22 July Monday

കല്‍ക്കി എന്ന വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

കൊച്ചി>തിരക്കിൽ നിന്നും തിരക്കിട്ട് തിരക്കിലേക്ക് നീങ്ങുന്ന സ്വപ്‌നയാത്രയിലാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ്. ടൊവിനോയുടെ എട്ടു സിനിമകളാണ് പോയവർഷം റിലീസ് ചെയ്തത്. നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം മികച്ച കഥാപാത്രങ്ങൾക്ക് പുറകേയാണ് താരം.

ആഗസ‌്തിൽ റിലീസ് പ്രതീക്ഷിക്കുന്ന ടൊവിനോ ചിത്രം കൽക്കി കഴിഞ്ഞദിവസം ചിത്രീകരണം പൂർത്തിയാക്കി. തീവണ്ടി ഫെയിം സംയുക്ത മേനോൻ നായികയാകുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് ടൊവിനോ എത്തുന്നത്. ചലച്ചിത്രജീവിതത്തിലെ ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രമായിരുന്നു കൽക്കിയിലേതെന്ന് ടൊവിനോ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു.

മമ്മൂട്ടിയുടെ ഐതിഹാസിക പൊലീസ് കഥാപാത്രമായ ഇൻസ‌്പെക്ടർ ബൽറാമിനെ അനുസ്മരിപ്പിക്കുന്ന വേഷമാണ‌് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്. പൊലീസ് ഗറ്റപ്പിലെത്താൻ ശാരീരികമായ വലിയ തയ്യാറെടുപ്പുകളും താരം നടത്തി. എസ്ര, തരംഗം എന്നീ ചിത്രങ്ങളിൽ ടൊവിനോ പൊലീസ് വേഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും കൽക്കി.

ഈ വർഷം ഇതുവരെ ടൊവിനോയുടെ രണ്ടു ചിത്രങ്ങൾ ഇറങ്ങി. ലൂസിഫറിൽ നിർണായകവേളയിൽ കൈയടി നേടാനെത്തുന്ന കഥാപാത്രമായി. പാർവതിയുടെ ഉയരെയിലും ടൊവിനോ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ മാസം മാത്രം ടൊവിനോയുടെ മൂന്നു ചിത്രങ്ങൾ റിലീസ് ചെയ്യും. വൈറസ്, ആൻഡ് ദ ഓസ്‌കർ ഗോസ്ടു, ലൂക്ക എന്നീ ചിത്രങ്ങളാണ് എത്തുന്നത്.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈറസ് ഈമാസം ഏഴിന് റിലീസ് ചെയ്യും. നിപാ വൈറസിനെ തുരത്തിയ കേരളത്തിന്റെ പോരാട്ടം ചിത്രീകരിക്കുന്ന ആഷിക് അബു ചിത്രത്തിൽ കോഴിക്കോട് കലക്ടറുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ദേശീയപുരസ്‌കാര ജേതാവായ സലീം അഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ആൻഡ് ദ ഓസ്‌കർ ഗോസ്ടു. ജൂൺ 21നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഓസ്‌കർ പുരസ്‌കാരത്തിനായി ചിത്രവുമായി പോകുന്ന യുവസംവിധായകന്റെ കഥയാണ് സിനിമ പറയുന്നത്.

അരുൺ ബോസ് സംവിധാനം ചെയ്യുന്ന ലൂകയിൽ ഒരു കലാകാരന്റെ ജീവിതമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം  28ന് റിലീസ് ചെയ്യും. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top