20 October Tuesday

വിധു സംഘടനയെ സമ്മർദത്തിലാക്കിയെന്ന്‌ ഡബ്ല്യുസിസി; ചർച്ചയ്‌ക്കുള്ള സാധ്യത ഇല്ലാതാക്കിയത്‌ നിർഭാഗ്യകരം

സ്വന്തം ലേഖകൻUpdated: Friday Sep 11, 2020

കൊച്ചി > സ്വന്തം സിനിമയ്‌ക്കുവേണ്ടി സംവിധായിക വിധു വിൻസന്റ്‌ സംഘടനയെ സമ്മർദത്തിലാക്കിയെന്ന്‌ മലയാളസിനിമയിലെ വനിതാ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കലക്‌ടീവ്‌ (ഡബ്ല്യുസിസി). വിധു സംവിധാനം ചെയ്‌ത ‘സ്‌റ്റാൻഡ്‌ അപ്പ്‌’ എന്ന സിനിമയുടെ നിർമാണത്തിൽ ഡബ്ല്യുസിസിയുടെ വിമർശകരിലൊരാൾ സഹകരിച്ചത്‌ സംഘടനയ്‌ക്കുള്ളിലും പുറത്തും ചർച്ചയായിരുന്നു. ഇതേത്തുടർന്ന്‌ വിധു വിൻസന്റ്‌ ഡബ്ല്യുസിസിയിൽനിന്ന്‌ രാജിവച്ചു. രാജി സ്വീകരിച്ച്‌ ഡബ്ല്യുസിസി പുറത്തിറക്കിയ കുറിപ്പിലാണ്‌ അവരുടെ ആരോപണങ്ങൾക്ക്‌ വിശദമായ മറുപടിയുള്ളത്‌. ജൂലൈ ആറിനാണ്‌ വിധു വിൻസന്റ്‌ രാജിക്കത്ത്‌ അയച്ചത്‌.

സംഘടനയെ വിമർശിക്കുന്നവർക്കൊപ്പം അംഗങ്ങൾ സിനിമാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെന്നും അവരൊന്നും അതിനെ കൂട്ടായ്‌മയുമായി ബന്ധപ്പെടുത്താറില്ലെന്നും ഡബ്ല്യുസിസി കുറിപ്പിൽ പറഞ്ഞു. എന്നാൽ, ഡബ്ല്യുസിസിയുടെ സ്ഥാപകാംഗമായ വിധു വിൻസന്റ്‌ സ്വന്തം സിനിമയായ ‘സ്‌റ്റാൻഡ്‌ അപ്പ്‌’ നിർമാണത്തെ മലയാളസിനിമയിലെ വനിതാ കൂട്ടായ്‌മയുമായി അനാവശ്യമായി ബന്ധിപ്പിച്ചത്‌ തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയാക്കി. ഡബ്ല്യുസിസിയെ വിമർശിക്കുന്ന ഒരാൾ സഹകരിക്കുന്നു എന്ന വാർത്തയോട്‌ സംഘടന മൗനംപാലിക്കുകയായിരുന്നു. ഇക്കാര്യം മാനേജിങ് കമ്മിറ്റി ചർച്ച ചെയ്‌തിരുന്നു. യോഗം അറിയിച്ചിട്ടും വിധു പങ്കെടുത്തില്ല. അംഗങ്ങളുടെ അഭിപ്രായം ഇ മെയിലിൽ നൽകിയെങ്കിലും വിധു പ്രതികരിച്ചുമില്ല്ല. തുടർന്ന്‌ സിനിമയുടെ ഓഡിയോ ലോഞ്ചിങ് നടക്കുമ്പോൾ സംഘടനയെക്കുറിച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരാമർശങ്ങൾ വിധുവിന്റെ ഭാഗത്തുനിന്നുമുണ്ടായി. സംഘടനയെ വിശ്വാസത്തിലെടുക്കാതെ സ്വന്തം സിനിമയുടെ കാര്യത്തിന്‌ അവർ ഡബ്ല്യുസിസിയെ സമ്മർദത്തിലാക്കി. സിനിമ റിലീസ്‌ ചെയ്യുമ്പോഴും അവരിൽനിന്ന്‌ ഇത്തരം പരാമർശമുണ്ടായി.

‘സ്‌റ്റാൻഡ്‌ അപ്പ്‌’ സിനിമയുടെ നിർമാണസമയത്തെല്ലാം വിധു സംഘടനയിൽനിന്ന്‌ അകലം പാലിച്ചു. സംഘടന പ്രതീക്ഷിച്ച പരസ്‌പരബഹുമാനവും കരുതലും അവരിൽനിന്ന്‌ ഉണ്ടായില്ലെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തുന്നു. വിധുവിന്റെ കത്തിലെ വ്യക്തിപരമായ ആരോപണങ്ങൾക്ക്‌ ബന്ധപ്പെട്ടവർ മറുപടി നൽകുമെന്നും ഡബ്ല്യുസിസി പറഞ്ഞു. പ്രശ്‌നത്തിൽ ചർച്ചയ്‌ക്കുള്ള സാധ്യത ഇല്ലാതാക്കിയത്‌ നിർഭാഗ്യകരമാണെന്നും ഒരുകൂട്ടം സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രയത്നത്തിന്റെയും ഫലത്തെ സ്ഥാപകാംഗമായ വിധു അനാസ്ഥയോടെയാണ്‌  കൈകാര്യം ചെയ്‌തതെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top