11 July Saturday

പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കണമെന്ന്‌ ചിരഞ്ജീവി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019

പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന്‌ തെലുങ്ക്‌ സൂപ്പർതാരം ചിരഞ്‌ജീവി. ലൂസിഫറിന്റെ പകര്‍പ്പവകാശം താന്‍ ചില നിര്‍മാതാക്കള്‍ വഴി പൃഥ്വിയില്‍ നിന്നും വാങ്ങിയെന്നും താന്‍ ഇനി തെലുങ്കില്‍ അഭിനയിക്കാന്‍ പോകുന്ന അടുത്ത സിനിമ ലൂസിഫര്‍ ആയിരിക്കുമെന്നും ചിരഞ്ജീവി പറഞ്ഞു. സെയ്റാ നരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർഥം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൂസിഫറില്‍ ചെയ്ത റോളിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താനില്ലെന്നു പറഞ്ഞ പൃഥ്വി പകരം രാം ചരണ്‍ ആയിരിക്കും നല്ല കാസ്റ്റിങ് എന്നു പറഞ്ഞുവെന്ന് ചിരഞ്ജീവി പറഞ്ഞു. സംവിധായകന്‍ പറയുന്നത് കേള്‍ക്കണമല്ലോയെന്നു പറഞ്ഞ താരം പൃഥ്വിയുടെ സംവിധാനത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രം അയ്യാ കണ്ടപ്പോള്‍ തന്നെ ഇതാരാണ് ഈ സുന്ദരന്‍ എന്നു കരുതിയിരുന്നുവെന്ന് ചിരഞ്ജീവി വേദിയില്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ കൈയടി മുഴങ്ങി. ഒടുവില്‍ സെയ്‌റയുടെ പ്ലാനിങ് തുടങ്ങിയപ്പോള്‍ നടി സുഹാസിനി വഴി താന്‍ പൃഥ്വിയെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയെന്നും ചിരഞ്ജീവി വെളിപ്പെടുത്തി. എന്നാല്‍ ആ സമയത്ത് ഏതോ സിനിമയുടെ ഷൂട്ടിങ് തിരക്കുമായി പൃഥ്വി സ്‌പെയിനിലായിരുന്നതിനാല്‍ സെയ്‌റയില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ല. ലൂസിഫര്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ചിരഞ്ജീവി, പൃഥ്വിരാജ്, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ചിത്രത്തില്‍ ഗോസായി വെങ്കണ്ണ എന്ന ആത്മീയനേതാവിന്റെ വേഷത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുണ്ട്.

സിജു തുറവൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. സുനീതി ചൗഹാന്‍, ശ്രേയ ഘോഷല്‍, രാജീവ് സുന്ദരേശന്‍, അരുണ്‍ കമ്മത്ത്, സുഹാസ് സാവന്ത്, ഋഷികേശ് കമേര്‍ക്കര്‍, ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും പാടിയിട്ടുണ്ട്.

ചരിത്രത്താളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷുകാര്‍ക്കെതിരേ ആദ്യമായി യുദ്ധം കുറിച്ചയാളുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞു.

ചുക്കിച്ചുളിഞ്ഞ മുഖവും നരച്ച താടിയും മുടിയും കാവിവേഷത്തിലും ബിഗ് ബി പ്രത്യക്ഷപ്പെടുമ്പോള്‍ യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നടി നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ടീസര്‍ വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലാണ് ടീസറില്‍ ശബ്ദം നല്‍കിയിരുന്നത്. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും രാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ഈ ചിത്രം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തിയ്യറ്ററുകളിലെത്തുക. ബാഹുബലി, കെജിഎഫ് തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യമികവോടെയായിരിക്കും സെയ്റാ എത്തുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top