09 August Sunday

നല്ല സിനിമയും പാര്‍വതിയും ഉയരെ പറക്കട്ടെ

കെ എ നിധിന്‍ നാഥ്Updated: Saturday Apr 27, 2019

എനിക്ക് ഞാനാവണം
നീ ആഗ്രഹിക്കുന്ന ഞാനല്ല
ഞാന്‍ ആഗ്രഹിക്കുന്ന ഞാനാവണം

ഉയരെയുടെ സുപ്രധാന രംഗത്ത് പാര്‍വതിയുടെ പല്ലവി രവീന്ദ്രന്‍ ആസിഫ് അലിയുടെ ഗോവിന്ദിനോട് പറയുന്ന സംഭാഷണമാണിത്. കേവലം ഒരു സിനിമ ഡയലോഗ് എന്നത്തിനപ്പുറം ആണാധിപത്യ സമൂഹത്തില്‍ പല സ്ത്രീകളും പറയാനാഗ്രിച്ച വാക്കുകളാണിത്. മലയാള സിനിമ അനിവാര്യമായ കാലഘട്ട മാറ്റത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ഉയരെ ഒരു നാഴിക കല്ലാണ്. 14 വയസ് മുതല്‍ പൈലറ്റാവുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നതിന്റെ പടിവാതിലില്‍ നിന്ന് ആസിഡ് ആക്രമണത്തിന് ഇരയാവുന്ന പല്ലവി. അവളുടെ പിന്‍മാറാന്‍ ഒരുക്കമല്ലാതെ പൊരുത്തുന്ന അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യമാണ് നവാഗതനായ മനു അശോകന്റെ ഉയരെ. അഞ്ജലി മേനോന്‍ ചിത്രം കൂടെയ്ക്ക് ശേഷം പാര്‍വതി അഭിനയിക്കുന്ന ചിത്രം. ടോവിനോ, ആസിഫ് അലി, സിദ്ദിക്ക് തുടങ്ങിയ വലിയ താര നിരയുള്ള ചിത്രം പ്രഖ്യാപിച്ചത് മുതല്‍ സിനിമ പ്രേമികള്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മലയാള സിനിമയുടെ പുതുമാറ്റങ്ങളെയും മികവുകളെയുമെല്ലാം പിന്നോട്ട് അടിപ്പിക്കുന്ന, അപകടകരമായി ആരാധന മാറിയതിന്റെ പ്രത്യക്ഷ ഇരയാണ് പാര്‍വതിയെന്ന നടി.  അതിനെയെല്ലാം പൊരുതി അതിജീവിക്കുന്ന പാര്‍വതി ചിത്രമെന്ന നിലയില്‍ തന്നെ പുരോഗമന സമൂഹത്തിന്റെ പിന്തുണ ഈ  ചിത്രം അര്‍ഹിക്കുന്നുണ്ട്. പ്രണയം നിരസിക്കപ്പെട്ടാല്‍ പ്രതികരണം മുഖത്ത് വീഴുന്ന ആസിഡും സമൂഹമാധ്യമങ്ങളിലെ വെര്‍ബല്‍ റേപ്പും, അധിക്ഷേപവും സമൂഹത്തില്‍ സാധാരണമായ കാലത്ത് ഉയരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. അത് കൊണ്ട് തന്നെ രണ്ട് മണിക്കൂറിന്റെ സിനിമ കാഴ്ചയ്ക്ക് അപ്പുറം ചിത്രം പ്രേക്ഷനൊപ്പം തിയേറ്ററില്‍ നിന്ന് ഒപ്പം വരുന്നത് ചില പൊള്ളിയ്ക്കുന്ന യാഥാര്‍ഥ്യമാണ്.

പല്ലവിയുടെ കുട്ടിക്കാലം മുതല്‍ ആസിഡ് ആക്രമണത്തിന് ഇരയായതിന് ശേഷം പല്ലവി കടന്ന് പോകുന്ന പ്രതിസന്ധികളും അതിനെതിരെ അവള്‍ നടത്തുന്ന അതിജീവന പോരാട്ടങ്ങളുമാണ് ചിത്രം. ആസിഡ് ആക്രമണം നടത്തിയ വേട്ടക്കാരന് കിട്ടുന്ന ആനുകൂല്യം പോലും ഇരയ്ക്ക് കൊടുക്കാത്ത സമൂഹത്തിന്റെ വിവേചനവും പല്ലവി കടന്ന് പോകുന്ന മാനസിക സമര്‍ദ്ദങ്ങളുമെല്ലാം ചിത്രം കൃത്യമായ ഒരു പക്ഷത്ത് നിന്നാണ് കഥ പറയുന്നത്. സ്ത്രീ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ പാര്‍വതിയുടെ മികച്ച പ്രകടനത്തിന്റെ നേര്‍ സാക്ഷ്യമാണ്. പല്ലവിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം പക്ഷെ പല തലങ്ങളില്‍ സഞ്ചരിക്കുന്നുണ്ട്. അതിനൊപ്പം വരുന്ന എല്ലാ കഥാപാത്രങ്ങളും പല്ലവിയുമായി കോര്‍ത്തിണക്കിയാണ് ബോബി- സഞ്ജയ് ടീം തിരക്കഥ ഒരിക്കിയിട്ടുള്ളത്. പാര്‍വതി- സിദ്ദിക്ക്, പാര്‍വതി- ആസിഫ അലി, പാര്‍വതി- ടോവിനോ, പാര്‍വതി- അനാര്‍ക്കലി മരിയ്‌‌ക്കാര്‍ എന്നിങ്ങനെ വിവിധ ആളുകളുമായി പല്ലവിയുടെ വിവിധ തലങ്ങളിലുള്ള സൂക്ഷമമായ ബന്ധങ്ങളുടെ ഇഴഅടുപ്പം കൂടിയാണ് ചിത്രം.പാര്‍വതിയെന്ന നടിയുടെ പ്രകടന ചിറക്കിലേറി പറക്കുന്ന ഉയരെയില്‍ പല്ലവിയുടെ കഥാപാത്രം പല പാളികളുള്ളതാണ്. ഇടുന്ന വസ്ത്രത്തിനെ കുറിച്ച് പോലും കാമുകന്റെ അഭിപ്രായം തേടുന്ന പല്ലവിയില്‍ തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് ഏക പ്രതീക്ഷയായ ജോലി പോലും ഉപേക്ഷിച്ച് പ്രതികരിക്കുന്ന പല്ലവിയിലാണ്. രണ്ട് തലങ്ങളിലേയ്ക്ക് മാറുന്ന പല്ലവിയെ അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് പാര്‍വതി മികവുറ്റത്താക്കുന്നുണ്ട്. നല്ല കാമുകിയാവാന്‍ ഉപദേശം നല്‍ക്കുന്ന ടിക് ടോക്കാനാധര സമൂഹത്തില്‍ ഉയരെ ഉയരത്തില്‍ നില്‍ക്കുന്നത് ഒഴുക്കിനെതിരെ നീന്തുന്ന നിലപാടുകള്‍ നിറഞ്ഞ സിനിമയാവുന്നത് കൊണ്ട് കൂടിയാണ്. നായകന്‍ ചെയ്യുന്ന ക്രൈമുകള്‍ക്ക് ഹീറോ പരിവേഷം കൊടുക്കുന്ന കൈയടി കിട്ടുന്ന പതിവ് സിനിമ ഫോര്‍മുല ഇവിടെ അന്യമാണ്.

നിലപാട് പറഞ്ഞതിന്റെ പേരില്‍ കൈയടിയ്ക്ക് പകരം അസഭ്യ വര്‍ഷവും ബഹിഷ്‌കരണ ആഹ്വാനവുമെല്ലാം നേരിട്ട നടിയാണ് പാര്‍വതി. പാര്‍വതിയുടെ മലയാള സിനിമ കരിയറിലെ സംഭവ വികാസങ്ങളോട് ഏറെ സാമ്യമുള്ള കഥാപാത്രമാണ് പല്ലവി. ആദ്യ ശ്രമത്തില്‍ സുരക്ഷിത സിനിമ എന്ന ചിന്ത ഉപേക്ഷിച്ച് അതിജീവന കഥ വ്യവ്യസ്ഥയോട് പൊരുത്തുന്ന പാര്‍വതിയെ നായകയാക്കി ഒരുക്കിയ മനു അശോക്  ചലച്ചിത്ര മികവിനും നിലപാടിനും കൈയടി അര്‍ഹിക്കുന്നുണ്ട്.

പല്ലവിയുടെ അതിജീവനകഥയ്ക്ക് താളമാവുന്നത് മഹേഷ് നാരായണന്റെ ചിത്രസംയോജനമാണ്. ഭയവും സന്തോഷവും പ്രതീക്ഷയും ദേഷ്യവും പ്രണയവുമെല്ലാം രംഗത്തിന് ആവശ്യമായ രീതിയില്‍ ഫ്രെയിമുകള്‍ ഒരുക്കിയ മുകേഷ് മുരളീധരന്റെ രംഗങ്ങള്‍ പ്രേക്ഷകന്റെ മനസില്‍ സ്ഥാനം നല്‍കുന്നത് മഹേഷ് നാരായണനാണ്. വൈകാരിക പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പക്ഷെ അതി വൈകാരികമായി പോകാതെ  സര്‍വൈവല്‍ ത്രില്ലറായി നിലനിര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

നിലപാട് പറയുന്ന സ്ത്രീയെ ഫെമിനിച്ചിയും തെറിവിളിയുമായി നേരിട്ടുന്ന സമൂഹത്തിന്റെ പൊതുബോധത്തിന് സോഷ്യല്‍ മീഡിയ കാലത്ത് കിട്ടുന്ന പിന്തുണ വലുതാണ്.ശാരീരികവും മാനസികവുമായി അക്രമണങ്ങളിലൂടെ ഇവരെ കീഴ്‌പെടുത്താന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ ഉയരെ പോലെയുള്ള സിനിമകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. തഴച്ച് വളര്‍ന്ന വ്യവ്യസ്ഥയിലെ അപനിര്‍മിതികള്‍ തകര്‍ക്കാന്‍ ഉയരെ പോലെയുള്ള സിനിമകള്‍ ഉയര്‍ന്നുവരണം. മാറുന്ന സിനിമകാലഘട്ടത്തിന്റെ അടയാളമായി  ഉയരെയും പാര്‍വതിയെ പോലെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഉയരെ പറക്കട്ടെ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top