04 October Wednesday

മറ്റൊരാളെ വേദനിപ്പിച്ച്‌ ചിരിപ്പിക്കേണ്ടതില്ല

കീർത്തിപ്രഭ keerthipk89@gmail.comUpdated: Sunday May 7, 2023

കുറെനാളായി സുരാജ് വെഞ്ഞാറമൂടിന്റെ കൈയൊപ്പ് പതിഞ്ഞ തമാശകൾ ഒരു മുഴുനീള വേഷത്തിൽ കണ്ടിട്ട്. അത്തരമൊരു കഥാപാത്രത്തിന്റെ അഭാവം സ്വയം അനുഭവപ്പെട്ടതുകൂടി കൊണ്ടാണ്‌ മദനോത്സവം എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഒരു നായകനെന്ന രീതിയിൽ സുരാജ് വെഞ്ഞാറമൂട് കൃത്യമായ ഇടവേളകളിൽ ഹിറ്റുകൾ സമ്മാനിക്കുന്നുണ്ട്. ഹാസ്യമായാലും ഗൗരവമുള്ള വേഷങ്ങളായാലും നടനെന്ന രീതിയിൽത്തന്നെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങൾ- സുരാജ് സംസാരിക്കുന്നു

വ്യത്യസ്‌ത കഥാപാത്രം

ഗൗരവമുള്ള ശക്തമായ കഥാപാത്രങ്ങളാണ് കുറച്ചുകാലമായി എന്നെ സമീപിച്ചുകൊണ്ടിരുന്നത്. കഥകൾ കേട്ടപ്പോൾ ഞാൻ ഇതുവരെ ചെയ്യാത്ത വ്യത്യസ്തതയുള്ള കഥാപാത്രങ്ങളായി തോന്നുകയും എനിക്ക് ഇഷ്ടപ്പെടുകയും ചെയ്‌തു. കാണെക്കാണെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി അങ്ങനെ ഓരോ സിനിമയും വ്യത്യസ്തങ്ങളായ വേഷങ്ങളാണ് എനിക്ക് നൽകിയത്. ഹ്യൂമർ ചിത്രങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. പക്ഷേ, ആ ഒരു കാലയളവിൽ നല്ല ഹ്യൂമർ കഥകൾ തേടിവരാത്തതിനാൽ അത്തരം സിനിമകൾ ചെയ്യാൻ സാധിച്ചില്ല. ചില ഹ്യൂമർ കഥകൾ വന്നത്‌ എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. മദനോത്സവം രസകരമായി തോന്നിയതുകൊണ്ടും മുഴുനീള ഹാസ്യ കഥാപാത്രം ആയതുകൊണ്ടും ഞാൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇനിയും ഇതിൽനിന്നും വ്യത്യസ്തമായ ഹാസ്യ കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും ഞാനത് ചെയ്യും.

കപടസദാചാര ബോധം

സത്യത്തിൽ കപടസദാചാര ബോധത്തെ ഇളക്കാൻ വേണ്ടിയൊന്നുമല്ല മദനോത്സവത്തിലെ ചില രംഗങ്ങൾ. ഹ്യൂമറിനുവേണ്ടിമാത്രം ചെയ്തതാണ്‌. 14 വർഷംമുമ്പ് ഇ സന്തോഷ്‌കുമാർ എഴുതിയ നോവലിൽ ഈ രംഗമൊന്നും പ്രതിപാദിച്ചിട്ടില്ല. ആ സിനിമയുടെ വാണിജ്യ താൽപ്പര്യങ്ങളെ തൃപ്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി ഹ്യൂമറിനുവേണ്ടിമാത്രം ചെയ്തതാണ്.

കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

ഞാൻ കേൾക്കുന്ന കഥയ്ക്ക് നിലവിലെ സാമൂഹ്യ സാഹചര്യങ്ങളിൽ നിലനിൽപ്പുണ്ടോ എന്നാണ് ആദ്യം നോക്കുക. പിന്നീട് തീർച്ചയായും മുഴുവൻ കഥ എന്താണെന്നും അതിൽ എന്റെ കഥാപാത്രത്തിന് ഞാനിതുവരെ ചെയ്തതിൽനിന്നും വിഭിന്നമായി എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും നോക്കാറുണ്ട്.

ബോഡി ഷേമിങ്

ബോഡി ഷേമിങ്  കുറച്ചുമുമ്പുവരെ വ്യാപകമായി അവതരിപ്പിച്ചിരുന്നു. പഴയകാല സിനിമകളും സ്റ്റേജ് ഷോകളുമൊക്കെ എടുത്തുനോക്കിയാൽ ഒരാളുടെ നിറത്തെയും രൂപത്തെയും ലൈംഗികതയെയുമെല്ലാം കളിയാക്കുന്ന തമാശകൾ കാണാൻ കഴിയും. സമകാലിക സാഹചര്യത്തിൽ അത് വളരെയധികം പ്രശ്നമാണ്. അത്തരം തമാശകൾ ഉണ്ടാകാൻ പാടില്ലാത്തതുമാണ്. സമീപകാലത്തൊന്നും ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ ബോഡി ഷേമിങ് തമാശകൾ ഉണ്ടായിട്ടില്ല. അങ്ങനെ ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള തമാശകളിലൂടെ ചിരിയുണ്ടാക്കേണ്ട ആവശ്യവുമില്ല. മറ്റൊരാളെ വേദനിപ്പിച്ചുകൊണ്ട് ചിരിപ്പിക്കേണ്ടതില്ലല്ലോ.

അടുത്ത കഥാപാത്രം എപ്പോഴും വെല്ലുവിളി

കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നതിന്‌ അനുസരിച്ച് വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അപ്പോഴാണല്ലോ ആ സിനിമയിൽ കണ്ട സുരാജ് അല്ലല്ലോ ഇതെന്ന് പ്രേക്ഷകർ പറയുന്നത്. എന്റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ തിരക്കഥയിലൂടെയും അല്ലാതെയുമുള്ള സംസാരങ്ങളിലൂടെയുമൊക്കെ എനിക്ക് വ്യക്തമാക്കിത്തരും. അത് എന്റെ മനസ്സിൽ ഇറങ്ങിച്ചെന്ന് ഞാൻ അതിൽനിന്ന് മനസ്സിലാക്കിയതാണ് എന്നിലൂടെ പുറത്തേക്ക് വരുന്നത്. അതിൽ സംവിധായകൻ തൃപ്തിപ്പെടണം. സംവിധായകനാണ് സിനിമയുടെ എല്ലാം. സംവിധായകന് ഞാൻ ചെയ്യുന്ന രീതി ആ കഥാപാത്രത്തിന് ആവശ്യമാണെന്ന് തോന്നിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. 

സംവിധായകൻ  അഭിനേതാവിനെ തെരഞ്ഞെടുക്കുമ്പോൾ അയാളുടെ മനസ്സിലെ കഥാപാത്രത്തിനുവേണ്ട രൂപവും ഭാവവും  ഇണങ്ങുന്നുണ്ടോ എന്നാണ് ആദ്യം നോക്കുക. ആ കഥാപാത്രം ചെയ്ത അഭിനേതാവിന് തന്റെ ആദ്യത്തെ സിനിമയേക്കാൾ രണ്ടാമത്തെ സിനിമ വെല്ലുവിളി ആയിരിക്കും. ആദ്യത്തെ സിനിമയിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു വ്യക്തിയെ കഥാപാത്രമായി കാണുമ്പോൾ അതിലൊരു പുതുമ അനുഭവപ്പെടും. പിന്നീട് ആ അഭിനേതാവിന്റെ അടുത്ത സിനിമകൾ തൊട്ട് അദ്ദേഹം ശരീരഭാഷയിലും സംസാരരീതിയിലും മറ്റെല്ലാ കാര്യത്തിലും വ്യത്യസ്തത വരുത്തിയില്ലെങ്കിൽ അത് പ്രേക്ഷകർ അത്രത്തോളം ഏറ്റെടുക്കില്ല. തന്റെ കഴിവിന്റെ പരമാവധി എന്തൊക്കെ മാറ്റം അടുത്ത കഥാപാത്രം വരുമ്പോൾ കൊണ്ടുവരാമോ എന്നത് അഭിനേതാവിനെ സംബന്ധിച്ച്  വെല്ലുവിളിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top