25 August Sunday

സൂര്യക്കൊപ്പം ; പിന്തുണ അറിയിച്ച് കമൽഹാസനും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

വെള്ളിത്തിരയിൽ മാത്രമല്ല, ജീവിതത്തിലും സ്വന്തമായി നിലപാടുള്ള താരമാണ് സൂര്യ. കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസനയത്തിന്റെ കരടിനെതിരെ ശക്തമായ  എതിർപ്പ് പൊതുവേദിയിൽ താരം തുറന്നുപറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രത്തിനെതിരെ നിലപാട് തുറന്നടിക്കുന്ന ആദ്യ തെന്നിന്ത്യൻതാരമാണ് സൂര്യ.

"ത്രിഭാഷ പാഠ്യപദ്ധതി തമിഴകത്തിലെ കുട്ടികൾക്ക് വൻ ബാധ്യതയാകും. ഗ്രാമീണ മേഖലയിലെ കുട്ടികൾ പിന്തള്ളപ്പെടാൻ ഇടയാകും. ഇത്തരം പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുമുമ്പ് തുല്യമായ അവസരവും വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കുകയാണ് വേണ്ടത്. മിണ്ടാതിരുന്നാൽ ഒന്നും മാറില്ല. ശക്തമായി പ്രതിഷേധം അറിയിക്കേണ്ട സമയമാണ്'-–- സൂര്യ പറഞ്ഞു. എന്നാൽ, ഇതിനു പിന്നാലെ സൂര്യയെ ഒറ്റതിരിഞ്ഞാക്രമിക്കുകയാണ് എഐഎഡിഎംകെ, ബിജെപി നേതാക്കൾ.

സാമൂഹ്യമാധ്യമങ്ങളിൽ സൂര്യക്ക് പിന്തുണ ഏറിവരികയാണ്. ഏറ്റവും ഒടുവിൽ സൂപ്പർതാരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ സൂര്യക്ക് പരസ്യമായി പിന്തുണ അറിയിച്ച് രംഗത്തെത്തി. ട്വിറ്ററിൽ എഴുതിയ വിശദമായ കുറിപ്പിലാണ് കമൽ സൂര്യക്ക് പിന്തുണ അറിയിച്ചത്.  വിദ്യാഭ്യാസനയത്തിന്റെ കാര്യത്തിൽ സൂര്യ ഉന്നയിച്ച എല്ലാ ആശങ്കകളും താനും പങ്കുവയ്ക്കുന്നതായി കമൽ വിശദീകരിച്ചു. "കേന്ദ്രത്തിന്റെയും തമിഴ്‌നാട് സർക്കാരിന്റെയും ഏകാധിപത്യപരമായ നിലപാടിനെ ശക്തമായി അപലപിക്കുന്നു. സഹോദരൻ സൂര്യക്ക് എന്റെ എല്ലാ പിന്തുണയും. രാജ്യത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്'–- -കമൽ ട്വിറ്ററിൽ കുറിച്ചു.

നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സൂര്യയെ ആക്രമിക്കുന്ന ബിജെപി നീക്കത്തിനെതിരെ സൂര്യയുടെ തെന്നിന്ത്യൻ ആരാധകർ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. "സ്റ്റാൻഡ് വിത്ത് സൂര്യ' എന്ന ഹാഷ് ടാഗ് പ്രചാരണത്തിന് വൻ പങ്കാളിത്തമാണ് തമിഴ്‌നാട്ടിൽനിന്ന‌് ലഭിക്കുന്നത്. 


പ്രധാന വാർത്തകൾ
 Top