06 June Saturday

പറയുന്നവർക്കാണ്‌ തമാശ, കേൾക്കുന്നവർക്കല്ല; "തമാശ'' റിവ്യൂ

ഡി കെ അഭിജിത്ത്‌Updated: Wednesday Jun 5, 2019

നീ പിന്നേം തടിച്ചല്ലോ, ജിമ്മിൽ പോകായിരുന്നില്ലേ... മുടിയൊക്കെ പോയിത്തുടങ്ങിയല്ലോ വേഗം കല്ല്യാണം കഴിച്ചോ... നിനക്ക്‌ പൊക്കം കുറഞ്ഞ്‌ വരുവാണല്ലോ... മുന്നത്തേക്കാൾ കറുത്ത്‌ പോയല്ലോ.. .ഒരു മനുഷ്യൻ ജീവിതത്തിൽ നിരന്തരം കേൾക്കേണ്ടിവരുന്ന ചോദ്യങ്ങളാണിതൊക്കെ. ഇവരൊക്കെ മനുഷ്യന്മാരെ കാണുന്നത്‌ വേറെ എന്തോ ആയാണെന്ന്‌ സംശയം തോന്നാം. അത്രത്തോളം ബോഡി ഷെയ്‌മിങ്‌ അറിഞ്ഞോ അറിയാതെയോ പറഞ്ഞ്‌ മറ്റൊരാളെ തളർത്തുന്നവരാണ്‌ നമ്മൾ ഓരോരുത്തരും.അതിന്‌ നേരെ ഒരു കണ്ണാടി തിരിച്ചു വയ്‌ക്കുകയാണ്‌ അഷ്‌റഫ്‌ ഹംസയും വിനയ്‌ ഫോർട്ടും ചിന്നുവുമെല്ലാം. തമാശ വെറും തമാശയല്ല, വളരെ ഗൗരവമുള്ള വിഷയം രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ്‌.

കഷണ്ടിയുള്ള യുവാവിനും തടിയുള്ള പെൺകുട്ടിക്കും നിരന്തരം നേരിടേണ്ടിവരുന്ന പരിഹാസങ്ങൾക്കും ഒഴിവാക്കലുകൾക്കും ഇടയിലുടെയുള്ള സഞ്ചാരമാണ്‌ തമാശ. മലയാളം കോളേജ് അധ്യാപകനായ ശ്രീനിവാസൻ മാഷ് എന്ന കഥാപാത്രത്തെയാണ്‌ വിനയ് ഫോർട്ട് അവതരിപ്പിക്കുന്നത്‌. ശാന്തസ്വഭാവക്കാരനായ ശ്രീനിവാസൻ മാഷ് വിനയ്‌ ഫോർട്ടിന്റെ കരിയറിലെ ബ്രേക്ക്‌ ആണ്‌. വിനയ്‌ എന്ന നടന്റെ ശബ്‌ദവും പെരുമാറ്റവുമെല്ലാം കഥാപാത്രത്തിന്‌ വേണ്ടി എത്രത്തോളം മാറ്റിയിരിക്കുന്നു എന്നുള്ളത്‌ ആദ്യഷോട്ട്‌ മുതൽ പ്രകടമാണ്‌. പ്രേമത്തിലെ വിമൽ സാറിനെ പ്രതീക്ഷിച്ച്‌ പോകുന്നവർക്ക്‌ അതുമായി ഒരിടത്തും സാമ്യമില്ലാത്ത നടനെയാണ്‌ കാണാൻ കഴിയുക.

ഒരാൾക്ക്‌ തന്നോടുള്ളത്‌ സ്‌നേഹമാണോ സഹതാപമാണോ എന്ന്‌ മനസ്സിലാക്കാതെ നിഷ്‌ക്കളങ്കമായി ആളുകളെ ഇഷ്‌ടപ്പെടുന്നയാളാണ്‌ ശ്രീനിവാസൻ. അയാൾക്ക്‌ മനസ്സിൽ തോന്നുന്നത്‌ മനസ്സിലാക്കി അവസാനം വരെ കണ്ടുപോയാലേ ബോഡി ഷെയ്‌മിങ്‌ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന വേദന എത്രത്തോളമാണെന്ന്‌ വായിക്കാൻ കഴിയൂ. പെണ്ണുകാണാൻ പോകുന്നിടത്തും പ്രണയത്തിലുമെല്ലാം മുടി അയാളുടെ വ്യക്തിത്വത്തെക്കാളും മറ്റെന്തിനെക്കാളും മുഴച്ച്‌ നിൽക്കുന്നത്‌ ശ്രീനിക്ക്‌ തിരിച്ചറിയാൻ കഴിയുന്നുണ്ട്‌. അതിൽനിന്ന്‌ കരകയറാനുള്ള ഓരോ ശ്രമവും പരാജയപ്പെടുന്നു. ചിന്നുവുമായി അടുത്തപ്പോൾ മുതലാണ്‌ അതിലൊരു മാറ്റം ഉണ്ടാകുന്നത്‌.

അനുരാഗ കരിക്കിൽ വെള്ളത്തിൽ എലിയുടെ കൂട്ടുകാരിയായി, അവൾക്ക്‌ ബിയർ വാങ്ങിക്കൊടുക്കുന്ന, എന്തിനും കൂടെയുള്ള ജെസ്‌ലിൻ എന്ന കഥാപാത്രത്തിൽനിന്ന്‌ തന്റെ അതേ പേരിലുള്ള ചിന്നുവെന്ന കഥാപാത്രത്തിലേക്കുള്ള ചിന്നു ചാന്ദ്‌നിയുടെ വളർച്ച സന്തോഷിപ്പിക്കുന്നതാണ്‌. ചിരിയിലും, നിരാശയിലുമെല്ലാം മികവാർന്ന അഭിനയം. മെലിഞ്ഞ ശരീരവും, പതിഞ്ഞ ശബ്‌ദത്തെയുമെല്ലാം യഥാർത്ഥ നായികയുടെ ലക്ഷണങ്ങളായി കാണുന്നിടത്ത്‌ അതിനെയെല്ലാം പൊളിച്ച്‌ അഭിനയമാണ്‌ എല്ലാം എന്ന്‌ ചിന്നു ഉറപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയ്‌മിങ്ങുകൾക്ക്‌, യഥാർത്ഥത്തിൽ അത്‌ ചെയ്‌ത്‌ മാനസിക ഉല്ലാസം കണ്ടെത്തുന്നവർക്ക്‌ കണക്കിന്‌ കൊടുക്കുന്നുണ്ട്‌ ചിന്നു.

അഷ്‌റഫ്‌ ഹംസ എന്ന സംവിധായകന്‌ സമൂഹത്തോട്‌ പറയാനുള്ളത്‌ ചിന്നുവിലൂടെയാണ്‌. വടക്കുനോക്കി യന്ത്രം സിനിമയിൽ ശ്രീനിവാസനും പാർവ്വതിയും നിൽക്കുന്ന ഫോട്ടോ ഉയരക്കുറവുള്ളവരുടെ ഫോട്ടോയുടെ അടിയിൽ കൊണ്ടുപോയി ഒട്ടിക്കുന്ന ഏർപ്പാടുണ്ട്‌ സമൂഹമാധ്യമങ്ങളിൽ. സിനിമയിൽ "ഇതൊക്കെ ഇപ്പോഴും തമാശയാണോ'' എന്ന്‌ കമന്റിൽ ചോദിക്കുന്നുണ്ട്‌ ചിന്നു.

ഹാപ്പി അവേഴ്‌സിന്റെ ബാനറിൽ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഷൈജു ഖാലിദും, ചെമ്പൻ വിനോദ് ജോസും ചേർന്നാണ്‌ ചിത്രം നിർമിച്ചിരിക്കുന്നത്‌. അണിയറയിലും തിരശ്ശീലയിലും ഗംഭീരമാക്കുന്നവർ തമാശ ഏറ്റെടുത്തതിന്‌ വീണ്ടും കയ്യടി അർഹിക്കുന്നുണ്ട്‌. സമീർ താഹിർ പതിവുപോലെ ക്യാമറ ഭംഗിയാക്കി. ഷഫീഖ്‌ മുഹമ്മദ്‌ അലിയാണ്‌ എഡിറ്റിങ്‌.

ചിന്നു എന്ന കഥാപാത്രം പറയുന്നതുപോലെ... "ചിലർ ചിരിക്കുന്നത്‌ തന്നെ മറ്റുള്ളവരെ പരിഹസിക്കാനാണ്‌, എന്റെ ശരീരത്തിൽ എനിക്കില്ലാത്ത പ്രശ്‌നം മറ്റുള്ളവർക്ക്‌ എന്തിനാണ്‌''. ''നാരങ്ങാനീരില് തേന് ചാലിച്ച് കഴിച്ചാലും, കുമ്പളങ്ങ ചതച്ചരച്ച് കഴിച്ചാലുമൊക്കെ തടി കുറയുമെന്ന് എനിക്കും അറിയാം, പക്ഷേ എനിക്കിഷ്ടം ഫലൂഡയാണ്, തനിക്കൊക്കെ കാണാൻ പറ്റില്ലേൽ പോയി പണിനോക്ക്‌''. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ പലരുടേയും മുഖത്തുനോക്കി അങ്ങനെ പറയാൻ നമുക്ക്‌ കഴിയും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top