ ചിത്രത്തിൽ മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ. രാജീവ് രവിയും ഷെെജു ഖാലിദും ചേർന്ന് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ സാഹിർ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, ജോജു, സെന്തിൽ, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി,മഡോണ തുടങ്ങി അഭിനേതാക്കളുടെ വലിയ നിര. പുതിയകാല മലയാള സിനിമയിലെ പ്രതിഭകളുടെ ഒരു കൂട്ടമാണ് വെെറസിലുള്ളത്. ഇതിനൊപ്പം മലയാളിയുടെ അതിജീവനത്തിന്റെ അടയാളമായ നിപയുടെ ചലച്ചിത്ര ഭാഷ്യം. ഇങ്ങനെ കാത്തിരിക്കാനുള്ള പ്രതീക്ഷ ഉയർത്തിയാണ് ‍ചിത്രം എത്തിയത്.കോഴിക്കോ‌ട് ന​ഗരത്തിന്റെ ഏരിയൽ ഷോ‌ട്ടിലൂടെയാണ് ചിത്രം തുടങ്ങുന്നത്. രാജീവ് രവിയെന്ന ക്യാമറമാന്റെ ക്രാഫ്റ്റ് നിറഞ്ഞ് നിൽക്കുന്ന രം​ഗത്തിൽ നിന്ന് സിനിമ കോഴിക്കോട് മെഡിക്കൽ കോളേജിലെ പിരിമുറുക്കവും നിപ എങ്ങനെയാണ് നമ്മളെ മുൾമുനയിൽ നിർത്തിയതെന്നും കൃത്യമായി വരച്ചിടുന്നുണ്ട്. ത്രില്ലർ സ്വഭാവത്തിൽ തുടങ്ങുന്ന ചിത്രം പ്രേക്ഷകനിലേയ്ക്ക് ഭയം കൃത്യമായി എത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. വിഷ്വലുകളിൽ ഉപയോ​ഗിച്ചിട്ടുള്ള കടുത്ത നിറങ്ങൾ വിഷയത്തിന്റെ ​ഗൗരവം കൃത്യമായി പ്രേക്ഷകനിലേയ്ക്ക് സന്നിവേശിപ്പിക്കുന്നുണ്ട്.


സുഷിൻ ശ്യാമിന്റെ പശ്ചാത്തല സം​ഗീതം സിനിമയുടെ ടാ​ഗ് ലെെനായ ഫിയർ, ഫെെറ്റ് ,സർവെെവൽ എന്നതിനോട് നീതി പുലർത്തുന്നതാണ്. ദൃശ്യങ്ങളിലെ ഭീതിയും ആകാംഷയും നിരാശയുമെല്ലാം കൃത്യമായി എത്തുന്നുണ്ട്. വലിയ താര നിരയിൽ പ്രകടനം കൊണ്ട് തിളങ്ങുന്നത് സൗബിനും ശ്രീനാഥ് ഭാസിയുമാണ്. ശ്രീനാഥ് ഭാസിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി വിശേഷിപ്പിക്കാൻ കഴിയുന്നതാണ് വെെറസിലെ ജൂനിയർ ഡോക്ടർ ആബിദ്‌. കുമ്പളങ്ങി നൈറ്റ്‌സിൽനിന്ന്‌ വൈറസിലേക്ക്‌ എത്തുമ്പോൾ വളരെ പെട്ടെന്ന്‌ പൂർണതയുള്ള അഭിനേതാവായി മാറുകയാണ്‌ ശ്രീനാഥ്‌ ഭാസി. പതിവ് പോലെ തന്റെ കഥാപാത്രത്തെ പാർവതി കെെയടക്കത്തോടെ ചെയ്തിട്ടുണ്ട്.

മായനദിയെ ഏറെ ആസ്വാദ്യമാക്കിയ സബ്‌ പ്ലോട്ടുകളുടെ ഭംഗി വൈറസിലുമുണ്ട്‌. ആഷിക്‌ അബുവിന്റെ ക്രാഫ്‌റ്റ്‌ ഫീൽ ചെയ്യുന്നത്‌ അവിടെയാണ്‌. കൂട്ടിമുട്ടിക്കാൻ ഏറെ ആയാസകരമായ പോയിന്റുകൾ രണ്ടര മണിക്കൂറിൽ സിനിമയുടെ ഭംഗി ചോരാതെ അവതരിപ്പിക്കാൻ ആഷികിന്‌ കഴിഞ്ഞു. ഇടതടവില്ലാതെ സംഭാഷണങ്ങൾ കടന്നുവുന്ന ചിത്രത്തിൽ അതിന്റെ പേസ്‌ തീരുമാനിക്കുന്നത്‌ സുഷിൻ ശ്യാമിന്റെ പശ്‌ചാത്തല സംഗീതമാണ്‌. വിരസമായിപ്പോകുമായിരുന്ന ചിലയിടങ്ങൾ സംഗീതംകൊണ്ട്‌ മറികടക്കുന്നുണ്ട്‌. സിനിമയിൽ ഏറ്റവും ഭംഗിയായ ഭാഗം ടൈറ്റിലിലെ സംഗീതവും ക്യാമറയും സൈജു ശ്രീധരന്റെ എഡിറ്റിങ്ങുമാണ്‌.നിപാ കേരളത്തിൽ ഭീതി വിതച്ച് കടന്ന് പോയി കൃത്യം ഒരു വർഷം പിന്നിടുമ്പോഴാണ് ചിത്രം തിയേറ്ററിലെത്തിയത്. വീണ്ടും നിപയോട് കേരളം ജാ​ഗ്രതയോടെ നിൽക്കുന്ന കാലഘട്ടമെന്ന പ്രത്യേകതയും സിനിമയെത്തിയ കാലത്തിനുണ്ട്. യഥാർഥ സംഭവങ്ങള്‍ക്ക് സിനിമാറ്റിക്ക് ഭാവങ്ങൾ നൽകിയാണ് വെെറസ് ഒരുക്കിയത്. നിപായുടെ തുടക്കവും അത് എങ്ങനെയാണ് പടർന്നത് തുടങ്ങിയ വിവരങ്ങളും ജനപ്രിയ ഫോർമാറ്റിൽ പറയാനുള്ള ശ്രമമാണ് സിനിമ. ഇതിൽ വിജയിച്ചിട്ടുമുണ്ട് ആഷികും സംഘവും. സിനിമ ആവശ്യപ്പെടുന്ന ഫിക്‌ഷണൽ രീതിയോട് ചേർന്ന് പോകുന്ന സിനിമ ചിലയിടങ്ങളിൽ ഡോക്യുഫിക്‌ഷനായും മാറുന്നുണ്ട്. ഇത് ചിലപ്പോൾ കാഴ്ചയുടെ രസ ചരടിനെ ബാധിച്ചേക്കാം.യഥാർത്ഥ സംഭവ വികാസങ്ങളെ മുൻനിർത്തി ചെയ്യുന്ന സിനിമയെന്ന നിലയിലുണ്ടാവുന്ന വെല്ലിവിളിയെ ധെെര്യപൂർവം ഏറ്റെടുത്ത സിനിമ പക്ഷെ യാഥാർഥ്യങ്ങളെ കെെയടിക്കായി മാറ്റിയെഴുതിയപ്പോൾ ഉണ്ടായ ചില പ്രശ്നങ്ങൾ നേരിടുന്നു. കേരളം നിപയെ അതിജീവിച്ചത് ശെെലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ആരോ​ഗ്യ വകുപ്പും, പൊതുജനങ്ങളും രാഷ്‌ട്രീയ സംഘടനകളും നടത്തിയ കാര്യക്ഷമമായ ഇടപെടലുകളിലൂടെയാണ്. പേരാമ്പ്രയും കുറ്റ്യാടിയുമെല്ലാം അത്‌ നേരിട്ട്‌ അനുഭവിച്ചതാണ്‌. ആരോ​ഗ്യ വിദ​ഗ്ധരും, കോഴിക്കോടേയും, മലപ്പുറത്തെയും സാധാരണക്കാരായ മനുഷ്യർ മുതൽ സന്നദ്ധ പ്രവർത്തകരുടെ വരെയുള്ളവരുമുണ്ട് ആ പട്ടികയിൽ. എന്നാൽ പ്രധാനമായും ബ്യൂറോക്രാറ്റ്സിന്റെ മിടുക്കാണ് നിപ അതിജീവനമെന്ന് പറഞ്ഞ് വെയ്ക്കുമ്പോൾ അതിനോട് വിയോജിക്കേണ്ടിവരും. സമൂഹത്തിൻെറയല്ല, പകരം ഓഫീസ്‌ ലെവലിലുള്ളവരുടെ ഇടപെടലാണ്‌ തിരക്കഥാകൃത്തുക്കൾ ഫോക്കസ്‌ ചെയ്തത്.  കെെയടിയ്ക്ക് വേണ്ടി ടോവിനോയുടെ അഴിച്ചുവിട്ട ജോസഫ് അലക്സ് ശെെലിയും  സിനിമയിൽ മുഴച്ച് നിൽക്കുന്നുണ്ട്.ഇടം (space) എന്നത് വലിയൊരു രാഷ്ട്രീയമാണ്. മലയാള സിനിമയിൽ ഇടം തീരുമാനിക്കുന്ന അധികാര കേന്ദ്രങ്ങളിൽ നിന്ന് അത് പിടിച്ചെടുത്തവര്‍ നടത്തിയത്  ഒരു പോരാട്ടമായിരുന്നു. തൊഴിലിടത്തിന്റെ അതിജീവനമായിരുന്ന ആ പോരാട്ടത്തിൽ വിജയിച്ച ഒരു കൂട്ടത്തിന്റെ സിനിമയാണ് വെെറസ്. മലയാളിയുടെ അതിജീവനത്തിന്റെ അടയാളമായി ഉയർന്ന നിപeയെ ആസ്പദമാക്കിയ വെെറസ് ആ അതിജീവനത്തിനായി രക്തസാക്ഷിത്വം വരിച്ചവർക്കും അതിനായി പൊരുതിയവർക്കുള്ള സമർപ്പണമാണ്. മലയാള സിനിമയുടെ അതിജീവന പോരാളികളിൽ നിന്നാണ് ഇതുണ്ടാവുന്നതെന്നതാണ് ഇതിന്റെ കാവ്യനീതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top