24 July Wednesday

ശ്യാമപ്രസാദ‌് വീണ്ടും മറ്റൊരു നോവലുമായി

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

 

മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ‌് കരസ്ഥമാക്കിയതിനുശേഷം കുട്ടിക്കഥയുമായാണ‌് ശ്യാമപ്രസാദിന്റെ പുതിയ വരവ‌്. വെറുമൊരു കുട്ടിക്കഥയല്ല ഇംഗ്ലീഷ‌് നോവലിന‌് ചരിത്രത്തിലാദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് നേടിയ  മലയാളിയായ അനീസ‌് സലിമിന്റെ ‘ദി സ്‌മോൾ ടൗൺ സീ’ എന്ന നോവലാണ‌് സിനിമയാക്കുന്നത‌്. 13 വയസ്സുകാരന്റെ ജീവിതാനുഭവങ്ങളിലൂടെ സൗഹൃദത്തെയും കുടുംബത്തെയും വായിക്കുന്ന നോവലാണിത‌്. വളരുന്നതിന്റെ, പുറത്താക്കപ്പെടലിന്റെ, യാത്ര ചെയ്യേണ്ടിവരുന്നതിന്റെ  മറഞ്ഞുകിടക്കുന്ന ആനന്ദവും വേദനയും ചിത്രീകരിച്ചതാണ‌് നോവൽ. എഴുത്തുകാരനായ ഉപ്പ മരണാസന്നനാകുന്ന അവസരത്തിൽ വലിയ നഗരത്തിൽനിന്ന് കടൽത്തീരത്തുള്ള ചെറിയ പട്ടണത്തിലേക്ക് കുടുംബത്തോടൊപ്പം ചേക്കേറുന്ന മകൻ ലണ്ടനിലുള്ള പുസ‌്തകശാലക്കാരന‌് എഴുതുന്ന കത്താണ‌് സിനിമയുടെ ഇതിവൃത്തം. തിരക്കഥയൊരുക്കുന്നത‌് ശ്യാമപ്രസാദ‌ുതന്നെയാണ‌്. പുസ്തകം വായിച്ചപ്പോൾത്തന്നെ അത് സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

പ്രശസ‌്തമായ നോവലുകൾ മനോഹരമായി ചിത്രീകരിച്ച ശ്യാമപ്രസാദിന്റെ ആദ്യസിനിമ അഗ്നിസാക്ഷി, ലളിതാംബിക അന്തർജനത്തിന്റെ അതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ടെന്നീസി വില്യംസിന്റെ ‘ദ ഗ്ലാസ് മെനാജിരി’ എന്ന പുസ്തകം ‘അകലെ’യായപ്പോഴും ദേശീയ പുരസ്‌കാരം ലഭിച്ചു. ബംഗാളി കഥാകാരൻ സുനിൽ ഗംഗോപാധ്യയുടെ ‘ഹീരക് ദീപ്തി’ എന്ന കഥയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു മമ്മൂട്ടി നായകനായ ഒരേ കടൽ.  ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനംചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രം പരിതോഷ് ഉത്തമിന്റെ ‘ഡ്രീംസ് ഇൻ പ്രഷൻ ബ്ലൂ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു. 

വാനിറ്റി ബാഗ്, വിക‌്സ് മാംഗോ ട്രീ, ബ്ലൈൻഡ് ലേഡീസ് ഡിസന്റൻസ്, ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ എന്നിവയാണ് അനീസ് സലിമിന്റേതായി പുറത്തുവന്ന നോവലുകൾ. ബ്ലൈൻഡ് ലേഡീസ് ഡിസന്റൻസിനാണ് സലിമിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 2013ലെ ഹിന്ദു ലിറ്ററി പ്രൈസ് ‘വാനിറ്റി ബാഗ‌്’ എന്ന നോവലിന‌് ലഭിച്ചപ്പോഴാണ‌് അനീസിനെ നാടറിഞ്ഞത‌്. എഴുത്തുകാരനെ അയാൾക്കുചുറ്റും പടുത്തുയർത്തുന്ന കെട്ടുകാഴ്ചകൾ വഴിയല്ല തിരിച്ചറിയേണ്ടതെന്നും മറിച്ച് എഴുത്തിലൂടെയാണെന്നും വിശ്വസിക്കുന്ന അനീസ് സലിം അവാർഡുകൾ വാങ്ങാൻ പോകാറില്ല.
 


പ്രധാന വാർത്തകൾ
 Top