05 April Sunday

രണ്ട്‌ യുവാക്കള്‍ പ്രണയിക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

ബോളിവുഡിന്റെ പുത്തൻതാരോദയം ആയുഷ്മാൻ ഖുറാനയും ഡോണൾഡ് ട്രംപും തമ്മിൽ എന്താണ് ബന്ധം. ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് ട്വിറ്ററിലൂടെ ബോളിവുഡിനെ നോട്ടമിട്ടിരിക്കുകയാണ് ട്രംപ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ആയുഷ്മാൻ ഖുറാന ചിത്രം ശുഭ് മംഗൾ സ്യാധ സാവധാൻ മികച്ച ചിത്രമാണെന്നാണ് ട്രംപിന്റെ ട്വീറ്റ്.

ബോളിവുഡ് മുഖ്യധാര ചർച്ച ചെയ്യാൻമടിക്കുന്ന പ്രമേയം സരസമായി അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ പ്രത്യേകത. സ്വവർഗാനുരാഗികളായ യുവാക്കളുടെ കഥയാണ് സിനിമ പറയുന്നത്. കുടുംബത്തിലെ മുതിർന്നവരുടെ സമ്മതം നേടിയെടുത്ത് വിവാഹിതരാകാൻ ശ്രമിക്കുകയാണ്  രണ്ട് യുവാക്കൾ.ഗേ പ്രണയത്തെ മിക്കപ്പോഴും മോശം അന്തരീക്ഷത്തിലാണ് ബോളിവുഡിൽ അവതരിപ്പിക്കപ്പെടുക. അതിൽനിന്ന്‌ വിഭിന്നമായി പ്രസന്നവും സ്വാഭാവികവുമായി പുരുഷപ്രണയത്തെ അവതരിപ്പിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ പീറ്റർ ടാറ്റ്‌ചെലിന്റെ  ട്വിറ്റർ കുറിപ്പിന് പിന്തുണ അറിയിച്ചാണ് ട്രംപ് രംഗത്തുവന്നത്.


 

സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽനിന്ന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.  പുരുഷന്മാർ പ്രണയിക്കുന്ന കഥ മുഖ്യധാരാ സിനിമയുടെ പ്രമേയമായി എത്തുന്നത് ബോളിവുഡിലെ വലിയ മുന്നേറ്റമാണെന്ന് ആയുഷ് മാൻ ഖുറാന പറയുന്നു. പ്രമേയപരമായി ബോളിവുഡിനെ അടിമുടി നവീകരിക്കുന്ന ചിത്രങ്ങളാണ് ആയുഷ്മാൻ ഖുറാന മിക്കപ്പോഴും തെരഞ്ഞടുക്കാറുള്ളത്. അവയെല്ലാം മികച്ച വിജയം വരിക്കുകയും ചെയ്തു. ഡ്രീം ഗേൾ, ആർട്ടിക്കിൾ 15, ബധായി ഹോ, അന്ധാധൂൻ, വിക്കിഡോണർ തുടങ്ങിയവ ഉദാഹരണം. മികച്ച നടനുള്ള കഴിഞ്ഞവർഷത്തെ ദേശീയപുരസ്‌കാരം നേടിയ താരം ഗായകൻ എന്ന നിലയിലും യുവജനങ്ങൾക്കിടയിൽ  ശ്രദ്ധേയനാണ്.
 


പ്രധാന വാർത്തകൾ
 Top