17 February Sunday

സിനിമയില്‍ പുതുവെളിച്ചം വിതറി 'സ്ട്രീറ്റ് ലൈറ്റ്‌സ്'

ഷംസുദ്ദീന്‍ കുട്ടോത്ത്‌Updated: Thursday Jan 25, 2018

ഷാംദത്ത് സൈനുദ്ദീന്‍ എന്ന ഛായാഗ്രാഹകന്‍ ക്യാമറ കൊണ്ട് അഭ്രപാളിയില്‍ കഥകള്‍ എഴുതിയും കലാപം നടത്തിയും തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ചലച്ചിത്രസ്വാദക ഹൃദയത്തില്‍ സ്ഥാനം നേടിയ ഷാംദത്ത് സംവിധാനം ചെയ്ത ആദ്യചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് 26ന് വേള്‍ഡ് വൈഡായി റിലീസിന് ഒരുങ്ങി.  മലയാളം,  തമിഴ്,  തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയും വിവാഹങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചും തുടങ്ങിയ ഈ കലാകാരന്റെ യാത്ര ഇന്ന് മലയാളത്തിന് പുറത്തുമെത്തി. സിനിമയോടുള്ള അടങ്ങാത്ത ആവേശം ജീവിതത്തില്‍ പല വേഷവും കെട്ടിച്ചു. പ്രേമായ നമഹ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറമാന്‍ ആയി മാറിയ ഷാംദത്തിന്റെ ആദ്യ മലയാള സിനിമ വിജി തമ്പി സംവിധാനം ചെയ്ത കൃത്യം ആണ്. ടൈഗര്‍, വര്‍ഗം, ഇന്ദ്രജിത്, സ്മാര്‍ട്ട് സിറ്റി, നന്മ, ഐജി, ഋതു, കേരള കഫേ (അവിരാമം), മേരിക്കുണ്ടൊരു കുഞ്ഞാട്, പ്രമാണി, വെനീസിലെ വ്യാപാരി, അയാള്‍ ഞാനല്ല, ഊഴം, റോള്‍ മോഡല്‍സ്, കട്ടപ്പനയിലെ റിത്വിക് റോഷന്‍, കമല്‍ ഹാസന്റെ ഉത്തമ വില്ലന്‍, വിശ്വരൂപം 2  ഉള്‍പ്പെടെ മലയാളം, തമിഴ്, തെലുങ്ക്, അറബി, ഇംഗ്ലീഷ് ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വഹിച്ചു.  സ്ട്രീറ്റ്‌ലൈറ്റ്‌സ് വിശേഷങ്ങളെ കുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും ഷാംദത്ത്  സംസാരിക്കുന്നു...

സ്ട്രീറ്റ്‌ലൈറ്റ്സ്


എല്ലാ തെരുവുകള്‍ക്കും ഒരുപാട് കഥകള്‍ പറയാനുണ്ട്. വെളിച്ചവും നിഴലും ഇടകലര്‍ന്ന തെരുവുകളിലെ ജീവിതങ്ങള്‍ എന്നും സാഹിത്യത്തിനും സിനിമയ്ക്കുമെല്ലാം പ്രചോദനമായിട്ടുണ്ട്. ഇത്തരത്തില്‍ ചിലരെയാണ് 'സ്ട്രീറ്റ്‌ലൈറ്റ്‌സി'ല്‍ അവതരിപ്പിക്കുന്നത്. ഒരു സിറ്റിയില്‍ നടക്കുന്ന കഥയാണിത്. മമ്മൂട്ടി നായകനായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. എന്റര്‍ടൈന്‍മെന്റ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയില്‍ ജെയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കുടുംബങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന ചിത്രത്തില്‍ അശ്ലീലസംഭാഷണമോ അമിതമായ വയലന്‍സോ ഒന്നുമില്ല. പറയാന്‍ പോകുന്ന സബ്ജക്ടിലൂടെ 'ത്രില്‍' നിറയ്ക്കുക എന്നതാണ് ലക്ഷ്യം. അതേ സമയം പ്രണയം, നര്‍മം, ആക്ഷന്‍...എല്ലാമുണ്ട്. കഥയെക്കൊണ്ടുപോകുന്ന തരത്തിലാണ് നാലു ഗാനങ്ങളും.മമ്മൂക്ക തന്നെ താരം

മമ്മുക്കയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍. പണ്ട് മമ്മൂക്കയുടെ 'തനിയാവര്‍ത്തനം' എന്ന സിനിമയില്‍ അച്ഛന്‍ അഭിനയിക്കാന്‍ പോയപ്പോള്‍ കുട്ടിയായ എന്നെയും കൂട്ടിയിരുന്നു. അന്ന് മമ്മൂക്ക എന്നെ പിടിച്ച മടിയിലിരുത്തിയതൊക്കെ നല്ല ഓര്‍മ്മയുണ്ട്. ആദ്യ സിനിമ സൂപ്പര്‍ സ്റ്റാറിനെ വെച്ച് ചെയ്യണം എന്നൊന്നും പ്ലാന്‍ ചെയ്തതല്ല. പക്ഷേ വെനീസിലെ വ്യാപാരിയുടെ ഷൂട്ടിങ് സമയത്ത് 'നീ ഡയറക്ട് ചെയ്യുന്നില്ലേ' എന്ന് മമ്മുക്ക ചോദിച്ചിരുന്നു. ഞാന്‍ കഥകളെഴുതുന്നുണ്ട് മമ്മുക്കയ്ക്ക് വേണ്ടിയൊന്നുമല്ല  എന്ന് പറഞ്ഞു. കഥ കേട്ടപ്പോള്‍ മമ്മുക്കയ്ക്ക് ഇഷ്ടമായി. അദ്ദേഹമാണ് കഥകളിലേക്ക് കഥാപാത്രങ്ങള്‍ വരികയാണ് ചെയ്യേണ്ടത്, നടന് വേണ്ടി കഥയുണ്ടാക്കുകയല്ല എന്ന് പറഞ്ഞത്. പിന്നീട് തിരക്കഥ കേള്‍പ്പിച്ചപ്പോള്‍ പ്രൊഡ്യൂസ് ചെയ്യാനും അഭിനയിക്കാനും തയ്യാറാകുകയായിരുന്നു. ഏത് ഭാഷയിലും എടുക്കാവുന്ന കഥയാണിതെന്ന് മമ്മുക്കയാണ് പറഞ്ഞത്. അങ്ങിനെയാണ് പല ഭാഷകളിലായി ചിത്രം ഒരുക്കിയത്.
മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്താന്‍ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഫവാസ് മുഹമ്മദ് ആണ് തിരക്കഥ. തമിഴില്‍ ഡയലോഗുകള്‍ ഞാന്‍ തന്നെയാണ് എഴുതിയത്. മലയാളത്തില്‍ സൗബിന്‍, ധര്‍മജന്‍, ഹരീഷ് കണാരന്‍, ജോയ് മാത്യൂ, ലിജോമോള്‍, സീമാ ജി നായര്‍, നീനാ കുറുപ്പ്  എന്നിവരൊക്കെയാണ് അഭിനയിച്ചത്. തമിഴിലും തെലുങ്കിലും പസങ്ക ശ്രീറാം, ബ്ലാക്ക് പാണ്ടി, സെമ്മലര്‍, മൊട്ട രാജേന്ദ്രന്‍, സ്റ്റണ്ട് ശിവ, പാണ്ഡ്യരാജന്‍, മനോബാല എന്നിവരും അഭിനയിച്ചു.  പടം എഡിറ്റ് ചെയ്തത് മനോജാണ്.  പാട്ടുകള്‍ ഒരുക്കിയത് ആദര്‍ശ് എബ്രഹാം, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ യാക്‌സന്‍പെരേര,  നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി. ക്യാമറ എന്റെ ചേട്ടന്‍ കൂടിയായ സാദത്ത് സൈനുദ്ദീന്‍ ആണ്. ഏതാനും സിനിമകള്‍ക്കും പരസ്യചിത്രങ്ങള്‍ക്കുമൊക്കെ അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.കലാരംഗത്തേക്കുള്ള വഴി


അച്ഛന്‍ സൈനുദ്ദീന്‍ മുണ്ടക്കയം അധ്യാപകനും നാടകകൃത്തുമാണ്. അഭിനയിക്കുകയും ചെയ്യും. മികച്ച നടനുള്ള അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുണ്ട്. അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് 'തൃപ്തി ആര്‍ട്‌സ് പാലക്കാട് ' എന്ന പേരില്‍  പാലക്കാട്ട് ഒരു നാടകഗ്രൂപ്പ് നടത്തിയിരുന്നു. 'ടാപ'് എന്ന പേരിലാണ് അതറിയപ്പെട്ടിരുന്നത്. നാടക റിഹേഴ്‌സല്‍ ഓരോ ദിവസവും ഓരോരുത്തരുടെ വീട്ടിലായിരിക്കും. എന്റെ വീട്ടിലെ ടെറസില്‍ നല്ല സൗകര്യമുള്ളതുകൊണ്ട് മിക്കവാറും അവിടെയായിരിക്കും റിഹേഴ്‌സല്‍. അങ്ങനെ വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛന്റെ നാടകങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ അച്ഛന്റെ സ്‌കൂളിലേക്ക് മാറി. പഠനത്തില്‍ വളരെ മോശമായിരുന്നു. അവിടെ അച്ഛന്‍ എന്നെ മോണോ ആക്ട് മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. അച്ഛനായിരുന്നു ഗുരു. പിന്നീട് തുടര്‍ച്ചയായി വിവിധ തലത്തിലുള്ള സ്‌കൂള്‍ കലോത്സവങ്ങളില്‍ മോണോ ആക്ടിനും ഒപ്പനയ്ക്കുമെല്ലാം  സമ്മാനങ്ങള്‍ നേടി. നാടകത്തില്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൗട്ട് ക്യാമ്പുകളില്‍ പല സ്‌കൂളിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് റോവേഴ്‌സ് എന്ന ട്രൂപ്പ് രൂപീകരിച്ച് കുറേ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോളേജ് തലത്തിലെത്തിയപ്പോള്‍ ട്രൂപ്പിന്റെ പേര് ജോളി റാമ്പ്‌ളേഴ്‌സ് എന്നായി. മിമിക്‌സ് പരേഡ് ആണ് ഞങ്ങള്‍ ആദ്യം അവതരിപ്പിച്ചത്. 11 രൂപയാണ് അതിന് പ്രതിഫലം കിട്ടിയത്. പിന്നീട് സ്വന്തമായി സ്‌കിറ്റ് ഒക്കെ എഴുതി അവതരിപ്പിച്ചുതുടങ്ങി. മിമിക്‌സ് ഓര്‍ക്കസ്ട്രയായി പിന്നീടത് രൂപാന്തരപ്പെട്ടു.ഫോട്ടോഗ്രാഫി

പ്രീഡിഗ്രി തോറ്റ ശേഷം എന്ത് എന്ന ചോദ്യമുയര്‍ന്നു. കലാപരമായി കുറച്ചുപരിപാടി ചെയ്തു എന്നല്ലാതെ ഞാനൊന്നിലും മാസ്റ്ററല്ലായിരുന്നു. 'കിഴക്കുണരും പക്ഷി' സിനിമ കണ്ടിറങ്ങിയ ശേഷം ആ സിനിമയുടെ ക്യാമറ വര്‍ക്കുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്  ഫോട്ടോഗ്രാഫിയെ സീരിയസായി കാണാന്‍ തുടങ്ങിയത്. ആ സമയത്ത് പല ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്ര കട്ടിങ്ങുകളെല്ലാം ഞാന്‍ എടുത്ത് സൂക്ഷിക്കാറുണ്ട്. ഡിഗ്രി യോഗ്യതയില്ലാത്തതുകൊണ്ട് ആ സ്വപ്‌നമൊന്നും നടന്നില്ല. പക്ഷേ എസ്എസ്എല്‍സി യോഗ്യതയില്‍ തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരസ്യം കണ്ടതോടെ അവിടെ ആക്ടിങ് പഠിക്കാന്‍ തീരുമാനിച്ചു. ഫിലിം ഫെസ്റ്റിവലുകള്‍ കാണാനുള്ള അവസരം അവിടുന്നാണ് ലഭിച്ചത്. ഇതിനിടയില്‍ ഫോട്ടോഗ്രാഫി സ്റ്റുഡന്റ്‌സുമായി സൗഹൃദമുണ്ടാക്കി. അതിന്റെ നോട്ട്‌സുകളൊക്കെ  കലക്ട്‌ചെയ്ത് ആ ഡീറ്റെയില്‍സ് വച്ച് അവരുടെ എസ്എല്‍ആര്‍ ക്യാമറയില്‍ ഫോട്ടോസ് എടുത്തുപഠിച്ചു. കോഴ്‌സ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഒരു സ്റ്റില്‍ ക്യാമറ വാങ്ങിത്തരാന്‍ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഒടുവില്‍ നാടുവിട്ടു. തിരുപ്പൂരില്‍ പട്ടിണിയുമൊക്കെയായി അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ ബാറിലെ ക്ലീനറായി. അതു കഴിഞ്ഞ് പെയിന്റര്‍... അങ്ങനെ കുറച്ചുകാലം. ക്യാമറക്ക് പിന്നില്‍


ക്യാമറയുടെ സാങ്കേതികവശങ്ങളൊക്കെ പഠിച്ചത് ചേട്ടനില്‍ നിന്നാണ്. ആദ്യകാലത്ത് വെഡ്ഡിങ് ക്യാമറാമാന്‍ ആയിരുന്നു. പിന്നീട് ഭരതന്റെ സിനിമയില്‍ രവി യാദവിന്റെ അസിസ്റ്റന്റായി. അതുകഴിഞ്ഞ് കുറച്ചുകാലം വര്‍ക്കൊന്നുമില്ലാതെ കഷ്ടപ്പെട്ടു. ക്യാമറ മോഷണം പോയതോടെ മുഴുപ്പട്ടിണിയായി. ക്യാമറ പിന്നീട് പല സംഭവവികാസങ്ങള്‍ക്കൊടുവില്‍ തിരിച്ചുകിട്ടി. അതിനുശേഷം 'ഡൊമീനിയ' എന്ന ഒരു ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തു. അതിന് അത്തവണത്തെ ബെസ്റ്റ് എക്‌സ്‌പെരിമെന്റല്‍ ഫിലിമിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് അക്കിത്തത്തിന്റേതുള്‍പ്പെടെ നാല് ഡോക്യുമെന്ററികള്‍, ചില ടെലിഫിലിമുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ ഒക്കെ ചെയ്തു. ഇതിനിടയില്‍ ചെയ്ത ട്രാന്‍സ്പരന്‍സി സ്റ്റില്‍ ഫിലിമിന് നാഷണല്‍ അവാര്‍ഡ് കിട്ടുമ്പോള്‍ ഞാന്‍ രവി കെ ചന്ദ്രന്‍ എന്ന പ്രശസ്ത ക്യാമറാമാന്റെ അസിസ്റ്റന്റായി സിനിമാ ഛായാഗ്രഹണ മേഖലയിലെത്തിയിരുന്നു.കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ തുടങ്ങി സ്‌നിപ്, ദില്‍ ചാഹ്താ ഹേ, കല്‍ക്കട്ടാ മെയില്‍, പുനരധിവാസം തുടങ്ങി വിവിധ ഭാഷകളിലുള്ള ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു.
പ്രേമായ നമഹ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. ഇതിനിടയില്‍ പരിചയപ്പെട്ട ഒരു നോര്‍ത്ത് ഇന്ത്യക്കാരനാണ് 3 ഡി മാക്‌സ് മീഡിയയിലേക്കുള്ള ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി പോസ്റ്റിലേക്കുള്ള പ്രവേശനത്തിനു പിന്നില്‍. വിജി തമ്പിയുടെ 'കൃത്യം' ആണ് ആദ്യ  മലയാള സിനിമ.  പത്തുവര്‍ഷം നീണ്ട കരിയറിനുള്ളില്‍ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ്, അറബി ഉള്‍പ്പെടെ 30ഓളം  ചിത്രങ്ങളില്‍  ക്യാമറ ചെയ്തു.

 

ക്യാമറ ആയുധവും കവിതയും

കഥ പറയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സിനിമയില്‍ ക്യാമറ. കഥ പറയല്‍ സ്‌നേഹം പോലെയാണ്. അനുഭൂതിയുണ്ടാക്കും. സ്റ്റില്‍ ക്യാമറകൊണ്ട്  കവിത രചിക്കാം. അത് വ്യക്തികളുടെ ക്രാഫ്റ്റ് ആണ്. അല്ലാതെ ക്യാമറാമാന്‍ ചെയ്യുന്നു എന്നതിന് പ്രത്യേകതയൊന്നുമില്ല. പക്ഷേ വര്‍ക്ക് കണ്ടിട്ട് ഇന്നയാളാണ് ക്യാമറ ചെയ്തത് എന്ന് പറയുന്നത് ഒരു മൈനസ് പോയിന്റാണ്. ക്യാമറ കഥയ്ക്കനുസരിച്ച് വേറിട്ടുനില്‍ക്കണം. ഒരു സിനിമയെ ക്യാമറമാന്‍ എങ്ങനെ ഹാന്റില്‍ ചെയ്യുന്നു എന്നതിനെ കുറിച്ച് പ്രേക്ഷകര്‍ക്ക് ധാരണയൊന്നുമുണ്ടാവില്ല. അവര്‍ വിഷ്വല്‍ കണ്ട് പറയുന്നതാണ്. മറ്റുള്ള സംവിധായകര്‍ക്കുവേണ്ടിയാണ് ഇത്രയും കാലം ഞാന്‍ ക്യാമറ ചലിപ്പിച്ചത്. എന്റെ രീതിയില്‍ കഥ പറയാന്‍ ഞാന്‍ തന്നെ സംവിധാനം ചെയ്യണം.  കഥാപാത്രങ്ങളെ കൊണ്ട് കഥപറയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. മനോഹരമായ ഷോട്ടുകള്‍ തരാനല്ല ഞാന്‍ എന്റെ ക്യാമറാമാനോട് പറഞ്ഞത്. കഥ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ തരാനാണ്. അതുപോലെ സമകാലീന സമൂഹത്തില്‍ നേരിടേണ്ടിവരുന്ന ജാതി, മതം, വര്‍ഗീയത എന്നിവയ്‌ക്കെതിരെയുള്ള രാഷ്ട്രീയവും പ്രതികരണവുമൊക്കെ സിനിമകളില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.കമലഹാസന്‍ എന്ന പ്രതിഭ

ചെറുപ്പം തൊട്ടേ കമലഹാസന്റെ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ അന്നേ ഞാന്‍ എന്റെ റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്. സുഹൃത്തായ സാലു ജോണ്‍ വര്‍ഗീസ് സജസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 'വിശ്വരൂപം 2'വിനായി ഞാന്‍ ചെയ്ത വര്‍ക്കുകളുമായി കമലഹാസനെ പോയി കാണുന്നത്. ആരാധകനായിട്ടല്ലാതെ തികഞ്ഞ പ്രൊഫഷണലായിട്ടു വേണം പോകാനെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. സിനിമയുടെ ഷൂട്ട് 10 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വന്ന് അടുത്ത സിനിമ കൂടി വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ ചെയ്ത വര്‍ക്കുകളുടെ ഫൈനല്‍ ഔട്ടും കൊടുത്തുകഴിഞ്ഞ ശേഷമാണ് ഞാന്‍ അദ്ദേഹത്തിന്റെ ഫാന്‍ ആണെന്നുള്ള കാര്യം പറയുന്നത്.കമലഹാസന്‍ സാര്‍ വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരാളാണ്. 24 മണിക്കൂറും അദ്ദേഹത്തിന്റെ മനസില്‍ സിനിമ മാത്രമാണ്. രാത്രിയില്‍ ലിറിക്‌സും സ്‌ക്രിപ്റ്റുമൊക്കെ എഴുതും. പകല്‍ ഷൂട്ടിനിടയില്‍ ട്രാക്കും ക്രെയിനും ഒക്കെ പിടിക്കും. അദ്ദേഹം നല്ല ഒരു ലിസണര്‍ കൂടിയാണ്. കാര്യങ്ങള്‍ നന്നായി കേള്‍ക്കുക എന്നത് വലിയ കാര്യമാണ്. നമ്മള്‍ ചെയ്തത് നല്ല കാര്യങ്ങളാണെങ്കില്‍ അതിന്റെ ക്രഡിറ്റ് തരാനും അദ്ദേഹം മടിക്കില്ല. ഒരിക്കല്‍ അദ്ദേഹം എന്നെ കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതുകേട്ട് ഒരു ജേര്‍ണലിസ്റ്റ് എന്നെ വിളിച്ചിട്ടുണ്ട്. അതൊക്കെ വലിയ കാര്യമായിട്ടാണ് കാണുന്നത്. പുതിയ ചിത്രങ്ങള്‍കമലഹാസന്റെ വിശ്വരൂപം 2 ആണ് അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം. പിന്നെ നാഗാര്‍ജുനയും നാനിയും ചേര്‍ന്ന് അഭിനയിച്ച ഒരു തെലുങ്ക് ചിത്രവുമുണ്ട്. 

പ്രധാന വാർത്തകൾ
 Top