24 April Wednesday

മുഴുവൻ അണിയറ ജോലികളും സ്‌ത്രീകൾ ചെയ്യുന്ന ആദ്യ മലയാള സിനിമ; ‘വയലറ്റ്സിന്‌' തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Mar 8, 2019

കൊച്ചി > മലയാളത്തിൽ ആദ്യമായി മുഴുവൻ അണിയറ ജോലികളും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന സിനിമയ്‌ക്ക്‌ തുടക്കമായി. ‘വയലറ്റ്സ്’ എന്ന്‌ പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വനിതാ ദിനത്തിൽ ഫേസ്‌ബുക്കിലൂടെ സാഹിത്യകാരി കെ ആർ മീരയാണ്‌ അറിയിച്ചത്‌.

പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. മുക്തദീദിചന്ദ് ആണ് സംവിധായിക. പ്രശസ്‌ത തിരക്കഥാകൃത്ത്‌ ടി ദാമോദരന്റെ കൊച്ചുമകളാണ്‌ മുക്ത. അമ്മ ദീദി ദാമോദരനും അച്ഛൻ പ്രേംചന്ദും സിനിമാ രംഗത്തുതന്നെയാണ്‌.  ദീദി ദാമോദരൻ തിരക്കഥാകൃത്താണ്‌. രഞ്ജിത്തിന്റെ ഗുൽമോഹർ, ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്‌പദമാക്കിയ ജോൺ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത്‌ ദീദിയാണ്‌. പ്രേംചന്ദ്‌ ആണ്‌ ജോണിന്റെ സംവിധായകൻ.

മലയാളത്തില്‍ ആദ്യമായി ഫാത്തിമ റഫീഖ് ശേഖർ തീം മ്യൂസിക് തയ്യാറാക്കുന്ന ചിത്രമാണിത്. പ്രശസ്‌ത നർത്തകി മല്ലിക സാരാഭായിയാണ് നൃത്ത സംവിധാനം. ദ്രുത പെൺ ബാന്റിന് നേതൃത്വം നൽകുന്ന ശിവപാർവ്വതി രവികുമാറാണ് സംഗീത സംവിധാനം. ബീനാപോൾ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും ദീദി ദാമോദരൻ രചനയും നിര്‍വഹിക്കും. ഗാനരചന – –വി എം ഗിരിജ , കലാസംവിധാനം– ദുന്ദു , വസ്ത്രാലങ്കാരം– ഡെബലീന ബേറ , മേക്ക് അപ്– അജ്ഞലി നായർ.

സീമ , സജിത മഠത്തിൽ , പ്രിയങ്ക , സരസ ബാലുശ്ശേരി , അർച്ചന പത്മിനി എന്നിവർക്കൊപ്പം രാമു , കൈലാഷ് , രജ്ഞിപണിക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഹരിഹരൻ ആദ്യമായി ഒരു പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തും.

മുക്തയുടെ ആദ്യ ഫീച്ചർ സിനിമാ സംരംഭമാണ് വയലറ്റ്സ്. കഴിഞ്ഞ തിരുവനന്തപുരം രാജ്യാന്തര ഹ്രസ്വ ചിത്ര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹധർമ്മിണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സുനന്ദ , കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തിൽ നടന്ന ഇരിക്കൽ സമരത്തെക്കുറിച്ചെടുത്ത റൈസ് എന്നീ ഡോക്യുമെന്‍ററികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെ സംവിധായികയാണ്. സുനന്ദ കൊൽക്കത്ത 2019 സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോൺ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണു മുക്ത.

 


പ്രധാന വാർത്തകൾ
 Top