15 October Tuesday

തെളിവില്ലെന്ന് മുംബൈ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

ലൈം​ഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് ബോളിവുഡിൽ മീ ടൂ പ്രസ്ഥാനത്തിന് തുടക്കമിട്ട കേസിൽ വഴിത്തിരിവ്. വിഖ്യാത നടൻ നാനപടേക്കർക്ക് എതിരെ നടി തനുശ്രീദത്തയുടെ വെളിപ്പെടുത്തലിന്റെ പേരിൽ എടുത്ത കേസ് മുംബൈ പൊലീസ് എഴുതിത്തള്ളാനൊരുങ്ങുന്നു. തെളിവൊന്നും ലഭ്യമല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുമതിതേടിയുള്ള അന്തിമറിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. 2008ൽ ഹോർൺ ഓകെ പ്ലീസ് എന്ന സിനിമയുടെ ​ഗാനചിത്രീകരണത്തിനിടെ നാനാ പടേക്കർ മോശമായി പെരുമാറിയെന്ന തനുശ്രീയുടെ വെളിപ്പെടുത്തലോടെ ബോളിവുഡിലെ നിരവധി സ്ത്രീകൾ സമാനമായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രം​ഗത്തുവന്നു. 2018 സെപ്തംബറിലാണ് തനുശ്രീദത്ത കേസ്  ഫയൽ  ചെയ്‌തത്. പിന്നാലെ നാനപടേക്കർ ആരോപണം നിഷേധിച്ച് രം​ഗത്തുവന്നു. എന്നാൽ, ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ശേഖരിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ കോടതിയെ സമീപിച്ചത്.

പൊലീസ് നീക്കത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്ന് തനുശ്രീയുടെ അഭിഭാഷകൻ പ്രതികരിച്ചു. പൊലീസ് എല്ലാവരുടെയും മൊഴിയെടുത്തിട്ടില്ലെന്നും ഒന്നോ രണ്ടോ പേരോടുമാത്രം സംസാരിച്ച് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇക്കാര്യം ഹൈക്കോടതിയിൽ റിട്ട് ഹർജിയിലൂടെ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.തനുശ്രീയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ പ്രമുഖ സംവിധായകൻ സാജിദ്ഖാനെതിരെ സമാന ആരോപണവുമായി നിരവധി നടിമാർ രം​ഗത്തുവന്നു. അതിനെത്തുടർന്ന് അദ്ദേഹം സംവിധാനം ചെയ്യേണ്ടിയിരുന്ന ഹൗസ് ഫുൾ-4 എന്ന ചിത്രത്തിൽനിന്ന‌് അദ്ദേഹത്തെ ഒഴിവാക്കി.സ്ത്രീവിമോചന ചിത്രമായി വാഴ്ത്തപ്പെട്ട ക്യൂൻ സിനിമയുടെ സംവിധായകൻ വികാസ് ബെഹലിനെതിരെ ആരോപണവുമായും പിന്നണിപ്രവർത്തകരായ സ്ത്രീകൾ രം​ഗത്തുവന്നു. ഇതോടെ വികാസ് ഉൾപ്പെട്ട ഫാന്റം ഫിലിംസ് എന്ന നിർമാണക്കമ്പനി സംവിധായകൻ അനുരാ​ഗ് കശ്യപ് പിരിച്ചുവിട്ടു.

ബോളിവുഡിലെ ഹിറ്റ്മേക്കർ സുഭാഷ് ഘായ്ക്ക് എതിരെയും മീ ടൂ വെളിപ്പെടുത്തൽ ഉണ്ടായി. അനുമാലിക്, കൈലാസ് ഖേർ, രജത് കപൂർ, വിവേക് അ​ഗ്നിഹോത്രി, ​ഗൗരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും മീ ടൂ വെളിപ്പെടുത്തലുകളുടെ ചൂടറി‍ഞ്ഞു. ആരോപണങ്ങളിൽപെട്ടവർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ശക്തമായ പ്രതികരണമാണ് ഉയർന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top