18 September Wednesday

സുഡാനി ഫ്രം നൈജീരിയ: മനുഷ്യനു വേണ്ടിയുള്ള ദുആ

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Sunday Mar 25, 2018


നവാഗതനായ സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രം അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന  മനുഷ്യ ബന്ധങ്ങളുടെ കഥപറയുന്നു. മനുഷ്യര്‍ പരസ്പരം ചാര്‍ത്തിക്കൊടുക്കുന്ന എല്ലാതരം വേര്‍തിരിവുകളേയും മായ്ച്ചുകളഞ്ഞ് സ്‌നേഹത്തിന്റെ ഭാഷ സംസാരിക്കുന്നു ഈ സിനിമ. ഏറെ കലങ്ങിമറിഞ്ഞ പുതിയ കാലത്തും മനുഷ്യനിലുള്ള വിശ്വാസത്തെ  കൈവിടേണ്ടതില്ല എന്ന ഓര്‍മ്മപ്പെടുത്തലായി ഈ സൃഷ്ടി മാറുന്നു. ലോകത്തെവിടെയുമുള്ള മനുഷ്യന്റെ കഥ ഒന്നാണ് എന്ന് സാക്ഷ്യപ്പെടുത്താനും ദു:ഖം, പട്ടിണി, വേര്‍പാട്... എന്നിവക്കെല്ലാം എല്ലാ ഭൂഖണ്ഡത്തിലും ഒരേ നിറമാണെന്നും പറയാനും സംവിധായകന്‍ ശ്രമിക്കുന്നു.

മതം, നിറം, ദേശം, ഇങ്ങനെയുള്ള എല്ലാ വിഭജനങ്ങളും അപ്രസക്തമാകുന്ന ജീവിത നിമിഷങ്ങളെ ഹൃദയഹാരിയായി 'സുഡാനി'യില്‍ അവതരിപ്പിക്കുന്നുണ്ട്. കളിക്കളത്തില്‍ ആരോ നീട്ടിയടിച്ച പന്തിനു പുറകെ പായുന്ന വെറും മനുഷ്യരാണ് നാമെല്ലാം എന്ന വലിയ തത്വചിന്തയെ അതിലളിതമായി രണ്ട് മണിക്കൂര്‍ കൊണ്ട് കാണിച്ചുതരാനായതും സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ്. നേരിട്ട് ഹൃദയത്തില്‍ തൊടുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് സുഡാനി.

മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പ്രപഞ്ചത്തിലെങ്ങുമുള്ള മനുഷ്യന്റെ കഥയാണ് സുഡാനിയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടു വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന കഥയാണെങ്കിലും  എത്ര നിര്‍വചിച്ചാലും ബാക്കിയാവുന്ന സ്‌നേഹത്തിന്റെ പല മുഖങ്ങള്‍ ചിത്രം കാണിച്ചുതരുന്നു. മലപ്പുറം എന്ന ഭൂമികയെ ഇതുവരെ സിനിമകളില്‍ കാണിച്ച അധോലോക പരിവേഷത്തില്‍ നിന്നും മാറ്റി മാനവികതയുടെ പറുദീസയാണെന്ന സത്യസന്ധതയിലേക്ക് വിരല്‍ ചൂണ്ടാനും ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തകര്‍ തയ്യാറാകുന്നു. മലയാളത്തില്‍ നിന്നുള്ള ലോക സിനിമയായി സുഡാനിയെ വിശേഷിപ്പിക്കാം. സുഡാനി ഫ്രം നൈജീരിയയെ കുറിച്ച് സംവിധായകന്‍ സക്കറിയ സംസാരിക്കുന്നു

സക്കറിയ

സക്കറിയ
പ്രേക്ഷകരുടെ പ്രതികരണം എങ്ങിനെയുണ്ട് ?

തീയേറ്ററുകളില്‍ നിന്ന് ചിത്രത്തിന് നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ശ്യാം പുഷ്‌കരന്‍, ആഷിഖ് അബു, അന്‍വര്‍ റഷീദ്, സന്തോഷ് ഏച്ചിക്കാനം, ആര്‍ ഉണ്ണി, ലാല്‍ ജോസ്, ജോസ് തോമസ്, ശങ്കര്‍ രാമകൃഷ്ണന്‍, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരൊക്കെ സിനിമ കണ്ട് വിളിച്ചു. എല്ലാവരും  നല്ല അഭിപ്രായമാണ് പറഞ്ഞത്.

മലപ്പുറം ജില്ലയെ പല സിനിമകളിലും വളരെ മോശമായി ചിത്രീകരിച്ചിട്ട് നാം കണ്ടിട്ടുണ്ട്. എന്നാല്‍ മലപ്പുറത്തിന്റെ മാനവികതയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് സുഡാനിയില്‍? 

മലപ്പുറത്തെ നല്ലതാക്കി പറയേണ്ട ഗതികേട് കൊണ്ടുനടക്കേണ്ട കാര്യം മലപ്പുറത്തുകാര്‍ക്കില്ല. ലോകത്തിലെ മറ്റേതു പ്രദേശം പോലെ തന്നെ ഉള്ള ഒരു നാട് തന്നെയാണ് മലപ്പുറവും.  മലപ്പുറത്തെ മോശമായി ചിത്രീകരിക്കണം എന്ന ഉദ്ദേശമുള്ളവര്‍ ബോധപൂര്‍വ്വം തന്നെയാണ് സിനിമയിലും സാഹിത്യത്തിലും അങ്ങനെ ചെയ്തിട്ടുള്ളത്. മലപ്പുറത്ത് ജീവിക്കുന്ന ആളെന്ന നിലക്ക് എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

സൗബിന്‍ ഷാഹിര്‍, അനീഷ് മേനോന്‍ എന്നിവര്‍  മാത്രമാണ് ചിത്രത്തില്‍ പരിചിത മുഖങ്ങള്‍. താരങ്ങള്‍ ഇല്ലെങ്കിലും സിനിമ വിജയിപ്പിക്കാം എന്ന വിശ്വാസമുണ്ടോ?

അടുത്ത കാലത്തായി താരങ്ങളില്ലാത്ത സിനിമ എന്ന വലിയ മാറ്റത്തെ മലയാള സിനിമ നന്നായി ഉള്‍ക്കൊള്ളുന്നുണ്ട്.  ഈ സിനിമ വളരെ ചെറിയ ബജറ്റിലുള്ള ഒരു സിനിമയാണ്. സൗബിന്‍ പ്രൊജക്ടിലേക്ക് വരുന്നത് ചിത്രത്തിന്റെ വാണിജ്യവിജയം ഉദ്ദേശിച്ചാണ്. ചിത്രത്തില്‍ സൗബിന്‍ അഭിനയിച്ചതും ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈന്‍മെന്റ് എന്ന  പ്രൊഡക്ഷന്‍ കമ്പനി ഇതേറ്റെടുത്തതും വലിയ ധൈര്യമാണ് തന്നത്. നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും തന്ന പിന്തുണ എത്ര പറഞ്ഞാലും മതിയാവില്ല. നാട്ടിന്‍പുറത്തുകാരാണ് അഭിനയിച്ചവരില്‍ ഏറെയും. ചിലര്‍ നാടക അഭിനേതാക്കളും.

ഉമ്മമാരായി അഭിനയിച്ച ബാലുശേരി സരസയും സാവിത്രി ശ്രീധരനുമൊക്കെ പതിറ്റാണ്ടുകളായി നാടക രംഗത്ത് വര്‍ക്ക് ചെയ്യുന്നവരാണ്.  കോട്ടക്കലില്‍ നടന്ന യഥാര്‍ഥ സെവന്‍സ് ഫുട്‌ബോള്‍ തന്നെയാണ് സിനിമയില്‍ കാണിച്ചത് സിനിമയില്‍ കഥ ആവശ്യപ്പെടുന്നതനുസരിച്ച് നടീനടന്മാരെ തീരുമാനിക്കുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം.
മലപ്പുറത്തെ ഏതോ വീട്ടിലിരുന്ന് അവരുടെ ജീവിതം അറിയുന്നതുപോലെ അനുഭവപ്പെടുന്നുണ്ട് ഈ സിനിമ. സിനിമയിലെ ഉമ്മമാരുടെ സ്‌നേഹം ലോകത്തുള്ള എല്ലാ ഉമ്മമാരെയും ഓര്‍ക്കാനുള്ള അവസരം തരുന്നു. മതജാതി ചിന്തകള്‍ക്കുറത്തേക്ക് നീളുന്ന  മാനവികതയുടെ മുഖങ്ങള്‍ കൂടിയാണ് ആ ഉമ്മമാര്‍. അവരാണ് ഈ സിനിമയുടെ ഹൃദയം. എന്തു തോന്നുന്നു?

അതിനെയാണല്ലോ നമ്മള്‍ ഉമ്മ മനസ്സ് എന്ന് വിളിക്കുന്നത്. ലോകത്ത് എല്ലായിടത്തും മാതൃത്വത്തിന്റെ അര്‍ത്ഥം ഒന്ന് തന്നെയല്ലേ..?
മനുഷ്യന്റെവികാരങ്ങള്‍ക്ക്ലോകത്തെവിടെയും ഒരേനിറമാണെന്ന് പലപ്പോഴുംതോന്നിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയില്‍ പോയി ലോകസിനിമകള്‍ കാണുമ്പോള്‍ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും പറയാനുള്ളത് ഒരേസങ്കടങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഐഎഫ്എഫകെ എത്രത്തോളം താങ്കളിലെ സിനിമാക്കാരനെ  രൂപപ്പെടുത്തിയിട്ടുണ്ട്. ?

സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയും സാധ്യതയും എനിക്ക് ബോധ്യപ്പെടുത്തി തന്നത് ചലച്ചിത്രമേളയാണ്. വര്‍ഷങ്ങളായി ഐഎഫ്എഫ്‌കെയില്‍ സ്ഥിരമായി പോകാറുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സിനിമകളും ഇറാന്‍ സിനിമകളുമൊക്കെ വലിയ ഇഷ്ടമാണ്. ഇറാന്‍ സംവിധായകനായ മജീദ് മജീദി എന്റെ പ്രിയപ്പെട്ട സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ ഓരോ ഫ്രെയിമും എന്നെ മോഹിപ്പിച്ചിട്ടുണ്ട്. എന്നെങ്കിലും അദ്ദേഹത്തെപോലെ സിനിമ ചെയ്യണം എന്നാഗ്രഹിച്ചിട്ടുണ്ട്.


ഈ സിനിമ  മജീദ്മജീദിയെ കാണിക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. അതിനുള്ളഒരുക്കങ്ങളൊക്കെനടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുംബൈയിലുള്ള സുഹൃത്ത് വഴി ശ്രമിക്കുന്നുണ്ട്..  സത്യജിത്ത്റായിയുടെ പഥേര്‍ പാഞ്ചാലിയൊക്കെ ഞാന്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ്.

സക്കറിയ വലിയ ഫുട്‌ബോള്‍ ആരാധകനാണോ?

ഒരു ഫുട്‌ബോള്‍ കളിക്കാരനോ ആരാധകനോ അല്ലാഞ്ഞിട്ടുപോലും ഫുട്‌ബോളിന്റെ ചില വശങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി പല രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരും ആരാധകരും ഞങ്ങളുടെ നാട്ടിലെത്തി ഒരുമിച്ചിരുന്നു കളിയില്‍ മുഴുകുന്നു. ഭാഷയും രീതികളും പ്രശ്‌നമായിട്ടുപോലും ഞങ്ങള്‍ നാടിന്‍പുറത്തുകാര്‍  അവരുമായി ഒരു ഗ്യാലറിയിലിരുന്ന് ആശയവിനിമയം നടത്തുന്നു.

ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് പുതിയ സൗഹൃദങ്ങളും കച്ചവടങ്ങളുമുണ്ടാകുന്നു. കളി കഴിഞ്ഞാല്‍ മിക്കവാറും കമ്മിറ്റി അംഗങ്ങളുടെ വീട്ടിലൊക്കെയാകും ഭക്ഷണം നല്‍കുക. അങ്ങനെ എല്ലാവരുടെയും ജീവിതത്തില്‍ ഫുട്‌ബോള്‍ വേര്‍പെടുത്താനാവാത്ത ചില ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. 

ഈ കൗതുകമാണ് എന്നെ സിനിമയിലേക്കെത്തിച്ചത്. 

നിറം, ഭാഷ, അതിര്, കുടിവെള്ളം....തുടങ്ങി കുറേ വിഷയങ്ങളെ ഗൗരവത്തോടെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒന്നും മുഴച്ചു നില്‍ക്കുന്നുമില്ല. ബോധപൂര്‍വമാണോ ഇത്തരം രാഷ്ട്രീയം പറയാന്‍ തീരുമാനിച്ചത്?

ഒരിക്കലും ഇത്രയും കാര്യങ്ങള്‍ ബോധപൂര്‍വം പറയാന്‍ ശ്രമിച്ചതല്ല. കഥ പറഞ്ഞു വന്നപോള്‍ എല്ലാം ഉള്‍ച്ചേരുകയായിരുന്നു. ഒരു നാട് എന്നത് അവിടത്തുകാരുടെ മാത്രം സ്വന്തമല്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. 
നൈജീരിയന്‍ അഭിനേതാവ് സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന നടന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. അദ്ദേഹവുമായുള്ള അടുപ്പം?

ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവിലാണ് സാമുവലില്‍ എത്തിയത്. 14ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് സാമുവേല്‍. ആദ്യമായാണ് ഒരു വിദേശ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ തുടക്കം മുതല്‍ തന്നെ സാമുവലുമായി നല്ല അടുപ്പമുണ്ടായിരുന്നു. ആദ്യ ഷോട്ടില്‍ തന്നെ പല സീനുകളും ഓക്കേയായിരുന്നു. ഞങ്ങളുടെ ടീമിലുള്ള എല്ലാവര്‍ക്കും വലിയ അത്ഭുതമായിരുന്നു അദ്ദേഹം. എല്ലാവരുമായും നല്ല കൂട്ടുകാരനെപോലെയായിരുന്നു പെരുമാറ്റം.ആദ്യം തന്നെ ആഫ്രിക്കയിലെ മികച്ച നടന്മാരുടെ ലിസ്റ്റ് ഉണ്ടാക്കിയിരുന്നു.എഫ്ബിയിലൂടെ ആഫ്രിക്കയിലെ ഫിലിം ഫ്രെറ്റേണിറ്റികളുമായി ബന്ധപ്പെട്ടു. ഇതിനിടയിലാണ് ഗൂഗിളില്‍ സാമുവലിന്റെ ഫോട്ടോ കാണുന്നത്. അങ്ങനെയാണ് സാമുവലിനെ കിട്ടുന്നത്.

മതേതരത്വം ഏറെ ഭീഷണി നേരിടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പത്തുവര്‍ഷം മുമ്പാണ് ഇങ്ങനെയൊരു സിനിമ ചെയ്‌തെങ്കില്‍ ചിലപ്പോള്‍ അത് അന്ന് വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയേനെ. എന്ത് തോന്നുന്നു?


 നമുക്ക് പരിചയമില്ലാത്ത രാജ്യത്തില്‍ നിന്നോ സംസ്‌കാരത്തില്‍ നിന്നോ വരുന്നവരോടുള്ള പേടിയും വെറുപ്പും ആണ് പ്രശ്നം എന്നാണ് എനിക്ക് തോന്നുന്നത്. അത് കൂടിവരുന്നുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്. ആ പേടിയും വെറുപ്പും ഇല്ലാതാക്കാന്‍ ഈ സിനിമ സഹായകമാകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.


തിരക്കഥയാണ് ഈ സിനിമയിലെ താരം എന്നു പറയാം, എഴുത്തിന്റെ വഴികളെകുറിച്ച്?

4 വര്‍ഷമായി സിനിമയുടെ ത്രഡ് എന്റെ മനസിലുണ്ട്. സെവന്‍സ് ഫുട്ബാള്‍ മാനേജര്‍മാരുമായുള്ള സൗഹൃദം ആണ് എഴുത്തില്‍ ഏറെ സഹായിച്ചത്. സിനിമയായി വികസിച്ചപ്പോള്‍ സുഹൃത്തും കെ എല്‍ ടെന്‍ പത്തിന്റെ സംവിധായകനുമായ മുഹ്‌സിന്‍ പരാരിയും പങ്കു ചേര്‍ന്നു.

ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ കൂടിയായ ഷൈജു ഖാലിദാണ് ക്യാമറ. തീര്‍ച്ചയായും ഈ സിനിമയുടെ ഹൈലൈറ്റ് കൂടിയാണ് ക്യാമറ. അദ്ദേഹത്തോടൊപ്പമുള്ള എക്‌സ്പീരിയന്‍സ് എങ്ങിനെയുണ്ടായിരുന്നു?

ഈ ചിത്രത്തിന്റെ കഥ സമീര്‍ താഹിര്‍ കേള്‍ക്കുന്നതിനു മുമ്പ് തന്നെ ഷൈജു ഖാലിദ് കേട്ടിട്ടുണ്ട്. ഒരിക്കല്‍ അവസരം കിട്ടിയപ്പോള്‍ വെറുതെ  പറഞ്ഞതാണ്.  അദ്ദേഹത്തിന് അന്ന് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അവിടുന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഔദ്യോഗികമായി സമീര്‍ താഹിറിനോടും ഷൈജു ഖലിദിനോടും കഥ പറയാന്‍ പോയത്. എല്ലാവര്‍ക്കും ചേര്‍ന്ന് നമുക്കിത് സിനിമയാക്കാം എന്നാണ് അന്നവര്‍ പറഞ്ഞത്. 


ക്യാമറ ചെയ്യാന്‍ ഷൈജു ഖാലിദിനോട് ചോദിക്കാന്‍ പറഞ്ഞതും സമീര്‍ താഹിറാണ്. ചോദിച്ചപ്പോള്‍ ഒരു ചിരിയിലൂടെ ഓകെ പറയുകയായിരുന്നു. ഇത്തരം സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കഥയുടെ ആത്മാവ് പൂര്‍ണമായും അദ്ദേഹം മനസിലാക്കി എന്നതാണ് ഇത്രയും നന്നായി ചിത്രം പകര്‍ത്താന്‍ കാരണം. ഇതിന്റെ വിജയത്തിന്റെ പാതിയും അദ്ദേഹത്തിന്റേതാണ്.  

ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടവയാണ്. സംഗീത വിഭാഗത്തെ കുറിച്ച്?
 

ചിത്രത്തിലെ ',ഏതുണ്ടെട കാല്‍പ്പന്തല്ലാതെ..ഊറ്റംകൊള്ളാന്‍ വല്ലാതെ..' എന്ന പാട്ട് പത്തുവര്‍ഷം മുമ്പ് ഷഹബാസ് അമന്‍ തന്നെ എഴുതി കമ്പോസ് ചെയ്തതാണ്. അന്ന് മധു ജനാര്‍ദ്ദനന്‍ ചെയ്ത സെവന്‍സ് ഫുട്‌ബോളിനെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് വേണ്ടിയാണ് അത് ചെയ്തത്.അത് സിനിമയ്ക്ക് വേണ്ടി ഷഹബാസ് അമന്റെ സമ്മതത്തോടെ റെക്സ് വിജയന്‍ നവീകരിച്ചുണ്ടാക്കിയതാണ്. ഷഹബാസ് അമന്‍, അന്‍വര് അലി, ഹരിനാരായണന്‍ എന്നിവരാണ് മറ്റു  പാട്ടുകളെഴുതിയത്. റെക്സ് വിജയനെ ഈ സിനിമയുടെ ഭാഗമായത് എന്റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

സക്കറിയയുടെ വിദ്യാഭ്യാസം, കുടുംബം... ?

വളാഞ്ചേരി മര്‍ക്കസ് കോളേജില്‍ ഫംങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം. പിന്നീട് പിജി മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചു.  അതിനുശേഷം ഒരു അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലി ചെയ്തു. മീഡിയ വണ്‍ അക്കാദമിയില്‍ അക്കാദമിയില്‍ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്.

 


വളാഞ്ചേരിയിലാണ്  വീട്. ഭാര്യ: ലബീബ,  മകള്‍:  ഹവ്വ.


  

 

പ്രധാന വാർത്തകൾ
 Top