18 November Monday

എം എ നിഷാദിന്‍റെ സസ്പെന്‍സ് ത്രില്ലര്‍ "തെളിവ്'; ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഓഡിയോ റിലീസ് നിര്‍വഹിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

തിരുവനന്തപുരം > എം എ നിഷാദ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ "തെളിവി'ന്‍റെ ഓഡിയോ പ്രകാശനം നടന്നു. ചാക്ക മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് തെളിവിന്‍റെ ഓഡിയോ സിഡി റിലീസ് ചെയ്തു. എം എ നിഷാദ്, നിര്‍മ്മാതാവ് പ്രേംകുമാര്‍, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ഗാനരചയിതാവ് പ്രഭാ വർമ്മ, നടൻ മണിയന്‍പിള്ള രാജു, സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍, ഗായിക വർഷ ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലസംഗീതം ചിത്രത്തിന്റെ സവിശേഷതയാണെന്ന് സംവിധായകന്‍ എം എ നിഷാദ് പറഞ്ഞു. എം ജയച്ചന്ദ്രനാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നെടുമുടി വേണുവിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഒരു നാടൻപാട്ട് ഉൾപ്പെടെ മൂന്ന് ഗാനങ്ങളാണ് തെളിവിലുള്ളത്.

ഇഥിക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒക്റ്റോബര്‍ 18ന് തിയറ്ററുകളിലെത്തുന്ന തെളിവില്‍ ലാല്‍, ആശാ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.


പ്രധാന വാർത്തകൾ
 Top