18 July Thursday

അവിവാഹിതനായ അച്ഛന്റെ ജീവിതം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ബോളിവുഡിലെ അവിവാഹിതനായ അച്ഛനാണ് ശ്രദ്ധേയനായ താരം തുഷാർ കപൂർ. അവിവാഹിതനായ താരം 2016ലാണ് ഐവിഎഫ് വഴി വാടകഗർഭപാത്രം ഉപയോഗപ്പെടുത്തി ഒരു ആൺകുഞ്ഞിന്റെ അച്ഛനായത്. അച്ഛനെന്നാൽ ആത്മവിശ്വാസമുള്ള മനുഷ്യൻ എന്നാണ് അർഥമെന്ന് 42കാരനായ താരം പറയുന്നു. ജൂൺ 16ന് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്ന സാഹചര്യത്തിൽ അവിവാഹിതനായ അച്ഛനായി തുടരുന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരം.

“അച്ഛനായതോടെ എന്റെ ജീവിതത്തിന് ഒരു അർഥമുണ്ടായതായി എനിക്ക് തോന്നുന്നു. ഒരു ദിവസം അവസാനിക്കുമ്പോൾ ഏറെ കാര്യങ്ങൾ ചെയ്തു തീർത്തതായി തോന്നും. അവധി ദിവസമായാൽപ്പോലും ചുമ്മാതിരുന്നു എന്ന തോന്നലുണ്ടാകില്ല. പിതൃത്വം എന്നെ പൂർണതയിലേക്ക് നയിക്കുന്നു’ -താരം പറഞ്ഞു. ബോളിവുഡ് താരം ജിതേന്ദ്രയുടെ മകനും സംവിധായികയും നിർമാതാവുമായ ഏക്‌‌താ കപൂറിന്റെ സഹോദരനുമായ തുഷാർ, മുച്ഛേ കുച്ഛ് കെഹ്‌‌നാ ഹൈ(2001) എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കാക്കി, ക്യാ കൂൾ ഹെ ഹം, ഗോൽമാൽ, ഡേർട്ടി പിക്ചർ, ഷൂട്ട് ഔട്ട് അറ്റ് വഡാല എന്നിവയിലും ശ്രദ്ധേയ പ്രകടനം നടത്തി.

 

സ്വന്തമായി ചലച്ചിത്രനിർമാണ കമ്പനിയും താരത്തിനുണ്ട്. വിവാഹിതനാകാതെ തന്നെ അച്ഛനാകാനുള്ള തീരുമാനം ഏറെ ചിന്തിച്ചുറപ്പിച്ച് എടുത്ത തീരുമാനമാണെന്ന് താരം പറഞ്ഞു. “കുഞ്ഞുങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്, അതിനാൽ അവരെ പരിപാലിക്കേണ്ടി വരുന്നത‌് ഒരു ദുരിതമായി ഒരിക്കലും എനിക്ക് മാറില്ല. നിങ്ങളുടെ തീരുമാനം ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, അതിൽ ഉറച്ചു നിൽക്കാൻ കെൽപ്പുണ്ടെങ്കിൽ സമൂഹം അതിനെ ഗൗരവത്തോടെ കാണും എന്നാണ് എന്റെ അനുഭവം. അച്ഛനെന്ന അനുഭവം ജീവിതത്തെ ആകെ ഉടച്ചുവാർക്കും. എന്റെ കുഞ്ഞിൽനിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്.’ താരം പറയുന്നു. ലക്ഷ്യ കപൂർ എന്നാണ് കുട്ടിയുടെ പേര്. വിവാഹം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് വേണ്ടേ വേണ്ട എന്നാണ് താരത്തിന്റെ മറുപടി. 


പ്രധാന വാർത്തകൾ
 Top