09 December Friday

വിജിലേഷിന്റെ വിശേഷങ്ങൾ

ഷംസുദ്ദീൻ കുട്ടോത്ത് kuttothshamsudheen@gmail.comUpdated: Sunday Oct 2, 2022

‘മഹേഷിന്റെ പ്രതികാരം’ സിനിമ കണ്ടവർക്കൊന്നും മറക്കാൻ കഴിയില്ല വിജിലേഷ്‌ കാരയാടിന്റെ ‘ന്താല്ലേ...’ എന്ന്‌ നിഷ്‌കളങ്കതയോടെ ചോദിക്കുന്ന ദുർബല കഥാപാത്രത്തെ. ഉത്സവപ്പറമ്പുകളിലെ നാടകങ്ങൾ കണ്ട്‌ അഭിനയത്തോട്‌ അഭിനിവേശം തുടങ്ങിയ ഈ കലാകാരൻ ഇതിനകം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. കൈനിറയെ സിനിമകളാണ്‌ ഇപ്പേൾ വിജിലേഷിന്‌. തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ‘കൊത്ത്‌’ എന്ന ചിത്രത്തിലെ അജി എന്ന കഥാപാത്രത്തിന്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. ചലച്ചിത്രരംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പേരാണ്‌ ദിവസവും അഭിനന്ദിക്കാൻ വിളിക്കുന്നത്‌. ചന്ദ്രൻ നരിക്കോട്‌ സംവിധാനം ചെയ്‌ത്‌ വിജിലേഷ്‌ നായകനായി അഭിനയിച്ച ‘സ്‌റ്റേറ്റ്‌ ബസ്‌’ തിയറ്ററുകളിൽ എത്തിയത്‌ സന്തോഷം ഇരട്ടിയാക്കുന്നു. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്‌ത‘ഓളവും തീരവും’ ഉൾപ്പെടെ പത്തോളം ചിത്രങ്ങളാണ്‌ പുറത്തിറങ്ങാനുള്ളത്‌. കലി, ഗപ്പി, വിമാനം, വരയത്തൻ, അലമാര, ആഭാസം, ചെമ്പരത്തിപ്പൂ, വരത്തൻ, കപ്പേള, പീസ്‌, ഉപചാരപൂർവം ഗുണ്ടാജയൻ... തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. വിജിലേഷ്‌ തന്റെ പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

കൊത്ത്‌

സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ അജി എന്ന എന്റെ കഥാപാത്രത്തെക്കുറിച്ച്‌ നല്ലത്‌ കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ഒരുപാട്‌ പേർ പടം കണ്ട്‌ ദിവസവും വിളിക്കുന്നുണ്ട്‌. ഞാൻ ജനിക്കും മുമ്പ്‌ വൻ ഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്‌ത സംവിധായകനാണ്‌ സിബി മലയിൽ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ്‌ ഞാൻ ഉൾപ്പെടുന്ന തലമുറ വളർന്നത്‌. അദ്ദേഹത്തോടൊപ്പമൊക്കെ വർക്ക്‌ ചെയ്യാൻ കഴിയുമെന്ന്‌ സ്വപ്‌നത്തിൽപോലും വിചാരിച്ചില്ല. അതിന്റെ ത്രില്ല്‌ മാറിയിട്ടില്ല. പിന്നെ സംവിധായകൻ രഞ്ജിത്ത്‌ പടം നിർമിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്‌തപ്പോൾ കിട്ടിയ ഊർജം ചെറുതല്ല. ആസിഫ്‌ അലി, റോഷൻ മാത്യു, നിഖില വിമൽ, അതുൽ റാം എന്നിവരെല്ലാം ഒന്നിച്ചുള്ള ടീം വർക്ക്‌ രസകരമായിരുന്നു.

ഓളവും തീരവും

എംടി തിരക്കഥ എഴുതി പി എൻ മേനോൻ സംവിധാനം ചെയ്‌ത ‘ഓളവും തീരവും’ എന്ന സിനിമ പ്രിയദർശൻ വീണ്ടും സംവിധാനം ചെയ്‌ത് പുറത്തിറക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്‌. പുതിയ കാലത്ത്‌ പുറത്തിറങ്ങുന്ന ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ സിനിമയാണ്‌ എന്ന പ്രത്യേകതയുമുണ്ട്‌. ആലുംമൂടൻ അവതരിപ്പിച്ച നാരായണൻ എന്ന കഥാപാത്രത്തെയാണ്‌ പുതിയ പടത്തിൽ ഞാൻ അവതരിപ്പിക്കുന്നത്‌. മോഹൻലാൽ എന്ന ലജന്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും വലിയ കാര്യമായി കാണുന്നു. സന്തോഷ്‌ ശിവൻ, സാബു സിറിൽ തുടങ്ങിയ ഇന്ത്യൻ സിനിമയിലെ പ്രമുഖരെല്ലാം ഈ ചിത്രത്തിന്റെ പിന്നണിയിലുണ്ട്‌. ഒപ്പം അഭിനയിക്കുന്നവരെ നന്നായി സപ്പോർട്ട്‌ ചെയ്യുന്ന മഹാനായ നടനാണ്‌ മോഹൻലാൽ. അദ്ദേഹം അഭിനയിക്കുന്നത്‌ നേരിട്ട്‌ കാണാൻ കഴിഞ്ഞതും ഭാഗ്യമാണ്‌. എംടിയുടെ എൺപത്തി ഒമ്പതാം പിറന്നാൾ ആഘോഷിച്ചത്‌ തൊടുപുഴയിലെ ഞങ്ങളുടെ സെറ്റിൽ വച്ചായിരുന്നു.

പഠനകാലം

പ്ലസ്‌ടു കഴിഞ്ഞ ശേഷം കാലടി സംസ്‌കൃത സർവകലാശാലയിലായിരുന്നു തുടർ പഠനം. കൊയിലാണ്ടി സെന്ററിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ നിരവധി നാടകങ്ങൾ ചെയ്‌തിട്ടുണ്ട്‌. അധ്യാപകനും സംവിധായകനുമായ എം കെ സുരേഷ്‌ബാബുവിന്റെ കീഴിൽ നിരവധി നാടകങ്ങൾ അരങ്ങിലെത്തിക്കാൻ കഴിഞ്ഞു. അധ്യാപകനും എഴുത്തുകാരനുമായ അന്തരിച്ച പ്രദീപ്‌ പാമ്പിരികുന്ന്‌ രചിച്ച‘ഉടൽ’ എന്ന നാടകം അന്ന്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീഷ്‌ പോത്തന്റെ സീനിയറായി കാലടി യൂണിവേഴ്‌സിറ്റിയിൽ തിയറ്ററിൽ പിജി ചെയ്‌ത വിജിലേഷ്‌ നിരവധി നാടകങ്ങളിലും അഭിനയിച്ചി ട്ടുണ്ട്‌. സുനിൽ പി ഇളയിടം അധ്യാപകനാണ്‌. ജയപ്രകാശ്‌ കൂളൂർ, ജോയ്‌മാത്യു എന്നിവരുടെയെല്ലാം നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്‌.

രാഷ്‌ട്രീയം, കൃഷി, കുടുംബം

സിനിമാക്കാർ ഉൾപ്പെടെ പുതിയ തലമുറയിലെ പലരും സ്വന്തം രാഷ്‌ട്രീയം തുറന്നു പറയുന്നവരാണ്‌. നമ്മുടെ നിലപാടാണല്ലൊ നമ്മുടെ രാഷ്‌ട്രീയം. കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്നു. അച്ഛൻ കുഞ്ഞിരാമൻ കോഴിക്കോട്‌ പേരാമ്പ്രയ്‌ക്ക്‌ കാരയാട്‌ ക്ഷേത്രത്തിനടുത്ത്‌ പലചരക്ക്‌ കച്ചവടം നടത്തുന്നുണ്ട്‌. പഴയ അറപ്പീടികയാണ്‌. അവിടെയിരുന്നാണ്‌ രാഷ്ട്രീയം ഏറെക്കുറേ പഠിച്ചത്‌. അവിടെ വച്ച്‌ പല തരത്തിലുള്ള മനുഷ്യരെ കാണാനും ഇടപെടാനും കഴിയാറുണ്ട്‌. അവിടെ വന്നിരിക്കുന്നവരെ നിരീക്ഷിക്കാറുണ്ട്‌. എന്റെ അഭിനയത്തിന്റെ സ്‌കൂൾ എന്ന്‌ വേണമെങ്കിൽ അച്ഛന്റെ കടയെ വിശേഷിപ്പിക്കാം. വീട്ടിലുള്ളവർ കൃഷിയോട്‌ താൽപ്പര്യമുള്ളവരാണ്‌. ഓരോ സീസണിലും പലതരം കൃഷികൾ ചെയ്യാറുണ്ട്‌. അമ്മ വൽസല. ഏട്ടൻ രജിലേഷ്‌ നാടൻ പണിക്ക്‌ പോകുന്നു. ഭാര്യ: സ്വാതി. മകൻ ഏദൻ.

പുതിയ ചിത്രങ്ങൾ

പടച്ചോനേ ഇങ്ങള്‌ കാത്തോളീ, അപ്പൻ, കൊറോണ ജവാൻ, വോയ്‌സ്‌ ഓഫ്‌ സത്യനാഥൻ തുടങ്ങിയ ചിത്രങ്ങൾ റിലീസാകാനുണ്ട്‌. പ്രിയദർശൻ ഉൾപ്പെടെയുള്ള സംവിധായകരുടെ സിനിമകളിലാണ്‌ ഇനി അഭിനയിക്കാനുള്ളത്‌. ചില സിനിമകളുടെ ചർച്ചകളും നടക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top