02 June Tuesday

ഇല്ലായ്‌മകളാണ്‌ സാധ്യതകളെ സൃഷ്ടിക്കുന്നത്‌; സിനിമയിൽ ഇപ്പോഴും വനിതകൾക്ക്‌ വെല്ലുവിളിയേറെ: വിധു വിൻസന്റ്‌

ഡി കെ അഭിജിത്ത്‌ abhijithdkumar51@gmail.comUpdated: Sunday Oct 20, 2019

സ്റ്റാൻഡ്‌ അപ്പിലെ ഒരു രംഗം

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംവിധാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വനിതയാണ്‌ വിധു വിൻസെന്റ്‌. മാൻഹോൾ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക്‌ കടന്നുവന്ന വിധുവിന്റെ പുതിയ ചിത്രം സ്റ്റാൻഡ്‌ അപ്പ്‌ നവംബർ ആദ്യവാരം തിയറ്ററിലെത്തും.  മാധ്യമപ്രവർത്തക, സാമൂഹ്യ പ്രവർത്തക എന്നീ നിലയിലും ശ്രദ്ധേയയായ വിധു, നിമിഷ സജയനും രജീഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവയ്‌ക്കുന്നു.

കോമഡിയല്ല  സ്റ്റാൻഡ്‌ അപ്പ്‌

"സ്റ്റാൻഡ്‌ അപ്പ്‌' നമുക്ക്‌ പരിചിതമായ ഒന്നല്ല. ഒരാൾ  കഥ പറയുന്ന ദൃശ്യകലാരൂപമാണത്‌. ചാക്യാർകൂത്തുപോലെ  കഥ പറഞ്ഞ്‌ സദസ്സിനെ ചിരിപ്പിക്കുന്ന കല. കീർത്തി എന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ ജീവിതമാണ് നിമിഷ സജയൻ   അവതരിപ്പിക്കുന്നത്. അത്‌ കോമഡിയല്ല. ആ പെൺകുട്ടി  അവതരണത്തിനിടെ വീട്ടുകാരെയും സുഹൃത്തുക്കളെയുംകുറിച്ച്‌ പറയുന്നു.  തന്റെ പ്രണയം സൗഹൃദത്തെ എങ്ങനെ മാറ്റുന്നു, വ്യക്തികളെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം പറഞ്ഞ്‌ വികസിക്കുന്ന കഥ.  സുഹൃത്തുക്കൾക്കും കുടുംബത്തിനുമിടയിൽ അവൾ അകപ്പെട്ടുപോകുന്ന അവസ്ഥയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സിനിമയുടെ അവസാനം സ്റ്റാൻഡ്‌ അപ്പ്‌ എന്നതിനർഥം മനസ്സിലാകും.
 
ചെറുപ്പക്കാർക്ക്‌ ഇടയിൽ സംഭവിക്കുന്നത്‌
 
മാൻഹോളിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമാണ്‌ സ്റ്റാൻഡ്‌ അപ്പ്‌.  യുവാക്കൾക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്‌ സിനിമയിലുള്ളത്‌. പാട്ടും മറ്റ്‌ ഘടകങ്ങളുമെല്ലാം ചേർന്ന ഈ കളർഫുൾ സിനിമയിൽ പ്രേക്ഷകരും ഭാഗമാകും. നിമിഷയും രജീഷയും വ്യത്യസ്‌ത അഭിനയരീതി ഉള്ളവരാണ്‌. കഥാപാത്രങ്ങളും അതിനനുയോജ്യരാണ്‌. അർജുൻ അശോക്‌, സജിത മഠത്തിൽ, നിസ്‌താർ സേട്ട്‌, ജോളി ചിറയത്ത്‌, സുനിൽ സുഗത, രാജേഷ്‌ ശർമ തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന കഥാപാത്രങ്ങൾ. ഒരു പുതുമുഖം പ്രധാന റോളിൽ എത്തുന്നുണ്ട്‌.
 
നിമിഷയിലേക്ക്‌
 
നിമിഷ പൊതുവെ ബോൾഡ്‌ ലുക്കുള്ള നടിയാണ്‌. ബിഹേവിയറൽ ആക്ടിങ്ങാണ്‌ നിമിഷയുടെ പ്രത്യേകത. ചോല സിനിമയിലെ പ്രകടനത്തിന്‌ അന്താരാഷ്ട്രതലത്തിൽ പ്രശംസയും നേടിയിട്ടുണ്ട്‌. സംവിധായകർ വിചാരിക്കുന്നതിലപ്പുറം റിസൾട്ട്‌ തരുന്ന നടി. തയ്യാറെടുപ്പോടെയാണ്‌ അഭിനയിക്കുക. അതിന്റെ മൂഡ്‌ പ്രേക്ഷകർക്ക്‌ കിട്ടും. ഈ വേഷം ചെയ്യാൻ നിമിഷതന്നെയാണ്‌ മനസ്സിലേക്ക്‌ വന്നത്‌.
 
നല്ല സിനിമകളെ അവാർഡ്‌ സിനിമകളാക്കുന്നു
 
എല്ലാത്തരം സിനിമകളും ആളുകളിലേക്ക്‌ എത്തണം. ചിലതിനെ മാറ്റിനിർത്തേണ്ട കാര്യമില്ല. അവാർഡ്‌ സിനിമ, കൊമേഴ്‌സ്യൽ സിനിമ എന്നിങ്ങനെ വേർതിരിവുതന്നെ ശരിയല്ല. അടുത്ത കാലത്തായി പുരസ്‌കാരങ്ങൾ നേടുന്നത്‌ മൂലധനം അധികം ചെലവഴിക്കാനില്ലാത്ത സിനിമകളാണ്‌. കാഴ്‌ചയുടെയും കേൾവിയുടേതുമായ അനുഭവം കിട്ടണമെങ്കിൽ സിനിമ ആവശ്യപ്പെടുന്ന മിനിമം മൂലധനം വേണം.  പലപ്പോഴും എന്നെപ്പോലുള്ള സംവിധായകർക്ക്‌ അതിന്റെ ലഭ്യതക്കുറവുണ്ട്‌. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്‌ണനും നിർമാതാക്കളായി വന്നു എന്നുള്ളതുകൊണ്ട്‌ അത്യാവശ്യം നല്ലരീതിയിൽത്തന്നെ അത്‌ നിർവഹിക്കാനായി. ഇപ്പോൾത്തന്നെ സംഗീതം ആവശ്യമുള്ളിടത്ത്‌ അത്‌ കൊടുക്കണം. വയലിനിസ്റ്റുകൾ ആയിരംപേർ വേണോ അഞ്ചുപേർ മതിയോ എന്നുള്ളത്‌ മൂലധനം അനുസരിച്ച്‌ തീരുമാനിക്കപ്പെടേണ്ട കാര്യമാണ്‌. സാഹോ എന്ന സിനിമയ്‌ക്കുവേണ്ടി 37 കാറും അഞ്ച്‌ ബസും തകർത്തുകളഞ്ഞു. അതൊരു ഇംപാക്ട്‌ ഉണ്ടാക്കുന്നുണ്ട്‌. അതായിരിക്കും ആ സിനിമ. എന്നാൽ, അതില്ലാതെയും സിനിമ ഉണ്ടാക്കാം.
 
പണം വലിയ ഘടകമാണ്‌. മാൻഹോൾ കാണാൻ തിയറ്ററിൽ ആളുകൾ ഇടിച്ചുകയറണം എന്നുതന്നെയാണ്‌ ആഗ്രഹിച്ചിട്ടുള്ളത്‌. അതിൽ ദുൽഖർ സൽമാൻ അഭിനയിക്കണമെന്ന്‌ ആഗ്രഹിക്കുന്നു എന്ന്‌ കരുതുക. അവിടെ എല്ലാ ഘടകങ്ങളും നമ്മെ സഹായിച്ചു എന്നുവരില്ല. എങ്കിലും ആ സിനിമ ഉണ്ടായി. പലപ്പോഴും ഇല്ലായ്‌മകളാണ്‌ സാധ്യതകളെ സൃഷ്ടിക്കുന്നത്‌. 
 
വനിതകൾക്ക്‌ വെല്ലുവിളിയേറെ
 
വിധു വിൻസെന്റ്‌

വിധു വിൻസെന്റ്‌

ഓരോ സിനിമയിലും ആലോചനമുതൽ പാഠങ്ങളേ തന്നിട്ടുള്ളൂ. പുതിയ സിനിമയിലേക്ക്‌ വരുമ്പോൾ നമ്മൾക്ക്‌ കൈകാര്യം ചെയ്യേണ്ട ആളുകൾ മാറും. കൂടുതൽ താരങ്ങൾ വരും. ഇവിടെയൊക്കെ വെല്ലുവിളികളുണ്ട്‌. കാര്യമായ പ്രശ്‌നങ്ങളില്ലാതെയാണ്‌ സ്റ്റാൻഡ്‌ അപ്പ്‌ പൂർത്തിയായത്‌.  സ്‌ത്രീകൾക്ക്‌ സിനിമയെടുക്കാൻ പ്രയാസമേറെയാണ്‌. ഇതൊരു ബാലികേറാമലയാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. പ്രൊഡ്യൂസർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ തുടങ്ങി സിനിമയുടെ സംഘാടനമടക്കം സിനിമ തിയറ്ററിൽ എത്തുംവരെയുള്ള ദീർഘമായ പ്രക്രിയയിലൊക്കെ നമ്മൾ സ്‌ത്രീകളാണ് എന്നൊരു ഓർമപ്പെടുത്തലുണ്ട്. തന്റേതായ ഇടം  ഉണ്ടാക്കിയെടുത്ത സ്‌ത്രീകൾ ഒരുപാട് ബുദ്ധിമുട്ടലുകളിലൂടെതന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പിന്നെ ആൺ സുഹൃത്തുക്കൾ കൈകാര്യംചെയ്യുംപോലെ അത്ര എളുപ്പമല്ല. സ്‌ത്രീകൾ അധികം ഇല്ലാത്തതുകൊണ്ടുതന്നെ പല സമയത്തും നമുക്ക് ആളുകളോട് പല കാര്യങ്ങളും ബോധ്യപ്പെടുത്താനും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഈ അവസ്ഥ മാറും. ഇനി വരുന്നവർക്ക് സിനിമാ പ്രവർത്തനം കുറച്ചുകൂടെ എളുപ്പമാകും.
 
 അംഗീകാരങ്ങൾ തുണച്ചു
 
മാൻഹോൾ തന്ന ധൈര്യവും ആത്മവിശ്വാസവുമാണ് രണ്ടാമത്തെ ചിത്രത്തിലേക്കെത്തിക്കുന്നത്. ഇപ്പോൾ സാധാരണ ഒരാളാണെങ്കിൽ നമുക്ക് ഒരു സിനിമ ചെയ്യാൻ സാധിക്കും എന്ന് ആളുകളെ ബോധ്യപ്പെടുത്തേണ്ടത് വലിയൊരു യജ്ഞമാണ്. എന്നാൽ, ഇപ്പോൾ ഞാൻ ‘മാൻഹോളി'ന്റെ സംവിധായികയാണെന്നു പറഞ്ഞ് ചെല്ലുമ്പോൾ വേറൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെതന്നെ സംസാരിക്കാൻ സാധിക്കുന്നുണ്ട്. ‘മാൻഹോൾ' തീർച്ചയായും എനിക്ക് ഇൻഡസ്ട്രയിലേക്ക് ഒരു വലിയ എൻട്രി തന്നിട്ടുണ്ട്. നിമിഷയും രജീഷയും അർജുൻ അശോകും അങ്ങനെ പലരും സ്‌ക്രിപ്‌റ്റുപോലും നോക്കാതെയാണ്‌ സിനിമയിൽ ഉണ്ടാകും എന്ന്‌ പറയുന്നത്‌. അത്‌  വിശ്വാസമാണ്‌.  അതിന്‌ മാൻഹോൾ ഒരു പ്രധാന ഘടകമാണ്‌.
 
മാധ്യമപ്രവർത്തനത്തിൽനിന്ന്‌ സിനിമയിലേക്ക്‌
 
സിനിമ എടുക്കണമെന്ന തീവ്രമായ ആഗ്രഹവുമായി നടന്നിരുന്ന ആളല്ല. ജേർണലിസ്റ്റായതുകൊണ്ട് ഡോക്യുമെന്ററി ഒക്കെയായിരുന്നു  തട്ടകം. പത്രപ്രവർത്തനത്തിൽ പ്രധാനം കഥപറയാൻ പറ്റുക എന്നതാണ്‌. സ്‌റ്റോറി എന്നാണ്‌ വാർത്തയ്‌ക്കും പറയുക. അതുതന്നെയാണ്‌ സിനിമയിലും. രീതികൾ വേറെയാണ്‌ എന്നുമാത്രം. പല മനുഷ്യരെയും അവരുടെ ഭാവനകളെയും കൃത്യമായി കൈകാര്യം ചെയ്യുക എന്നതാണ്‌ സിനിമയിൽ പ്രധാനം. ക്രിയേറ്റീവ്‌ ആയിരിക്കുക എന്നതുപോലെതന്നെ പ്രധാനമാണ്‌ അതും. മാൻഹോൾ ചെയ്‌തപ്പോൾ  ആത്മവിശ്വാസമായി.

 

എന്താണ്‌ സ്റ്റാൻഡ്‌ അപ്പ്‌

 

അഞ്‌ജലി ഗംഗ  anjaliganga.p@gmail.com

 
പേര്‌ സൂചിപ്പിക്കുന്നതുപോലെ ഒരു തമാശ ചിത്രമല്ല സ്റ്റാൻഡ്‌ അപ്പ്‌ എന്ന്‌ തിരക്കഥാകൃത്ത്‌ ഉമേഷ്‌ ഓമനക്കുട്ടൻ.  
 
പൂർണമായും ഒരു ക്രൈം ഡ്രാമയാണ്‌. നമുക്ക്‌ ചുറ്റുവട്ടത്തായി ഒരു കുറ്റകൃത്യം നടക്കുന്നു. അതിനു ചുറ്റുമുള്ള മനുഷ്യരും അതിന് ഇരയാകുന്നവരും കുറ്റവാളികളും അവരുടേതായ പൊതുബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റകൃത്യത്തെ സമീപിക്കുന്നത്‌. ഈ കാഴ്‌ചപ്പാടാണ്‌ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്‌. ബന്ധങ്ങൾക്കിടയിലുള്ള അധികാര സമ്പർക്കങ്ങളും കുറ്റകൃത്യത്തിൽ പങ്കുവഹിക്കുന്നുണ്ട്‌. പൊലീസും രാഷ്ട്രീയ അധികാരകേന്ദ്രങ്ങളും കുറ്റകൃത്യത്തെ എങ്ങനെ സമീപിക്കുന്നു എന്നും സിനിമ ചർച്ച ചെയ്യുന്നുണ്ട്‌. 
കുറ്റം ചെയ്യുന്ന ആളിനെമാത്രമാണ്‌ പലപ്പോഴും നമ്മൾ പ്രതിസ്ഥാനത്ത്‌ കാണുന്നത്‌. അയാളെ  കുറ്റംചെയ്യാൻ പ്രേരിപ്പിച്ച ആളുകളും സാഹചര്യങ്ങളും അവിടെ വിഷയമല്ല. ഒരു വ്യക്തി എങ്ങനെ ആ മാനസികാവസ്ഥയിലേക്കെത്തുന്നു എന്ന്‌  പറയാനാണ്‌ സിനിമയിൽ ശ്രമിച്ചത്‌.
 
ഒരു വർഷംമുമ്പാണ്‌ സ്‌ക്രിപ്റ്റ്‌ എഴുതിത്തുടങ്ങുന്നത്‌. തിരുനെൽവേലിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന്‌ യുവാവ്‌ റെയിൽവേ സ്‌റ്റേഷനിൽ യുവതിയെ വെട്ടിക്കൊന്നു എന്ന വാർത്തയാണ്‌ പ്രേരണ. പെൺകുട്ടിയുടെ തിരസ്‌കാരംമാത്രമല്ല കൊലയ്‌ക്ക്‌ പ്രേരിപ്പിച്ചതെന്ന തിരിച്ചറിവിൽനിന്നാണ്‌ സ്റ്റാൻഡ്‌ അപ്പിന്റെ കഥ രൂപപ്പെടുന്നത്‌.
 

നൂറു ശതമാനം സംതൃപ്‌തൻ

ഉമേഷ്‌ ഓമനക്കുട്ടൻ

ഉമേഷ്‌ ഓമനക്കുട്ടൻ

 
പുതിയ ഉദ്യമമാണ്‌ സ്റ്റാൻഡ്‌ അപ്പ്‌. സിനിമയിൽ നൂറു ശതമാനം സംതൃപ്‌തനാണ്‌. പൊതുവിൽ സിനിമകളിൽ കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുന്നത്‌ ആണത്തത്തിന്റെ കണ്ണിലൂടെയാണ്‌. ഒരു സ്‌ത്രീയുടെ കണ്ണിലൂടെ കുറ്റകൃത്യത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ്‌ സ്റ്റാൻഡ്‌ അപ്പിൽ. സംവിധായിക സ്‌ത്രീ ആയതിനാൽ ലെൻസ്‌ അപ്രോച്ചുതന്നെ വ്യത്യസ്‌തമാണ്‌. തീർച്ചയായും മലയാളി പ്രേക്ഷകർക്ക്‌ തീർത്തും വ്യത്യസ്‌തമായ ദൃശ്യാനുഭവമാകും സ്റ്റാൻഡ് അപ്പ്‌‐ഉമേഷ്‌ പറഞ്ഞു.  വിധു  വിൻസെന്റ്‌ സംവിധാനംചെയ്‌ത മാൻഹോളിന്റെ  തിരക്കഥയും ഉമേഷിന്റേതാണ്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top