25 May Saturday

ആൻഡ‌് ദി ഓസ‌്കർ ഗോസ‌് ടു... ടൊവിനോ തോമസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 26, 2019

കഴിഞ്ഞവർഷം ടൊവിനോ തോമസിന്റേതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. 2019 ന്റെ ആദ്യമിറങ്ങിയ തമിഴ‌് ചിത്രം മാരി 2 വും മികച്ച വിജയം നേടി. തീവണ്ടി, കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര‌്... എന്നിങ്ങനെ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റായി. ഈവർഷത്തെ ഓസ‌്കർ പുരസ‌്കാര പ്രഖ്യാപനവേളയിൽ ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറങ്ങി. ഓസ്‌കർ പുരസ്‌കാര വേദിയിൽ ടൊവിനോ ഇരിക്കുന്ന പോസ‌്റ്റർ ആദ്യം കണ്ടവർ ഒന്നുഞെട്ടി. പുരസ‌്കാര പ്രഖ്യാപനം ആകാംക്ഷയോടെ കേട്ടിരിക്കുന്ന ടൊവിനോയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. എന്നാൽ, പത്തേമാരിക്കുശേഷം സലിം അഹമ്മദ‌് സംവിധാനംചെയ്യുന്ന സിനിമയുടെ പോസ്റ്ററാണ‌് ആശയക്കുഴപ്പമുണ്ടാക്കിയത‌്. ചിത്രത്തിന്റെ പേരും ബഹുരസമാണ‌്, ആൻഡ‌് ദി ഓസ‌്കർ ഗോസ‌് ടു.. !

വള്ളംകളി പ്രമേയമാക്കിയുള്ള ടൊവിനോ തോമസിന്റെ പുതിയ ചിത്രവും അണിയറയിലാണ‌്. ആരവം എ‌ന്നുപേരിട്ട ചിത്രം നവാഗതനായ ജിത്തു അഷ‌്റഫ‌ാണ‌് സംവിധാനം ചെയ്യുന്നത‌്. ജോജുവിനെവച്ച‌് സൂപ്പർഹിറ്റ‌ായ ജോസഫ‌് സിനിമ എഴുതിയ ഷാഹി കബീർ ആണ‌് തിരക്കഥയൊരുക്കുന്നത‌്. ചുണ്ടൻവള്ളം ഓർമിപ്പിക്കുന്ന ചിത്രത്തിന്റെ പോസ‌്റ്റർ തന്നെ ഇത‌് സൂചിപ്പിക്കുന്നു.

ആരവത്തിന്റെ അണിയറയിലും മികച്ച ടീമാണുള്ളത‌്. ആമേൻ, മോസയിലെ കുതിരമീനുകൾ എന്നീ ചിത്രങ്ങളിൽ ദൃശ്യവിസ‌്മയം തീർത്ത അഭിനന്ദൻ രാമാനുജനാണ‌് ക്യാമറ.

ഓസ‌്കറിൽ സിനിമാസംവിധായകനായാണ‌് ടൊവിനോ എത്തുന്നത‌്. പത്രപ്രവർത്തകയായി നായിക അനു സിത്താരയും. സിദ്ദിഖ്, സലിംകുമാർ, ശ്രീനിവാസൻ, ലാൽ, അപ്പാനി ശരത്‌ എന്നിവരാണ്    മറ്റ് പ്രധാന ഓസ‌്കർതാരങ്ങൾ. ലൂസിഫർ, കൽക്കി, വൈറസ‌് എന്നിവയാണ‌് ടൊവിനോയുടെ അടുത്തിറങ്ങാനുള്ള സിനിമകൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top