23 November Saturday

വിനായകന്റെ കാല്‍നൂറ്റാണ്ട്; കാഴ്ച്ചപ്പാടുകള്‍ക്കപ്പുറത്തെ കാഴ്ച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019

സിനിമാനടനാകാനുള്ള പരീക്ഷയിൽ ജയിക്കാനുള്ള വിശേഷങ്ങളൊന്നുമില്ല വിനായകന്. സിനിമാതാരത്തെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാടിന്റെ പരിധിയിലൊന്നും കെട്ടിയിടാനാകാത്ത നടൻ പക്ഷേ സിനിമയിൽ ഇതാ കാൽനൂറ്റാണ്ട് തികയ്ക്കുന്നു. തമ്പി കണ്ണന്താനത്തിന്റെ മോഹൻലാൽ ചിത്രം മാന്ത്രിക(1995)ത്തിൽ സർക്കസ് സംഘത്തിന്റെ ജീപ്പിൽനിന്ന്‌ ചാടിയിറങ്ങി മൈക്കിൾ ജാക്സനെ പോലെ നൃത്തച്ചുവടുമായി വരുന്നതായിരുന്നു അരങ്ങേറ്റം. അക്കാലത്തെ "ബ്ലാക്ക് മെർക്കുറി' എന്ന നൃത്തസംഘത്തിലായിരുന്നു വിനായകൻ. ഫയർഡാൻസ് ആയിരുന്നു ഇഷ്ട ഇനം. മൈക്കിൾ ജാക്സൻ ഡ്യൂപ്പ് എന്ന കഥാപാത്രത്തിന് സിനിമയിൽ ഡയലോ​ഗ് ഒന്നുമുണ്ടായിരുന്നില്ല. നൃത്തവും അഭ്യാസപ്രകടനവുംമാത്രം. സിനിമയുടെ പര്യമ്പുറത്തുതന്നെയായിരുന്നു വിനായകന്റെ ജീവിതം പിന്നീട്. വിനായകന്റെ രൂപഭാവങ്ങൾ ഉള്ളവരെ 90കളിൽ സിനിമ കോമാളിത്തത്തിനും വില്ലത്തരത്തിനും മാത്രമാണ് ഉപയോ​ഗിച്ചിരുന്നത്.

ആദ്യകാലത്ത് ലഭിച്ച വേഷങ്ങളേറെയും അങ്ങനെയുള്ളതായിരുന്നു. ഒന്നുകിൽ നായകന്റെ ഇടികൊള്ളുന്ന ​ഗുണ്ട, അല്ലെങ്കിൽ കോമാളി. മലയാള സിനിമയിൽ പോയ ദശകത്തിൽ സംഭവിച്ച മാറ്റം വിനായകൻ എന്ന നടനിലാണ് ഏറ്റവും അർഥപൂർണമായത്. അമൽ നീരദ്, രാജീവ് രവി തുടങ്ങിയ സംവിധായകരാണ് വിനായകനിലെ അഭിനേതാവിനെ വെളിച്ചത്തിലേക്ക് നീക്കി നിർത്തിയത്. കമ്മട്ടിപ്പാടത്തിലെ ​ഗം​ഗ മലയാളത്തിലെ എക്കാലത്തെയും ഉജ്വലമായ പ്രകടനമായി. സിനിമയിൽ നായകൻ ദുൽഖർ സൽമാൻ ആണെങ്കിലും മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം വിനായകൻ നേടി. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനംചെയ്യുന്ന തൊട്ടപ്പനിലെ പ്രകടനവും ശ്രദ്ധേയം. കമൽ സംവിധാനംചെയ്യുന്ന  "പ്രണയമീനുകളുടെ കടൽ' ആണ് ഉടൻ പുറത്തിറങ്ങാനുള്ള വിനായകന്റെ ചിത്രം.  ഏറെക്കാലത്തിനുശേഷം ജോൺപോളും കമലും ഒന്നിക്കുന്ന ചിത്രത്തിൽ  കടലിൽ ഒറ്റയ്ക്ക് പോയി സ്രാവിനെ വേട്ടയാടുന്ന ഷുറാവ് ഹൈദ്രു എന്ന ഉജ്വലകഥാപാത്രത്തെയാണ്  അവതരിപ്പിക്കുന്നത്. കടലിന്റെ അടിയിലാണ് സിനിമയുടെ പ്രധാന രം​ഗങ്ങൾ ചിത്രീകരിച്ചത്. 

കമ്മട്ടിപ്പാടത്തിനുവേണ്ടി വിനായകൻ സം​ഗീതമൊരുക്കിയ പുഴുപ്പല്ലികൾഎന്ന ​ഗാനം പുതുതലമുറ ഏറ്റെടുത്തിരുന്നു. പുറത്തുവരാനുള്ള ഫഹദ് ചിത്രം ട്രാൻസിനുവേണ്ടിയും വിനായകൻ  ​​ഗാനം ഒരുക്കുന്നുണ്ട്. വയനാട് ചുരം നിർമാണത്തിനായി ജീവൻ ബലികൊടുക്കേണ്ടിവന്ന കരിന്തണ്ടൻ മൂപ്പനായി വിനായകൻ എത്തുന്ന ചിത്രവും പണിപ്പുരയിലാണ്. ​ഗൗതം വാസുദേവ് മേനോനും വിക്രവും ഒന്നിക്കുന്ന ധ്രുവനക്ഷത്രം എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രമായും വിനായകൻ എത്തും.


പ്രധാന വാർത്തകൾ
 Top