19 May Sunday

ഞാൻ സംവിധാനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

ചുരുങ്ങിയ നാളുകൾക്കുള്ളിൽ മലയാളത്തിൽപോലും പ്രേക്ഷകരെ നേടിയെടുത്ത തെലുങ്കുനടനാണ‌് വിജയ‌് ദേവരകൊണ്ട. വിരലിലെണ്ണാവുന്ന ചിത്രങ്ങളേ വിജയ‌് ചെയ‌്തിട്ടുള്ളൂ. മിക്കതും സൂപ്പർഹിറ്റ‌്. ഇപ്പോഴിതാ താരം സംവിധാനത്തെക്കുറിച്ചാണ‌് പറയുന്നത‌്. മുമ്പ‌് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും താരംതന്നെ സ്ഥിരീകരണം നൽകുന്നത‌് ഇതാദ്യമാണ‌്. ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ‌് ഇക്കാര്യം വ്യക്തമാക്കിയത‌്.

""എനിക്ക‌് സംവിധാനംചെയ്യാൻ ആഗ്രഹമുണ്ട‌്‌. പക്ഷെ ഇപ്പോൾ ഞാൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ‌്. അതിൽനിന്ന‌് ഫ്രീയായാൽ സംവിധാനത്തെക്കുറിച്ച‌് ഗൗരവമായി ആലോചിക്കും. അതത്ര വിദൂരമല്ല, മിക്കവാറും അടുത്തവർഷം തന്നെ. ഏറിയാൽ അതിനടുത്ത വർഷം ഞാൻ സംവിധാനംചെയ്യും''. –- വിജയ‌് ദേവരകൊണ്ട പറയുന്നു.

മെഗാഹിറ്റ‌് ചിത്രമായ ഗീതാഗോവിന്ദം റിലീസ‌് സമയത്തുതന്നെ വിജയ‌് സംവിധാനരംഗത്തേക്ക് കടക്കുന്നതായ വാർത്തകളുണ്ടായിരുന്നു. ഇതിനിടെ താരം നിർമാണരംഗത്തേക്കും കടന്നു. തന്നെ ആദ്യമായി നായകനാക്കി ചെയ‌്ത പെല്ലി ചൂപ‌്‌ലുവിന്റെ സംവിധായകൻ തരുൺ ഭാസ‌്കറിനുവേണ്ടിയാണ‌് നിർമാതാവാകുന്നത‌്.
ജൂലൈ 26ന‌് റിലീസാകാനിരിക്കുന്ന ഡിയർ കൊമ്രേഡ‌് ആണ‌് വിജയ‌് ദേവരകൊണ്ടയുടെ അടുത്ത ചിത്രം. തെലുങ്ക‌്, കന്നഡ, മലയളം പതിപ്പുകളിലായിറങ്ങുന്ന കൊമ്രേഡിന്റെ ട്രെയിലറിനടക്കം വൻ സ്വീകരണമാണ‌് ലഭിച്ചത‌്. ഗീതാഗോവിന്ദത്തിനുശേഷം രഷ‌്മിക മന്ദാനയും ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത‌്.

നുവ്വില, ലൈഫ‌് ഇസ‌് ബ്യൂട്ടിഫുൾ, യേവഡെ സുബ്രഹ‌്മണ്യം എന്നീ ചിത്രങ്ങളിലെ ചെറുവേഷങ്ങളിലാണ‌് വിജയ‌് സിനിമയിലെത്തിയത‌്. പെല്ലി ചൂപ‌്‌ലുവിൽ നായകനായി. അർജുൻ റെഡ്ഡി മിക്ക ഭാഷകളിലും ബംബർ ഹിറ്റായി. തുടരെ ഇറങ്ങിയ മഹാനടി, ഗീതാഗോവിന്ദം, നോട്ട എന്നിവയും സൂപ്പർ വിജയമായിരുന്നു.

സാമൂഹികപ്രതിബദ്ധത കൂടി കൈമുതലായുള്ള വിജയ‌് കേരളത്തിൽ പ്രളയക്കെടുതിയുണ്ടായപ്പോൾ തെലുങ്കിൽ നിന്നും ആദ്യ സഹായമെത്തിക്കുകയും ചെയ‌്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് അഞ്ചുലക്ഷം രൂപയാണ‌് അദ്ദേഹം നൽകിയത‌്.


പ്രധാന വാർത്തകൾ
 Top