29 September Tuesday

പള്ളുരുത്തിക്കാരൻ സിനിമാപ്രാന്തൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

പത്തുവർഷം മുമ്പാണ‌് കൊച്ചിയിലെ പള്ളുരുത്തിക്കാരൻ സുധി കോപ എന്ന സിനിമാഭ്രാന്ത‌് തലയ‌്ക്കുപിടിച്ച യുവാവ‌് വെള്ളിത്തിരയിലെത്തുന്നത‌്. സത്യംപറഞ്ഞാൽ ഒന്നു മിന്നിമറഞ്ഞുപോകുന്ന വേഷം. അത്രേയുണ്ടായിരുന്നുള്ളു. എന്നാൽ പത്തുവർഷങ്ങൾക്കിപ്പുറം കൈ നിറയെ സിനിമകളുമായി സുധി കോപ്പ തിരക്കിലാണ്, പുതിയ ചിത്രമായ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’യിലെ ‘താമര’ എന്ന കഥാപാത്രം ശ്രദ്ധ നേടുമ്പോൾ സുധിക്കു പറയാനുള്ളതും സിനിമയെ തേടി നടന്ന കഥതന്നെ. തമാശയും സീരിയസുമായ കഥാപാത്രങ്ങൾ ഒരുപോലെ ചെയ‌്തുഫലിപ്പിക്കാൻ സുധിക്കാകും. ആടിലെ കഞ്ചാവുസോമൻ മുതൽ ജോസഫിലെ സുധിവരെ മനസ്സിൽതട്ടുന്ന കഥാപാത്രങ്ങൾ. ഈട, പൈപ്പിൻ ചോട്ടിലെ പ്രണയം, സപ‌്തമശ്രീ തസ‌്കരാ, ലവ‌് 24x7, പടയോട്ടം, ഉദാഹരണം സുജാത, ഉണ്ട എന്നിവയിലും മികച്ച വേഷങ്ങളിൽ സുധി തിളങ്ങി. പൈപ്പിൻചോട്ടിലെ പ്രണയത്തിലെ അയ്യപ്പൻ ഏവരുടെയും കണ്ണുനനയിക്കുന്ന കഥാപാത്രമായി.

ഏറ്റവുമൊടുവിൽ ജി പ്രജിത്ത‌് സംവിധാനംചെയ‌്ത‌ സജീവ‌് പാഴൂർ തിരക്കഥയൊരുക്കിയ ബിജുമേനോൻ ചിത്രം “സത്യം പറഞ്ഞാ വിശ്വസിക്കുവോ’ ആണ‌് സുധിയുടേതായി പുറത്തിറങ്ങിയത‌്. ചിത്രത്തിലെ വാർക്കപ്പണിക്കാരന്റെ വേഷം അതിസാധാരണമായി ചെയ‌്തുഫലിപ്പിച്ച സുധിക്ക‌് നിറയെ അഭിനന്ദനപ്രവാഹമാണ‌്. വെബ‌് ചാനലിനു നൽകിയ അഭിമുഖത്തിൽ അതിനും താരം മറുപടിപറയുന്നു,

“അത്തരം വേഷങ്ങൾ നോക്കി പഠിക്കേണ്ടതായിട്ടൊന്നും വന്നിട്ടില്ല, നേരിൽ കണ്ടിട്ടുണ്ട് അങ്ങനെയുള്ളവരെ. ഞാൻ അത്തരം ജോലികൾ ചെയ്തിട്ടുമുണ്ട്. എന്റെ വീട് പള്ളുരുത്തിയിലാണ്. നമ്മുടെ ജീവിതമായിട്ട് ബന്ധപ്പെട്ട് ഇതുപോലെയുള്ള ഒരുപാട് പേരെ കാണാൻ കഴിയും. ഞാനും ആ ജോലി ചെയ്തിട്ടുണ്ട്. പണ്ട് സുഹൃത്തുക്കളുടെ വീട്ടിൽ എന്ത് ജോലി ഉണ്ടെങ്കിലും നമ്മൾ കൂട്ടുകാരൊന്നിച്ചായിരുന്നു ചെയ്തിരുന്നത്. തലേദിവസം രാത്രി പറയും ‘ടാ നാളെ കട്ട വരും അല്ലെങ്കിൽ ചരൽ വരും’ എന്നൊക്കെ, പിന്നെ പിറ്റേന്ന് എല്ലാവരും ഒരുമിച്ച് ചേർന്നായിരിക്കും എല്ലാ പണിയും. അതൊക്കെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് റിലേറ്റ് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടിതിൽ’–-സുധി വ്യക്തമാക്കുന്നു.

ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ്, ഉറിയടി, ജാലിയൻ വാലാബാഗ് എന്നിങ്ങനെ വരാനിരിക്കുന്ന ചിത്രങ്ങളിലും ഏറെ പ്രതീക്ഷയുണ്ട‌് ഇദ്ദേഹത്തിന‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top